കര്‍മശാസ്ത്രം അളന്നു നല്‍കിയ മലയാളിയുടെ മുഫ്തി

കര്‍മശാസ്ത്ര വിഷയങ്ങളിലെ അവസാന വാക്കായി പ്രോജ്ജ്വലിച്ചു നിന്ന ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാരുമായി നടത്തിയ അഭിമുഖം. കാലങ്ങളായി സമസ്ത നല്കുന്ന ഫത്‌വകളുടെ രീതിശാസ്ത്രത്തെ കുറിച്ച് മാത്രം പ്രതിപാദിക്കുന്ന അപൂര്‍വമായ സംഭാഷണം. 

തയ്യാറാക്കിയത്:  സയ്യിദ് മുഹമ്മദ് മുഹ്‌സിന്‍ ഹുദവി കുറുമ്പത്തൂര്‍
                     

ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍. മതപരമായ ഏത് ചോദ്യത്തിനും അവിടുന്ന് അളന്ന് മുറിച്ചൊരു മറുപടി പറയും. അത് അവസാന വാക്കായിരുന്നു മുസ്‌ലിം കൈരളിക്ക്. 1975 ലാണ് ശൈഖുനാ സൈനുല്‍ ഉലമ ഫത്‌വാ കമ്മറ്റിയില്‍ അംഗമാകുന്നത്, അന്നത്തെ കമ്മിറ്റിയിലെ ഏറ്റവും കുറഞ്ഞ പ്രായക്കാരനായി. പിന്നെ, കണ്ണിയത്ത് ഉസ്താദിനും ശംസുല്‍ ഉലമക്കും പ്രായാധിക്യമായപ്പോള്‍ പകരക്കാരനായി ചൂണ്ടി കാണിക്കാന്‍ പറ്റിയ അറിവിന്റെ കണക്ക് പുസ്തകമായി വളര്‍ന്നു വന്നു സൈനുല്‍ ഉലമാ. ശംസുല്‍ ഉലമയുടെ വഫാത്തിന് ശേഷം, സമസ്തയുടെ ജനറല്‍ സെക്രട്ടറി ആയതോടൊപ്പം ഫത്‌വാ കമ്മിറ്റിയുടെ കണ്‍വീനറായും തെരഞ്ഞെടുക്കപ്പെട്ടു. മലേഷ്യയിലെ ഇന്ററര്‍ നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഗവേഷണത്തിന്റെ ഭാഗമായി സയ്യിദ് മുഹമ്മദ് മുഹ്സിന്‍ ഹുദവി സൈനുല്‍ഉലമയുമായി നടത്തിയ ഈ അഭിമുഖം, സമസ്തയുടെ കര്‍മശാസ്ത്ര വിധികളുടെ സൂക്ഷ്മതയും കൃത്യതയും ഒരുപോലെ വിളിച്ചോതുന്നു. പ്രസക്തഭാഗങ്ങള്‍ താഴെ. നാല്‍പത്ത് വര്‍ഷങ്ങള്‍ നീണ്ട ഫത്‌വാ കമ്മിറ്റി അനുഭവങ്ങളും ഫത്‌വ കൊടുക്കുമ്പോള്‍ പുലര്‍ത്തുന്ന മാനദണ്ഡങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ അഭിമുഖം നടത്തിയത്, 2014 മാര്‍ച്ച് 4ന് ഉസ്താദിന്റെ കൊണ്ടോട്ടിയിലെ വസതിയില്‍ വെച്ചായിരുന്നു.

ഫത്‌വ കമ്മറ്റിയെ കുറിച്ച് അല്‍പം ആമുഖം?
സമസ്തയിലേക്ക് വരുന്ന ചോദ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതിയാണ് ഫത്‌വ കമ്മിറ്റി. സമസ്ത മുശാവറയിലേക്ക് ചോദ്യങ്ങള്‍ വന്നാല്‍ ഫത്‌വകമ്മിറ്റിയിലേക്ക് നീങ്ങുക എന്നാണ് പറയാറുള്ളത്.

ഉസ്താദ് ഫത്‌വാ കമ്മിറ്റിയില്‍ അംഗമായ കാലം?
ഞാന്‍ ഫത്‌വാ കമ്മിറ്റി മെമ്പറാകുന്നത് എഴുപത്തിനാല്/എഴുപത്തിയഞ്ചിലാണ്. അന്ന് കമ്മിറ്റിയില്‍ കൂടെയുണ്ടായിരുന്നത് ശംസുല്‍ ഉലമ, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ ഹസ്‌റത്ത്, അണ്ടോണ അബ്ദുള്ള മുസ്‌ലിയാര്‍, ഉള്ളാള്‍ തങ്ങള്‍ എന്നിവരായിരുന്നു. ദൂരം കാരണം ഉള്ളാള്‍ തങ്ങള്‍ അധികവും പങ്കെടുക്കാറില്ല. ഇ.കെ ഹസ്സന്‍ മുസ്‌ലിയാരും ഉണ്ടായിരുന്നു. അദ്ദേഹവും അപൂര്‍വ്വമായാണ് പങ്കെടുത്തിരുന്നത്. പ്രധാന ഉത്തരവാദിത്തം കണ്ണിയത്ത് ഉസ്താദിനാണ്. പക്ഷേ, ഉസ്താദിനെ പ്രധാന/സവിശേഷ വിഷയങ്ങളുണ്ടാകുമ്പോഴേ വിളിക്കാറുള്ളൂ. അവര്‍ക്കിടയില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഞാനായിരുന്നു.

കേരളത്തിലെ  മികച്ച പണ്ഡിതരാണ് മുശാവറയിലുള്ളത്. അവരില്‍ നിന്ന് ഫത്‌വാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ശ്രദ്ധിക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്?
ആ വിഷയത്തില്‍ കൂടുതല്‍ കഴിവുള്ളവരെയാണ് നിയമിക്കുക. അഥവാ ഫത്‌വയുടെ കാര്യത്തില്‍ ശ്രദ്ധേയരായ പണ്ഡിതരെയാണ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്

കമ്മറ്റിയിലേക്ക് ഏത് വിഷയത്തിലാണ് കൂടുതല്‍ ചോദ്യങ്ങള്‍ വരാറുള്ളത് ? 
വഖ്ഫില്‍ കേന്ദ്രീകരിച്ച് ധാരാളം ചോദ്യങ്ങള്‍ വരാറുണ്ട്. നികാഹ്, ത്വലാഖ് സംബന്ധിയായും ഒട്ടേറെ കത്തുകള്‍ വരാറുണ്ട്. പള്ളിക്കമ്മറ്റികളാണ് സമസ്തയിലേക്ക് ഫത്‌വ ആവശ്യപ്പെട്ട് കത്തയക്കുന്നവരില്‍ ഭൂരിഭാഗവും. അവര്‍ അവരോട് ബന്ധപ്പെട്ട വിഷയങ്ങളാണല്ലോ ഉന്നയിക്കുക. വഖഫ് സ്വത്തുക്കള്‍ വിവിധ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതു സംബന്ധമായാണ് മിക്ക ചോദ്യങ്ങളും ഉണ്ടാവുക. പിന്നെ ജുമുഅക്ക്  മുമ്പുള്ള പ്രസംഗത്തെ കുറിച്ചും കൂടുതലായി ചോദ്യങ്ങള്‍ വരാറുണ്ട്. അതിന് ഒഴിവാക്കലാണ് ഉത്തമം എന്ന മറുപടിയും കൊടുക്കും.

സമസ്ത ഫത്‌വാ കമ്മിറ്റി ചോദ്യത്തിന്റെ കൂടെ തെളിവുകളായി കിതാബിന്റെ ഉദ്ധരണികള്‍ ഉള്‍പ്പെടുത്താറുണ്ടോ?
അങ്ങനെ ഉദ്ധരണികള്‍ കൊടുക്കാറില്ല, ശംസുല്‍ ഉലമയാണ് ഫത്‌വാ കമ്മറ്റി ഉണ്ടാക്കിയത്. ജനങ്ങളെ സംബന്ധിച്ചിടത്തോളം, സമസ്ത പറഞ്ഞു എന്നതാണ് തെളിവ് എന്നായിരുന്നു ശംസുല്‍ ഉലമയുടെ പക്ഷം. സമസ്തയുടെ ഫത്‌വ തന്നെയാണ് ആ വിഷയത്തിലെ ആധികാരികതയെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. അത് കൊണ്ട് പൊതുജനങ്ങള്‍ക്ക് തെളിവുകള്‍ കൊടുക്കാറില്ല. എന്നാല്‍ മത പണ്ഡിതര്‍ നേരിട്ട് വന്ന് ചോദിക്കുമ്പോള്‍ കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങളിലെ ഇബാറത്തുകള്‍ പറഞ്ഞുകൊടുക്കാറുണ്ട്. സമസ്തയിലേക്ക് വരുന്ന എല്ലാ ചോദ്യങ്ങളും കമ്മറ്റി ചര്‍ച്ച ചെയ്യും.

സമസ്തയുടെ ഫത്‌വാ എന്നു വിളിക്കപ്പെടാന്‍ കമ്മറ്റിയില്‍ എത്രപേരുടെ അംഗീകാരം ആവശ്യമുണ്ട്?
സമസ്ത ഫത്‌വ കമ്മറ്റിയുടെ തീരുമാനമാവാന്‍ കമ്മിറ്റിയിലെ ഭൂരിഭാഗത്തിന്റെ അഭിപ്രായം വേണം. ഫത്‌വാ കമ്മറ്റിയോ മുശാവറയോ അംഗീകരിച്ചാല്‍ മാത്രമേ സമസ്ത ഫത്‌വ ആകുന്നുള്ളൂ. അല്ലെങ്കില്‍ അത് വ്യക്തികളുടേതായിരിക്കും,സമസ്തയുടേതല്ല.

പൊതു/കുടുംബ വിഷയങ്ങളില്‍ സൂക്ഷ്മതയുടെ ഭാഗമായി പ്രത്യേക നടപടികള്‍ സ്വീകരിക്കാറുണ്ടോ?
വിഷയത്തിലെ പ്രധാനികളെ വിളിച്ച് വരുത്തും, ചോദ്യത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ തീര്‍ക്കലാണ് പ്രധാന ഉദ്ദേശ്യം. എഴുത്ത് അയച്ചവരേയും മഹല്ല് പ്രസിഡന്റ് സെക്രട്ടറി മറ്റു ബന്ധപ്പെട്ടവരോടും നിശ്ചിത ദിവസത്തില്‍ യോഗത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെടും. അവരോട് തദ്വിഷയകമായി പ്രധാന്യമുള്ള ആധാരം പോലോത്ത രേഖകള്‍ കൊണ്ട് വരാന്‍ ആവശ്യപ്പെടും. കൃത്യത വരുത്തലും ഓര്‍മപ്പിശക്, അശ്രദ്ധ തുടങ്ങി ചോദ്യങ്ങളില്‍ ഉണ്ടാകാവുന്ന പിഴവുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തലുമാണ് അതിന്റെ ലക്ഷ്യം. 

സാധാരണ ഗതിയില്‍ ഒരു ഫത്‌വ ഇറക്കാന്‍ ഇങ്ങനെ വിളിച്ച് വരുത്തി സംശയം തീര്‍ക്കേണ്ടതിന്റെ ആവശ്യമുണ്ടോ ? 
അത് സൂക്ഷമതയുടെ ഭാഗമാണ്. അവര്‍ പറഞ്ഞതിന്റെ സത്യാവസ്ഥ അന്വേഷിക്കലാണത്. ഒരു മഹല്ലിന്റെ വിഷയമാകുമ്പോള്‍ ഒരു വിഭാഗത്തിനോട് മാത്രം ചോദിച്ചാല്‍ അവിടെ ഫിത്‌നയുണ്ടാകും. അത് കൊണ്ട് വിവാദ വിഷയങ്ങളില്‍ രണ്ട് കക്ഷികളുടെയും പ്രധിനിധികളെ യോഗത്തിലേക്ക് വിളിക്കും.
 
ചില ആധുനിക കര്‍മ ശാസ്ത്ര പണ്ഡിതര്‍ ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും നേരിട്ട് മതവിധികള്‍ പറയുന്ന ശൈലി സ്വീകരിക്കാറുണ്ട് സമസ്ത ഈ ശൈലി പരീക്ഷിക്കാറുണ്ടോ?
ഇല്ല, സമസ്ത പരിപൂര്‍ണമായും മുന്‍കാല പണ്ഡിതരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ചാണ് ഫത്‌വ പറയാറുള്ളത്. സമസ്തയുടെയും അതിന്റെ മുന്‍കാല പണ്ഡിതരുടെയും വീക്ഷണത്തില്‍ ഈ കാലഘട്ടത്തില്‍ ഖുര്‍ആനും ഹദീസും പിന്‍പറ്റുക എന്നതിന്നര്‍ത്ഥം നാലിലൊരു മദ്ഹബ് പിന്‍പറ്റുകയെന്നാണ്. അഗാധ പാണ്ഡിത്യത്തിന്റെ ഉടമകളും അറിവിന്റെ നിറകുടങ്ങളുമായ മദ്ഹബിന്റെ പണ്ഡിതരുടെയും ഇമാമുകളുടെയും അഭിപ്രായങ്ങള്‍ പിന്‍പറ്റുന്നതിലൂടെയാണ് ഖുര്‍ആനിന്റെയും ഹദീസിന്റെയും യഥാര്‍ത്ഥ വക്താക്കളായി നാം മാറുന്നത്. അവര്‍ ഖുര്‍ആനിന്റെയും ഹദീസിന്റെയും ആഴക്കടലില്‍ മുങ്ങിത്തപ്പി വിശദീകരിച്ച് തന്നതാണ് അവരുടെ ഗ്രന്ഥങ്ങളിലെ മതവിധികള്‍. ഖുര്‍ആനിന്റെ ആശയങ്ങള്‍ കണ്ടെത്താന്‍ സാധാരണക്കാരന് കഴിയില്ല.  ഖുര്‍ആന്‍ എന്നത് ലൗഹുല്‍ മഹ്ഫൂളിന്റെ വിശദീകരണമാണ്. അത് ഖുര്‍ആനിലെ മൂന്ന് ആയതുകളിലൂടെ മനസ്സിലാക്കാം. (ഈ ഗ്രന്ഥം താങ്കള്‍ക്ക് നാം ഇറക്കിയിരിക്കുന്നത് സര്‍വ്വ കാര്യങ്ങള്‍ക്കുമുള്ള പ്രതിപാദനവും അല്ലാഹുവിനെ അനുസരിക്കുന്നവര്‍ക്കുള്ള മാര്‍ഗദര്‍ശനവും കാരുണ്യവും ശുഭവൃത്താന്തവും ആയിട്ടാകുന്നു). (നഹ്ല്‍:89).
'ഇറക്കിയിരിക്കുന്നത്' എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് ഖുര്‍ആനാണെന്ന് നമുക്ക് മനസ്സിലാക്കാം. അഥവാ ഖുര്‍ആനില്‍ അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. ലൗഹുല്‍ മഹ്ഫൂളിനെക്കുറിച്ചും എല്ലാം വിശദീകരിക്കപ്പെട്ടത് എന്ന രീതിയിലാണ് അല്ലാഹു പരിചയപ്പെടുത്തുന്നത് (യാതൊരു ന്യൂനതയും ഈ ഗ്രന്ഥത്തില്‍ നാം വരുത്തിയിട്ടില്ല) (അന്‍ആം: 38).
അങ്ങനെ വരുമ്പോള്‍ എല്ലാം വിശദീകരിക്കപ്പെട്ടത് രണ്ട് ഗ്രന്ഥങ്ങളിലാണ്. ഒന്ന് ഖുര്‍ആന്‍, മറ്റൊന്ന് ലൗഹുല്‍ മഹ്ഫൂള്. ഇവിടെ ഖുര്‍ആനും ലൗഹും തമ്മിലുള്ള ബന്ധമെന്ത് എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. അതിന് മറുപടി മറ്റൊരു സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നു (ഇത് ഗ്രന്ഥത്തിന്റെ വിശദീകരണമാകുന്നു- യൂനുസ്: 37). അഥവാ ഖുര്‍ആന്‍ എന്നത് ലൗഹുല്‍ മഹ്ഫൂളിന്റെ വിശദീകരണമാകുന്നു. അത്രയും ഉന്നതമായ സ്ഥാനം അലങ്കരിക്കുന്ന ഖുര്‍ആനിക ആശയാര്‍ത്ഥങ്ങളുടെ പൊരുള്‍ മനസ്സിലാക്കാന്‍ സാധാരണക്കാരനോ കേവലം ഭാഷാപണ്ഡിതനോ കഴിയുകയില്ല. മറിച്ച്, അവര്‍ ഇല്‍മിന്റെ കടലുകളായി ജീവിച്ചുകാണിച്ച പണ്ഡിതരുടെ ഗ്രന്ഥങ്ങളെയും അഭിപ്രായങ്ങളെയുമാണ് അവലംബിക്കേണ്ടത്. അവരുടെ അഭിപ്രായങ്ങളെ പിന്‍പറ്റലാണ് യഥാര്‍ത്ഥത്തില്‍ ഖുര്‍ആനെയും ഹദീസിനെയും പിന്‍തുടരുകയെന്നത് കൊണ്ട് ലക്ഷ്യമാക്കുന്നത്. അതല്ലാത്ത വാദങ്ങള്‍ അര്‍ത്ഥ ശൂന്യമാണ്.

ഇജ്തിഹാദിന്റെ കവാടം അടക്കുന്നതിലൂടെ പണ്ഡിതരേയും വിദ്യാര്‍ത്ഥികളെയും ഇസ്‌ലാമില്‍ ഏറെ പ്രാധാന്യമുള്ള ഒരു കര്‍മത്തിന് നിരുത്സാഹപ്പെടുത്തുകയല്ലേ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്?
ജനങ്ങളെ തടയേണ്ടതില്‍ നിന്ന് തടയേണ്ടത് പണ്ഡിത ധര്‍മ്മമാണ്. നബി തിരുമേനി(സ്വ) പറഞ്ഞു: ഹലാലുകളും ഹറാമുകളും ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും വ്യക്തമാണ്. അവക്കിടയില്‍ അവ്യക്തമായ കാര്യങ്ങളുമുണ്ട്. അധിക ആളുകള്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയില്ല. ഇവിടെ അധികമാളുകള്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിലൂടെ “കുറഞ്ഞയാളുകള്‍ക്ക്’ അത് വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നാണല്ലോ. ആ കുറഞ്ഞ ആളുകളാണ് മുജ്തഹിദീങ്ങളെന്ന് ഫത്ഹുല്‍ ബാരി വ്യക്തമാക്കുന്നു. ഇമാം ശാഫിഈയെ പോലുള്ള പണ്ഡിതരെയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ഇമാം ശാഫിഈയുടെ ജനനത്തിന് മുമ്പ് തന്നെ നബി തിരുമേനി(സ്വ) അവര്‍ക്ക്  വിദ്യാഭ്യാസത്തിന്റെ സനദ് കൊടുത്തിരുന്നു (എന്റെ സമൂഹത്തില്‍ ലോകമെമ്പാടും അറിവ് പരത്തുന്ന ഒരു ഖുറൈശീ പണ്ഡിതന്‍ വരും) എന്ന ഹദീസിലൂടെ ഉദ്ദേശിക്കപ്പെടുന്നത് ഇമാം ശാഫിഈ ആണെന്ന് പല പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്.  അതുകൊണ്ട്  മുജ്തഹിദുകളായ പൂര്‍വ്വിക പണ്ഡിതരുടെ വാക്കുകള്‍ പിന്‍പറ്റലാണ് നമ്മുടെ ധര്‍മം. മറിച്ച് മുജ്തഹിദ് വേഷം കെട്ടലല്ല. സമസ്തയുടെ മദ്രസയില്‍ പഠിക്കുന്ന ലക്ഷക്കണക്കിന്ന് വിദ്യാര്‍ത്ഥികളും ശാഫിഈ മദ്ഹബ് തന്നെയാണ് പിന്‍പറ്റുന്നത് . ഉദാഹരണമായി മലേഷ്യ പോലുളള രാജ്യങ്ങളിലൊക്കെ ശാഫിഈകളാണല്ലോ കൂടുതലുളളത്.

ഇന്ത്യയില്‍ മഹാഭൂരിപക്ഷവും ഹനഫികളാണല്ലോ. കേരളത്തിലെ ശാഫിഈ മദ്ഹബിന്റെ വളര്‍ച്ചക്കുള്ള കാരണം ?
അതിനുള്ള കാരണങ്ങളില്‍ ഒന്നാമത് കേരളത്തിലെ ജനങ്ങള്‍ക്ക് പ്രധാനമായും ദീന്‍ ലഭിച്ചത് മഖ്ദൂമീങ്ങളില്‍ നിന്നായിരുന്നു. പലരും ഇബ്‌നു ഹജര്‍(റ) ന്റെ പിന്‍ഗാമികളും ശിഷ്യന്മാരുമൊക്കെയാണ്. അവരൊക്കെ ശാഫിഈ മദ്ഹബിന്റെ വാക്താക്കളായിരുന്നു. ആ വഴിയിലൂടെ സഞ്ചരിച്ചതാണ് ശാഫിഈ വളര്‍ച്ചയുടെ കാരണം. ഉസ്താദുമാരുടെ വഴികളാണല്ലോ ശിഷ്യന്മാരും ജനങ്ങളും സ്വീകരിക്കുക.

ഫത്‌വ പറയുമ്പോള്‍ മുന്‍കാലപണ്ഡിതരുടെ കിതാബുകള്‍ അവലംബിക്കാറുണ്ടെന്ന് പറഞ്ഞു. ആ കിതാബുകള്‍ക്കിടയില്‍ മുന്‍ഗണനാ ക്രമമുണ്ടോ?
വലിയ വലിയ വിഷയങ്ങള്‍ വരുമ്പോള്‍ കിതാബ് നോക്കും. പ്രഥമമായ സ്ഥാനം തുഹ്ഫക്കും നിഹായക്കുമാണ്. അവ രണ്ടും എതിരായാല്‍ ഇഷ്ടമുള്ളതിനെ തിരഞ്ഞെടുക്കാം. പക്ഷേ, പ്രദേശികമായി നമ്മുടെ ഭാഗത്ത് ഇബ്‌നു ഹജര്‍(റ)ന്റെ ശിഷ്യരായത് കൊണ്ട് അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന് മുന്‍ഗണന കൊടുക്കുന്നുവെന്നുമാത്രം. രണ്ടിനും തുല്യസ്ഥാനമാണ്.

ഈ വിധം മുന്‍കാലപണ്ഡിതന്മാരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കുമ്പോള്‍, അതിനെക്കുറിച്ച് ഫത്‌വയെന്നോ, തര്‍ജീഹെന്നോ, ഇസ്തിന്‍ബാത്ത് എന്നോ, എന്താണ് വിളിക്കപ്പെടേണ്ടത്?
നാം അതിനെ നഖ്‌ല് (ഉദ്ധരണി) എന്ന് മാത്രമാണ് വിളിക്കാറുള്ളത്. മഹാന്മാര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്, അത് അടിസ്ഥാനമായി ഫത്‌വാ കൊടുക്കുന്നു എന്ന് സാരം. എന്നാല്‍ പണ്ഡിതരുടെ അഭിപ്രായം അടിസ്ഥാനമാക്കി പറയുന്നതിനും ഫത്‌വാ എന്ന് പറയാം. ഉദാ: ഫതാവാ ഇബ്‌നുഹജര്‍(റ). യഥാര്‍ത്ഥ മുഫ്തി നിരുപാധിക മുജ്തഹിദായിരിക്കണം. ഇബ്‌നു ഹജര്‍(റ) തങ്ങള്‍ മുജ്തഹിദ് മുത്വലഖ് അല്ലതാനും. എന്നാല്‍, ഈ കാലഘട്ടത്തില്‍ നാഖില്‍ എന്ന് പറയുന്നവര്‍ക്കും മുഫ്തി എന്ന്  പ്രയോഗിക്കാറുണ്ട്. അതിന് ഉദാഹരണങ്ങളാണ് ഫതാവ ഇബ്‌നു ഹജര്‍(റ), ഫതാവ റംലി(റ), ഫതാവാ മഖ്ദൂം. ഇത്തരം ഗ്രന്ഥങ്ങളൊക്കെ നഖ്‌ലുകളാണെങ്കില്‍ പോലും ഫത്‌വാ എന്ന പേരിലാണ് അറിയപ്പെടാറുള്ളത്. 

ഏതെങ്കിലും വിഷയത്തില്‍ ഹനഫീ മദ്ഹബിനെ ആശ്രയിക്കാറുണ്ടോ? ഏതൊക്കെ കിതാബുകള്‍?
ഉണ്ട്, ചില സന്ദര്‍ഭങ്ങളില്‍ ശാഫിഈ മദ്ഹബ് പ്രകാരം വകുപ്പുകളില്ലെങ്കില്‍, ഹനഫീ മദ്ഹബ് പ്രകാരം ഇങ്ങനെ ചെയ്യാം എന്ന് പറയാറുണ്ട്. ദുററുല്‍ മന്‍സൂര്‍ പോലുള്ള കിതാബുകളാണ്  അതിനായി അവലംബിക്കാറുള്ളത്.

ഹമ്പലിയിലും മാലികിയിലും അടിസ്ഥാനപ്പെടുത്താറുണ്ടോ?
അപൂര്‍വ്വമായിട്ട്, നാലു മദ്ഹബുകളും ആധികാരികം തന്നെയാണ്. പിന്നെ നമ്മുടെ ഭാഗത്ത് കൂടുതലും ശാഫിഈ മദ്ഹബ് പിന്തുടരുന്നവരായത് കൊണ്ടാണ് ശാഫിഈ കിതാബുകള്‍ക്ക് മുന്‍ഗണന.

സാധാരണ ഗതിയില്‍ കമ്മിറ്റിയുടെ ഒരു യോഗത്തില്‍  എത്ര ഫത്‌വകള്‍ നല്കാറുണ്ട്?
അത് വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്. ചില സമയത്ത് ഒരു ഫത്‌വ പോലും തീരുമാനമാവുകയില്ല. മറ്റു ചിലപ്പോള്‍ അഞ്ചും ആറും ഫത്‌വകള്‍ ഒരുമിച്ച് ഇറക്കിയെന്നും വരാം. പരമാവധി മാസത്തിലൊരിക്കലെങ്കിലും കമ്മിറ്റി യോഗം ചേരാറുണ്ട്.

ടെസ്റ്റ് ട്യൂബ് ശിശു, വാടകഗര്‍ഭപാത്രം തുടങ്ങിയ ഏറ്റവും ആധുനികമായ വിഷയങ്ങള്‍, പഴയകാല പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ പരാമൃഷ്ടമാണോ? 
ഉണ്ട്, ഇസ്തിഖ്‌റാജുല്‍ മനിയ്യ് (ശുക്ലം പുറത്ത് കൊണ്ട് വരല്‍) തുടങ്ങിയ വിഷയങ്ങള്‍ കിതാബുകളിലുണ്ട്. ആ വൃത്തത്തിലാണ് ടെസ്റ്റ് ട്യൂബ് ശിശു അടക്കമുള്ള വിഷയങ്ങള്‍ വരുന്നത്. എല്ലാ കാര്യങ്ങളും സ്പഷ്ടമായോ സമാനമായ മസ്അലകളിലൂടെയോ കിതാബുകളില്‍ പരാമൃഷ്ടമാണ്. നാം അത് കണ്ടെത്തുന്നില്ലെന്നേയുള്ളൂ. നമ്മുടെ ഉത്തരവാദിത്തം അത് കണ്ടെത്തലാണ്. അതിന്ന് നല്ല കഴിവും പ്രാപ്തിയും അറിവും വേണം. എങ്കില്‍ മാത്രമേ കിതാബുകളില്‍ നിന്നും അവ കണ്ടെത്താനാവുകയുള്ളൂ.

മെഡിസിന്‍ പോലുള്ള മേഖലകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവ്വിഷയകമായി വിദഗ്ധരെ വിളിച്ച് ചേര്‍ത്ത് ചര്‍ച്ച ചെയ്യാറുണ്ടോ?
അതേ, ഉദാഹരണമായി, മരണപ്പെട്ട വ്യക്തിയുടെ കണ്ണ് എടുത്ത് മറ്റൊരാള്‍ക്ക് ദാനം ചെയ്യുന്നതിന്റെ വിധി തീരുമാനിക്കുന്നതിന്, അല്‍-സലാമ കണ്ണാശുപത്രിയിലെ ചിലരോട് അതിന്റെ വിവിധ വശങ്ങളും രീതികളും ആരാഞ്ഞിരുന്നു. മയ്യിത്ത് വികൃതമാകാത്ത രീതിയിലാണ് കണ്ണുമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താറുള്ളത് എന്നാണവര്‍ പറഞ്ഞത്. കണ്ണു മാറ്റിവെക്കല്‍ അനുവദനീയമാകുന്നതിന്റെ ചില ഉപാധികളില്‍ ഒന്നു മാത്രമാണത്.  ചില വിഷങ്ങളുടെ പ്രവര്‍ത്തന രീതികളും സ്വഭാവവും മനസ്സിലാക്കാന്‍ അതത് മേഖലകളിലെ വിദ്ഗ്ധരെ വിളിക്കാറുണ്ടെന്ന് എന്നര്‍ത്ഥം. 

കോടതി ഏതെങ്കിലും വിഷയത്തിന് സമസ്തയുടെ അഭിപ്രായമാരാഞ്ഞ അനുഭവങ്ങളുണ്ടോ? 
അങ്ങനെ കോടതി പറഞ്ഞതായിട്ട് ഓര്‍മയില്ല. എന്നാല്‍ ചില സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ പോലീസുദ്യോഗസ്ഥര്‍, സബ് ഇന്‍സ്പക്ടര്‍ തുടങ്ങിയവര്‍ വരെ മധ്യസ്ഥത വഹിക്കുന്നതിനായി സമസ്തയെ സമീപിക്കാറുണ്ട്. 

കോടതിയുത്തരവ് ശറഇന് എതിരാവുമ്പോള്‍ എങ്ങനെ ഇടപെടും? ഉദാഹരണം ശാബാനു കേസ്?
ശാബാനു കേസില്‍ വിവാഹമോചിതക്ക് ജീവനാംശം മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരെ കൊടുക്കണമെന്ന് വിധി പറഞ്ഞപ്പോള്‍ അങ്ങനെ ശറഇലില്ലെന്നു നാം വ്യക്തമായി പറഞ്ഞുവല്ലോ. അതുപോലെ ആവശ്യാനുസരണം നാം ഇടപെടാറുണ്ട്.

രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപടേണ്ടി വരുമ്പോള്‍?
മദ്രസാ പഠനത്തെ ബാധിക്കുന്ന രൂപത്തില്‍ സ്‌കൂള്‍ സമയമാറ്റം കൊണ്ട്‌വരാന്‍ ശ്രമിച്ചപ്പോള്‍ അതി ശക്തമായി നില കൊണ്ടു. ശറഇന് എതിരായി ബാധിക്കുന്ന വിഷയങ്ങളില്‍ നിയമപരമായ ഇടപെടലുകളാണ് ഉണ്ടായിട്ടുള്ളത്.

സ്ത്രീധനത്തിന്റെ വിഷയത്തില്‍ ഏത് നിലപാടാണ് ഫത്‌വാ കമ്മറ്റിയുടേത് ?
സ്ത്രീധനത്തെ നാം പ്രോത്സാഹിപ്പിക്കുന്നില്ല. അത് തെറ്റാണെന്ന് പറയുന്നത് ശരിയല്ലെന്നാണ് നാം പറയുന്നത്. അത് ജാഇസാണ്. സ്ത്രീധനമെന്നാല്‍ സ്ത്രീക്ക് ബാപ്പ സ്വത്ത് കൊടുക്കുകയെന്നതാണ്. അതിലെന്താണ്  തെറ്റ്. അവളുടെ ബാപ്പാക്ക് അവള്‍ക്ക് സ്വത്ത് കൊടുക്കാം. എനിക്കിത്ര സ്വത്ത് തരണമെന്നല്ല, അവള്‍ക്കിത്ര സ്വത്ത് നല്‍കുമെന്നാണ് പിതാവ് പറയുന്നത്. ശറഇല്‍ സ്ത്രീധനമെന്നാല്‍ പെണ്ണിന് കൊടുക്കുന്ന സ്വത്ത് എന്നാണ്. ത്വലാഖ് ചൊല്ലി പിരിയുന്ന സമയത്ത് അതെല്ലാം കണക്ക് കൂട്ടി തിരിച്ച് കൊടുക്കേണ്ടി വരുകയും ചെയ്യും. അതായത് അത് അവളുടെ സ്വത്താണ്, ഭര്‍ത്താവിന്റേതല്ല. സത്യത്തില്‍ പിതാവ് മകള്‍ക്ക് കൊടുക്കുന്ന സ്വത്ത് മാത്രമാണത്. അത് നല്കരുത് എന്ന് പറയാന്‍ നമുക്ക് എന്ത് അധികാരമാണുള്ളത്. 

ഫത്‌വകളില്‍ ഉര്‍ഫിന് (പതിവ്/ആചാരം) പരിഗണയുണ്ടോ?
ഉര്‍ഫിന് പരിഗണനയുണ്ട്. ഉദാഹരണത്തിന് നമ്മുടെ നാടുകളില്‍ പള്ളി നിര്‍മാണത്തിനായി  ഭൂമി വാങ്ങുന്ന പതിവ് ആളുകള്‍ക്കിടയിലുണ്ട്. അത് പള്ളിയുടെ ഭൂമിയാണ്, പള്ളിക്ക് വേണ്ടിയുള്ള ഭൂമി. പിന്നെങ്ങെനെയാണ് ആ ഭൂമിയില്‍ ഒരു ഭാഗത്ത് മറവ് ചെയ്യുന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഉത്തരം ലളിതമാണ്. വഖ്ഫ് ചെയ്തയാള്‍ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ അയാളുടെ സമ്മതത്തോടെ/ഉദ്ദേശ്യത്തോടെ ഇത്തരം ഭൂമികളില്‍ മറവു ചെയ്യുന്ന പതിവ് (ഉര്‍ഫ്) നേരത്തെ ജനങ്ങള്‍ക്കിടയില്‍ നില നിന്നു പോന്നിട്ടുണ്ട്. ആ ഉര്‍ഫ് പരിഗണിച്ച് കൊണ്ടാണ് പള്ളിപ്പറമ്പുകള്‍ നാം ശ്മശാനങ്ങളായി ഉപയോഗിക്കുന്നത്. നേരെ മറിച്ച് ഈ പള്ളിക്ക് തന്നെ വേറെ പറമ്പുണ്ടാകും, അവിടെയാരും മറവ് ചെയ്യാന്‍ സമ്മതിക്കില്ല. കാരണം അത് പള്ളിയുടെ വരുമാനത്തിന് വേണ്ടി വെച്ചതാണ്, പള്ളിയുടെ പറമ്പാണെന്ന രീതിയില്‍ അവിടെ മറവ് ചെയ്യാന്‍ പറ്റില്ല. എന്നാല്‍ പള്ളി നിര്‍മിക്കുന്ന പറമ്പില്‍ മറവ് ചെയ്യുന്ന ഉര്‍ഫ് നടപ്പിലുണ്ട്. എല്ലാ വാഖിഫീങ്ങളും അംഗീകരിച്ച് അവരുടെ കാലത്ത് തന്നെ ആ സമ്പ്രദായം നിലനിന്ന് കാണുന്നു. അത് കൊണ്ടാണ് അവിടെ മറവ് ചെയ്യുന്നത്. അല്ലെങ്കില്‍ പള്ളിക്ക് വേണ്ടി വാങ്ങുന്ന ഭൂമിയില്‍മറവ് ചെയ്യാന്‍ പറ്റില്ല. ശാഫിഈ മദ്ഹബില്‍ ഉര്‍ഫ് അംഗീകരിക്കപ്പെട്ടത് തന്നെയാണ്.

ഭിന്നാഭിപ്രായമുള്ള മസ്അലയില്‍ മറുപടി പറയുക എങ്ങനെയാണ്?
ഏറ്റവും പ്രബലമായതും പ്രമാണയുക്തവുമായ അഭിപ്രായം അടിസ്ഥാനപ്പെടുത്തി മറുപടി പറയും. മറ്റൊരു അഭിപ്രായം കൂടിയുണ്ടെന്നും അതു പ്രകാരം ചെയ്യുന്നതില്‍ വിരോധമില്ലെന്നും അറിയിക്കും.

വേറെ ഒരു മുഫ്തി പറഞ്ഞ ഫത്‌വ പുന:പരിശോധിക്കാനാവശ്യപ്പെട്ടാല്‍?
മുഖദാവിലാണെങ്കില്‍ അപ്പോള്‍ തന്നെ മറുപടി പറയും. അല്ലെങ്കില്‍ വേറൊരു പേജില്‍ ആ ചോദ്യമെഴുതാന്‍ ആവശ്യപ്പെടും, അതിനൊരു പുതിയ ഫത്‌വ നല്‍കുകയും ചെയ്യും.

ത്വലാഖിന്റെ വിഷയങ്ങളില്‍ ത്വലാഖിന്റെ വാചകം എഴുതി വാങ്ങുന്നതിന്റെ പിന്നില്‍?
അങ്ങനെ എഴുതി വാങ്ങാന്‍ ശ്രദ്ധിക്കാറുണ്ട്. എഴുതി തന്ന വാചകത്തിനനുസരിച്ചാണ് നാം മറുപടി തന്നിട്ടുള്ളത് എന്ന് നിജപ്പെടുത്താന്‍ വേണ്ടിയാണത്.

ഫറാഇള് (അനന്തരാവകാശം) ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍?
അനന്തരാവകാശവുമായി ബന്ധപ്പെട്ടത് എന്നെ നേരില്‍ കണ്ട് ചോദിക്കുന്ന പതിവാണ് കൂടുതല്‍. അപൂര്‍വമായിട്ടേ സമസ്തയിലേക്ക് വരാറുള്ളൂ.

ഫിഖ്ഹ്  പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപദേശം?
വിഷയങ്ങള്‍ മുതാലആ ചെയ്ത് ഇല്‍മ് വര്‍ദ്ധിപ്പിക്കണം. മാത്രമല്ല പ്രധാനപ്പെട്ടവ കുറിച്ച് വെക്കണം. ഇങ്ങനെ ചോദ്യങ്ങള്‍ വരുമ്പോള്‍ എടുത്ത് നോക്കാന്‍ കഴിയണം. ഗ്രന്ഥ പാരായണത്തിനായി സമയം മാറ്റി വെക്കണം, തിസീസ് തുടങ്ങിയ പുതയി രീതികളൊക്കെ ഇതിന്റെ ഭാഗമായി വേണം കാണാന്‍. 
വാര്‍ധക്യത്തിന്റെ അസ്വസ്ഥതകള്‍ അലട്ടുമ്പോഴും ചോദ്യങ്ങളേതും സ്വീകരിക്കാനും ഒട്ടും മടുപ്പില്ലാതെ മറുപടി പറയാനും പരിപൂര്‍ണ സജ്ജമായ മനസോടെയും ഗഹനമായ ചിന്തയോടെയും, ഉന്മേഷം നിലനിര്‍ത്താനായി കാലുകള്‍ സ്റ്റൂളിനുമുകളില്‍ വെച്ച്  ചോദ്യങ്ങള്‍ക്ക്  മുമ്പില്‍ നിര്‍ന്നിമേഷനായി ഇരുന്ന ആ നിമിഷങ്ങള്‍ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളായി തോന്നുന്നു. ആ മഹാനുഭാവന്റെ കൂടെ അല്ലാഹു നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ. ആമീന്‍.

നിലവില്‍ മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍.

(2017 സുപ്രഭാതം പ്രത്യേക ലക്കത്തില്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ (1937-2016) എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter