ഡൽഹി സമരങ്ങളിൽ നിഴലിക്കുന്ന പൂര്വ്വകാല പ്രക്ഷോഭ രീതികള്
ഡൽഹിയിൽ ഉയർന്നുവന്ന ജനറേഷൻ സീ (Gen Z) പ്രക്ഷോഭങ്ങൾ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET-UG) ചോദ്യപേപ്പർ ചോർച്ച, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (CBSE) ഓൺ-സ്ക്രീൻ മാർക്കിംഗ് ക്രമക്കേടുകൾ, കേന്ദ്ര പരീക്ഷാ നടത്തിപ്പിലെ ദീർഘകാല വീഴ്ചകൾ എന്നിവ മൂലം ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായതാണ് ഈ പ്രക്ഷോഭങ്ങളുടെ പെട്ടെന്നുള്ള കാരണം. എന്നാൽ, പരീക്ഷാ തട്ടിപ്പുകൾക്കപ്പുറം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണനിലവാര തകർച്ച, പുതിയ വിദ്യാഭ്യാസ നയം (NEP) മൂലം വിദ്യാർത്ഥികൾ അനുഭവിക്കുന്ന അമിത സമർദ്ദം, വൻതോതിലുള്ള തൊഴിലില്ലായ്മ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ കച്ചവടവൽക്കരണം, വർദ്ധിച്ചുവരുന്ന സാമ്പത്തിക ഞെരുക്കങ്ങൾ, വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് മേലുള്ള അനാവശ്യ നിയന്ത്രണങ്ങൾ എന്നിവയിലുള്ള യുവാക്കളുടെ കടുത്ത അമർഷം കൂടിയാണ് ഈ സമരത്തിലൂടെ പ്രതിഫലിച്ചത്.
കോക്രോച്ച് ജനതാ പാർട്ടി (CJP) എന്ന ഹാസ്യാത്മക ജനകീയ മുന്നേറ്റം, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA), സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI), ക്രാന്തികാരി യുവ സംഗതൻ (KYS) തുടങ്ങിയ വിദ്യാർത്ഥി സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ പ്രതിഷേധം പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ പ്രത്യയശാസ്ത്ര അതിരുകൾക്ക് പുറത്തുള്ള ഒരു സ്വതന്ത്ര സിവിൽ മുന്നേറ്റമായിരുന്നു. ലഡാക്കിലെ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക് ജന്തർ മന്തറിൽ ആരംഭിച്ച 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരവും, അഭിജീത് ദിപ്കെ, നേഹാ ബോറ തുടങ്ങിയ യുവ നേതാക്കളുടെ സന്നിധ്യവും സമരത്തിന് വലിയ ജനകീയ ശ്രദ്ധ നേടിക്കൊടുത്തു. 'സംസദ് ചലോ' മാർച്ച്, 'ലെഹ്രാ ദോ തിരംഗ' റാലികൾ, സത്യഗ്രഹങ്ങൾ, സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ പ്രചാരണങ്ങൾ എന്നിവയിലൂടെ സമരം രാജ്യവ്യാപകമായി പടരുകയും ചെയ്തു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അടിച്ചമർത്തലുകളെയും മുൻകരുതൽ തടങ്കലുകളെയും മറികടന്ന് നടന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുകയും, പരീക്ഷാ ക്രമക്കേടുകൾക്കെതിരായ നിയമങ്ങൾ പാർലമെന്റ് ശക്തമാക്കുകയും, നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിക്കുകയും, അക്രമരഹിത പ്രക്ഷോഭകർക്കെതിരായ പോലീസ് കേസ്സുകൾ പിൻവലിക്കാൻ ഭരണകൂടം തയ്യാറാവുകയും ചെയ്തു.
ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജനങ്ങൾ നടത്തുന്ന സമാധാനപരമായ സിവിൽ പ്രതിരോധങ്ങൾക്കും അസഹകരണങ്ങൾക്കും ദീർഘമായ ചരിത്ര പശ്ചാത്തലമുണ്ട്. പ്രത്യേകിച്ച് ഇസ്ലാമിക ചരിത്രത്തിൽ ഇത്തരം ജനകീയ പ്രക്ഷോഭങ്ങൾക്ക് വ്യക്തമായ സൈദ്ധാന്തികവും നിയമപരവുമായ അടിത്തറ കാണാൻ സാധിക്കും. കർമ്മശാസ്ത്ര വിശാരദന്മാർ ഇതിനെ 'ഫിഖ്ഹുൽ ഇഹ്തിജാജ്' (പ്രതിഷേധങ്ങളുടെ കർമ്മശാസ്ത്രം) എന്ന് നിർവ്വചിക്കുന്നു. ഇസ്ലാമിലെ 'നന്മ കൽപിക്കലും തിന്മ വിലക്കലും', ഭരണാധികാരികൾക്ക് മേലുള്ള ജനകീയ മേൽനോട്ടം (ഹിസ്ബ) എന്നീ മൗലിക തത്ത്വങ്ങളിൽ നിന്നാണ് പൗരന്മാരുടെ പ്രതിരോധ അവകാശം രൂപപ്പെടുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുന്നിൽ വാതിലുകൾ അടച്ചിടുന്ന ഭരണാധികാരികളിൽ നിന്ന് അല്ലാഹു തന്റെ അനുഗ്രഹങ്ങൾ തടയുമെന്ന പ്രവാചക വചനങ്ങൾ ജനകീയ അവകാശ ബോധത്തിന് ഇന്ധനമേകുന്നവയാണ്. ഖലീഫ അബൂബക്കർ സിദ്ദീഖ്(റ) താൻ സത്യമാർഗ്ഗത്തിൽ നിന്ന് തെറ്റുകയാണെങ്കിൽ തന്നെ തിരുത്തണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയും, ഖലീഫ ഉമറുബ്നുൽഖത്താബ്(റ) ജനങ്ങളുടെ വിമർശനങ്ങളെ സ്വാഗതം ചെയ്യുകയും ഗവർണർമാർ പൗരന്മാരെ അപമാനിക്കുന്നത് വിലക്കുകയും ചെയ്തു. ഖലീഫ ഉസ്മാനുബ്നുഅഫ്ഫാന്(റ)ന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ നയങ്ങൾക്കെതിരെ ജനങ്ങൾ ഒത്തുകൂടിയപ്പോൾ, പ്രതിഷേധക്കാർക്ക് നേരെ ബലപ്രയോഗം നടത്തരുതെന്ന് അദ്ദേഹം സ്വന്തം അനുയായികൾക്ക് കർശന നിർദ്ദേശം നൽകിയത് ഭരണകൂടങ്ങൾ അഹിംസാത്മക പ്രക്ഷോഭങ്ങളെ അടിച്ചമർത്തരുതെന്ന തത്വത്തിന് അടിത്തറയിട്ടു.
ഇസ്ലാമിക ചരിത്രത്തിലുടനീളം ബഹുജന സമരങ്ങളും അസഹകരണങ്ങളും വൈവിധ്യമാർന്ന രീതികളിലാണ് ആവിഷ്കരിക്കപ്പെട്ടത്. പ്രധാന നഗര ചത്വരങ്ങളിലും കൊട്ടാരങ്ങൾക്ക് മുന്നിലും പള്ളികളിലും തടിച്ചുകൂടുന്ന പ്രകടനങ്ങളും ധർണ്ണകളും സാധാരണമായിരുന്നു. പലപ്പോഴും കൈകളിൽ പരിശുദ്ധ ഖുർആൻ പ്രതികൾ ഉയർത്തിപ്പിടിച്ചാണ് ജനങ്ങൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ജീവൽപ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ മുസ്ലിംകളും ക്രൈസ്തവരും സംയുക്തമായി തങ്ങളുടെ മതപരമായ അടയാളങ്ങൾ വഹിച്ചുകൊണ്ട് തെരുവിലിറങ്ങുന്ന ദേശീയ ഐക്യദാർഢ്യ പ്രകടനങ്ങളും ചരിത്രത്തിൽ നടന്നിട്ടുണ്ട്. ഭരണാധികാരികൾക്ക് ലിഖിത പരാതികൾ സമർപ്പിക്കുന്നതിനൊപ്പം പ്രതീകാത്മകമായ തെളിവുകൾ അറ്റാച്ച് ചെയ്യുന്ന രീതി ഇതിനൊരു ഉദാഹരണമാണ്. ഹിജ്റ 398-ൽ (ക്രി. 1009) ഈജിപ്തിൽ കടുത്ത ധാന്യക്ഷാമവും ഭക്ഷ്യവിലക്കയറ്റവും ഉണ്ടായപ്പോൾ ജനങ്ങൾ തങ്ങൾക്ക് ലഭിച്ച കറുത്തുണങ്ങിയ മോശം റൊട്ടിയുടെ കഷണം പരാതിപത്രത്തോടൊപ്പം അൽ ഹാകിം ബി അംരില്ലാഹി എന്ന ഭരണാധികാരിക്കു മുന്നിൽ സമർപ്പിച്ച് വലിയ ബഹുജന പ്രതിഷേധം ഉയർത്തി. തൊഴിൽ കൂട്ടായ്മകളുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ അങ്ങാടികൾ അടച്ചിട്ടുള്ള ജനകീയ പണിമുടക്കുകൾ സാമ്പത്തിക സമ്മർദ്ദം ചെലുത്താനുള്ള പ്രധാന മാർഗ്ഗമായിരുന്നു. ഹിജ്റ 513-ൽ (ക്രി. 1119) ബഗ്ദാദിൽ മൻകൂബർസ് എന്ന അടിച്ചമർത്തൽ നയം സ്വീകരിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചപ്പോൾ, നഗരത്തിലെ ജനങ്ങൾ അങ്ങാടികൾ പൂർണ്ണമായും അടച്ചിട്ട് സമരം ചെയ്യുകയും, അതിനെത്തുടർന്ന് ഭരണകൂടം അയാളെ പദവിയിൽ നിന്ന് നീക്കം ചെയ്ത് വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തു.
ഇന്ത്യയിലെ ഖിൽജി ഭരണകാലത്ത് സുൽത്താൻ ധാന്യങ്ങൾക്ക് കൃത്രിമമായി നിരക്ക് നിശ്ചയിച്ചപ്പോൾ കച്ചവടക്കാർ ധാന്യങ്ങൾ വിൽക്കാൻ കൂട്ടാക്കാതെ അഹിംസാത്മകമായ സാമ്പത്തിക പ്രതിരോധം തീർക്കുകയും, ഒടുവിൽ ഭരണകൂടത്തിന് ഔദ്യോഗിക ധാന്യശേഖരം തുറന്നുകൊടുക്കേണ്ടി വരികയും ചെയ്തു. ഭരണകൂടത്തിന്റെ അവഗണന അതിരുകടക്കുമ്പോൾ പള്ളികളിലെ വെള്ളിയാഴ്ച പ്രസംഗങ്ങൾ തടസ്സപ്പെടുത്തുക, മിമ്പറുകൾ തകർക്കുക, വെള്ളിയാഴ്ച നിസ്കാരങ്ങൾ സ്തംഭിപ്പിക്കുക തുടങ്ങിയ തീവ്രമായ സിവിൽ അസഹകരണ രീതികളും സ്വീകരിക്കപ്പെട്ടിരുന്നു. ഹിജ്റ 616-ൽ (ക്രി. 1219) അയ്യൂബി ഭരണാധികാരി അൽ മുഅജ്ജം കുരിശുയുദ്ധക്കാരെ ഭയന്ന് ജറുസലേമിന്റെ കോട്ടമതിലുകൾ തകർക്കാൻ ഉത്തരവിട്ടപ്പോൾ, പ്രക്ഷുബ്ധരായ നഗരവാസികൾ അഖ്സ പള്ളിയിലും ഖുബ്ബതുസ്വഖ്റ പള്ളിയിലും തടിച്ചുകൂടി തലമുടി മുറിച്ച് വിലാപ പ്രാർത്ഥനകൾ നടത്തുകയും ഭരണാധികാരിയുടെ വഞ്ചനയെ പരസ്യമായി അപലപിക്കുകയും ചെയ്തു. അഴിമതിക്കാരായ ഉദ്യോഗസ്ഥരോടുള്ള അമർഷം സാമൂഹിക ബഹിഷ്കരണങ്ങളായും രൂപാന്തരപ്പെട്ടിരുന്നു. ഹിജ്റ 868-ൽ (ക്രി. 1463) ഡമസ്കസിലെ അഴിമതിക്കാരനായ ഗവർണർ അബ്ദുൽ റസാഖ് അൽജർക്കസി മരണപ്പെട്ടപ്പോൾ ജനങ്ങൾ അദ്ദേഹത്തിന്റെ മൃതദേഹം പൊതു ഖബറിസ്ഥാനിൽ അടക്കം ചെയ്യുന്നത് തടഞ്ഞുകൊണ്ട് പ്രക്ഷോഭം നടത്തി. ഈജിപ്തിൽ ഹിജ്റ 775-ലും 791-ലും നടന്ന ബഹുജന പ്രക്ഷോഭങ്ങളെത്തുടർന്ന് അഴിമതിക്കാരായ മാർക്കറ്റ് ഇൻസ്പെക്ടർമാരെയും (മുഹ്തസിബ്) ഖാളിമാരെയും ഭരണകൂടത്തിന് പുറത്താക്കേണ്ടി വന്നിട്ടുണ്ട്. തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാരെയും ചിന്തകരെയും മോചിപ്പിക്കാൻ തടവറകൾ ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. ഭരണരീതിയിലെ അഴിമതി, വിദേശ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിലെ പരാജയം, വിലക്കയറ്റവും നികുതി ഭാരവും എന്നിവയായിരുന്നു ഈ സമരങ്ങളുടെ പ്രധാന പ്രേരകഘടകങ്ങൾ.
ഹദീസ് പണ്ഡിതന്മാരും ഫഖീഹുകളും സൂഫികളുമടങ്ങുന്ന പണ്ഡിതസമൂഹവും വൊക്കേഷണൽ ഗിൽഡുകളുടെയോ ട്രേഡ് യൂണിയനുകളുടെയോ നേതാക്കളുമായിരുന്നു ഇത്തരം ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത്. ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങളിൽ ഇടപഴകി ജീവിച്ചതിലൂടെയാണ് പണ്ഡിതന്മാർക്ക് ഇസ്ലാമിക ചരിത്രത്തിൽ സ്വതന്ത്രമായ ജനകീയ നേതൃപദവി കൈവന്നത്.
ഡൽഹിയിലെ സമകാലിക ജെന്സീ പ്രക്ഷോഭങ്ങളെയും ഇസ്ലാമിക ചരിത്രത്തിലെ സിവിൽ പ്രതിരോധങ്ങളെയും താരതമ്യം ചെയ്യുമ്പോൾ, വ്യത്യസ്ത കാലഘട്ടങ്ങളിലും സാമൂഹിക ചുറ്റുപാടുകളിലും രൂപപ്പെട്ടതാണെങ്കിലും അവയുടെ കാതലായ തത്വങ്ങളിൽ വലിയ സമാനതകൾ കാണാൻ സാധിക്കും. രണ്ട് പ്രക്ഷോഭങ്ങളും ഭരണകൂടത്തിന്റെ പൗരന്മാരോടുള്ള ഉത്തരവാദിത്തമില്ലായ്മ, അഴിമതി, വിദ്യാഭ്യാസ-സാമ്പത്തിക വ്യവസ്ഥകളിലെ തകർച്ച, വ്യക്തിസ്വാതന്ത്ര്യങ്ങളുടെ തടസ്സപ്പെടൽ എന്നിവയ്ക്കെതിരെയുള്ള സ്വാഭാവികമായ ജനകീയ പ്രതികരണങ്ങളാണ്. ആധുനിക ജനറേഷൻ സീ പ്രക്ഷോഭം ഡിജിറ്റൽ മാധ്യമങ്ങൾ, ഹാസ്യാത്മക ട്രോളുകൾ, സോഷ്യൽ മീഡിയ കൂട്ടായ്മകൾ എന്നിവയെ സമരമാർഗ്ഗമാക്കുമ്പോൾ, ചരിത്രത്തിലെ ഇസ്ലാമിക മുന്നേറ്റങ്ങൾ അക്കാലത്തെ സാമൂഹ്യവേദികളായിരുന്ന പള്ളികൾ, വൊക്കേഷണൽ ഗിൽഡുകൾ, ഖുർആൻ പ്രതികൾ പേറിയുള്ള പ്രകടനങ്ങൾ, അങ്ങാടികൾ അടച്ചിടൽ എന്നിവയാണ് ഉപയോഗപ്പെടുത്തിയത്. രണ്ടു ചരിത്രസന്ദർഭങ്ങളിലും പരമ്പരാഗത രാഷ്ട്രീയ ഭരണകൂടങ്ങൾ അടിച്ചമർത്തൽ തന്ത്രങ്ങൾ പയറ്റിയെങ്കിലും, ജനകീയ മുന്നേറ്റങ്ങളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ നയപരമായ തിരുത്തലുകൾ വരുത്താൻ ഭരണാധികാരികൾ നിർബന്ധിതരായി. അസഹിഷ്ണുതയും ഭരണകൂട അനീതിയും ഉയർന്നുവരുമ്പോൾ അഹിംസാത്മകമായും സമാധാനപരമായും സിവിൽ നിസഹകരണങ്ങളിലൂടെ പ്രതിരോധം തീർക്കുക എന്നത് ഏതൊരു നാഗരികതയുടെയും ജീവസ്സുറ്റ ജനാധിപത്യപരമായ ഉയിർത്തെഴുന്നേൽപ്പിന്റെ അടയാളമാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ഭാവിക്കും ജനാധിപത്യത്തിന്റ നിലനില്പ്പിനും ഇത്തരം മുന്നേറ്റങ്ങള് കൂടിയേ തീരൂ. വിശിഷ്യാ, മതവിദ്വേഷം ആയുധമാക്കി പാവങ്ങളായ ജനങ്ങളെ ചൂഷണം ചെയ്തും തമ്മിലടിപ്പിച്ചും ഭരണം കൈപ്പിടിയിലൊതുക്കുകയും കുപ്രചാരണങ്ങളിലൂടെയും നെറികെട്ട വഴികളിലൂടെയും അത് തുടര്ത്തുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില് വിശേഷിച്ചും ഇത്തരം മുന്നേറ്റങ്ങള്ക്ക് ശക്തി പകരേണ്ടത് ഏതൊരു പൗരന്റെയും ബാധ്യതയാണ്.



Leave A Comment