അഹ്‍മദ് ശൗഖി: പ്രണയത്തിലലിഞ്ഞ ആധുനിക ബൂസ്വീരി

മനമാകുന്ന തോട്ടത്തിൽ വിരിയുന്ന ആശയങ്ങൾക്ക് വാക്കുകൾ നൽകി വരികളിലായി കോർത്തിണക്കുമ്പോൾ അവിടെ പിറകൊള്ളുന്നത് അതിരില്ലാത്ത അത്ഭുത സംഭാവനകളാണ്. അത്തരത്തിൽ കാല്പനികതയുടെ കാവലാളായി നിലകൊണ്ട അനർഘ വ്യക്തിപ്രഭാവത്തിനുടമയാണ് ഈജിപ്ഷ്യൻ കവിയും, കവികളുടെ രാജകുമാരൻ എന്ന അപരനാമത്തിൽ വിശ്രുതരായ അഹ്‍മദ് ശൗഖി.

1868 ഒക്ടോബർ 17 നു ഈജിപ്തിലെ കെയ്‌റോയിലായിരുന്നു ജനനം. ഈജിപ്ഷ്യൻ ടർക്കിഷ് കുർദിഷ് ഗ്രീക്ക് എന്നീ വേരുകളടങ്ങിയ സമ്പന്ന കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ പിറവി. ഈജിപ്തിലെ തന്നെ അറിയപ്പെട്ട കൊട്ടാര പ്രഭുക്കളായ ഖാദിവ് ഇസ്മായേൽ എന്നവരുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നവർ കൂടിയായിരുന്നു ശൗഖിയുടെ കുടുംബം.

നാലാം വയസ്സിൽ തന്നെ അറിവിന്റെ മൊഴിമുത്തുകളുടെ കേന്ദ്രമായ വിശുദ്ധ ഖുർആനിന്റെ മധുനുകരാനായി ഈജിപ്തിലെ സയ്യിദ സയ്‌നബ് എന്ന ജില്ലയിലെ ഒരു കുത്തബിൽ (മക്തബ്, മദ്രസ) ചേരുകയും തുടർന്ന്, ഖുർആൻ ഹൃദിസ്ഥമാക്കാനും, വായനയുടെയും എഴുത്തിന്റെയും തത്വങ്ങൾ മനസ്സിലാക്കാനും അത് മൂലം പ്രവിശ്യാലമായ വൈജ്ഞാനിക സപര്യക്ക് നാന്ദികുറിക്കാനും അവസരമൊരുങ്ങുകയും ചെയ്തു. 
ഹൈസ്കൂള്‍ വിദ്യാഭ്യാസവും ശേഷം ബിരുദവും നേടിയ ശേഷം, രണ്ട് വർഷം നിയമ സ്കൂളിൽ പഠിക്കുകയും, പിന്നീട് സിവിൽ സർവീസുകാരെ പരിശീലിപ്പിക്കാനായി രൂപം കൊണ്ട ട്രാൻസ്ലേഷൻ സ്കൂളിൽ ചേരുകയും, അവിടുന്ന് ബിരുദം നേടിയ ശൗഖി, ഖാദിവ് ഇസ്മായേൽ പരമ്പരയിലെ അബ്ബാസ് രണ്ടാമന്റെ കൊട്ടാരത്തിൽ ജോലി ലഭിച്ച് അവരുടെ കോടതിയിൽ സേവനം ആരംഭിക്കുകയും ചെയ്തു. അവിടെ ഒരു വർഷം ജോലിയിൽ തുടർന്നതിന് ശേഷം, നിയമപഠനം തുടരാൻ മോണ്ട്പെല്ലിയർ, പാരീസ് സർവകലാശാലകളിലേക്ക് ചേക്കേറി. അവിടെയായിരിക്കെ ഫ്രഞ്ച് നാടകകൃത്തുക്കളുടെ, പ്രത്യേകിച്ച് മോളിയേറിന്റെയും റാസിനിന്റെയും കൃതികൾ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. 1894-ൽ ഈജിപ്തിലേക്ക് മടങ്ങിയെത്തിയ ശൗഖി, ഈജിപ്തിലെ അബ്ബാസ് രണ്ടാമനുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും അവരുടെ ഓഫീസിൽ "Head of the Foreign Pen" (ആധുനിക വിദേശകാര്യ മന്ത്രിയോട് തത്തുല്യമായ പദവി) എന്ന സ്ഥാനം കരഗതമാക്കി പിന്നീടുള്ള അല്പകാലം അവിടെ ചിലവഴിക്കുകയുണ്ടായി.

