വഖ്ഫ് സംരക്ഷണ റാലി- ആ സിയാറതായിരുന്നു അതിലെ ഹൈലൈറ്റ്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വഖ്ഫ് ബോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൂടെയാണ് കേരളീയ മുസ്‍ലിം സമൂഹം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വഖ്ഫ് ബോഡിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതോടെയാണ് കാര്യങ്ങളുടെ തുടക്കം. വഖ്ഫ് ബോഡിനേക്കാള്‍ എത്രയോ മടങ്ങ് തസ്തികകളും വരുമാനവുമുള്ള ദേവസ്വം ബോഡ് അടക്കം ഇതര മതസ്ഥരുടെ ഇത്തരം സമിതികളൊന്നിലും കൈ വെക്കാതെ, ഏതാനും തസ്തികകള്‍ മാത്രമുള്ള വഖ്ഫ് ബോഡ് മാത്രം എന്ത് കൊണ്ട് പി.എസ്.സിക്ക് എന്ന ചോദ്യം ഇപ്പോഴും ദുരൂഹമാണെന്നത് ആദ്യമേ പറയട്ടെ. വഖ്ഫ് വിഷയം രാഷ്ട്രീയമാണോ മതപരമാണോ എന്ന ചര്‍ച്ചയും എവിടെയുമെത്തിയിട്ടില്ല. 

വഖ്ഫ് ബോഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിലൂടെ മുസ്‍ലിം സമൂഹത്തിന് ആത്യന്തികമായി വരാവുന്ന നേട്ടങ്ങളെയോ കോട്ടങ്ങളെയോ അത്രതന്നെ കാര്യമാക്കേണ്ടതില്ലെന്നാണ് കുറിപ്പുകാരന്റെ അഭിപ്രായം. കേരളത്തിലെ മുസ്‍ലിംകള്‍ ഇന്ന് നേടിയെടുത്ത പുരോഗമനത്തിന്റെ സിംഹഭാഗവും അവരുടെ തന്നെ വിയര്‍പ്പിന്റെ വിലയാണെന്നത് തന്നെ കാരണം. അഥവാ, സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ടതൊന്നും കിട്ടിയില്ലെങ്കില്‍ പോലും, എത്തേണ്ടിടത്ത് എത്താന്‍ ഈ സമൂഹം എന്നോ ശീലിച്ചു കഴിഞ്ഞു എന്നര്‍ത്ഥം.

അതേ സമയം, പള്ളിയോ അമ്പലമോ ഇല്ലാത്ത ഒരു സര്‍ക്കാര്‍, ഒരു മതവിഭാഗത്തിന്റെ മാത്രമായ ഒരു സമിതിയെ പൊതുനിയമനത്തിന്റെ വരുതിയില്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നതിന് പിന്നിലെ ചേതോവികാരത്തെയാണ് അതേക്കാളേറെ ആശങ്കയോടെ നാം കാണേണ്ടത്. അതിലുപരി, അത്തരം ഒരു നീക്കത്തിനെതിരെ മുസ്‍ലിം സമൂഹം ഒന്നടങ്കം ശബ്ദിക്കാന്‍ ഒരുങ്ങുമ്പോഴേക്ക്, ആ കൂട്ടായ്മയെ ഇല്ലാതെയാക്കാനുള്ള ശ്രമവും സമുദായത്തെ സംബന്ധിച്ചിടത്തോളം ഗുരുതരം തന്നെ. അതിലെല്ലാമുപരി, ഇതര സംസ്ഥാനങ്ങളില്‍നിന്നെല്ലാം വിഭിന്നമായി, കേരള ജനത വര്‍ഷങ്ങളുടെ ത്യാഗങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ അസ്തിത്വത്തിന്റെ കടക്കല്‍ കത്തിവെക്കാനുള്ള ശ്രമങ്ങളെ ഗൌരവത്തേക്കാള്‍ വേദനയോടെ വേണം സമീപിക്കാനും, അതേക്കാള്‍ ഗൌരവത്തോടെ വേണം അതിനെ നേരിടാനും. 

രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സാന്നിധ്യമറിയിക്കുന്നതും ശോഷിക്കാതെ നിലനില്‍ക്കുന്നതും ഇടക്കെങ്കിലും ലഭിക്കുന്ന അധികാരത്തിലൂടെയാണ്. അതില്ലാതാവുമ്പോള്‍ അവ ശുഷ്കമായിത്തീരുന്നു. സമുദായ പാര്‍ട്ടിയായ മുസ്‍ലിം ലീഗും അതില്‍നിന്ന് അധികമൊന്നും ഭിന്നമല്ല. അതേസമയം, സമുദായത്തെ സംബന്ധിച്ചിടത്തോളം എന്ത് വില കൊടുത്തും എക്കാലത്തും, വിശിഷ്യാ ഫാഷിസത്തിന്റെ ദംഷ്ട്രകള്‍ ദൈനംദിനം മുറുകിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത്, കാത്ത് സൂക്ഷിക്കേണ്ട ഒന്നാണ്, രാഷ്ട്രീയ അസ്തിത്വം. അതിന്റെ നിലനില്‍പിന് ആവശ്യമായതെല്ലാം ചെയ്യേണ്ടത്, സമുദായത്തെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന, മറ്റെന്തിനേക്കാളും സമുദായനന്മക്ക് മുന്‍ഗണന നല്‍കുന്ന ഏതൊരാളുടെയും ഉത്തരവാദിത്തമാണ്.

അധികാരത്തിലിരിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ വാങ്ങാനുള്ളതിനേക്കാള്‍, സമുദായ സ്നേഹികള്‍ തിടുക്കം കാണിക്കേണ്ടത്, ആ കൂട്ടായ്മ അധികാരത്തിന് പുറത്തിരിക്കുമ്പോള്‍ ശോഷിക്കാതെ കാക്കാനാണ്. അത് ചെയ്യാതിരിക്കുകയോ അതിന്റെ ഗുണഭോക്താക്കള്‍ തന്നെ ക്ഷയിപ്പിക്കുന്നവര്‍ക്ക് കുട പിടിക്കുകയോ ചെയ്താല്‍, ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സാധിക്കാത്തവിധം അത് ക്ഷയിച്ചുപോവും, അതിന് സമുദായം നല്‍കേണ്ടിവരുന്ന വില വളരെ കനത്തതായിരിക്കുകയും ചെയ്യും.

ഈ അടിസ്ഥാന തത്വം മുന്നില്‍ വെച്ച് നിലവിലെ സാഹചര്യങ്ങളെ നാം വിലയിരുത്തുമ്പോള്‍, ഒറ്റവാക്കില്‍ പറയാനാവുക, ഈ കളിയില്‍ പരാജയപ്പെടുന്നത് സമുദായമാണെന്നാണ്. സമുദായത്തിനെതിരെ ഉയര്‍ന്നുവന്ന വിവിധങ്ങളായ വിദ്വേഷപ്രാചരണങ്ങള്‍ക്കെതിരെയെല്ലാം മൌനം പാലിച്ച, അതേസമയം പൌരത്വ നിയമത്തിനെതിരെ ശബ്ദിച്ചവര്‍ക്കെതിരെ പോലും കേസുകളെടുത്ത, സമുദായത്തിന്റെ അവകാശങ്ങള്‍ ഓരോന്നോരോന്നായി കവര്‍ന്നെടുത്ത, ഒരു സര്‍ക്കാര്‍, എത്ര തന്നെ ഉറപ്പുകള്‍ കൊടുത്താലും അവര്‍ കൊണ്ടുവരുന്ന നിയമങ്ങളെ സംശയത്തിന്റെ കോണിലൂടെ മാത്രമേ കാണാനാവൂ. സമുദായത്തിന്റെ ജിഹ്വയായി വര്‍ത്തിക്കേണ്ട രാഷ്ട്രീയ കൂട്ടായ്മയെ ഷണ്ഡീകരിക്കാനുള്ള ശ്രമങ്ങള്‍ക്കായിരിക്കും അവര്‍ മുന്‍ഗണന നല്‍കുക.

വഖ്ഫ് എന്ന് പറയുമ്പോഴേക്ക്, പട്ടാളപ്പള്ളിയുടെയും മുഹ്‍യിദ്ധീന്‍ പള്ളിയുടെയും പേര് പറഞ്ഞ്, മുജാഹിദുകളും ജമാഅതുകാരും ഞങ്ങളുടെ സ്വത്ത് വകകള്‍ പിടിച്ചടക്കുന്നേ എന്ന് നിലവിളിച്ച്, പള്ളിയും അമ്പലവുമൊന്നുമില്ലാത്ത, മതമില്ലാത്ത കേവല ജീവനുകളുടെ ആശാന്മാരെ സമീപിക്കുന്നതും സമുദായത്തെ വീണ്ടും വീണ്ടും നാണം കെടുത്തുകയാണ്. കിട്ടിയ മല്‍സ്യം വീതം വെക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ കുറുക്കനെ സമീപിച്ച പൂച്ചകളുടെ കഥയാണ് ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഓര്‍മ്മയാവുന്നത്. 

എല്ലാം കൂട്ടിക്കിഴിക്കുമ്പോള്‍, വിജയം മറുപുറത്ത് തന്നെയാണ്. മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ കാത്തിരിക്കുന്ന ചെന്നായ്ക്കളും മകന്‍ മരിച്ചിട്ടെങ്കിലും മരുമകളുടെ കണ്ണീര്‍ കാണാന്‍ കാത്തിരിക്കുന്ന ചില രാഷ്ട്രീയട്രപ്പീസുകാരും വീണ്ടും വീണ്ടും വിജയിക്കുകയാണ്. ഇനിയെങ്കിലും നാം അതിന് നിന്ന് കൊടുക്കാതിരിക്കുക. അല്ലെങ്കില്‍, വരുംതലമുറ വീണ്ടും ആരാന്റെ വിറകുവെട്ടികളും വെള്ളം കോരികളും ചോദിക്കാന്‍ ആളില്ലാത്ത റിക്ഷാവലിക്കാരുമായി മാറുന്നത് നാം നോക്കിനില്‍ക്കേണ്ടിവരും. നാം അനുഭവിച്ച ഈ അഭിമാനകരമായ അസ്തിത്വം നഷ്ടപ്രതാപത്തിന്റെ ഓര്‍മ്മകളായി ചരിത്രത്തില്‍ വായിക്കാനേ അവര്‍ക്ക് ഭാഗ്യമുണ്ടാവൂ.

ഉലമാഇന്റെയും ഉമറാഇന്റെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ, മതപരമായ സൌകര്യങ്ങളെല്ലാമൊരുക്കുന്നതോടൊപ്പം രാഷ്ട്രീയമായ അസ്തിത്വം കൂടി ഉണ്ടാക്കിയെടുക്കുകയും രണ്ടും ചേര്‍ന്ന് പരസ്പരം പൂരിപ്പിക്കുകയും ചെയ്തു എന്നതാണ് കേരളീയ മുസ്‍ലിംകളുടെ ഏറ്റവും വലിയ നേട്ടം.

വഖ്ഫിന്റെ പേരില്‍ അരങ്ങേറിയ ചില നീക്കങ്ങള്‍ ആ സംഘശക്തിക്ക് വിള്ളലേല്‍പിക്കുമോ എന്ന ആശങ്കക്കിടയിലാണ് വഖ്ഫ് സംരക്ഷണ റാലി നടക്കുന്നത്. ആ റാലിക്ക് തുടക്കം കുറിച്ചത്, സമസ്തയുടെ സ്ഥാപകരായ വരക്കല്‍ തങ്ങളുടെയും ദീര്‍ഘകാല കാര്യദര്‍ശിയായി സേവനംചെയ്ത ശംസുല്‍ഉലമ അബൂബക്‍ര്‍ മുസ്‍ലിയാരുടെയും ഖബ്റുകള്‍ സിയാറത് ചെയ്ത് കൊണ്ടാണെന്നത് വല്ലാത്ത സന്തോഷം ഉളവാക്കി. ഈ ബന്ധമാണ് നമ്മുടെ എല്ലാ മുന്നേറ്റത്തിന്റെയും അസ്ഥിവാരമെന്നും അത് ഇളകാന്‍ ഒരിക്കലും അനുവദിക്കരുതെന്നുമുള്ള വലിയ സന്ദേശം കൂടിയാണ് ആ സിയാറത് മുസ്‍ലിം സമൂഹത്തിന് നല്‍കുന്നത്. നമുക്ക് അങ്ങനെത്തന്നെ മുന്നോട്ട് പോകാം.. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter