ശൈഖ് അബ്ദുല്ലാഹിബ്നു ബയ്യ; മിതവാദത്തിന്റെ മൗറിത്താനിയൻ വ്യക്തിമുദ്ര 

വടക്കേ ആഫ്രിക്കയിലെ ഒരു ഇസ്‍ലാമിക രാജ്യമായ മൗറിത്താനിയ(Mauritania)യില്‍ നിന്ന് ലോകത്തോളം വളര്‍ന്ന ആധുനിക സുന്നി പണ്ഡിത പ്രതിഭയാണ് ശൈഖ് അബ്ദുല്ലാഹിബ്നു ശൈഖ് മഹ്ഫൂള് ബ്നു ബയ്യ. മാലികി മദ്ഹബിലെ കിടയറ്റ പണ്ഡിതനായ ഇദ്ദേഹം 1935ൽ മൗറിത്താനിയയുടെ കിഴക്ക് ഭാഗത്തുള്ള തൻബദ്അമ എന്ന നാട്ടിലെ ഒരു പണ്ഡിത തറവാട്ടിലാണ് ഇദ്ദേഹത്തിന്റെ ജനനം. ആഗോള തലത്തിലുള്ള പല മുസ്‌ലിം പണ്ഡിതരും ശൈഖ് അബ്ദുല്ലാഹിബ്നു ബയ്യയെ മിതവാദത്വത്തിന്റെ പ്രതീകങ്ങളിലൊന്നായി കാണുന്നു. അത് കൊണ്ടാവാം യൂറോപ്യൻ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ മുസ്‍ലിം സമൂഹം അദ്ദേഹത്തിന്റെ ഫത്‍വകളെയും മതാഭിപ്രായങ്ങളെയും നയങ്ങളെയും കാതോർത്ത് കൊണ്ടിരിക്കുന്നത്.

തികഞ്ഞ പാരമ്പര്യ വാദിയായ ഇദ്ദേഹം ആധുനിക മുസ്‍ലിം നേരിടുന്ന സങ്കീർണ്ണതകളും പ്രതിസന്ധികളും കൃത്യമായി മനസ്സിലാക്കി ശരീഅത്തിന്റെ അന്തർധാരകളിലൂടെ ആഴത്തിൽ സഞ്ചരിച്ച് മതത്തിന്റെ യാഥാസ്ഥിതിക തലങ്ങളിലൂടെ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. പിതാവായ ഖാളി ശൈഖ് മഹ്ഫൂളിൽ അന്നാട്ടിലെ പ്രഗൽഭ പണ്ഡിതനായിരുന്നു. ബയ്യ(بيّه) എന്നത് വല്യുപ്പയുടെ നാമമാണ്.

അറബി ഭാഷ വിജ്ഞാനീയങ്ങൾ മുഹമ്മദ് സ്വാലിഹ് ബ്നുശ്ശീനിൽ നിന്നും കരസ്ഥമാക്കിയ അദ്ദേഹം ശൈഖ് ബയ്യ ബ്നു സാലിക് മൗസൂമിയിൽ നിന്നാണ് ഖുർആൻ വിജ്ഞാനീയങ്ങൾ സ്വായത്തമാക്കിയത്. അതോടൊപ്പം പല ഗുരുമുഖങ്ങളിൽ നിന്നുമായി ദീനീ വിജ്ഞാനീയങ്ങളിൽ പരിജ്ഞാനം വേണ്ട പോലെ നേടിയെടുത്തു. 2018 മുതൽ തുടർച്ചയായി നാല് തവണ ലോകത്തെ സ്വാധീനിച്ച 500 മുസ്‍ലിം വ്യക്തിത്വങ്ങളിൽ 2021 ലെ പട്ടികയിൽ 14 -ാംസ്ഥാനത്താണ്.
അതിനുശേഷം, ജഡ്ജിമാരെ (ഖാളിമാർ) പരിശീലിപ്പിക്കുന്നതിനായി ഷെയ്ഖ് ടുണീഷ്യയിലേക്കുള്ള ഒരു ദൗത്യത്തിൽ പോവുകയും അവിടെ നിന്നും ഒന്നാം സ്ഥാനത്തോടെ ജഡ്ജി പട്ടം നേടുകയും ചെയ്തു.

സേവന രംഗത്ത് 
ഔപചാരിക വിദ്യഭ്യാസത്തിന് ശേഷം മത സാമൂഹിക രംഗങ്ങളിൽ സജീവമായി തുടങ്ങിയ അദ്ദേഹത്തിന് വിവിധ ചുമതലകൾ വഹിക്കാൻ തുടങ്ങി. മൗറിത്താനിയൻ ഭരണ കൂടത്തിന് കീഴിലെ നീതിന്യായ മന്ത്രാലയത്തിലെ ശരീഅത്ത് വിഭാഗം മേധാവി, അപ്പീൽ കോടതിയുടെ വൈസ് പ്രസിഡന്റ്, സുപ്രീം കോടതി വൈസ് പ്രസിഡന്റ്, അതോടൊപ്പം പ്രസ്തുത കോടതിയിൽ ഇസ്‍ലാമിക ശരീഅത്ത് വിഭാഗം മേധാവി എന്നീ ചുമതലകളായിരുന്നു ആദ്യം വഹിച്ചിരുന്നത്. പിന്നീട്, റിപ്പബ്ലിക് പ്രസിഡൻസിയിൽ മതകാര്യ ഹൈക്കമ്മീഷണറായി നിയമിതനായ ഇസ്‍ലാമിക കാര്യ മന്ത്രാലയം സ്ഥാപിക്കാൻ അദ്ദേഹം നിർദ്ദേശിക്കുകയും അദ്ദേഹം തന്നെ പ്രസ്തുത മന്ത്രി പദം അലങ്കരിക്കുകയും ചെയ്തു. തുടർന്ന് അടിസ്ഥാന വിദ്യാഭ്യാസ, മതകാര്യ മന്ത്രി, നീതി, നിയമനിർമ്മാണ മന്ത്രി, മാനവ വിഭവശേഷി മന്ത്രി (ഉപപ്രധാനമന്ത്രി പദവിയിൽ), ദേശീയ മാർഗ്ഗനിർദ്ദേശ, പാർട്ടി സംഘടനകളുടെ മന്ത്രി, 1970 മുതൽ 1978 വരെ പൊളിറ്റിക്കൽ ബ്യൂറോയിലും അതിന്റെ സ്ഥിരം കമ്മിറ്റിയിലും അംഗമായിരുന്ന ഏക ഭരണകക്ഷിയായ മൗറിറ്റാനിയൻ പീപ്പിൾസ് പാർട്ടിയുടെ സ്ഥിരം സെക്രട്ടറിയായും നീണ്ട കാലം രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെട്ടു. ഇങ്ങനെ നീണ്ട കാലം രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെട്ടു. 

Also Read:ശൈഖ്അബ്ദുൽ ഹകീം മുറാദ്- ഇംഗ്ലണ്ടിലെ ഇസ്‍ലാമിക ധൈഷണികമുഖം 

അബുദാബിയിലെ മുസ്‍ലിം സമൂഹത്തിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫോറം പ്രസിഡന്റ്, അൽ മുവത്ത ഫൗണ്ടേഷൻ പ്രസിഡന്റ്, കിഴക്കൻ മൗറിറ്റാനിയയിലെ ഗാസ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അറബ് ആൻഡ് ഇസ്‍ലാമിക് സയൻസിന്റെ പ്രസിഡന്റ്, ലണ്ടനിലെ ഗ്ലോബൽ സെന്റർ ഫോർ റിന്യൂവൽ ആൻഡ് റേഷണലൈസേഷന്റെ (ജിസിആർജി) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഡയറക്ടർ തുടങ്ങി അസംഖ്യം ഉന്നത സ്ഥാനങ്ങളും പദവികളും വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക മേഖലകളിലായി  വഹിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം ആഗോള തലത്തിൽ അറിയപ്പെടുന്ന പണ്ഡിത സഭകളിലെ പ്രധാന അംഗമാണ്.
നിരവധി വൈജ്ഞാനിക മത സമ്മേളനങ്ങളിലെ നിറ സാന്നിധ്യമായ അദ്ദേഹം അതിൽ ആദ്യത്തേത് റിബാത്തിൽ വെച്ച് നടന്ന ഇസ്‍ലാമിക രാജ്യങ്ങളുടെ ആദ്യത്തെ ഉച്ചകോടി സമ്മേളനവും ജിദ്ദയിലെ ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോൺഫറൻസിന്റെ ആദ്യ സ്ഥാപക സമ്മേളനവുമായിരുന്നു. നിരവധി രാജ്യങ്ങളിൽ ഇസ്‍ലാമിക പ്രബോധന പ്രവർത്തനങ്ങൾക്കായി പോയ അദ്ദേഹം ഈയടുത്ത് കേരളത്തിൽ വരികയും ചെയ്തിട്ടുണ്ട്.

രചനകൾ 
കർമ ശാസ്ത്ര രംഗത്ത് ഏറെ ശോഭനമായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി രചനകളുടെ കർത്താവ് കൂടിയാണ്. അവയിൽ ഒട്ടുമിക്കതും കർമശാസ്ത്ര സംബന്ധമായ രചനകളാണ്. 
-തൗളീഹു ഔജഹു ഇഖ്തിലാഫിൽ അഖ് വാലി ഫീ മസാഇലിൻ മിൻ മുആമാലാതിൽ അംവാൽ (സാമ്പത്തിക ഇടപാടുകളിലെ വിഭിന്ന വീക്ഷണങ്ങൾ ഗഹനമായി വിശകലനം ചെയ്യുന്നു)
-ഹിവാറുൻ അൻ ബുഅ്ദിൻ ഹൗല ഹുഖൂഖിൽ ഇൻസാനി ഫിൽ ഇസ്‍ലാം (മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട ഇസ്ലാമിക ചിന്തകൾ, വീക്ഷണങ്ങൾ)
- ഖിത്വാബുൽ അംനി ഫിൽ ഇസ്ലാമി വസഖാഫതുതസാമുഹി ഫിൽ ഇസ്‍ലാം (സഹുഷ്ണുതയുടെയും നിർഭയത്വത്തിന്റെയും ഇസ്‍ലാമിക പാഠങ്ങൾ)
- അമാലിദ്ദലാലാതി വ മജാലിൽഇഖ്തിലാഫാത്
- സദ്ദുദറാഇഅ് വ തത്വബീഖാതുഹു ഫീമജാലിൽ മുആമലാത്
- ഫതാവാ ഫിക് രിയ്യ
- സ്വനാഅതുൽ ഫത്‌വ വ ഫിഖ്ഹുൽ അഖല്ലിയ്യാത് (ന്യൂനപക്ഷ കർമശാസ്ത്രം സംബന്ധിച്ച്)
- മഖാസ്വിദുൽ മുആമലാത് വ മറാസ്വിദുൽ വാഖിആത് 
- മഷാഹിദുൻ മിനൽ മഖാസിദ്
- ഇസാറാത് തജ്ദീദിയ്യ ഫീ ഹുഖൂലിൽ ഉസ്വൂൽ 
- അസറുൽ മസ്വലഹതി ഫിൽ വഖ്ഫ് 
- അൽ ബുർഹാൻ
- അൽ ഇർഹാബ്,അതശ്ഖീസ്വു വൽ ഹുലൂൽ (വർഗീയത: നിർണ്ണയവും പരിഹാരവും)
- ദലീലുൽ മരീളി ലിമാലഹു ഇൻദല്ലാഹി മിനൽ അജ്റിൽ അരീള്
- തൻബീഹുൽ മറാജിഅ് അലാ തഅ്സ്വീലി ഫിഖ്ഹിൽ വാഖിഅ്. 

 തേടിയെത്തിയ അംഗീകാരങ്ങൾ 
മത വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിലെ ശോഭനമായ സംഭാവനകളെ മുൻ നിർത്തി നിരവധി ആഗോള-ദേശീയ പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 
-കിങ് അബ്ദുൽ അസീസ് എക്സലൻസ് അവാർഡ്
-കിങ് അബ്ദുല്ല(രണ്ടാമൻ) ബ്നു ഹുസൈൻ  അവാർഡ്
-ശൻകീത്വ് ഇസ്ലാമിക് സ്റ്റഡീസ് അവാർഡ് (അദ്ദേഹത്തിന്റെ ഹിവാറുൻ അൻ ബുഅ്ദ് എന്ന രചനക്ക്)
- മുഹമ്മദ് ആറാമൻ ഹോണറബൾ അവാർഡ് (ഇസ്‍ലാമിക ചിന്തക്കും വൈജ്ഞാനിക സംഭാവനകളും മുൻനിർത്തി നൽകുപ്പെടുന്നത്)
- കിങ് അബ്ദുല്ല രണ്ടാമൻ (ജോർദാനിലെ മികവ് തെളിയിച്ച ഇസ്‍ലാമിക പണ്ഡിതർക്കും പ്രബോധകർക്കും നൽകപ്പെടുന്നത് )
- ഇസ്ലാമിക് കോൺഫറൻസിന്റെ ഓർഗനൈസേഷൻ സർട്ടിഫിക്കറ്റ്
ആത്മീയതയുടെ അകക്കാമ്പറിയുന്ന ഈ പണ്ഡിത വരേണ്യനെ പലരും വിശേഷിപ്പിച്ചത്  "അഖ്ലുൽ ഫഖീഹ് വ ഖൽബു സ്വൂഫീയ്യ്" (പാണ്ഡിത്യ ബുദ്ധി, സൂഫിയുടെ ഹൃദയം) എന്നാണ്. 

നിലവിൽ സഊദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലിക് അബ്ദുൽ അസീസ് ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ ഹയർ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് പ്രൊഫസറാണ്.
ഹൃദയം തുറന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും വൈജ്ഞാനിക ക്ലാസുകളും ശ്രദ്ധേയമാണ്. അവ യൂട്യൂബിൽ ലഭ്യമാണ്.  അല്ലാഹു ദീർഘ കാലം പരിശുദ്ധ ദീനിന് സേവനം ചെയ്യാൻ കരുത്തും ദിശാബോധവും നൽകട്ടെ ആമീൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter