ഇസ്‌ലാമോഫോബിയ പടിഞ്ഞാറിനെ വേട്ടയാടുന്ന രോഗം
സമൂഹത്തിന്റെ ആധുനികവല്‍ക്കരണത്തിന് മതവിശ്വാസത്തിലും മതാചാരങ്ങളിലും മാറ്റം വരുത്താനാവുമെന്ന് പാശ്ചാത്യ ലോകത്ത് സെക്കുലറൈസേഷന്റെ ആദ്യകാല വക്താക്കള്‍ പ്രവചിച്ചിരുന്നു. ഉദാഹരണത്തിന് സാറാ നിക്കോലറ്റ് പൊളിറ്റിക്‌സ് ആന്‍ഡ് റിലീജ്യന്‍ 2(1) പേജ് 79 സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ യുക്തിചിന്തയുടെ വേരോട്ടം സൃഷ്ടിക്കുവാന്‍ ആധുനിക വല്‍ക്കരണത്തിന് സാധിച്ചിട്ടുണ്ടെന്ന ജോര്‍ജ് സ്‌റ്റോള്‍സിന്റെ വാദഗതിയോട് നമുക്ക് യോജിക്കാനാവും, ഒരളവോളം (ജോര്‍ജ് സ്‌റ്റോള്‍സ് വര്‍ക്കിങ് പേപ്പര്‍, ലൂസാനെ സ്വിറ്റ്‌സര്‍ലന്റ് പേജ് 10) ആധുനിക വല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ സാമ്പ്രദായിക സമൂഹങ്ങളില്‍ നിലനിന്നിരുന്ന മതത്തിന്റെ മുറുക്കമുള്ള സ്വാധീനത്തില്‍ അയവു സംഭവിക്കുമെന്ന് സെക്കുലറൈസേഷന്റ പ്രയോക്താക്കള്‍ വിശ്വസിച്ചിരുന്നു (ഹാല്‍മെന്റ് ലോക്ക്, ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സോഷ്യോളജി 57 (2), 2006 പേജ് 265) അങ്ങനെ ഗവണ്‍മെന്റിന്റെ നയരൂപീകരണങ്ങളിലും മറ്റും മതത്തിന്റെ ഇടപെടലുകള്‍ അവസാനിച്ചേക്കുമെന്നും അവര്‍ കണക്കുകൂട്ടി. പക്ഷേ സംഭവിച്ചത് നേരെ മറിച്ചാണ്. ജനാധിപത്യവല്‍ക്കരണത്തിന്റെ ഫലമായി ആധുനിക വല്‍ക്കരണവാദികള്‍ വിശ്വസിച്ചതിനപ്പുറം, മതവും രാഷ്ട്രീയ സാമൂഹ്യ ജീവിതവും തമ്മില്‍ വിഹിതവും സങ്കീര്‍ണ വുമായ ഒരു ബാന്ധവം ഉരുത്തിരിഞ്ഞുവരികയാണുണ്ടായത്. ജീവിത ഭാവങ്ങള്‍ മതപരമായ ഒരു കെട്ടുറപ്പിലേക്ക് കൂടുതല്‍ ഇഴചേരുന്നതാണു പിന്നീട് നാം കണ്ടത്. അത് പുതിയൊരു മത സാംസ്‌കാരിക സംവാദത്തിലേക്ക് വഴിതെളിയിച്ചു. മതത്തിനു സ്വയമേതന്നെ ആദ്ധ്യാത്മികവും സാംസ്‌കാരികവും സ്ഥാപനാത്മകവുമായ പരിമാണങ്ങളുടെ പിന്‍ബലമുണ്ട് ആദ്ധ്യാത്മികമെന്നത് വ്യക്തിയും ദൈവവും തമ്മിലുളള സമ്പര്‍ക്കമാണ്. മറ്റു രണ്ടു പരിമാണങ്ങള്‍ സ്ഥാപനങ്ങളിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട ആചാരങ്ങളും പ്രമാണങ്ങളുമാണ്. ദൈവവിശ്വാസം, മനുഷ്യനുമായി ദൈവികാസ്തിത്വത്തിനുളള ബന്ധം, പൊതുസമൂഹത്തില്‍ ഒരു സാര്‍വത്രിക ഘടനയായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ആ ആത്മീയചൈതന്യം ഇതെല്ലാം കൂടിച്ചേരുന്നതാണു മതം. കേവലം അതിഭൗതിക സ്വത്വങ്ങളെ അധികരിച്ചുളള പ്രമാണങ്ങളും സിദ്ധാന്തങ്ങളുമാകയാല്‍, സ്വാഭാവികമായും വിഭിന്ന മതങ്ങള്‍ തമ്മില്‍ ഉരസലുകളുണ്ടായിരുന്നു, എന്നും. 2001 സെപ്റ്റംബര്‍ 11 നു ശേഷമാണ് ഈ ഉരസലിന്റെ നഗ്നരൂപങ്ങള്‍ ലോക സമൂഹത്തില്‍ അലയാന്‍ തുടങ്ങിയത്. തികച്ചും സാംസ്‌കാരികമായിരുന്ന വൈരുദ്ധ്യങ്ങള്‍ക്കു മതത്തിന്റെ പരിവേശം നല്‍കി സെന്‍സേഷനലാക്കപ്പെട്ടതിന്റെ വികലദൃശ്യങ്ങള്‍ പ്രകടമായതും ഈ സമയത്താണ്.
2001 സെപ്റ്റംബര്‍ 11 നു അമേരിക്കക്കുനേരെയുണ്ടായ അല്‍ഖാഇദയുടെ ആക്രമണ പരമ്പരകളെ തുടര്‍ന്ന് അത്രതന്നെ ശക്തമല്ലാത്ത പരീക്ഷണാത്മകമായ ചിലത് യൂറോപിനു നേരെയും ഉണ്ടായി, ലണ്ടന്‍, മാഡ്രിഡ് എന്നിവ. ഇസ്‌ലാമിന്റെ പേരില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ട ഒരുകൂട്ടം ആളുകളുടെ തീവ്രവാദ പ്രകടനങ്ങളുടെ ഈ പുതിയകാലഘട്ടത്തില്‍ ലോകമെമ്പാടുമുളള മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെയും അതിനെചുറ്റിപറ്റിയുളള ഉല്‍ക്കണ്ഠകളുടെയും സാംസ്‌കാരിക ചര്‍ച്ചകളുടെയും ഫലമായി ഒരു പുതിയ ഗ്രൂപ്പ് ഐഡന്റിറ്റി സമ്മാനിക്കപ്പെട്ടു. ഇസ്‌ലാമിക ജിഹാദിന്റെ ആഗോളവല്‍ക്കരണത്തിലൂടെ സംജാതമായ നിസ്സാര സംഭവങ്ങള്‍ വരെ വളരെ ആസൂത്രിതമായി അതി ഭീകരമായി ആവിഷ്‌കരിക്കപ്പെടുകയുണ്ടായി. പശ്ചിമേഷ്യയും ദക്ഷിണേഷ്യയുമായിരുന്നു ഇവയുടെ മുഖ്യ കേളീകന്ദ്രങ്ങള്‍ യൂറോപും പിന്നീട് ഇതിലേക്ക് ചേര്‍ന്നു. യൂറോപില്‍ നിന്നുളള മുജാഹിദുകളാണ് വാഷിങ്ടണ്‍ കൂടുതല്‍ തലവേദകളുണ്ടാക്കിയിരുന്നത്.
അമേരിക്കയും യൂറോപും തന്നെ ഈ നവാഗത മുജാഹിദുകളെ അല്ലെങ്കില്‍ ഒരു ഫ്രഞ്ച് രാഷ്ട്രീയ നിരൂപകന്‍ ഒലിവര്‍ റോയ് പറഞ്ഞ പോലെ ''ആഗോളവല്‍ക്കൃത ഇസ്‌ലാമിനെ'' തിരിച്ചറിയുന്നതില്‍ പരാജയപെടുകയോ അല്ലെങ്കില്‍ ആസൂത്രിതമായി അവര്‍ അങ്ങിനെ അഭിനയിക്കുകയോ ചെയ്തു. പടിഞ്ഞാറിന്റെ അന്യായമായ അധീശത്വത്തിനും മേധാവിത്വത്തിനുമെതിരിലുളള മുസ്‌ലിംകളുടെ പ്രതിഷേധങ്ങളെയാണു വാസ്തവത്തില്‍ അവ പ്രതിനിധീകരിച്ചിരുന്നത്. പക്ഷേ, ലോകരാഷ്ട്രീയത്തില്‍ ഒരു പുതിയ ഇംപീരിയലിസം തന്നെ അമേരിക്കയുടെ നേതൃത്വത്തില്‍ അതിന്റെ പേരില്‍ വളര്‍ന്നുണ്ടായി. അതിനെ അമേരിക്കയെ നശിപ്പിക്കാനാഗ്രഹിക്കുന്ന ഒരു ഉന്മൂലനശക്തിയായി ആരോപിച്ച് അവര്‍ ഇസ്‌ലാമിനെ ശത്രുപക്ഷത്ത് നിര്‍ത്തി.
തീവ്രവാദം എന്നാല്‍ ഇസ്‌ലാം എന്ന പരിപ്രേക്ഷ്യത്തിനു മറ്റൊരു രാസവ്യതിയാനം കൂടി സംഭവിച്ചു. കുരിശുയുദ്ധത്തിലെന്നപോലെ അമേരിക്ക ഇസ്‌ലാം വിരുദ്ധമായി മാറിയിരിക്കുന്നു എന്നു മുസ്‌ലിംകള്‍ തിരിച്ചറിഞ്ഞു. അതവര്‍ക്കിടയില്‍ പ്രചരിക്കുകയും ചെയ്തു. തീവ്രവാദമെന്ന പേരില്‍ പാശ്ചാത്യര്‍ മുസ്‌ലിം രാഷ്ട്രങ്ങളിലേക്ക് ഇരച്ചുകയറി. അവര്‍ അഴിച്ചുവിട്ട അതിക്രമങ്ങളെ ലോകസമൂഹത്തിനു മുമ്പില്‍ ന്യായീകരിക്കുവാനും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കുവാനു വേണ്ടി അവര്‍ തുറന്നുവിട്ട ഒരു പുകമറ മാത്രമായിരുന്നു ഇസ്‌ലാമിന്റെ തീവ്രവാദ-ആക്രമണോന്മുഖം എന്നു തിരിച്ചറിയാന്‍ വെറുപ്പിന്റെ മുഖപടമണിയാത്ത ആര്‍ക്കും അധികമൊന്നും ആലോചിക്കേണ്ടിവന്നിട്ടില്ല. ടെററിസത്തിനെതിരായ യുദ്ധം ഇസ്ലാമിനെതിരല്ല എന്ന ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ പ്രസ്താവന അതുകൊണ്ടുതന്നെ ലോകം ഗൗനിച്ചില്ല.
ഹണ്ടിങ്ടണ്‍, ബര്‍നാഡ് ലൂയിസ്, പൈപ്‌സ്, ഡോറാന്‍, ലൈകന്‍ എന്നിങ്ങനെ പല പാശ്ചാത്യ പണ്ഡിതന്‍മാര്‍ തന്നെ ജോര്‍ജ് ബുഷിനെ തള്ളിപ്പറഞ്ഞവരില്‍ പ്രമുഖരാണ്. ഇസ്‌ലാമിനെ രാഷ്ട്രീയത്തില്‍ നിന്നും അത് അടര്‍ത്തി മാറ്റുകയാണെന്നും ഇയ്യൊരു പ്രസ്താവനയിലൂടെ വടക്കെ ആഫ്രിക്കയിലും തെക്കു കിഴക്കെ ഏഷ്യയിലും പരന്നുകിടക്കുന്ന വലിയൊരു സമൂഹത്തിനു രാഷ്ട്രം എന്ന ആശയവുമായുള്ള മതാത്മക ബന്ധത്തെ വിസ്മരിക്കുകയാണെന്നുമൊക്കെ അവര്‍ ഒരേ സ്വരത്തില്‍ കുറ്റപ്പെടുത്തുന്നു.
സെപ്റ്റംബര്‍ 11 ലെ ആക്രമണത്തിന്റെ വേരുകള്‍ നീളുന്നത് ആറാം നൂറ്റാണ്ടിലെ അറേബ്യയിലേക്കാണ്. മധ്യകാലത്തെ കുരിശുയുദ്ധങ്ങളിലേക്കും മംഗോളിയന്‍ ആക്രമണങ്ങളിലേക്കും ഖിലാഫത്തിന്റെ പതനകാലത്തേക്കും ലോകമെമ്പാടുമുളള മുസ്‌ലിം സമൂഹം സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെടുന്നതിനും ഇത് ഹേതുവായി. ഇസ്‌ലാം എന്നത് തീവ്രവാദത്തിന്റെ പര്യായമായി. മുസ്‌ലിമിന്റെ ഐഡന്റിറ്റി അങ്ങനെ സ്റ്റാന്‍ഡേഡ് ചെയ്യപ്പെട്ടു. അവന്റെ രാഷ്ട്രീയവും വ്യക്തിപരവും ഔദ്യോഗികവുമായ എല്ലാവിധ മഹത്വങ്ങളെയും അവഗണിച്ചുകൊണ്ടായിരുന്നു അത്.
സ്വാഭാവികമായും വിപുലമായ ഒരു സാംസ്‌കാരിക സംവാദത്തിന് ലോകം സാക്ഷിയായി. ഇതില്‍ പടിഞ്ഞാറിനു പറയാനുണ്ടായിരുന്നത് പ്രധാനമായും ഇസ്‌ലാം എന്നാല്‍ തീവ്രവാദം എന്നുളളതുതന്നെയായിരുന്നു. മറുഭാഗവും കൈയുംകെട്ടി നോക്കിയിരിക്കുകയായിരുന്നില്ല. ഇസ്‌ലാമിനെ നിര്‍മ്മൂലനം ചെയ്യാനുളള രണ്ടാം കുരിശുയുദ്ധമെന്നവരും ആര്‍ത്തുവിളിച്ചു. ഈ സംവാദത്തിന്റെ വേരുകള്‍ അതിപൗരാണികമാണ്. ചരിത്രത്തില്‍ ഓരോ മതവും മറ്റൊരു മതത്തിന്റെ ഐഡന്റിറ്റിയെ ചോദ്യം ചെയ്തിട്ടുണ്ട്. ക്രിസ്തുമതമാണ് ഇതില്‍ എന്നും മുന്‍ നിന്നിട്ടുളളത്. പാഗണ്‍ അറബികളുടെ ദൈവം പിശാചാണെന്നുവരെ ക്രിസ്ത്യന്‍ മിഷനറിമാര്‍ പ്രചരിപ്പിച്ചിരുന്നു.
ശീതയുദ്ധകാലത്തിനുശേഷം ഇസ്‌ലാമിനെതിരെയുളള യുദ്ധങ്ങള്‍ക്ക് രൂപകല്‍പ്പന നിര്‍വഹിച്ചത് അമേരിക്കയിലെ പ്രധാന ഊര്‍ജ സ്രോതസ്സുകളായ യുദ്ധ വ്യവസായികളായിരുന്നു. ആഗോളവല്‍ക്കരണത്തിന്റെ സാംസ്‌കാരികമായ സ്വാധീനം വിഭാവനം ചെയ്യപ്പെട്ടതിലധികം ഭയാനകമായിരുന്നു. ഹാഡറ്റ് ഡോ നെഗ്രിയും ഇതേപറ്റി പറഞ്ഞത് പരിഷ്‌കൃത സമൂഹങ്ങളെ മുഴുവന്‍ അടക്കി വാണ മഹാസാമ്രാജ്യം എന്നാണ്. ഒരു ഇംപീരിയലിസ്റ്റിന് ഗ്ലോബലൈസേഷന്‍ എന്നുളളത് ദേശീയ സമ്പദ്ഘടന അന്താരാഷ്ട്രീയ സമ്പദ്ഘടനയുമായി ഏകാഗ്രമായതിലൂടെ വ്യക്തിഗത-ദേശീയ സമ്പദ്ഘടനയുടെ അചഞ്ചലാവസ്ഥ എന്നുളളത് മാത്രമായിരിക്കും. ദി എന്റ് ഓഫ് ഹിസ്റ്ററി എന്ന ഗവേഷണ പ്രബന്ധത്തില്‍ ഫ്രാന്‍സിസ് ഫുക്കുയാമ എഴുതുന്നത്: പടിഞ്ഞാറന്‍ സാമ്പത്തികാഭിമതങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ലാത്ത വിധം പടിഞ്ഞാറിന്റെയും പടിഞ്ഞാറന്‍ ചിന്താഗതികളുടെയും വന്‍ വിജയമായിരുന്നു എന്നാണ്. ഉന്മൂലനം എന്ന അവബോധത്തില്‍ തന്നെയാണ് അതും ഊന്നുന്നത്. സാമ്പത്തികമായ സ്ഥാനമാനങ്ങള്‍ തേടിയുള്ള വന്‍ തോതിലുള്ള പലായനങ്ങളിലേക്കും സാംസ്‌കാരികമായ ഐഡന്റിറ്റിയുടെ അന്യതാവല്‍ക്കരണത്തിലേക്കുമാണ് അത് ചെന്നെത്തിയത്.ആഗോളവല്‍ക്കരണത്തിന്റെ അപകടങ്ങളോട് ഏറ്റുമുട്ടിക്കൊണ്ട് നിലനില്‍ക്കാന്‍ ശക്തമായ ഒരു സാമൂഹ്യ ഐഡന്റിറ്റി തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കാനും അതില്‍ നിലനില്‍ക്കുവാനും ഇത്തരുണത്തില്‍ ഇസ്‌ലാമിന് കഴിഞ്ഞു. 20ാം നൂറ്റാണ്ടുമുതല്‍ സംഭവിച്ച സാംസ്‌കാരിക ദ്വന്ദത്തില്‍ ഈ ഐഡന്റിറ്റിയുടെ പ്രാഭവം സുപ്രധാന ഘടകമായിരുന്നു. കുടിലമായ അമേരിക്കന്‍ താല്‍പ്പര്യങ്ങളുടെ അപകടം മണത്തറിഞ്ഞ ഇസ്‌ലാമിസ്റ്റുകള്‍ കേവലം നിലനില്‍പ്പിനായുളള ഒരു പോരാട്ടമെന്നുള്ള നിലക്ക് പടിഞ്ഞാറിനെ എല്ലാ നിലക്കും എതിര്‍ക്കുന്ന സ്വാഭാവിക ഗ്രൂപ്പുകളായി രൂപം പ്രാപിക്കുകയായിരുന്നു. പ്രകൃതിപരമായ മെറ്റമോര്‍ഫോസിസ് എന്ന് ഇതിനെ വിളിക്കാം. ഈജിപ്തിലെ ഇസ്‌ലാമിക് ജിഹാദ് അള്‍ജീരിയയിലെ സായുധ ഇസ്‌ലാമിക് ഗ്രൂപ്പുകള്‍, ഇന്തോനേഷ്യയിലെ ജമാഅത്തെ ഇസ്‌ലാമിയ എന്ന സംഘടനയിലെ ചില ഗ്രൂപ്പുകള്‍, പാകിസ്താനിലെ പല സംഘടനകളും ഇങ്ങിനെ പ്രതിരോധത്തെ മാത്രം മുന്‍നിര്‍ത്തി ഉണ്ടായി വളര്‍ന്നതാണ്.



Leave A Comment