പ്രയാസങ്ങളിലും പതറാത്ത വിശ്വാസം
സിറിയ ഇസ്‍ലാമിക ഭരണത്തിലെത്തിയ കാലം. മുആവിയ(റ) ആണ് അവിടുത്തെ ഗവര്‍ണര്‍. ഖലീഫ ഉമര്‍(റ) ന്റെ നിര്‍ദ്ദേശപ്രകാരം റോമിനോട് അവര്‍ യുദ്ധം ചെയ്തു. യുദ്ധത്തില്‍ മുസ്‍ലിം സൈന്യം ധീരമായി പോരാടിയെങ്കിലും സൈന്യാധിപനായ അബ്ദുല്ലാഹിബ്നു ഹുദാഫ(റ)വും ഒരു സംഘവും റോമക്കാരുടെ കെണിയില്‍ അകപ്പെടുകയും അവരെ ബന്ദികളായി കൊണ്ട് പോവുകയും ചെയ്തു.
രാജാവായിരുന്ന ഹിറഖ്‍ലിന്റെ നിര്‍ദ്ദേശപ്രകാരം, വിവിധ പീഢനങ്ങളിലൂടെ അവരെ പരീക്ഷിക്കുകയുണ്ടായി. അതിന്റെ ഭാഗമായി, ദിവസങ്ങളോളം പട്ടിണിക്കിട്ട ശേഷം അവര്‍ക്ക് ഭക്ഷിക്കാന്‍ പന്നിമാംസം നല്കുന്നത് പതിവായിരുന്നു. പക്ഷേ, ഇത് തങ്ങള്‍ക്ക് നിഷിദ്ധമാണെന്ന് പറഞ്ഞ് കഴിക്കാതെ അവര്‍ ദിവസങ്ങളോളം കഴിച്ച്കൂട്ടി.
വിവരം അറിഞ്ഞ ഹിറഖ്‍ല്‍, എന്നാല്‍ വേണ്ടത് കഴിക്കാന്‍ നല്കി, കുടിക്കാന്‍ വെള്ളം നല്കാതിരിക്കാനും വല്ലാതെ ദാഹിക്കുന്ന സമയത്ത് മദ്യം നല്കാനും നിര്‍ദ്ദേശിച്ചു. അവര്‍ അപ്പോഴും അതേ നിലപാട് തന്നെ തുടര്‍ന്നു.
വിവരം അറിഞ്ഞ ഹിറഖ്‍ല്‍ പറഞ്ഞു, എന്നാല്‍ ഇനി അവര്‍ക്ക് വേണ്ടത് കഴിക്കാനും കുടിക്കാനും നല്കുക. പ്രയാസങ്ങളെ അവര്‍ വിജയകരമായി അതിജയിച്ചിരിക്കുന്നു. ഇനി സന്തോഷം കൊണ്ട് അവരെ ഒന്ന് പരീക്ഷിക്കണം. വളരെ സുഭിക്ഷമായ ഭക്ഷണവും ആഢംബര പൂര്‍ണ്ണമായ വസ്ത്രവും ജീവിതരീതികളുമെല്ലാം അവര്‍ക്ക് നല്കുക.
പരിത്യാഗികളായ ആ വിശ്വാസി സംഘം അവിടെയും വിജയിച്ചു. അത്യാവശ്യമായത് മാത്രം കഴിക്കുകയും ഏറ്റവും ലളിതമായത് മാത്രം ധരിക്കുകയും സുഖഭോഗങ്ങളില്‍ മുഴുകുക പോലും ചെയ്യാതിരിക്കുകയും ചെയ്ത അവര്‍ റോമക്കാരെ അല്‍ഭുതപ്പെടുത്തി.
അവരെ സദസ്സിലെത്തിച്ച ശേഷം ഹിറഖ്‍ല്‍ പറഞ്ഞു, നിങ്ങളെ ഞാന്‍ പ്രയാസങ്ങള്‍കൊണ്ടും സുഖസൗകര്യങ്ങള്‍ കൊണ്ടും പരീക്ഷിച്ചു. രണ്ടിലും നിങ്ങള്‍ വിജയിച്ചു. ശേഷം നേതാവായ അബ്ദുല്ലാഹിബ്നുഹുദാഫ(റ)നോട് പറഞ്ഞു, നിങ്ങള്‍ എന്റെ തലയില്‍ ചുംബിക്കുന്ന പക്ഷം എല്ലാവരെയും ഞാന്‍ സ്വതന്ത്രരാക്കി പറഞ്ഞയക്കാം. തന്റെ സുഹൃത്തുക്കളെല്ലാം സ്വതന്ത്രരാവും എന്ന് കേട്ടതോടെ, അദ്ദേഹം അതിന് തയ്യാറായി. അതോടെ, എണ്‍പതോളം വരുന്ന ആ ബന്ദികളെ അദ്ദേഹം മോചിപ്പിച്ചു.
അവര്‍ ഖലീഫയുടെ സമീപം തിരിച്ചെത്തി, അദ്ദേഹത്തോട് നടന്നതെല്ലാം പറഞ്ഞു. അദ്ദേഹം ചോദിച്ചു, വിശന്ന് വലഞ്ഞിട്ടും പന്നിമാംസവും ദാഹിച്ച് വലഞ്ഞിട്ടും മദ്യവും വേണ്ടെന്ന് വെക്കാന്‍ താങ്കളെ പ്രേരിപ്പിച്ചത് എന്താണ്. അദ്ദേഹം പറഞ്ഞു, ആ അവസ്ഥയില്‍ അത് രണ്ടും അനുവദനീയമാണെന്ന് എനിക്ക് അറിയാമായിരുന്നു അമീറുല്‍മുഅ്മിനീന്‍. പക്ഷേ, ഇസ്‍ലാമും അതിന്റെ അനുയായികളും റോമക്കാരുടെ മുന്നില്‍ ബലഹീനമാവുന്നത് എനിക്ക് സഹിക്കുമായിരുന്നില്ല.
മറുപടി കേട്ട ഖലീഫയും കൂടെയുള്ളവരും അല്‍ഭുതപ്പെട്ടു. അതോടൊപ്പം, അവരുടെ ഹൃദയാന്തരങ്ങള്‍ അഭിമാനപൂരിതമായി. അദ്ദഹം അവിടെയുള്ളവരോടെല്ലാം, അബ്ദുല്ലാഹിബ്നുഹുദാഫയുടെ തലയില്‍ ചുംബിക്കാന്‍ ആവശ്യപ്പെടുകയും എല്ലാവരും സസന്തോഷം അദ്ദേഹത്തെ ചുംബിക്കുകയും ചെയ്തു.



Leave A Comment