ഭരണകൂട നിയന്ത്രണങ്ങള്: കശ്മീരിലെ മതസ്ഥാപനങ്ങള് അതിജീവിക്കുമോ?
കശ്മീരിന്റെ സാമൂഹികവും സാംസ്കാരികവുമായ ചരിത്രത്തിൽ പള്ളികൾക്ക് സവിശേഷമായ സ്ഥാനമുണ്ട്. ആരാധനയ്ക്കുള്ള ഇടങ്ങൾ എന്നതിലുപരി, വിജ്ഞാനവിനിമയത്തിന്റെയും സാമൂഹിക സംവാദങ്ങളുടെയും കൂട്ടായ്മകളുടെയും കേന്ദ്രങ്ങളായാണ് അവ പ്രവർത്തിച്ചുപോന്നത്. ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജാമിഅ മസ്ജിദ് മുതൽ ഗ്രാമങ്ങളിലെ ചെറിയ പള്ളികൾ വരെ കശ്മീരി മുസ്ലിം ജീവിതത്തിന്റെ ദൈനംദിന അനുഭവങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുണ്ട്. പക്ഷെ കുറച്ചു കാലമായി അവിടുത്തെ സാമൂഹിക സ്വയംഭരണത്തെയും സാംസ്കാരിക സ്വത്വത്തെയും രാഷ്ട്രീയ അധികാരബന്ധങ്ങളെയും കൂടി സ്പർശിക്കുന്ന വിധത്തിലാണ് അത്തരം സ്ഥാപനങ്ങൾ പ്രവർത്തിച്ചു പോരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലും ഒക്ടോബറിലും ഉണ്ടായ പല രാഷ്ട്രീയ വ്യവഹാരങ്ങളുടെയും അനുരരണണം ഇന്നും കാശ്മീരിൽ നിലനിൽക്കുന്നുണ്ട്.
2019 ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കുകയും ചെയ്തതോടെ അവിടുത്തെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങളുണ്ടായി. അതിന്റെ പ്രത്യാഘാതങ്ങൾ രാഷ്ട്രീയത്തിലും ഭരണത്തിലും ഒതുങ്ങാതെ മതസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലേക്കും വ്യാപിച്ചതായി വിവിധ മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മതപരമായ കൂട്ടായ്മകൾക്കുള്ള നിയന്ത്രണങ്ങൾ, പള്ളികളുടെ സാമ്പത്തികവും ഭരണപരവുമായ വിവരശേഖരണം, വഖ്ഫ് സ്ഥാപനങ്ങളുടെ അധികാരപരിധി തുടങ്ങിയ വിഷയങ്ങൾ ഇതിന്റെ ഭാഗമായി പൊതുചർച്ചയിലെത്തി.
2026 ഓഗസ്റ്റ് അഞ്ചിന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ രേഖയായി വിതരണം ചെയ്ത S/2026/653 എന്ന രേഖയിൽ കശ്മീരിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശങ്കകൾ പരാമർശിക്കുന്നുണ്ട്. ശ്രീനഗറിലെ ജാമിഅ മസ്ജിദിൽ ജുമുഅ നിസ്കാരത്തിനും മറ്റു പ്രധാന മതസമ്മേളനങ്ങൾക്കും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ, മതസ്ഥാപനങ്ങളുടെ നിരീക്ഷണം, ചില മദ്റസകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ, പള്ളികളുടെ വിവരശേഖരണവും പ്രൊഫൈലിങ്ങും എന്നിവയാണ് രേഖയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എന്നാൽ ഇത് പാകിസ്താന്റെ സ്ഥിരം പ്രതിനിധി സുരക്ഷാസമിതി അധ്യക്ഷന് അയച്ച കത്തും അതിന്റെ അനുബന്ധവുമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ രേഖയിലെ പരാമർശങ്ങളെ സുരക്ഷാസമിതിയുടെ സ്വതന്ത്ര അന്വേഷണ കണ്ടെത്തലുകളായി കാണാനാവില്ല. എങ്കിലും കശ്മീരിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര രാഷ്ട്രീയ ചർച്ചയുടെ സ്വഭാവം മനസ്സിലാക്കാൻ അതൊരു പ്രധാന രേഖയാണ്.
2026 ജനുവരിയിൽ പള്ളികളുടെ സാമ്പത്തിക സ്രോതസ്സുകൾ, നടത്തിപ്പ്, ബജറ്റ് തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് നടപടികൾ സ്വീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിച്ച ചില മാധ്യമപ്രവർത്തകരെ പൊലീസ് വിളിച്ചുവരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. പള്ളികളുടെ ഭരണപരമായ സുതാര്യത ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തങ്ങളിൽ ഒന്നായി അവതരിപ്പിക്കപ്പെടാമെങ്കിലും, അത്തരം വിവരശേഖരണത്തിന്റെ പരിധിയും രീതിയും ലക്ഷ്യവും പൊതുസമൂഹത്തിന് ബോധ്യപ്പെടേണ്ടതുണ്ട്. മതസ്ഥാപനങ്ങളുടെ സാമ്പത്തിക ക്രമീകരണങ്ങൾ പരിശോധിക്കുന്നതും അവയുടെ മതപരമായ പ്രവർത്തനങ്ങളിൽ ഭരണകൂട നിയന്ത്രണം സ്ഥാപിക്കുന്നതും തമ്മിൽ വ്യക്തമായ അതിർത്തിയുണ്ടാകണം.
2026 ഒക്ടോബറിൽ ജമ്മു കശ്മീർ വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വെള്ളിയാഴ്ച ഖുതുബയുടെ ഉള്ളടക്കം ഏകീകരിക്കാനുള്ള നിർദേശം ഈ ചർച്ചയ്ക്ക് പുതിയ മാനം നൽകിയിരുന്നു. വിവിധ പള്ളികളിൽ ഒരേ വിഷയവും തയ്യാറാക്കിയ പ്രസംഗവും അവതരിപ്പിക്കാനുള്ള ആശയം മതപണ്ഡിതരുടെയും രാഷ്ട്രീയ നേതാക്കളുടെയും വിമർശനത്തിന് ഇടയാക്കി. ഖുതുബയുടെ ഉള്ളടക്കം തീരുമാനിക്കേണ്ടത് ഉലമാക്കളും ഇമാമുമാരുമാണെന്നും ഭരണപരമായ ഉത്തരവാദിത്തമുള്ള ഒരു സ്ഥാപനത്തിന് മതപ്രബോധനത്തിന്റെ ഉള്ളടക്കം നിർണയിക്കാനാവില്ലെന്നും മുത്തഹിദ് മജ്ലിസെ ഉലമ ഉൾപ്പെടെയുള്ള സംഘടനകൾ അഭിപ്രായപ്പെട്ടിരുന്നു. വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് നിർബന്ധിതമായ ഏകീകൃത പ്രസംഗം നടപ്പാക്കില്ലെന്ന് വഖ്ഫ് ബോർഡ് അധ്യക്ഷ വിശദീകരിക്കുകയും ചെയ്തു. ഖുതുബയുടെ വിഷയം ഓരോ പ്രദേശത്തിന്റെയും സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണ് സാധാരണ രൂപപ്പെടുന്നത്. ലഹരിവസ്തുക്കളുടെ ഉപയോഗം, കുടുംബപ്രശ്നങ്ങൾ, വിദ്യാഭ്യാസം, ദാരിദ്ര്യം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങൾ പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് ഇമാമുമാർ പ്രസംഗങ്ങളിൽ ഉൾപ്പെടുത്താറുണ്ടല്ലോ.
വഖ്ഫ് സ്ഥാപനങ്ങളുടെ കാര്യത്തിലും സമാനമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്. പള്ളികൾ, ദർഗകൾ, ഖബർസ്ഥാനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുജനോപകാരത്തിനായി നീക്കിവെച്ച സ്വത്തുക്കൾ എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ് വഖ്ഫിന്റെ ചരിത്രപരമായ ഉത്തരവാദിത്തം. കശ്മീരിലെ മുസ്ലിം സമൂഹത്തിൽ വഖ്ഫ് സ്ഥാപനങ്ങൾക്ക് ദീർഘമായ ചരിത്രമുണ്ട്. മതസ്ഥാപനങ്ങളുടെ സംരക്ഷണത്തിനും സാമൂഹിക ആവശ്യങ്ങൾക്കുള്ള സാമ്പത്തിക പിന്തുണയ്ക്കും അവ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ വഖ്ഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ ഭരണകൂട ഇടപെടൽ വർധിക്കുമ്പോൾ മതസമൂഹത്തിന്റെ പങ്കാളിത്തം, പ്രാദേശിക കമ്മിറ്റികളുടെ അധികാരം, സാമ്പത്തിക സുതാര്യത എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്.
മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് ഇന്ത്യൻ ഭരണഘടനയിലെ 25, 26 അനുച്ഛേദങ്ങൾ പ്രധാനപ്പെട്ട നിയമപരമായ അടിത്തറ നൽകുന്നുണ്ട്. മതവിശ്വാസം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും മതവിഭാഗങ്ങൾക്ക് സ്വന്തം മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശവും അവ ഉറപ്പുനൽകുന്നുവെന്നും കാണാം. അതേസമയം, പൊതുസമാധാനം, ധാർമികത, ആരോഗ്യം തുടങ്ങിയ ഭരണഘടനാപരമായ നിയന്ത്രണങ്ങളും അവയിൽ ഉൾപ്പെടുന്നുണ്ട്. അതിനാൽ സുരക്ഷയും പൊതുക്രമവും ഉറപ്പാക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തവും മതസ്ഥാപനങ്ങളുടെ സ്വയംഭരണാവകാശവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ഇവിടെ നിർണായകമാകുന്നത്
References:-
- Al Jazeera (15 October 2026) Backlash in Kashmir over proposal for uniform Friday sermons across mosques.
- The Indian Express (22 October 2026) Bashaarat Masood, Uniform Friday sermons in J&K mosques: Why idea was floated, why it was shot down.
- United Nations Security Council (5 August 2026) S/2026/653, Letter dated 5 August 2026 from the Permanent Representative of Pakistan to the United Nations addressed to the President of the Security Council.
- Reuters (21 January 2026) Fayaz Bukhari, Journalists in Indian Kashmir asked to sign pledge vowing to keep peace.
- Constitution of India, Articles 25 and 26: Freedom of conscience and free profession, practice and propagation of religion; freedom to manage religious affairs.



Leave A Comment