രക്തസാക്ഷിത്വം കൊണ്ട് ചരിത്രമെഴുതിയ അലി ദീനാറും ദാർഫൂർ സുൽത്താനേറ്റും
ദാര്ഫൂറിലെ സുല്താന് അലി ദീനാര്... ബ്രിട്ടീഷ് കൊളോണിയൽ രേഖകളിൽ നീക്കം ചെയ്യപ്പെടേണ്ട വെറുമൊരു 'ശല്യക്കാരൻ' മാത്രമായിരുന്നു അദ്ദേഹം. എന്നാൽ ദാർഫൂറിലെ ജനങ്ങൾക്ക്, അധീശത്വങ്ങൾക്ക് മുമ്പിൽ ശിരസ്സ് കുനിക്കാത്ത തങ്ങളുടെ പ്രിയപ്പെട്ട മുസ്ലിം ഭരണാധികാരിയായിരുന്നു സുൽത്താൻ അലി ദീനാർ. 1916-ൽ ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ വേട്ടയാടി കൊലപ്പെടുത്തിയത് അദ്ദേഹം ദുർബലനായതുകൊണ്ടല്ല, മറിച്ച് സാമ്രാജ്യത്വം വിധേയത്വം മാത്രം ആവശ്യപ്പെട്ട കാലത്ത് ഒരു സ്വതന്ത്ര മുസ്ലിം ഭരണാധികാരിയായി ജീവിക്കാൻ അദ്ദേഹം ആഗ്രഹിച്ചതുകൊണ്ടു മാത്രമാണ്. യൂറോപ്യൻ അധിനിവേശ ശക്തികളും ഇസ്ലാമിക ഖിലാഫത്തിന്റെ ആത്മാഭിമാനവും തമ്മിലുള്ള ചരിത്രപരമായ മുഖാമുഖ ഏറ്റുമുട്ടലിനായിരുന്നു ദാർഫുർ സാക്ഷ്യം വഹിച്ചത്.
പതനത്തിൽ നിന്നും ഉയർന്നുവന്ന സാമ്രാജ്യം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അയൽരാജ്യങ്ങൾ ഒന്നൊന്നായി കൊളോണിയൽ ശക്തികൾക്ക് കീഴടങ്ങിയപ്പോഴും, ദാർഫൂർ സുൽത്താനേറ്റ് സ്വന്തം ഇസ്ലാമിക ഭരണക്രമവും പരമാധികാരവും ഉയർത്തിപ്പിടിച്ചു നിലനിന്നു. അക്കാലത്തെ ദാർഫൂർ പിന്നോക്കമുള്ള ഒരു ദരിദ്ര പ്രദേശമായിരുന്നില്ല; മറിച്ച് നൂറ്റാണ്ടുകളായി ഇസ്ലാമിക നിയമങ്ങളും കച്ചവട പാതകളും നയതന്ത്ര ബന്ധങ്ങളും നിലനിന്നിരുന്ന ശക്തമായ ഒരു ഇസ്ലാമിക രാജ്യമായിരുന്നു അത്.
1898-ൽ മഹ്ദിസ്റ്റ് ഭരണകൂടത്തിന്റെ പതനത്തോടെ സുഡാന്റെ ഭൂപടം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലായെന്നാണ് ബ്രിട്ടീഷ്-ഈജിപ്ഷ്യൻ സേന കരുതിയത്. എന്നാൽ ആ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് അലി ദീനാർ ദാർഫൂർ സുൽത്താനേറ്റിനെ പുനഃസ്ഥാപിച്ചു. അൽഫാശിർ (Al-Fashir) ആസ്ഥാനമാക്കി ഭരണം നടപ്പിലാക്കിയ അദ്ദേഹം സകാത്ത് സമ്പ്രദായം പുനരാരംഭിക്കുകയും ശരീഅത്ത് കോടതികൾ സ്ഥാപിക്കുകയും ചെയ്തു. ദീനാറിന്റെ ഇത്തരം ഇസ്ലാമിക മൂല്യാധിഷ്ഠിത പരിഷ്കാരത്താൽ ദാർഫൂർ അന്നത്തെ മുസ്ലിം-ആഗോള ശ്രദ്ധ പിടിച്ചുപറ്റി. നൈൽ നദീതട പ്രദേശങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബ്രിട്ടീഷുകാർ താൽക്കാലികമായി ഇത് സഹിച്ചെങ്കിലും, ആ സ്വാതന്ത്ര്യം വച്ചുപൊറുപ്പിക്കാൻ അവർ ഒരിക്കലും തയാറല്ലായിരുന്നു.
ഭരണനീതിയും ഇസ്ലാമിക പരമാധികാരവും
അലി ദീനാറിന്റെ ഭരണം കേവലം ഗോത്രീയ ശക്തിയിൽ മാത്രം ഒതുക്കുന്നതിലുപരി ദൈവത്തിന് മുൻപിൽ ഉത്തരവാദിത്തമുള്ള ഇസ്ലാമിക മൂല്യങ്ങളിലായിരുന്നു അധിഷ്ഠിതമായിരുന്നത്. അദ്ദേഹം മസ്ജിദുകൾ നിർമ്മിക്കുകയും ഇസ്ലാമിക പണ്ഡിതന്മാരെ ആദരിക്കുകയും ചെയ്യുന്നതിലൂടെ ഉമ്മത്തുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചു. എല്ലാത്തിനുമുപരി, മക്കയിലെ കഅ്ബാലയത്തെ അണിയിക്കാനുള്ള കിസ്വയും (Kiswah) വാർഷിക സംഭാവനകളും അദ്ദേഹം ഹിജാസിലേക്ക് മുടങ്ങാതെ അയച്ചിരുന്നു. ഇവ കേവല ദാനധർമ്മങ്ങളെക്കാളെറെ യൂറോപ്യൻ മേൽക്കോയ്മയ്ക്ക് കീഴിലുള്ള ഒരു പ്രദേശമല്ല ദാർഫൂർ, മറിച്ച് അത് വിശാലമായ ഇസ്ലാമിക ഉമ്മത്തിന്റെ (Ummah) ഭാഗമാണെന്ന പരസ്യ പ്രഖ്യാപനം കൂടിയായിരുന്നു.
ഒന്നാം ലോകമഹായുദ്ധവും നിഷ്പക്ഷതയുടെ അവസാനവും
ആദ്യഘട്ടത്തിൽ, നികുതി അടച്ചുപോന്നാൽ അലി ദീനാറിന്റെ ഭരണത്തെ തടസ്സപ്പെടുത്തില്ലെന്ന തന്ത്രപരമായ നിലപാടാണ് ബ്രിട്ടൻ സ്വീകരിച്ചിരുന്നത്. എന്നാൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ കടന്നു വരവോടെ ചിത്രം മാറി. ഓട്ടോമൻ സാമ്രാജ്യം യുദ്ധത്തിൽ പങ്കാളിയായതോടെ, തങ്ങളുടെ കീഴിലുള്ള എല്ലാ മുസ്ലിം ഭരണാധികാരികളും ബ്രിട്ടനോട് പൂർണ്ണ വിശ്വസ്തത പുലർത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
എന്നാൽ അലി ദീനാർ അതിന് തയാറായില്ലെന്നു മാത്രമല്ല, തങ്ങളുടെ ഖലീഫയായി നിലകൊള്ളുന്ന ഓട്ടോമൻ സാമ്രാജ്യത്തോട് ആത്മീയമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച അദ്ദേഹം, ബ്രിട്ടന്റെ അടിച്ചേൽപ്പിക്കലുകളെ തള്ളിക്കളയുകയും ചെയ്തു. ഒരു മുസ്ലിം ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം തികച്ചും സ്വാഭാവികമായിരുന്നു. എന്നാൽ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം യുദ്ധകാലത്ത് ഒരു സ്വതന്ത്ര മുസ്ലിം രാജ്യം നിലനിൽക്കുന്നത് ഒരുനിലക്കും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.
ദാർഫൂർ അധിനിവേശവും സുൽത്താന്റെ രക്തസാക്ഷിത്വവും
1916-ൽ ബ്രിട്ടീഷ്-ഈജിപ്ഷ്യൻ സംയുക്ത സേന ദാർഫൂറിലേക്ക് സൈനിക അധിനിവേശം നടത്തി. 1916 മേയിൽ അൽഫാശിറിന് (Al-Fashir) സമീപം നടന്ന കടുത്ത പോരാട്ടത്തിൽ സുൽത്താന്റെ സേന പരാജയം രുചിച്ചു. എന്നാൽ തോൽവി സമ്മതിച്ച് കീഴടങ്ങാൻ അദ്ദേഹം തയാറായില്ല. തനിക്കൊപ്പം ബാക്കിയുള്ള പടയാളികളുമായി ജബൽ മർറ (Jebel Marra) മലനിരകളിലേക്ക് പിന്മാറിയ അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം തുടർന്നു. മാസങ്ങളോളം നീണ്ട ആ പ്രതിരോധത്തിനൊടുവിൽ, 1916 നവംബർ 6-ന് ബ്രിട്ടീഷ്-ഈജിപ്ഷ്യൻ സൈന്യം അലി ദീനാറിന്റെ താവളം വളയുകയും ആക്രമിക്കുകയും ചെയ്തു. ആ ധീരമായ പോരാട്ടത്തിൽ അദ്ദേഹം വീരമൃത്യു വരിച്ചു.
യുദ്ധത്തിലുടനീളം ആധുനിക യുദ്ധായുധങ്ങളും വിമാനങ്ങളും തോക്കുകളുമായായിരുന്നു ബ്രിട്ടീഷ് സേന ഉപയോഗിച്ചത്. പാരമ്പര്യ മുറകളിലൂടെ വാളുകളും കുന്തങ്ങളുമായി പോരാടിയ ദാർഫൂറിന് യുദ്ധം ഏതുവിധേനയും അനുകൂലമായിരുന്നില്ല. ഇതൊരു തുല്യമായ പോരാട്ടമായിരുന്നില്ല എന്നു ബ്രിട്ടീഷ് രേഖകൾ പോലും സമ്മതിക്കുന്നുണ്ട്.
ദീനാറിന്റെ രക്തസാക്ഷിത്വത്തോടെ കെയിറ (Keira) രാജവംശത്തിനും ദാർഫൂർ സുൽത്താനേറ്റിന്റെ സ്വതന്ത്ര ചരിത്രത്തിനും തിരിശ്ശീല വീണു. തുടർന്ന് ദാർഫൂർ ആംഗ്ലോ-ഈജിപ്ഷ്യൻ സുഡാന്റെ ഭാഗമായി കൂട്ടിച്ചേർക്കപ്പെട്ടു.
ഇന്നത്തെ ദാർഫൂർ :ചരിത്രത്തിലൂടെ
അലി ദീനാറിന്റെ മരണം ഒരു യുദ്ധപരാജയമായി കണക്കാക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. കാരണം ആ പ്രദേശത്തെ സ്വതന്ത്ര ഇസ്ലാമിക ഭരണത്തിന്റെ അന്ത്യമായിരുന്നു ദാർഫൂർ സുൽത്തനറ്റിന്റെ പതനം. പ്രധാനമായും രണ്ടു രീതിയിലാണ് പതനം മേഖലയെ ബാധിച്ചത്, ഒന്നാമതായി സ്വയംഭരണത്തിനുള്ള അവകാശമാണ് ഇതിലൂടെ ഉത്തരാഫ്രിക്കക്ക് നഷ്ട്ടമായത്. അധിനിവേശത്തിന് കീഴിലും മുസ്ലിംകൾക്ക് മതാചാരങ്ങൾ പാലിക്കാമായിരുന്നെങ്കിലും, സ്വന്തം ഭാവി സ്വയം നിർണ്ണയിക്കാനുള്ള രാഷ്ട്രീയ പരമാധികാരം അവർക്ക് നഷ്ടപ്പെട്ടു. രണ്ടാമതായി ദാർഫൂർ പ്രവിശ്യയെ എന്നെന്നേക്കുമായി മൂല്യ തകർച്ചയുടെ വക്കിലോട്ട് തള്ളിയിട്ടു എന്നതായിരുന്നു, ഇന്നത്തെ ദാർഫൂറിലെ അസ്വസ്ഥതകൾ ഇന്നത്തെ പ്രതിസന്ധികളല്ല; അവ കൊളോണിയൽ ശക്തികൾ പരമ്പരാഗത ഭരണസംവിധാനങ്ങളെ തകർത്തെറിഞ്ഞതിന്റെ അനന്തരഫലങ്ങളാണ്.
കൃത്യമായ കാഴ്ചപ്പാടില്ലാത്തതുകൊണ്ടല്ല അലി ദീനാർ പരാജയപ്പെട്ടത്. മറിച്ച് തങ്ങൾക്ക് ബദലായ ഒരു രാഷ്ട്രീയ വ്യവസ്ഥിതിയും നിലനിൽക്കാൻ സാമ്രാജ്യത്വം ആഗ്രഹിക്കാത്തതുകൊണ്ടാണ്. അധിനിവേശത്തിന് മുൻപിൽ തലകുനിക്കാത്ത ആ നായകൻ അധികാരത്തിൽ നിന്ന് തുടച്ചുനീക്കപ്പെട്ടെങ്കിലും ചരിത്രത്തിലും സുഡാന് ജനതയുടെ മനസ്സുകളിലും ഇന്നും പ്രോജ്ജ്വലിച്ചുനില്ക്കുന്നു.
"പരമാധികാരം അടിച്ചമർത്തപ്പെടുമ്പോൾ ആത്മാഭിമാനം കാത്തുസൂക്ഷിക്കാൻ എന്താണ് വിലയായി നൽകേണ്ടി വരിക?" എന്ന അസ്വസ്ഥജനകമായ ചോദ്യം അദ്ദേഹത്തിന്റെ ഓർമ്മകൾ ഇന്നും നമ്മോട് ചോദിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
References:
- Daly, M.W. (2007). Darfur’s Sorrow: A History of Destruction and Genocide. Cambridge University Press.
- Holt, P.M. and Daly, M.W. (2011). A History of the Sudan. Pearson.
- O’Fahey, R.S. (2008). The Darfur Sultanate. Hurst & Company.
- Ali Dinar and the Fall of Darfur Sultanate,www.Medium.com
- Warburg, G.R. (2003). Islam, Sectarianism and Politics in Sudan Since the Mahdiyya. University of Wisconsin Press.
About The Author:
വല്ലപ്പുഴ ദാറുന്നജാത് കോളേജ് ഡിഗ്രി ആദ്യവർഷ വിദ്യാർത്ഥിയാണ് ലേഖകൻ. ഇസ്ലാമിക സംസ്കാരം, ഇസ്ലാമിക രാഷ്ട്രമീമാംസ, ലോക ചരിത്രം, ആഗോള രാഷ്ട്രീയം എന്നിവയാണ് തൽപര മേഖലകൾ.



Leave A Comment