ബ്രിട്ടീഷുകാരോടുള്ള തന്റെ സന്ധിയില്ലാ സമരത്തിന്റെ ഫലമായി നാടുകടത്തപ്പെടാൻ നിർബന്ധിതനായ ശൗഖിയെ 1914-ൽ സ്പെയിനിലെ അന്തലൂഷ്യയിലേക്ക് നാടുകടത്തി. പിന്നീട് 1920-ൽ ഈജിപ്തിലേക്ക് മടങ്ങുകയും ചെയ്തു. 1927-ൽ ശൗഖിയുടെ സാഹിത്യ മേഖലയിൽ നിക്ഷിപ്‌തമായിട്ടുള്ള ഗണ്യമായ സംഭാവനകളെ അധികരിച്ച് സഹപ്രവർത്തകരാൽ അമീർ അൽ-ശുഅറാ ("കവികളുടെ രാജകുമാരൻ") എന്ന അപരനാമം ചാർത്തപെട്ടു.

ഈജിപ്തിലേക്കുള്ള തിരിച്ചു വരവിന് ശേഷം അദ്ദേഹം ഗിസയിൽ കർമത് ഇബ്ൻഹാനി എന്ന നാമത്തിൽ ഒരു പുതിയ വീട് പണിതു. ഇന്ന് അത് "അഹമ്മദ് ശൗഖി മ്യൂസിയം" ആയി അറിയപ്പെടുന്നു. ഈജിപ്തിൽ നിന്ന് കണ്ടുമുട്ടിയ പ്രശസ്ത ഗായകന്‍ അബ്ദുൽ വഹ്ഹാബ് എന്നവരുമായുള്ള കൂടിക്കാഴ്ച ശൗഖിയുടെ ജീവിതത്തിൽ മാറ്റൊലികൾ സാധ്യമാക്കിയ ഒരധ്യായ മായിരുന്നു.

ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോയ ശൗഖിയുടെ കൃതികളും പല ഭാഗങ്ങളായി വേർത്തിരിക്കപ്പെട്ടിട്ടുണ്ട്. പ്രഥമമായി ഖാദിവ് ഇസ്മായേൽ കൊട്ടാരത്തിൽ അദ്ദേഹം ഏർപ്പെട്ട കാലഘട്ടവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതിൽ ഖാദിവ് ഇസ്മായേൽ പരമ്പരയിൽ വരുന്ന കൊട്ടാര പ്രഭുക്കളെയും രാജാക്കന്മാരെയും വാഴ്ത്തിയും അവരുടെ നയങ്ങളെ പിന്തുണയ്ക്കുന്ന രൂപത്തിലും ഉള്ള രചനകളായിരുന്നു. രണ്ടാമത്തേത്, നാടുകടത്തിയ വേളയിൽ സ്പെയിനിലെ പ്രവാസജീവിതത്തിലെ അദ്ദേഹത്തിന്റെ ഗൃഹാതുരത്വവും അന്യതാബോധവും ഇടകലർത്തികൊണ്ടുള്ള രചനകളാണ്. അതിലൂടെ ഈജിപ്തിനെയും, അറബ് ലോകത്തെയും കുറിച്ചുള്ള ദേശസ്നേഹ കവിതകൾ പിറവിയെടുത്തു. മൂന്നാമതായി, പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷമുള്ള സമയമാണ്. ഈ കാലയളവിലാണ് പൗരാണിക ഈജിപ്തിന്റെയും, ഇസ്‍ലാമിന്റെയും മഹത്തായ ചരിത്ര പാരമ്പര്യങ്ങളെ അനുസ്മരിക്കും വിധത്തിലുള്ള രചനകൾ പിറവി  കൊള്ളുന്നത്. ഈ മേഖലയിലെ ആഴത്തിലുള്ള ചരിത്ര പഠനമാണ് ഇത്തരത്തിൽ ശൗഖിയെ മാറ്റിയെടുത്തത് എന്ന് അദ്ദേഹത്തിന്റെ രചനകളെ വരികൾക്കിടയിലൂടെ വായിക്കുമ്പോൾ മനസ്സിലാകുന്നതാണ്. ഈ ഒരു ഘട്ടത്തിൽ തന്നെയാണ് പുണ്യ പ്രവാചകൻ മുഹമ്മദ് നബി(സ്വ) തങ്ങളുടെ നാമത്തിൽ അനശ്വരമായ അപാദനങ്ങൾ ശൗഖിയുടെ അകതാരിൽ നിന്ന് ഉറവപൊട്ടുന്നതും.

പ്രവാചകാനുരാഗത്തിന്റെ ആധുനിക ദീപശിഖ 

ഇമാം ബൂസ്വീരി(റ)യുടെ ബുർദയോട് സദൃശമായി ന്ഹജുൽബുർദ എന്ന പേരിൽ ശൗഖിയുടെ രചന കേവലം അറബി കാവ്യ സാഹിത്യ മേഖലയിൽ ഒരു സംഭാവന എന്നതിന് പുറമെ, പ്രവാചക തിരുമേനിയെ ആധുനികതയുടെ മുമ്പിൽ ഏറെ ചാരിതാർഥ്യത്തോടെ ശൗഖി വരച്ചിടുന്നത് തന്നെയാണ്.

സ്തുതിഗീതങ്ങളും അനുശോചന കാവ്യങ്ങളും നിരവധി എഴുതിയ വ്യക്തിയാണ് അഹമ്മദ് ശൗഖി. ക്ലാസിക്കൽ കവിതയുടെ ജീവിക്കുന്ന ഉദാഹരണമായി ശൗഖി നിലകൊണ്ടു എന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യതിരക്തനാക്കുന്നത്. ശൗഖിയാത്ത് പോലുള്ള കവിതകൾ അതിനുദാഹരണമാണ്. 

മുആറള എന്ന അറബി കാവ്യശാസ്ത്രനിയമത്തോട് കിടപിടക്കുന്ന രൂപത്തിലാണ് ന്ഹജുൽ ബുർദ വിരചിതമാകുന്നത്. മുആറള എന്നതിന്റെ പദാർത്ഥം (എതിരിടുക/പ്രതിപക്ഷമനോഭാവത്തോടെയുള്ള) എന്നീ അർത്ഥതലങ്ങളണ് വ്യകതമാകുന്നത്. ഇതടിസ്ഥാനമാക്കി ചിലർ അദ്ദേഹത്തെ ബുർദ്ദക്കെതിരെ തിരിഞ്ഞവൻ എന്ന മുദ്ര ചാർത്താൻ ശ്രമം നടത്തിയിരുന്നു എന്നതിനെ ദ്യോതിപ്പിക്കും വിധത്തിലാണ് ശൗഖിയുടെ ഇതുമായിട്ടുള്ള പ്രഖ്യാപനങ്ങൾ വ്യക്തമാക്കുന്നത്:- "എന്റെ നാഥാൻ സാക്ഷി,ഞാനെന്തിന് ഇമാം ബൂസൂരി(റ)യുടെയുടെ ബുർദ്ദയോട് മുആറള ചെയ്ത് മറ്റൊന്ന് രചിക്കണം." 

സാങ്കേതികാർത്ഥത്തിൽ നോക്കുമ്പോൾ മുആറള എന്നതിന്റെ വിവക്ഷ, അറബി കവിത ശാസ്ത്രത്തിൽ വിരചിതമായിട്ടുള്ള താളക്രമം (ബഹ്റ്), പ്രാസം, എന്നിവയ്ക്ക് ശോഷണം സംഭവിക്കാതെ അതേ ശൈലിയിലും, വിഷയത്തിലും, സാഹചര്യത്തിലും ചിന്താമണ്ഡലങ്ങളിലും നിന്ന് കൊണ്ട് തന്നെ തത്തുല്യമായ രചനകൾക്ക് ജന്മം നൽകുക എന്നതാണ്. ഇത്തരത്തിലുള്ള ഏറെ അപൂർവ്വവും, ഭഗീരഥപ്രയത്നവുമായിട്ടുള്ള ഒരു കൃത്യത്തിനാണ് ശൗഖി നേതൃത്വം നൽകിയിട്ടുള്ളത്. ഇമാം ബൂസൂരിയുടെ (റ) ബുർദയായ ഖസീദ മീമിയ്യ യോട് എല്ലാ നിലക്കും സദൃശ്യം പുലർത്തുന്ന ഒരു കൃതിയായിട്ടാണ് ശൗഖിയുടെ ന്ഹജുൽ ബുർദ രചിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ കാലഘട്ടങ്ങളിലെ സാഹിത്യ ശോഷണങ്ങൾക്ക് ഇടം നൽകാതെ ശൗഖി തന്റെ പേന ചലിപ്പിച്ചു എന്നതാണ് ശ്രദ്ധേയം. മനോഹരമായ കോർവയും ശൈലിയും ഘടനയുമടങ്ങിയ കവിത ഏകദേശം 190 ൽ പരം വരികളിലായി നിലകൊള്ളുന്നു.

പ്രവാചകന്റെ വിശേണഷങ്ങളും, അവിടത്തോടുള്ള അടങ്ങാത്ത അനുരാഗത്തിന്റെ അതിർവരമ്പുകൾ മറികടന്നുള്ള അർപ്പണബോധവും കവിതയിലുടനീളം പ്രതിഫലിക്കുന്നതായി കാണാം. ലക്ഷോപലക്ഷം വരുന്ന അനുയായി വൃന്ദത്തെ അണിനിരത്തുന്ന മഹത്തായ പതാകയെയും പരാമർശിക്കുന്നു. പരമാർത്ഥം തിരിച്ചറിയാത്തവരുടെ പക്കൽ നിന്ന് പ്രവാചകനേറ്റ ബുദ്ധിമുട്ടുകളിൽ കവി വിലപിക്കുന്നു. സ്വാർത്ഥതാൽപര്യങ്ങൾക്ക് ലവലേശം വില നൽകാതെയുള്ള പ്രവാചകന്റെ അർപ്പണബോധത്തെയും കവി വരികളിൽ കോർത്തിടുന്നു. പരലോകത്ത് പരിഹാരമായി കവി പ്രസ്തുത രചനയെ ഒരു കയറിനോട് ഉപമിക്കുകയും അത് പ്രവാചകനോട് ബന്ധിപ്പിക്കുന്നത് മൂലം നാളെ രക്ഷയും കടാക്ഷവും ഉണ്ടാകണേ എന്ന വ്യഥപൂണ്ട തേട്ടവും കാണാം. 
ഇമാം ബൂസൂരി(റ), തനിക്ക് മുഹമ്മദ് എന്ന നാമകരണത്തെ മുന്‍നിര്‍ത്തി പരലോകത്തു രക്ഷക്കായി അലിവോടെ തേടുന്നത് പോലെ, തന്റെ അഹ്മദ് എന്ന നാമം പരലോകത്ത് തനിക്ക് തുണയായേക്കാം എന്ന് ശൗഖിയും പ്രതീക്ഷ പങ്ക് വെക്കുന്നുണ്ട്.

പ്രവാചകന്റെ ചെറുപ്രായത്തിൽ ശാമിലേക്കുള്ള യാത്രാമധ്യേ, കച്ചവട സംഘത്തിനിടയ്ക്ക് വെച്ച് കണ്ടുമുട്ടിയ പുരോഹിതനുമായുണ്ടാകുന്ന ചരിത്രസംഭാഷണങ്ങളും, യുദ്ധത്തിനിടക്ക് പ്രവാചകന്റെ കൈവിരലുകൾക്കിടയിൽ നിന്നുറവപൊട്ടിയ തെളിനീരിന്റെ രംഗവും ഹൃദയസ്പൃക്കായി കവിതയിലിടം നേടിയിട്ടുണ്ട്. ഇങ്ങനെ അനവധി നിരവധി ചരിത്ര സംഭവങ്ങളും യാഥാർഥ്യങ്ങളും ഉൾക്കൊള്ളിച്ച ന്ഹജുൽ ബുർദ എന്ന പ്രസ്തുത രചന അവസാനമായി 14 വരികളിലായി കോർത്തിണക്കിയ പ്രാർത്ഥനയോടെയാണ് അവസാനിക്കുന്നത്.

"അർശിന്റെ അതിഥിയും, ദൂതരിൽ അത്യുത്തമനുമായ പുണ്യ നബിയുടെ മേൽ അല്ലാഹുവിന്റെ അധികമായ അനുഗ്രഹങ്ങൾ ഇനിയും വർഷിക്കട്ടെ. അപ്രകാരം നാളത്തെ പതാകയുടെ വാഹകരായ പ്രവാചകകുടുംബത്തിലും സദാ രക്ഷയും കടാക്ഷിക്കട്ടേ" എന്ന തേട്ടത്തോടെ പ്രവാചകന്റെ നിഷ്കളങ്കരായ അനുയായികളിലൊരുവനായി ഇടം പിടിക്കാനും, തെറിക്കുന്ന കൂട്ടത്തിൽ നിന്നകറ്റാനും, സച്ചരിതരുടെ പ്രീതിയും പൊരുത്തവും നേടി ഉത്തമ മുസ്‍ലിമായി ചെർക്കണേ എന്നുമുള്ള പ്രാർത്ഥനയോടെയാണ് കവി പ്രസ്തുത രചനക്ക് അന്ത്യം കുറിക്കുന്നത്.

ശൈഖുൽ അസ്ഹറായി അറിയപ്പെട്ട ഉസ്താദ് സലീം അൽബിശ്‍വരി ന്ഹജുൽ ബുർദ്ദക്ക് വള്ഹുന്നഹ്ജ് എന്ന പേരിൽ ഒരു വിശദീകരണഗ്രന്ഥവും പുറത്തിറക്കിയിട്ടുണ്ട്.

1868-ൽ ജനിച്ച്, 1932-ൽ വിടവാങ്ങിയ ശൗഖിക്ക്, 32 വർഷം 19ആം നൂറ്റാണ്ടിലും, 32 വര്ഷം 20 ആം നൂറ്റാണ്ടിലും ജീവിച്ച കവി എന്ന പ്രത്യേകതയും ഉണ്ട്. പ്രവാചക പ്രണയ ലോകത്തെ, നിസ്വാർത്ഥമായ സംഭാവനയിലൂടെ,  അനുരാഗികളുടെ മനസ്സില്‍ നിത്യതാരകമായി മാറിയ ആ ജീവിതം ഏറെ ധന്യമാണ്, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter