പായക്കപ്പലിലേറിയൊരു ഹജ്ജ് യാത്ര

(ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമായ വി.കെ കുട്ടുവിന്റെ ഹജ്ജ് അനുഭവങ്ങൾ)

തയാറാക്കിയത്: ശുഐബ് കൊടുവള്ളി, ദാറുല്‍ ഹസനാത്ത് കോളേജ്

മലബാറിന്റെ തീരത്ത് നിന്ന് പായ്കപ്പലുകളില്‍ ബോംബെ വരെ യാത്ര ചെയ്ത് അവിടെ നിന്ന് ഒമാന്‍, യമന്‍ എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ നങ്കൂരമിടുന്നതിനിടയിലുള്ള സംഭവ വികാസങ്ങള്‍ വിവരിക്കുകയാണ് ചരിത്രകാരനും ഗ്രന്ഥകര്‍ത്താവും കൂടിയായ വി.കെ കുട്ടു.

കേരളതീരം അറബികളുടേയും ചൈന, വെനീസ്, റോമ തുടങ്ങി അന്ന് ലോകം കണ്ട സമസ്ത വാണിജ്യ തല്‍പരരുടേയും കേന്ദ്രമായിരുന്നു. പ്രാചീന കാലത്തിന്റെ വ്യാപാര ഭുപടമെടുത്താല്‍ മുസിരിസ് കൊടുങ്ങല്ലുര്‍ ബാലാഫതന്‍ (വളപട്ടണം), പന്തലായിനി, കൊല്ലം എന്നിങ്ങനെ എണ്ണമറ്റ തുറമുഖ തീരങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക, വാണിജ്യ, മതപ്രബോധന ചരിത്രങ്ങളില്‍ ചെറുതല്ലാത്ത സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലേക്കു വന്ന ഹള്‌റമീ, ജലാലീ സാദാത്തുകള്‍ ആദ്യമായി തമ്പടിച്ചത് വളപട്ടണം തീരത്തായിരുന്നു. ഏഴാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശയില്‍ തന്നെ അറേബ്യന്‍ തീരങ്ങളായ ഒമാന്‍, ഹിജാസ്, ബഹ്‌റൈന്‍ വിശിഷ്യാ യമന്‍ എന്നിവിടങ്ങളില്‍ നിന്നും കച്ചവട ബന്ധങ്ങള്‍ സ്ഥാപിക്കാനും അതിലുപരി മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുമായി അറബികള്‍ വന്നിരുന്നു എന്നത് ചരിത്രപരമായ വസ്തുതയാണ്. കേരളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രകള്‍ക്ക് എഴാം നുറ്റാണ്ട് മുതലുള്ള കഥ പറയാനുണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. കേരളത്തിലേക്ക് ആദ്യമായി  പായ്കപ്പല്‍ എത്തുന്നത് ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഇവ്വിഷയകമായി പല വാദ പ്രതിവാദങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ പ്രബലാഭിപ്രായപ്രകാരം റോമക്കാരാണെന്നും അതല്ല മാലിക് ബിന്‍ ദീനാറും സംഘവുമാണ് ആദ്യമായി എത്തിയതെന്നും പറയപ്പെടുന്നു. കാറ്റും കോളും നിറഞ്ഞ കടലും കടന്ന് ആയിരം കിലോമീറ്ററുകളോളം വരുന്ന ദുര്‍ഘടമായ മരുഭൂമിയും കടന്ന് യാത്രചെയ്യേണ്ടിയിരുന്ന കാലത്തും വിശ്വാസത്തിന്റെ ലഹരി പകരാന്‍ അവര്‍ തയാറായിരുന്നു എന്നതിന്റെ വിശ്വമായ തെളിവുകളാണ് അന്നത്തെ ഓരോ യാത്രികരും.

കേരളത്തില്‍ നിന്നുള്ള ആദ്യകാല ഹജ്ജ് യാത്രകള്‍ എങ്ങനെയായിരുന്നു?

''അന്നൊക്കെ ഹജ്ജിന് പോവാന്ന് പറഞ്ഞാല്‍ സാഹസം നിറഞ്ഞതായിരുന്നു. നടന്നു പോവാന്ന് വെച്ചാല്‍ മരുകൊള്ളക്കാരെ പേടിക്കണം, പായക്കപ്പലില്‍ പോവാന്ന് കരുതിയാല്‍ കാറ്റും കോളും പേടിക്കണം. പടച്ചോന്റെ വിധിയുണ്ടെങ്കിൽ അവിടെ എത്തിച്ചേരും''. പണ്ട് ഹജ്ജിന് പോകുന്നവര്‍ നാട്ടില്‍ നിന്ന് അടിയന്തിരവും കഴിച്ചിട്ടായിരുന്നു പോക്ക് എന്ന് വി.കെ മുഹമ്മദ് കുട്ടി തന്റെ നോവലില്‍ എഴുതി ചേര്‍ത്തത് വെറുതെയായിരുന്നില്ല. 

പ്രവാചകാനുയായികള്‍ അദ്ദേഹത്തിന്റെ കാലത്തുതന്നെ കേരളക്കരയില്‍ എത്തിചേര്‍ന്നതായി ഗണിക്കപ്പെടുന്നു. തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ വിശ്വാസികള്‍ ചെറുസംഘങ്ങളായും വലിയ ഖാഫിലകളായും ഹജ്ജ് കര്‍മ്മത്തിന് പോയിരുന്നതായി കാണാം. വര്‍ഷം തീര്‍ത്തു പറയുക പ്രയാസമെങ്കിലും ആ ചരിത്രത്തിന് അഞ്ഞൂറുവര്‍ഷത്തിനുമപ്പുറമുള്ള പഴക്കമുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌കോഡ ഗാമ (1502) കണ്ണൂരിലെ മാടായിക്കടുത്ത് വെച്ച് കപ്പല്‍ കൊള്ളയടിക്കുകയും 240 ഓളം വരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു വലിയ സംഘത്തെ കപ്പലില്‍ തന്നെ അഗ്നിക്കിരയാക്കുകയും ചെയ്തത് ചരിത്ര വസ്തുതയാണ്.

പ്രധാനമായും അന്ന് അഞ്ചോളം സ്ഥലങ്ങളില്‍ നിന്നായിരുന്നു ഹജ്ജാവശ്യാര്‍ത്ഥം പായ്കപ്പലുകള്‍ പുറപ്പെട്ടിരുന്നത്. കോഴിക്കോട്, തലശ്ശേരി, വളപ്പട്ടണം, കൊടുങ്ങല്ലൂര്‍ എന്നിവ അവയില്‍ പ്രധാനമായിരുന്നു. മലബാറില്‍ മുസ്‍ലിം ജനവാസം കൂടുതലായതിനാല്‍ ഈ തുറമുഖങ്ങളില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ കപ്പലുകള്‍ പുറപ്പെട്ടിരുന്നത്. ഇങ്ങനെ  യാത്ര തിരിക്കുന്ന കപ്പലുകള്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം രണ്ടു സ്ഥലങ്ങളിലായി നങ്കൂരമിടുമായിരുന്നു. ഒമാന്‍ തുറമുഖവും യമനിലെ തുറമുഖ പട്ടണമായ ഏഡനിലുമായിരുന്നു ഇത്. കപ്പലുകള്‍ നങ്കൂരമിട്ടതിന് ശേഷം യാത്രാസംഘം ഖാഫിലകളായി ആയിരത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ചിട്ടായിരുന്നു മക്കയിലെത്തിയത്.

ചില സമയങ്ങളിൽ കടല്‍ യാത്രകളേക്കാള്‍ ദുരിതം നിറഞ്ഞതായിരുന്നു മരുഭൂമിയിലെ യാത്രകള്‍. പ്രതിസന്ധികള്‍ കൊള്ളസംഘങ്ങളായും മരുക്കാറ്റകളായും തടസ്സം നില്‍ക്കും. പണ്ട് കാല്‍ നടയാത്രയായിട്ടും ഹജ്ജിന് പോയവര്‍ ഉണ്ടായിരുന്നു. ഇന്ന് കാണുന്ന സൗകര്യങ്ങളൊന്നും അന്നില്ലെന്ന് ഓര്‍ക്കണം. കാല്‍ നട യാത്രക്കിടയില്‍ വളരെ രസകരവും എന്നാല്‍ ഏറെ ദുഷ്കരവുമായ സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്റെ ഒരു സുഹൃത്ത് പോയ അനുഭവം ഏറെ അതിശയമുളവാക്കുന്നതാണ്. ഇന്ത്യയില്‍ നിന്നും പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ അതിര്‍ത്തി വഴി ഇറാഖിലെത്തി. പിന്നീട് സൗദിയിലേക്കുള്ള മരുഭൂമിക്കിടയില്‍ വെച്ച് കൊള്ള സംഘത്തിന്റെ മുന്നിലെത്തിപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ കൈവശം ഒന്നുമില്ലെന്ന് മനസ്സിലാക്കിയ സംഘം അദ്ദേഹത്തെ തങ്ങളുടെ അതിഥിയായി മൂന്നു ദിവസം പരിഗണിക്കുകയും പിന്നീട്  അത്യാവശമായ ഭക്ഷണം കൂടി കൈയ്യിലേല്‍പിച്ചായിരുന്നു യാത്രയാക്കിയത്. ഇങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ പ്രതീക്ഷിച്ചു തന്നെയായിരുന്നു ഒരോ ഹജ്ജ് യാത്രകള്‍ക്കും തുടക്കം കുറിച്ചത്. 

ഖാനെ ഖുദ കണ്ട നിങ്ങള്‍ക്ക് പിന്നീട് ഹജ്ജ് ചെയ്യാനുള്ള ഭാഗ്യമുണ്ടായോ...?

സാമ്പത്തികമായി വളരെവലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു എന്റെ യാത്ര. മൃഗ സംരക്ഷണ വകുപ്പില്‍ നിന്ന് ഒഴിഞ്ഞ് മറ്റു ജോലികള്‍ പരീക്ഷിച്ച് പരാജയപ്പെട്ടുനില്‍ക്കുമ്പോഴായിരുന്നു ആദ്യത്തെ മദീന യാത്ര. ഒരിക്കല്‍ തലശ്ശേരിയില്‍ നില്‍ക്കുമ്പോള്‍ ഒരു നോട്ടീസ് കണ്ടു. അത് ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട സിനിമയെ കുറിച്ചായിരുന്നു. സിനിമയുടെ പേര് ഖാനെ ഖുദാ എന്നായിരുന്നു. ഹജ്ജിനെ കുറിച്ചാണെന്നും ഡോക്ക്യുമെന്ററി രൂപത്തിലാണെന്നും നോട്ടീസിലുണ്ടായിരുന്നു. നേരിട്ട് ഹജ്ജിന് പോകാന്‍ സാധിക്കില്ലെങ്കില്ലെങ്കിലെന്താ സിനിമയിലെങ്കിലും ഹജ്ജ് കാണാലോ എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. 

ഈ സംഭവത്തിന് ശേഷം വീട്ടിലിരിക്കുമ്പോള്‍ രണ്ടുപേര് വന്ന് കൊച്ചിയില്‍ നിന്നാണെന്നും മദീനയില്‍ നിന്നുവന്ന രണ്ട് അറബികള്‍ക്ക് അവിടെ ഒരു മത്ബഖ് (കിച്ചണ്‍) തുടങ്ങാന്‍ ഒരാളെ ആവശ്യമുണ്ടെന്നും പറഞ്ഞു. മദീനയെന്നു കേട്ട ഞാന്‍ പെട്ടെന്നു സമ്മതിച്ചു. അന്നൊക്കെ ബോംബെയില്‍ പോയി അവിടെ നിന്നും വിമാനം കയറേണ്ടിയിരുന്നു. പക്ഷെ എന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തൃപ്തമാകാത്തതു കാരണം എനിക്ക് നാട്ടിലേക്കു തിരിച്ചു പോരേണ്ടി വന്നു. നാട്ടില്‍ വന്നു കുടുംബ ഡോക്ടര്‍ വഴി അന്വേഷിച്ചപ്പോള്‍ പ്രശ്‌നമൊന്നുമ്മില്ലെന്നു കാണുകയും പിന്നീട് വിസ ഏജന്റ് രണ്ടാമതും നിര്‍ബന്ധിച്ചതു പ്രകാരം മദീനയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.

മദീനയില്‍ ജോലി ചെയ്യുന്ന സമയത്താണ് ഞാന്‍ ഹജ്ജിന് പോകുന്നത്. അന്ന് അവിടെ ജോലി ചെയ്തിരുന്ന രണ്ടുമലയാളികളുടെ കൂടെയായിരുന്നു പോയത്. വളരെ സാധാരണമായ രീതിയില്‍ ഹജ്ജു ചെയ്യാനായിരുന്നു എന്റെ ആഗ്രഹം. ഓരോ വിശ്വാസിയുടേയും അവസാന ലക്ഷ്യമായ ഹജ്ജ് കര്‍മ്മം ഞാന്‍ മദീനയിലുണ്ടായിരുന്ന സമയത്ത് തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു എന്നതില്‍ നാഥനെ ഒരായിരം തവണ സ്തുതിക്കുന്നു.

രണ്ടുവര്‍ഷത്തെ മദീന ജീവിതത്തോട് വിടപറഞ്ഞത് മനസ്സിനെ കുളിരണിയിപ്പിക്കുന്ന വലിയ സ്മരണകളുമായിട്ടാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും അത് മായാതെകിടക്കുന്നു. രണ്ടുകാലിനെയും ബാധിച്ച എക്‌സിമയായിരുന്നു മദീന വിടാന്‍ കാരണം. അവിടെയുള്ള ചികിത്സാ രീതികള്‍ ഫലിക്കാതെ വന്നപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നാട്ടിലേക്ക് തിരിച്ചത്. 

തലശ്ശേരിയില്‍ നിന്നും ഹജ്ജിന് പുറപ്പെടുന്ന പായ്കപ്പലുകള്‍ കണ്ടിട്ടുണ്ടോ...?
പായ്കപ്പല്‍ തലശ്ശേരിയില്‍ നങ്കൂരമിട്ട സമയത്ത് ഞാന്‍ പോയി കണ്ടിട്ടുണ്ട്. വളരെ വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടായിരുന്നു ഇത് പണികഴപ്പിച്ചിരുന്നത്. മഴയില്‍ നിന്നും കടല്‍ ക്ഷോഭങ്ങളില്‍ നിന്നും രക്ഷ നേടാനും വെള്ളം കയറാതിരിക്കാനും മുന്‍ ഭാഗത്ത് ആറടിയോളം കെട്ടി പൊക്കും. അതിന്റെ മറു ഭാഗത്ത് നീളത്തിലുള്ള പലക കൊണ്ട് മറച്ചിടും. ഒറ്റ നോട്ടത്തില്‍ ഒരു പത്തായം പോലെ ഇരിക്കും. ഈ പത്തായത്തിലാണ് വിലപിടിപ്പുള്ള സാധനങ്ങളും മറ്റും സൂക്ഷിക്കുന്നത്. കപ്പലിന്റെ കുറുകെ മെടഞ്ഞ ഓലകള്‍ കൊണ്ട് മറച്ച സ്ഥലത്ത് യാത്രകാര്‍ക്ക് കിടക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഓക്ക് മരത്തിന്റെ തടിയിലായിരുന്നു പായ കെട്ടി പൊക്കിയത്. ഏറ്റവും മുന്‍വശത്തായി കപ്പിത്താന് ദിശ അറിയാനുള്ള ഉപകരണം ഉണ്ടാകും. ഈ തരത്തിലുള്ള പായ് കപ്പലുകളായിരുന്നു 1930 വരെ യാത്രകള്‍ക്കുപയോഗിച്ചത്. പിന്നീടാണ് ആവിയില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ വരുന്നത്. 

ഹജ്ജിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് 'മുതവ്വഅ്' എന്ന പേരിലറിയപ്പെട്ടിരുന്ന അവിടത്തെ ഉദ്യോഗസ്ഥരായിരുന്നു. ഹജ്ജിന് ഇവിടെ നിന്നും ആളുകളെ ഒരുമിപ്പിക്കുന്നത് മുതല്‍ അവിടെ തുറമുഖത്തെതിയതിനു ശേഷം മരുഭൂ യാത്രക്കും ഇവര്‍ നേതൃത്വം നല്‍കിയിരുന്നു. ഇവരില്‍ പലരും അറബികളായിരുന്നു. യാത്രയിലുടനീളം ഭക്ഷണവും മറ്റു സൗകര്യങ്ങളും ചെയ്തതും ഇവരായിരുന്നു. ഇതിന് ന്യായമായ തുകയും മുതവ്വകള്‍ കൈപ്പറ്റയിരുന്നു.

നാലു മാസത്തോളമുള്ള യാത്രയില്‍ കരുതിയിരുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയായിരുന്നു?

ദീര്‍ഘകാലം യാത്ര ചെയ്യാനുള്ളത് കൊണ്ട് തന്നെ നാട്ടില്‍ നിന്നുള്ള സാധാരണ ഭക്ഷണങ്ങള്‍ കൊണ്ടു പോകല്‍ പ്രയാസമായിരുന്നു. കപ്പല്‍ യാത്ര കഴിഞ്ഞ് മരുഭൂമിയിലെത്തിയാല്‍ ഉണങ്ങിയ റൊട്ടിയും ചുട്ട മാംസവുമായിരിക്കും പ്രധാന ഭക്ഷണം. ഇതിനെല്ലാം പരിഹാരമായി അക്കാലത്ത് ഉണ്ടാക്കിയെടുത്ത ഒരു വര്‍ഷത്തിലധികം ഈടു നില്‍ക്കുന്ന ഭക്ഷണങ്ങളായിരുന്നു ' ഓടവാഴക്ക' 'അമ്മി വെണ്ണ്യാ' 'ചുക്കപ്പം' എന്നിവ. പൂര്‍ണ്ണമായും പ്രകൃതി വിഭവങ്ങള്‍ മാത്രം ചേര്‍ത്തുണ്ടാക്കുന്ന പലഹാരങ്ങളാണിത്. പഴം ഉണക്കിയതിന് ശേഷം കുരമുളകും എലക്കായ പൊടിയും തേനും ചേര്‍ത്തുണ്ടാക്കുന്നതാണ് ഓട വാഴക്ക. ദ്വീപിലെ തെങ്ങില്‍ നിന്നും ചെത്തിയിറക്കുന്ന ചക്കര (നെയ്യ് രൂപത്തിലുള്ളത്), അരിപ്പൊടി, തേങ്ങ എന്നിവയുടെ മിശ്രിതമാണ് 'അമ്മി വെണ്ണ്യ' അമ്മിയുടെ  രൂപത്തിലുള്ളതായതു കൊണ്ടാണ് ഈ പേരു വന്നത്.

ഹജ്ജിന് പുറപ്പെടുമ്പോള്‍ എടുത്തിരുന്ന മുന്‍കരുതലുകള്‍ എന്തൊക്കെയായിരുന്നു. പ്രത്യേകിച്ച് പകര്‍ച്ചവ്യാധികളും മറ്റും ഉണ്ടായിരുന്ന കാലമല്ലെ...?

എല്ലാം പടച്ചറബ്ബില്‍ ഭരമേല്‍പിച്ച പോവുക എന്നതായിരുന്നു ഏറ്റവും വലിയ ആയുധം. കാരണം തിരിച്ചു വരുമോ എന്ന ഉറപ്പു പോലുമില്ലാതെയായിരുന്നു അന്നത്തെ ഹജ്ജ്‌യാത്ര സംഘങ്ങള്‍ പുറപ്പെട്ടിരുന്നത്. അപകട സാധ്യതകള്‍ തരണം ചെയ്യാന്‍ ഏറ്റവും കൂടതുല്‍ ആവശ്യം ശക്തമായ വിശ്വാസം തന്നെയായിരുന്നു. അന്ന് കാലത്തെ രോഗങ്ങള്‍ക്ക് കവചമൊരുക്കിയത് അന്ന് പ്രചാരത്തിലുണ്ടായിരുന്ന ആയുര്‍വേദ മരന്നുകളായിരുന്നു. പോകുന്ന പാതകളിലനുഭവിക്കേണ്ടതൊക്കെയും സഹിച്ച് അവസാനം പതിനായിരങ്ങളൊന്നിക്കുമ്പോള്‍ ഓരോ വിശ്വാസിയുടെ അകത്തളങ്ങളില്‍ നിന്നുമുയരുന്ന മന്ത്രോച്ചാരണത്തിന് സൗന്ദര്യ ഭംഗി ഏറെയാണ്. 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്... ലബ്ബൈക്കാ ലാ ശരീക്ക ലക്ക ലബ്ബൈക്ക്..!'

വി.കെ കുട്ടു: 1934 ല്‍ തലശ്ശേരിയില്‍ പ്രാചീന മരുമക്കത്തായ ജന്മി തറവാട്ടില്‍ ജനനം. തലശ്ശേരി തഅ്‌ലീമുല്‍ അവാം എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം. തുടര്‍ന്ന് ബി.ഇ.എംപി ഹൈസ്‌കൂളില്‍ നിന്നും മദ്രാസ് സ്റ്റേറ്റ് വിദ്യാഭ്യാസ ബോര്‍ഡിന്റെ സിക്‌സ്ത് ഫോം (പതിനൊന്നാം ക്ലാസ്) വരെ പഠനം തുടര്‍ന്നു. 1950നു ശേഷം പത്തു വര്‍ഷത്തോളം കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള മൃഗസംരക്ഷണ വകുപ്പില്‍ പഠനവും ജോലിയും. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം മദീനയിലെ മത്ബഖില്‍ പരിശോധന വിഭാഗത്തില്‍ ജോലി ചെയ്തു. തന്റെ നീണ്ടകാലത്തെ പരിശ്രമത്തിനൊടുവില്‍, തലശ്ശേരി മുസ്‍ലിം ചരിത്രത്തിലൂടെ ഒരു യാത്ര, യുദ്ധ നിഴലിലെ ബാല്യകൗമാരങ്ങള്‍, കുരുമുളക് നാട്ടിലൂടെ ഒരു ചരിത്ര യാത്ര എന്നീ മൂന്നു പുസ്തകങ്ങള്‍ പ്രകാശിതമായി. ഇപ്പോള്‍ 89-ാം വയസ്സിലും ആരോഗ്യവാനായി, കണ്ണൂരിലെ ഇരിട്ടിക്കടുത്തുള്ള ഉളിയില്‍, കുടുംബത്തോടൊപ്പം ജീവിക്കുന്നു.

Leave A Comment

3 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter