തൂഫാനുല്‍അഖ്സാ ഒരു മാസം പിന്നിടുമ്പോള്‍, ഹമാസ് എന്ത് നേടി?

ഇസ്റാഈലിന്റെ നിരന്തരമായ അക്രമങ്ങളില്‍ പൊറുതി മുട്ടി, തൂഫാനുല്‍അഖ്സ എന്ന പേരില്‍ ഹമാസ് തിരിച്ചടിച്ചത് ഒക്ടോബര്‍ ഏഴിനായിരുന്നു. സ്വയം പ്രതിരോധം എന്ന് പറഞ്ഞ് അന്ന് ഇസ്റാഈല്‍ തുടങ്ങിയ ക്രൂരതകള്‍ ഇന്നും തുടരുകയാണ്. കൃത്യം ഒരു മാസം പൂര്‍ത്തിയാവുന്ന ഈ സാഹചര്യത്തില്‍ തൂഫാനുല്‍അഖ്സയിലൂടെ ഹമാസ് എന്ത് നേടിയെന്ന്, സംഘടനയുടെ രാഷ്ട്രീയ വക്താവ് ഖാലിദ് മിശ്അല്‍, ആഗോള പണ്ഡിത സഭയുടെ ഖുദ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഡോ. സമീര്‍ സഈദ് എന്നിവരുടെ സംഭാഷണങ്ങളെ അടിസ്ഥാനപ്പെടുത്തി വിലയിരുത്തുകയാണ് ഇവിടെ.

പോരാട്ടം ഒരു മാസം പിന്നിടുമ്പോള്‍, ഇരുഭാഗത്തുമുണ്ടായ ഭൗതിക നാശനഷ്ടങ്ങളുടെയും കൊല്ലപ്പെട്ടവരുടെയും കണക്കെടുത്താല്‍ ഫലസ്തീന്‍ പക്ഷത്ത് കനത്ത നഷ്ടങ്ങളാണെന്ന് പറയാതെ വയ്യ. പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും ഇരുപത്തയ്യായിരത്തിലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും അടിസ്ഥാന സൗകര്യങ്ങളില്‍ പകുതിയിലേറെയും തകര്‍ക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതേസമയം, മറ്റു പല മേഖലകളിലും ഇസ്റാഈല്‍ തന്നെയാണ് പരാജയപ്പെട്ടിരിക്കുന്നത് എന്നതാണ് വസ്തുത.

ഒന്നാമതായി, ഒക്ടോബര്‍ 7ന് നേരിടേണ്ടിവന്ന അപ്രതീക്ഷിത

അക്രമണത്തിന്റെ ആഘാതത്തില്‍നിന്ന് ഇസ്റാഈല്‍ ഇനിയും മുക്തമായിട്ടില്ല. ഫലസ്തീനില്‍ ഈച്ച പറക്കുന്നത് പോലും ഇസ്റാഈലിന്റെ അറിവോട് മാത്രമാണെന്ന് വീമ്പ് പറഞ്ഞിരുന്ന അവരുടെ രഹസ്യാന്വേഷണ വിഭാഗം കനത്ത പരാജയമാണെന്ന് അവര്‍ക്ക് തന്നെ സമ്മതിക്കേണ്ടിവന്നു. പോരാട്ടം തുടങ്ങി ഒരു മാസം പിന്നിടുമ്പോഴും തങ്ങളുടെ ബന്ദികളെ ഹമാസ് എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്ന് കണ്ടെത്താന്‍ പോലും അവര്‍ക്ക് സാധിച്ചിട്ടില്ല. അറബ് രാജ്യങ്ങള്‍ ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ പോലീസ് ചമഞ്ഞിരുന്ന ഇസ്റാഈല്‍ ഇതോടെ കേവലം കടലാസ് പുലിയാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു. ഈ ജാള്യത മറക്കാന്‍, സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന സാധാരണക്കാരെ കൊന്നൊടുക്കുക എന്ന ഭീരുവിന്റെ രീതിയാണ് ഇസ്റാഈല്‍ ഈ പോരാട്ടത്തിലുടനീളം സ്വീകരിച്ചിരിക്കുന്നത്. ഹമാസ് പോരാളികളെയോ നേതാക്കളെയോ പറയത്തക്ക രീതിയില്‍ പിടികൂടാനോ വധിക്കാനോ സാധിച്ചിട്ടില്ലെന്ന് സത്യമാണ്. അതേ സമയം, ഹമാസ് പിടികൂടിയിരിക്കുന്ന ഇസ്റാഈലിന്റെ അനേകം ഉന്നത ഉദ്യോഗസ്ഥരെയാണ്. 

ഏതാനും പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ ബന്ദികളായി പിടിക്കപ്പെടുകയും ചെയ്തപ്പോഴേക്കും ഇസ്റാഈല്യര്‍ ഏറെ അസ്വസ്ഥരായിരിക്കുന്നു. അവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നെതന്യാഹുവിനെതിരെ നിരന്തരം പ്രകടനങ്ങള്‍ നടക്കുകയാണ്. അവ ശമിപ്പിക്കാനും അയാളുടെ മുമ്പിലുള്ള ഏക പരിഹാരം നിരപരാധികളെ കൊല്ലുന്നത് തന്നെ.

അതിലുപരി, കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ഇസ്റാഈല്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ നാണയം കൂപ്പ് കുത്തിയിരിക്കുകയാണ്. വിനോദസഞ്ചാര മേഖലയും അസ്ഖലാന്‍ അടക്കമുള്ള തുറമുഖങ്ങളും പാടെ സ്തംഭിച്ചിരിക്കുന്നതിനാല്‍ വരുമാനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. വിമാനങ്ങളെല്ലാം നിര്‍ത്തലാക്കിയിരിക്കുന്നു. പ്രകൃതി വാതകഖനനവും പാടെ നിലച്ചിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളിലും പത്ത് ബില്യണോളം നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നു. നിക്ഷേപകരും വന്‍കച്ചവടക്കാരും രാജ്യത്ത് നിന്ന് പിന്‍വലിഞ്ഞതോടെ ആ രംഗത്തും കനത്ത നഷ്ടമാണ്. അതേ സമയം, യുദ്ധ ചെലവുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു.  

അബ്രഹാം അക്കോഡിലൂടെ അറബ് രാജ്യങ്ങളെയെല്ലാം വരുതിയിലാക്കാനുള്ള ഇസ്റാഈലിന്റെ ശ്രമം വിജയം കണ്ട് വരുന്നതിനിടെയാണ് തൂഫാനുല്‍ അഖ്സ സംഭവിക്കുന്നത്. അതോടെ, ഇത് വരെ ഉണ്ടാക്കിയ നേട്ടങ്ങളെല്ലാം തരിപ്പണമാവുകയാണുണ്ടായത്. അക്കോഡില്‍ ഒപ്പ് വെച്ചവര്‍ പോലും ഇസ്റാഈലിനെതിരെ ശക്തമായി രംഗത്ത് വന്നു.

പോരാട്ടം തുടങ്ങിയ അന്ന് മുതല്‍ കരയുദ്ധം തുടങ്ങുമെന്ന് പറയുന്നുണ്ടെങ്കിലും ഇന്നും പൂര്‍ണ്ണാര്‍ത്ഥത്തില്‍ അതിന് ഇസ്റാഈലിന് ധൈര്യം ലഭിച്ചിട്ടില്ല. ഹമാസ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത് എന്തെന്ന ആശങ്ക തന്നെയാണ് കാരണം. അതേ സമയം, ഹമാസ് ഇസ്റാഈലിന്റെ പല മുതിര്‍ന്ന സൈനികരെയും ഇതിനകം പിടികൂടുകയോ വക വരുത്തുകയോ ചെയ്ത് കഴിഞ്ഞു. നാലായിരത്തിലേറെ അംഗങ്ങളുള്ള ഇസ്റാഈല്‍ സൈന്യത്തിന്റെ ഗസ്സ യൂണിറ്റ് ഇന്ന് ഇല്ല തന്നെ. ഗസ്സയുടെ പരിസരത്തും ലബനാന്‍ അതിര്‍ത്തിയിലുമായി അനധികൃതമായി നിര്‍മ്മിച്ചിരുന്ന 75,000 ലേറെ താമസസ്ഥലങ്ങളെല്ലാം ഇനി ഒരു തിരിച്ച് വരവില്ലാത്ത വിധം ഇതിനികം കാലിയാക്കിയിരിക്കുന്നു. അര മില്യണിലേറെ ഇസ്റാഈല്യര്‍ ഇതിനകം തന്നെ നാട് വിട്ട് മറ്റു നാടുകളില്‍ അഭയം തേടിയിരിക്കുന്നു. തല്‍അവീവിലും മറ്റു ഇസ്റാഈല്‍ നഗരങ്ങളിലുമെല്ലാം, പുറത്തിറങ്ങാന്‍ പേടിച്ച് ജനജീവിതം തന്നെ സ്തംഭിച്ചിരിക്കുന്നു.  

ലവലേശം മനുഷ്യത്വമില്ലാത്തവരാണ് ഇസ്റാഈലികള്‍ എന്ന് ഇതിനകം ലോകം കണ്ട് കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ ഏതാനും പേര്‍ കൊല്ലപ്പെടുന്നത് കണ്ട് ഇസ്റാഈല്‍ സര്‍ക്കാരിലെ പ്രമുഖര്‍ പോലും വാവിട്ട് നിലവിളിച്ചത് ലോകം കണ്ടതാണ്. എന്നാല്‍ അതേസമയം, ആയിരക്കണക്കിന് മാതാപിതാക്കളുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും രോദനം കേള്‍ക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നത് ഇതിന്റെ തെളിവാണ്. ലോകരാഷ്ട്രങ്ങളില്‍ 120ലേറെ രാജ്യങ്ങള്‍ ഇസ്റാഈലിനെതിരെ രംഗത്ത് വന്നു. ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഓരോ ദിവസവും ഇസ്റാഈലിന്റെ പിന്തുണ കുറഞ്ഞ് വരുന്നതും. അമേരിക്ക പോലും നിരുപാധിക പിന്തുണ നല്കുന്ന നിലപാടില്‍നിന്ന് അല്‍പം പിന്നോട്ട് പോവുന്നതാണ് നാം കണ്ടത്.

അതേസമയം, ഹമാസ് എത്ര വലിയ പ്രതിസന്ധിയിലും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ലോകം കണ്ടത്.  ബന്ദികളോട് പോലും വളരെ മാന്യമായി പെരുമാറിയ അവര്‍ ഇസ്റാഈല്‍ സൈന്യത്തെയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇസ്റാഈല്‍ പക്ഷത്ത് മരണ നിരക്ക് വര്‍ദ്ധിക്കാത്തതും അത് കൊണ്ട് തന്നെയാണ്. ഇത്രയും പ്രയാസങ്ങള്‍ സഹിക്കേണ്ടിവന്നിട്ടും ഒരു ഫലസ്തീനി പോലും ഹമാസിനെതിരെ പറയുന്നില്ലെന്ന് മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടി നേതാവ് എന്ന് പറയാവുന്ന മഹ്മൂദ് അബ്ബാസ് പോലും അവരുടെ കൂടെ നില്ക്കുന്നതാണ് നാം കാണുന്നത്. എല്ലാം നഷ്ടപ്പെടുമ്പോഴും, ഉള്ളത് പരസ്പരം പങ്ക് വെക്കുന്ന, തന്നേക്കാള്‍ തന്റെ സഹോദരന് മുന്‍ഗണന നല്കുന്ന, എത്ര അവസരങ്ങള്‍ മുന്നിലുണ്ടായിട്ടും കൊള്ളയോ കൊലയോ സുരക്ഷാ പ്രശ്നങ്ങളോ ഇല്ലാത്ത ഗസ്സക്കാരെയും ഫലസ്തീനികളെയുമാണ് നാം കാണുന്നത്. അതോടൊപ്പം മുസ്‍ലിം ലോകത്തെ എന്ന് മാത്രമല്ല, നീതിയും ന്യായവും വിജയിച്ച് കാണണമെന്ന് ആഗ്രഹിക്കുന്ന, മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവരെയെല്ലാം കൂടെ നിര്‍ത്താന്‍ ഹമാസിന് സാധിച്ചിട്ടുണ്ട്. കുടുംബത്തിലെ അംഗങ്ങളെല്ലാം കൊല്ലപ്പെട്ടിട്ടും ഒരു പരാതിയോ രോദനമോ നാം കേള്‍ക്കുന്നില്ല. എല്ലാം അല്ലാഹുവിലര്‍പ്പിച്ച്, സങ്കടക്കണ്ണീരിനിടയിലും അല്‍ഹംദുലില്ലാഹ് എന്ന് പറയുന്ന ഒരു ജനതയാണ് ഇന്ന് ലോകത്തിന് മുന്നില്‍ ഫലസ്തീനികള്‍. 

ഹമാസ് രാഷ്ട്രീയ വക്താവ് ഖാലിദ് മിശ്അല്‍ പറയുന്നത് കൂടി നമുക്ക് നോക്കാം: 
ഇസ്റാഈല്‍ ഫലസ്തീന് മാത്രമല്ല, മുഴുവന്‍ അറബ് രാജ്യങ്ങള്‍ക്കും ലോകത്തിന് തന്നെയും ഭീഷണിയാണ്. അമേരിക്കക്ക് പോലും അവര്‍ ഭീഷണിയായി വളരുന്നത് വൈകാതെ അവര്‍ കാണേണ്ടിവരും. അവരെ ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. അത് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. അറബ് രാഷ്ട്രങ്ങള്‍ക്ക് ഏറെ ഉത്തരവാദിത്തമുണ്ട്. സൗദി അറേബ്യ പോലോത്ത താരതമ്യേന വലിയ രാജ്യങ്ങള്‍ക്ക് വിശേഷിച്ചും. ഈ പോരാട്ടത്തില്‍ ഇസ്റാഈല്‍ വിജയിച്ചാല്‍ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) ഫലസ്തീനികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് വിശേഷിച്ച് ഒരു നഷ്ടവുമില്ല. ഞങ്ങളെക്കൊണ്ടാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് ഞങ്ങള്‍ ആശ്വസിക്കും. അതേ സമയം, ഖുദ്സും വിശുദ്ധ ഭൂമികയുമെല്ലാം തകര്‍ക്കപ്പെടും. അത് ഏറ്റവും വലിയ നഷ്ടമുണ്ടാക്കുന്നത് മുസ്‍ലിം സമുദായത്തിനും അറബ് രാജ്യങ്ങള്‍ക്കുമാണ്. ഖുദ്സിന്റെ മോചനവും സുരക്ഷയം ഫലസ്തീനികളുടെ മാത്രം ഉത്തരവാദിത്തമല്ല. പ്രവാചകന്മാരും നമ്മുടെ പ്രവാചകരും രണ്ടാം ഖലീഫ ഉമര്‍(റ)വും സ്വലാഹുദ്ദീന്‍ അയ്യൂബിയും ഈ സമുദായത്തെ ഏല്‍പിച്ച അമാനതാണ് അത്. അവരാരും ഫലസ്തീനികളായിരുന്നില്ല. ഉത്തരവാദിത്തം തിരിച്ചറിഞ്ഞാണ് അവരെല്ലാം ഇതിനായി ഇറങ്ങിപ്പുറപ്പെട്ടത്. ഫലസ്തീനികള്‍ ചെയ്യുന്നതും അത് തന്നെയാണ്. ഞങ്ങളൊരിക്കലും കീഴടങ്ങുകയില്ല. യുദ്ധം എത്ര നീണ്ടാലും എന്ത് വില നല്കേണ്ടിവന്നാലും അവസാന ജീവനും ഖുദ്സിനായി പിടിച്ച് നില്ക്കും. മുസ്‍ലിം രാഷ്ട്രങ്ങളും മനുഷ്യസ്നേഹികളും അവരോടൊപ്പം നിന്നാല്‍ എല്ലാവര്‍ക്കും ഒന്നായി വിജയിക്കാം. അല്ലെങ്കില്‍, എല്ലാവര്‍ക്കും ഒറ്റക്കൊറ്റക്ക് നിന്ന് ശത്രുവിന്റെ മുമ്പില്‍ പരാജയം ഏറ്റ് വാങ്ങാം. 

ഇതിനായി ആഗോള തലത്തില്‍ പുതിയൊരു സഖ്യം തന്നെ രൂപപ്പെടേണ്ടതുണ്ട്. റഷ്യ, ചൈന തുടങ്ങിയ ശക്തികളെയെല്ലാം ചേര്‍ത്ത് സൗദി അറേബ്യയും തുര്‍കിയുമെല്ലാം മുന്‍കൈയ്യെടുത്ത്, നീതിയുടെ പക്ഷത്ത് നില്ക്കന്ന ഒരു സഖ്യം ലോകനന്മക്ക് തന്നെ ആവശ്യമാണ്. ഇസ്‍ലാമിക ഭരണവും ഖിലാഫതും അതാണല്ലോ ലോകത്തിന് സമ്മാനിച്ചതും സമ്മാനിക്കേണ്ടതും. അതിനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴുള്ളത്. പൊതുജനങ്ങളെല്ലാം കൂടെയുണ്ട്. മുസ്‍ലിം ലോകത്തെ പണ്ഡിതര്‍ ഇതിന് ഭരണകര്‍ത്താക്കളെ പ്രേരിപ്പിക്കണം. അല്ലത്ത പക്ഷം, ലോകത്ത് നിന്ന് തന്നെ മനുഷ്യത്വം ഇല്ലാതെയാവും. അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒരാള്‍ക്കും ഒഴിഞ്ഞുമാറാനാവില്ല.

ചുരുക്കത്തില്‍, പോരാട്ടം ഒരു മാസം പിന്നിടുമ്പോള്‍, നമുക്ക് ഇങ്ങനെ ഉറപ്പിച്ച് പറയാനാവും, ഇത് മനുഷ്യത്വവും മൃഗീയതയും തമ്മിലുള്ള പോരാട്ടമാണ്. വിശ്വാസവും മതബോധവും നല്കുന്ന ഉന്നത മൂല്യങ്ങളാണ് ഒരു പക്ഷത്തെങ്കില്‍, കൊച്ചുകുഞ്ഞുങ്ങളെ പോലും കൊന്നൊടുക്കുന്ന, ആശുപത്രികളില്‍ പോലും അക്രമണം നടത്തുന്ന, അതിനായി തൊടുത്ത് വിടുന്ന ബോംബുകളില്‍ പോലും പേരെഴുതി കളിക്കുന്ന കാടത്തമാണ് മറുപക്ഷത്തുള്ളത്, അതിന്റെ പേരാണ് ഇസ്റാഈല്‍. 

വിശ്വാസവും അവിശ്വാസവും തമ്മിലുള്ള ഈ പോരാട്ടം വീക്ഷിക്കുന്നവര്‍ക്ക് ഒരു കാര്യം ഉറപ്പാണ്, ഗസ്സയിലും വെസ്റ്റ് ബേങ്കിലും സംഭവിച്ച ഭൗതിക നാശനഷ്ടങ്ങളുടെ പത്തിലൊന്നെങ്കിലും ഇസ്റാഈലില്‍ സംഭവിച്ചിരുന്നുവെങ്കില്‍, ജീവിതക്കൊതിയരായ അവരെല്ലാവരും എല്ലാം വിട്ട് നാടും വീടും വേണ്ടെന്ന് വെച്ച് ഓടിപ്പോകുമായിരുന്നു. അവരുടെ മുന്‍പന്തിയിലുണ്ടാവുക, അവരുടെ നേതാക്കളുമായിരിക്കും, തീര്‍ച്ച.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter