ഏകീകൃത എന്‍ട്രസ് പരീക്ഷക്ക് സുപ്രീം കോടതി അനുമതി
downloadന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കു ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പൊതുപ്രവേശന പരീക്ഷ (നീറ്റ്) സുപ്രിംകോടതി പുനഃസ്ഥാപിച്ചു. പരീക്ഷ നടത്തുന്നതിനു വിലക്കേര്‍പ്പെടുത്തിയ 2013ലെ ഉത്തരവ് റദ്ദാക്കി ജസ്റ്റിസ് അനില്‍ ആര്‍. ദവേ അധ്യക്ഷനായ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) സമര്‍പ്പിച്ച ഹരജിയിലാണ് തീരുമാനം. നീറ്റ് പരീക്ഷയുടെ സാധുത സംബന്ധിച്ച ഹരജിയില്‍ പുതിയ വാദം കേള്‍ക്കുമെന്നറിയിച്ച കോടതി, കേസില്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ 'നീറ്റ് ' തുടരാമെന്നും വ്യക്തമാക്കി. വിധി രാജ്യത്തെ അറുനൂറോളം സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബാധിക്കുന്നതാണ്. മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകള്‍ക്കു 2012 നവംബറിലാണ് രാജ്യവ്യാപകമായി നീറ്റ് പരീക്ഷ തുടങ്ങിയത്. എന്നാല്‍, നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (ദേശീയ യോഗ്യതാ- പ്രവേശനപരീക്ഷ, അഥവാ നീറ്റ്) നടത്താനുള്ള എം.സി.ഐയുടെ അധികാരത്തെ ചോദ്യം ചെയ്ത് എണ്‍പതു പേരടങ്ങുന്ന സ്വകാര്യ കോളജുകളുടെയും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുടെയും സംഘം 2012 ഡിസംബറില്‍ സുപ്രിംകോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറും ജസ്റ്റിസ് വിക്രംജിത്ത് സെന്നും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരം എം.സി.ഐക്കു ദേശീയതലത്തില്‍ പൊതുപ്രവേശന പരീക്ഷ നടത്താന്‍ അധികാരമില്ലെന്നു 2013ല്‍ വിധിച്ചു. എം.സി.ഐക്ക് ഏകീകൃത പ്രവേശനപരീക്ഷ നടത്താന്‍ അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിധി പുറപ്പെടുവിച്ച മൂന്നംഗ ബെഞ്ചില്‍ അംഗമായിരുന്ന അനില്‍ ആര്‍. ദവേ അന്നത്തെ ഉത്തരവില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ സ്വന്തം നിലയ്ക്കു പ്രവേശനപരീക്ഷ നടത്തിയാല്‍ ലക്ഷ്യം സാമ്പത്തികം മാത്രമാകുമെന്നും അതു ന്യൂനപക്ഷ, പിന്നാക്ക, ദരിദ്ര്യ വിദ്യാര്‍ഥികള്‍ തഴയപ്പെടാന്‍ കാരണമാകുമെന്നും അദ്ദേഹം വാദിച്ചു. ഏറെ വിവാദത്തിനിടയാക്കിയ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കനുകൂലമായുള്ള അന്നത്തെ ഉത്തരവാണ് അന്നു വിയോജിപ്പറിയിച്ച ജസ്റ്റിസ് അനില്‍ ആര്‍. ദവേ നേതൃത്വം നല്‍കുന്ന ബെഞ്ച് ഇന്നലെ റദ്ദാക്കിയത്. നീറ്റ് പരീക്ഷ നിയമവിധേയമാണെന്നും അതു മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ അഴിമതിമുക്തമാക്കാനും ഭീമമായ തലവരിപ്പണം നിര്‍ത്തലാക്കാനും സഹായിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുക, പ്രവേശനത്തിലെ അപാകതകളും തിരിമറികളും പരിഹരിക്കുക, മാനേജ്മെന്റുകള്‍ കോഴ വാങ്ങുന്ന സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ദേശീയ തലത്തില്‍ പൊതുപ്രവേശന പരീക്ഷ നടത്താന്‍ എം.സി.ഐ തീരുമാനിച്ചിരുന്നത്.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter