ഇയ്യിടെ അന്തരിച്ച മുറാദ് ഹോഫ്മാനുമായി, സെപ്തംബര്‍ 11 ആക്രമണ പശ്ചാത്തലത്തില്‍, പ്രശസ്ത അറബ് എഴുത്തുകാരന്‍ ഹുസാം തമാം  നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗം

മുറാദ് ഹോഫ്മാന്‍/ഹുസാം തമാം
വിവ:അബ്ദുല്‍ ഹഖ് മുളയങ്കാവ്

11/9- അതും ഇസ്‍ലാമിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടുകയാണ്

സെപ്തംബര്‍ 11 ലെ സംഭവങ്ങള്‍, പാശ്ചാത്യന്‍ ലോകത്തിനും ഇസ്‍ലാമിക വളര്‍ച്ചക്കും ഒരു വഴിത്തിരിവാകുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?

സെപ്തംബര്‍ 11, വലിയൊരു വഴിത്തിരിവാകുമെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ പേള്‍ഹാര്‍ബര്‍ പോലെ, അമേരിക്കയെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനപ്പെട്ടതായിരിക്കും, അതോടൊപ്പം ശേഷം വരുന്ന ലോക ചരിത്രത്തിലും അത് പ്രധാനപ്പെട്ട ഒരു തിയ്യതിയായേക്കാം. പക്ഷേ, ലോകം വീണ്ടും സാധാരണ നിലയിലാകും, ഇസ്‌ലാം പാശ്ചാത്യ ലോകത്ത് നേരത്തെ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുകയാണ്, അതിന് സെപ്തംബര്‍ 11 അല്‍പം ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് കണക്കുകളും വസ്തുതകളും വ്യക്തമാക്കുന്നത്. പൂര്‍വ്വോപരി, ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ജനങ്ങള്‍ ശ്രമിക്കുന്നുണ്ട്. സെപ്തംബര്‍ 11ന് ശേഷം ഏറ്റവും കൂടുതല്‍ വിറ്റുപോയത് ഇസ്‌ലാമിനെ കുറിച്ചുള്ള പുസ്തകങ്ങളാണ്. ഞാന്‍ എഡിറ്റു ചെയ്ത ഖുര്‍ആന്റെ വിവര്‍ത്തനം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 40,000 കോപ്പിയാണ് ജര്‍മ്മനിയില്‍ വിറ്റുപോയത്. ചുരുക്കത്തില്‍, ഇസ്‍ലാം വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്, സെപ്തംബര്‍ 11ന് അതിന് ആക്കം കൂട്ടിയെന്ന് മാത്രം.

പക്ഷെ ഇത്തരം സംഭവങ്ങള്‍ നിലവിലെ മുസ്‌ലിംകളെ സാരമായി ബാധിച്ചിട്ടുണ്ട് എന്നത് ശരിയല്ലേ?

തീര്‍ച്ചയായും, ഇതിന്റെ പ്രതിഫലനങ്ങള്‍ ഞാനടക്കം എല്ലാവരും അനുഭവിക്കുന്നുണ്ട്. മുസ്‍ലിം ആണെന്നത് കൊണ്ട് മാത്രം, ഒരു തീവ്രവാദിയാണെന്ന് സംശയിക്കുപ്പെടുന്നു, അമേരിക്കയിലേക്ക് പോകുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത വിധമാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്, ലഗേജിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു, എല്ലായിടത്തും സംശയത്തിന്റെ നിഴലിലായി കാണുന്നത്. സെപ്തംബര്‍ 11ന് ശേഷം അമേരിക്കയിലെ മുസ്‌ലിംകള്‍ ഐ.എസ്.എന്‍.എ (ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക) ആദ്യ യോഗം ചേര്‍ന്നത് ഏറെ ശ്രദ്ധേയമായിരുന്നു. 42000 മുസ്‌ലിംകളാണ് അതില്‍ സംഗമിച്ചത്. സംഘടനയുടെ കീഴില്‍ അത്രയും ആളുകള്‍ കൂടുന്നത് ആദ്യമായിരുന്നു, അതും വാഷിംഗ്ടണില്‍. അവരില്‍ ഭൂരിഭാഗവും യുവാക്കളും ഹിജാബ് ധരിച്ച യുവതികളുമായിരുന്നു. തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ച് നിന്ന് കൊണ്ട് തന്നെ, തങ്ങള്‍ തീവ്രവാദികളല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. 

സംവാദങ്ങളെയും സംവേദനരീതികളെയും പുനരാലോചന നടത്തേണ്ടതുണ്ടെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ?

തീര്‍ച്ചയായും, കാലത്തിനും സ്ഥലത്തിനും അനുസരിച്ച് രീതികളില്‍ മാറ്റം വരുത്തിയേ മതിയാവൂ, അതാണല്ലോ പ്രബോധനത്തിലെ യുക്തിയും. മതത്തെ ഒരിക്കലും പാരമ്പര്യമാക്കാന്‍ കഴിയുകയില്ല, അതായത് ഓരോ തലമുറയും ഖുര്‍ആനിലേക്കും സുന്നത്തിലേക്കും വീണ്ടും വീണ്ടും തിരികെ പോവണം, ഓരോ തലമുറയും അവരുടെ പ്രതികൂല സാഹചര്യങ്ങളെ എങ്ങനെയാണ് നേരിട്ടതെന്ന് നാം മനസ്സിലാക്കണം. അതിലൂടെ നമ്മുടെ സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യാമെന്ന് സ്വയം മനസ്സിലാക്കിയെടുക്കാനാവും. അപ്പോള്‍ മാത്രമേ അത് പൂര്‍ണ്ണമാവൂ. 

ഇത്‌വരെ നടന്നിട്ടുള്ള ഇസ്‌ലാമിക ബൗദ്ധിക ചിന്തകള്‍, കര്‍മ്മശാസ്ത്രാപഗ്രഥനങ്ങള്‍ തുടങ്ങിയവ, മാനവികതയുമായും ലോകവുമായും വിശിശ്യാ പാശ്ചാത്യലോകവുമായി ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് ചിലര്‍ പറയാറുണ്ട്. ഒരു പാശ്ചാത്യനും മുസ്‍ലിം ചിന്തകനുമെന്ന നിലയില്‍ ഇതിനോട് താങ്കളുടെ പ്രതികരണം?

ഞാന്‍ ആ പ്രസ്താവനയോട് പൂര്‍ണമായും യോജിക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഓറിയന്റലിസവുമായി സംവദിക്കാവുന്ന തരത്തിലേക്ക് മുസ്‍ലിം ലോകം ഇനിയും വിസകസിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അറബി, പേര്‍ഷ്യന്‍(ഫാരിസി), ടര്‍ക്കിഷ് എന്നീ ഭാഷകള്‍ സംസാരിക്കുന്ന, ഇസ്‌ലാമിനെ കുറിച്ച് ധാരാളം അറിയുന്ന സ്‌പെഷലിസ്റ്റുകള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലുണ്ട്. എന്നാല്‍, അവര്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവന്ന, അവരിലൊരാളയ സ്പെഷ്യലിസ്റ്റുകള്‍ വളരെ വിരളമാണന്ന് പറയാം. ഉള്ളില്‍ നിന്ന് തന്നെ ഇസ്‍ലാമിനെ മനസ്സിലാക്കാന്‍ സജ്ജരാണ് പാശ്ചാത്യര്‍, ഏതൊരു സമുദായവും ആഗ്രഹിക്കുന്നതും അത് തന്നെയാണ്. മുസ്‌ലിം ലോകത്ത് ഓക്‌സിഡന്റലിസം (പാശ്ചാത്യം) എന്നൊന്നില്ലെന്ന് തന്നെ പറയാം. പാശ്ചാത്യ ഭാഷകളെയും ചരിത്രത്തെയും അവരുടെ തത്വചിന്തയെയും മനസ്സിലാക്കിയവരാണ് ഉണ്ടായി വരേണ്ടത്. ഇരു ലോകങ്ങളെയും ഞാന്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ട്. അത് കൊണ്ട് പലപ്പോഴും ഞാന്‍ മുസ് ലിം ലോകത്തായിരിക്കുമ്പോള്‍ പടിഞ്ഞാറിനെയും പാശ്ചാത്യ ലോകത്തായിരിക്കുമ്പോള്‍ ഇസ്‌ലാമിനെയും വിശദീകരിക്കാനാണ് ശ്രമിക്കുന്നതും. 


പൗരസ്ത്യ ദേശങ്ങളില്‍ നിന്നുമുള്ള ബൗദ്ധിക സംഭാവനകളും കര്‍മ്മശാസ്ത്രവും ഉപയോഗപ്പെടുത്തുക മാത്രമാണ് പാശ്ചാത്യന്‍ മുസ്‌ലിംകള്‍ ചെയ്യുന്നതെന്ന് പലരും മനസ്സിലാക്കുന്നു, ഇത് ശരിയാണോ? ഒരു സ്വതന്ത്ര ഇസ്‌ലാമിക കര്‍മശാസ്ത്രവും ബൗദ്ധികതയും സംസ്‌കാരവും പടിഞ്ഞാറിന് അവകാശപ്പെടാനാവുമോ?

താങ്കളുടെ ഈ അനുമാനത്തോട് ഞാന്‍ യോജിക്കുന്നില്ല. ഇസ്‌ലാമിനെ കുറിച്ചുള്ള ആഴത്തിലുള്ള പുസ്തകങ്ങള്‍ അറബിയിലുള്ളതിനേക്കാള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് ഇംഗ്ലീഷിലാണ്. ത്വാഹാ ജാബിര്‍ അല്‍വാനിയെ പോലെയുളളവര്‍ നേതൃത്വം നല്‍കുന്ന ഇസ്‌ലാമിക ബൗദ്ധിക സ്ഥാപനങ്ങള്‍ വാഷിംഗ്ടണിലുണ്ട്, ഫാതിഹ് ഉസ്മാന്‍  നേതൃത്വം നല്‍കുന്ന സ്ഥാപനം ലോസ് ആഞ്ചല്‍സിലുണ്ട്, സാകി ബദ്‌വി നേതൃത്വം നല്‍കുന്ന സ്ഥാപനം ലണ്ടനിലുണ്ട്. ഞാന്‍ ഓരോ വര്‍ഷവും 20 പുസ്തകങ്ങളുടെ റിവ്യൂകള്‍ എഴുതുന്നുണ്ട്.   ഇംഗ്ലണ്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാര്‍ക്ക് ഫീല്‍ഡ് (ഇസ്‌ലാമിക് സംഘടന) ന് വേണ്ടി, അവരുടെ റിവ്യൂ പ്രസിദ്ധീകരണത്തിന് വേണ്ടി  ഓരോ വര്‍ഷവും  ഇസ്‌ലാമിക പുസ്തകങ്ങളുടെ 4000 പേജുകളാണ് ഞാന്‍ വായിക്കുന്നത്. പാശ്ചാത്യന്‍ മുസ്‌ലിം ചിന്തകരുടെ നിര്‍മ്മിതികള്‍ ഇസ്‌ലാമിക ലോകത്തിന്റെ വികസനത്തിന് വലിയ സംഭാവനകളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.  അധികം വൈകാതെ, അമേരിക്കയിലെയും യൂറോപ്പിലെയും മുസ്‌ലിംകള്‍ പൗരസ്ത്യ ദേശത്തെ മുസ്‌ലിംകളുടെ ബൗദ്ധിക പുനരുജ്ജീവനത്തിന് വഴിതെളിക്കുക കൂടി ചെയ്തേക്കാമെന്ന് പോലും എനിക്ക് തോന്നാറുണ്ട്. കാരണം, അവര്‍ക്ക് സെന്‍സര്‍ഷിപ്പ് ഇല്ലാതെ എഴുതാന്‍ കഴിയുന്നു, അവര്‍ക്ക് മാത്രമേ നിലവില്‍ അത് സാധിക്കുന്നുമുള്ളൂ.

മനുഷ്യാവകാശസംരക്ഷണത്തില്‍, ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭപോലും മുസ്‍ലിംകളോട് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ?

ഇത് ഒരളവ് വരെ ശരിയാണ്. ഫലസ്ഥീന്‍ പ്രശ്‌നം അതിന്റെ കേന്ദ്രബിന്ദുവായി ഞാന്‍ കരുതുന്നു. ഫലസ്തീനികള്‍ക്കെതിരായ ഇസ്രയേലിന്റെ നയങ്ങളും അമേരിക്ക നല്‍കുന്ന പിന്തുണയും യൂറോപ്പിലും അമേരിക്കയിലും വരെ വളരെ വിമര്‍ശിക്കപ്പെടുന്നുവെന്നത് സത്യമാണ്. വാഷിംഗ്ടണെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് സയണിസ്റ്റുകളും ഇസ്രയേലുമാണെന്ന ചിന്ത അമേരിക്കക്കാര്‍ക്കിടയില്‍ പോലും വര്‍ദ്ധിച്ചുവരുന്നുണ്ട്. ഈ അവിശുദ്ധ കൂട്ടുകെട്ടാണ് യു.എന്നിനെ പോലും ബാധിക്കുന്നത്. അതുതന്നെയാണ്, ചെച്‌നിയ, അള്‍ജീരിയ, പാകിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ ഇടപെടലുകളിലെല്ലാം നാം കാണുന്നത്. ഇസ്രയേലിനെതിരായ  എക്യരാഷ്ട്ര പ്രമേയങ്ങള്‍ അംഗീകരിക്കപ്പെടാറില്ല, എന്നാല്‍ ഏതെങ്കിലും മുസ്‍ലിം രാജ്യങ്ങള്‍ക്കെതിരായ പ്രമേയങ്ങള്‍ വളരെ വേഗത്തില്‍ പാസ്സാകുകയും ചെയ്യുന്നു. 

എന്നാല്‍ അതേ സമയം, മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. കൊളോണിയലിസാനന്തരമാണ് മുസ്‍ലിം ലോകം പല രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടത്, ഇപ്പോള്‍ ഒരു സമുദായമായി അല്ല, മറിച്ച് സ്വതന്ത്ര രാഷ്ട്രങ്ങളായാണ് അവ പെരുമാറുന്നത്. അത് കൊണ്ട് തന്നെ പല കാര്യങ്ങളിലും അവര്‍ക്ക് ഒന്നിച്ചുനില്‍ക്കാനാവുന്നില്ല. ഇതാണ്, ലോകരാഷ്ട്രങ്ങള്‍ മുതലെടുക്കുന്നത്.

സിവില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചുവല്ലോ, ഇനി എന്താണ് ഉദ്ദേശിക്കുന്നത്, പ്രത്യേകിച്ച് വല്ല പദ്ധതികളും?

എനിക്ക് 72 വയസ്സായി. ഇപ്പോള്‍ കാര്യമായി എഴുത്തും വായനയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇസ്‌ലാമിനെ കുറിച്ച് പത്തോളം പുസ്തകങ്ങള്‍ എഴുതി, ജേര്‍ണി ടു മക്ക എന്ന പുസ്തകം എന്റെ ഡയറിക്കുറിപ്പുകളാണെന്ന് പറയാം. ഇസ്ലാമാബാദിലെ ഇസ്‌ലാമിക് സ്റ്റഡീസിന് വേണ്ടി ലേഖനങ്ങളെഴുതുന്നുണ്ട്. വാഷിംഗ്ടണിലെ 'അമേരിക്കന്‍ ജേര്‍ണല്‍ ഫോര്‍ ഇസ്‌ലാമിക് സോഷ്യല്‍ സ്റ്റഡീസിന് വേണ്ടിയും എഴുതുന്നുണ്ട്, ഇംഗ്ലണ്ടിലെ 'എന്‍കൌണ്ടേഴ്‌സിന് വേണ്ടിയും ജര്‍മനിയിലെ ഇസ്‌ലാമിക് ന്യൂസ് പേപ്പറിന് വേണ്ടിയും എഴുതുന്നു. 

(islamonline.net കള്‍ച്ചറല്‍ പേജ് എഡിറ്ററാണ് ഹുസാം തമാം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter