ഹാജിമാര്‍ക്കൊപ്പം...05-ഹറമിലെത്തിയ അമുസ്‍ലിം സഞ്ചാരികൾ
ചരിത്രത്തിലെ നീണ്ട ശതകങ്ങളോളം പരിശുദ്ധ കഅബാലയവും പരിസരവും പാശ്ചാത്യൻ സഞ്ചാരികൾ അടങ്ങുന്ന അമുസ്‍ലിംകൾക്ക് അപരിചിതമായിരുന്നത്രെ. നൂറ്റാണ്ടുകളായുള്ള മുസ്‍ലിം ഭരണകൂടങ്ങൾ മാത്രം തലമുറകളായി കൈമാറി വന്ന ഒസ്യത്തായ മുസ്‍ലിം പുണ്യഗേഹം കാബാലയം പണ്ടുകാലം മുതൽക്കേ അതിന്റെ ആ പരിശുദ്ധിയെ കളങ്കപ്പെടുത്താതെയാണ് തുടർന്നുപോന്നിരുന്നത്. ഈയൊരു മതകീയ സ്വകാര്യത സന്ദേഹികളായ പാശ്ചാത്യരിൽ അന്നു മുതൽക്കേ അതിയായ ഉൽകണ്ഠ ഉണ്ടാക്കിയിരുന്നു. മധ്യകാലഘട്ടത്തിൽ പല പാശ്ചാത്യൻ സഞ്ചാരികളും പര്യവേഷകരും അറേബ്യയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്. മുസ്‍ലിം കച്ചവടക്കാരായും യാത്രക്കാരായും പ്രച്ഛന്നവേഷം ധരിച്ച അവർ മുസ്‍ലിം ഹൃദയ ഭൂമികകൾ വെട്ടിത്തുറന്നു അറേബ്യൻ മുസ്‍ലിം സംസ്കാരത്തിന്റെ വിളനിലയങ്ങൾ ഇഴകീറി അന്വേഷിച്ചു.
മദീന സന്ദർശിക്കുകയും തന്റെ സന്ദർശനത്തെയും യാത്രയെയും കുറിച് എഴുതാതെയോ രേഖപ്പെടുത്താതെയോ പോകുകയും ചെയ്ത ഒരുപാട് യൂറോപ്യരുണ്ടെന്നത് തീർച്ചയാണ്. പണ്ട് കാലം തൊട്ടേ യൂറോപ്യർക്ക് ഏറെ പരിചിതമായ അറേബ്യൻ തീരങ്ങളല്ലാതെ തന്നെ ഉപഭൂഖന്ധത്തിന്റെ ഉൾ പ്രദേശങ്ങളിലേക്ക് അവർ കാല് കുത്തിയതിന് രേഖകൾ ഉണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള മൂന്നു നൂറ്റാണ്ട് കാലത്ത് അവർ നടത്തിയ യാത്രകളെ നിരീക്ഷിച്ചു കൊണ്ട് "അറേബ്യയിലേക്കുള്ള ചൂഴ്ന്നന്ന്വേഷണം" (The penetration to arabia) എന്ന ഗ്രന്ഥത്തിൽ പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരൻ ഡേവിഡ് ജോർജ് ഹോഗാർത് ഈ കാര്യം വിവരിക്കുന്നുണ്ട്. ഈ ഗ്രന്ഥം 1905-ല്‍ പ്രസിദ്ധീകരിക്കപ്പെടുകയും ഈജിപ്തിലെ നാഷണൽ ട്രാൻസിലേഷൻ സെന്ററിൽ നിന്ന് ഇതിന്റെ അറബിക് പതിപ്പ് സ്വബ്രീ മുഹമ്മദ് ഹസൻ വിവർത്തനം ചെയ്ത് പുറത്തിറക്കുകയും ചെയ്തു. 2009 ൽ ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു.
വേഷപ്രച്ഛന്നരായ ഈ പാശ്ചാത്യൻ സഞ്ചാരികൾ കണ്ടെത്തിയ ഭൂമി ശാസ്ത്ര നിരീക്ഷണങ്ങളാണ് പുസ്തകത്തിന്റെ മുഖ്യ പ്രതിപാദ്യ വിഷയം. ഇതിൽ ചിലർ മുസ്‍ലിമാണെന്നും പറഞ്ഞ് മുസ്‍ലിം പേരും ഊരും അണിഞ്ഞു മക്കയിൽ പോയി ഹജ്ജ് കർമങ്ങൾക്ക് പോലും സാക്ഷിയായവരാണത്രെ. ഈ യാത്രകളിൽ തന്നെ ചുറ്റുമുള്ള അറേബ്യൻ ജീവിതശൈലിയും ഭൂമി ഘടനയും ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം അവർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ഇത്രയധികം ചരിത്ര പ്രാധാന്യം പുസ്തകത്തിനുണ്ടെങ്കിൽ കൂടി, ഒന്നാം ലോക മഹായുദ്ധ കാലത്ത് ഈജിപ്തിലെ ബ്രിട്ടീഷ് ഹൈകമ്മീഷണറുടെ പ്രതിനിധിയായിരുന്ന ഗ്രന്ഥകർത്താവ് ഡേവിഡ് ഹോഗാർതിന്റെ പക്ഷം വായനക്കാർ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അതേ സമയം അറബ് വിപ്ലവം എന്ന പേരിൽ, അറബ് ഭൂപ്രദേശങ്ങളിലേക്ക് മാർച്ച് ചെയ്ത ടർക്കിഷ്-ജർമൻ സംഘടിത ശക്തിക്ക് തടയിടാൻ, 1916 ൽ ഷരീഫ് ഹുസൈൻ നടത്തിയ വിപ്ലവത്തിന്റെ ആസൂത്രകരിൽ ഒരാളും ഇദ്ദേഹം തന്നെയായിരുന്നു. അതുപോലെതന്നെ 1917 ലെ ബാൾഫർ പ്രഖ്യാപനം മുതൽ ആരംഭിച്ച ഈ കാലത്തെ രക്തകലുഷിതമായ ഏറ്റവും വലിയ അറബ് സംഘട്ടനം, ഫലസ്തീൻ വിവാദത്തിലും അദ്ദേഹത്തിന് ശരിയല്ലാത്ത പക്ഷമാണ് ഉള്ളത്.
വിവർത്തകൻ തന്നെ ഹോഗാർതിന്റെ ഈയൊരു പെരുമാറ്റത്തെ വഞ്ചനയെന്നും കാപട്യമെന്നുമൊക്കെ വിശേഷിപ്പിക്കുന്നുമുണ്ട്. കാരണം ബാൾഫർ പ്രഖ്യാപനം പ്രസിദ്ധീകരിക്കപ്പെട്ടയുടനെതന്നെ ഈ പ്രസ്താവനയുടെ യാഥാർഥ്യമെന്തെന്ന് കൈറോയിലെ അറബ് എംബസിയോട് ഷെരീഫ് ഹുസൈൻ ആവശ്യപ്പെട്ടിരുന്നു. അപ്പോൾ ഹിജാസിലേക്ക് ഹോഗാർതിന്റ കീഴിൽ തന്നെ ഒരു പ്രധിനിധി സംഘം പുറപ്പെടുകയും ചെയ്തിരുന്നു.
പിന്നീട് ഹോഗാർത്തിന് തന്റെ രാഷ്രീയ പാടവം കൊണ്ട് അദ്ദേഹത്തെ വശീകരിച്ച് തൃപ്തിപ്പെടുത്താനും സാധിച്ചുവന്നതാണ് ചരിത്രം. ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം ഒരിക്കലും അവിടത്തെ അറബ് പൗരന്മാരുടെ രാഷ്ട്രീയ സാമ്പത്തിക സ്വാതന്ത്രത്തിന് വിലങ്ങുതടിയാകില്ലെന്നും അദ്ദേഹം ഹുസൈന് വാക്ക് കൊടുത്തിരുന്നു. ഇതിന്റെ ഫലമായി വിപ്ലവകാരികളോട് ശാന്തരാവാൻ ഹുസൈൻ ആജ്ഞാപിച്ചു. ലോക ചരിത്രത്തിൽ തന്നെ ഇതിനോളം വലിയ മറ്റൊരു വഞ്ചനയില്ലെന്ന് പുസ്തകത്തിന്റെ വിവർത്തകൻ ഊന്നിപ്പറയുന്നുണ്ട്.
സിദ്ഖ് അൽഇദ്രീസി
മറ്റൊരു സഞ്ചാരിയായ ഇദ്രീസിയുടെ ഗ്രന്ഥങ്ങൾ നേരത്തെ തന്നെ കൂടുതലായി വിവർത്തനം ചെയ്യപ്പെട്ടിരുന്നു, മക്കയെക്കുറിച്ച് പാശ്ചാത്യർ കൂടുതൽ വായിച്ചറിഞ്ഞതും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ നിന്നാണെന്നു പറയാം. പിന്നീട് വന്ന പാശ്ചാത്യൻ സഞ്ചാരികൾ ചേർത്തുവെച്ചതിൽ കാലാനുസൃതമായി മക്കയിൽ വന്ന ചില മാറ്റങ്ങളൊഴിച്ചാൽ അദ്ദേഹം എഴുതിവെച്ച വരികൾക്ക് ശരി വെക്കുക മാത്രമാണ് ചെയ്തിട്ടുണ്ടാവുക.
ഇറ്റാലിയൻ സഞ്ചാരിയായ ഡി വാർത്തിമ 1503 ലേ മക്കാ നഗരിയെ കുറിച്ച് എഴുതിയത് ശ്രദ്ധേയമാണ്,
“മക്കയൊരു ചുറ്റു മതിലുകളില്ലാത്ത അധിനിവേശ യോഗ്യമായ ദേശമാണെന്നും മുപ്പതിനായിരം വരുന്ന ജനസംഖ്യ മാത്രമുള്ള ഇവിടം വലിയൊരു കച്ചവട പ്രദേശമാണെന്നുമാണ്.
അന്നത്തെ ബദവികളെ കുറിച്ച് അദ്ദേഹം പറയുന്നത്; “അവർ നീണ്ട കറുത്ത മുടിക്കെട്ടുകളുള്ളവരും പരുത്ത ശബ്ദമുള്ളവരും ഓരോരുത്തരും സ്വന്തമായി ഒരു നീണ്ട് കൂർത്ത കുന്തം കയ്യിൽ കരുതുന്നവരും ജീനി ധരിപ്പിക്കാതെ തന്നെ കുതിരമേൽ യാത്ര ചെയ്യുന്നവരുമായിരുന്നു എന്നാണ്.” മദീന അന്നാണെങ്കിൽ വരണ്ടുണങ്ങിയ ചെറിയൊരു മരുഭൂ പ്രദേശം മാത്രമായിരുന്നുവത്രെ.
1762 ൽ ജിദ്ദയിൽ വന്നിറങ്ങിയ "കാസ്റ്റിൻ നീബർ" (Carsten Niebuhr) എന്ന ജർമ്മൻ സഞ്ചാരി ഡി വാർത്തിമ വിവരിച്ചതിൽ അധികമായി ഒന്നും പറഞ്ഞിട്ടില്ലയെങ്കിലും ഡി വാർത്തിമ പറഞ്ഞ ഖൈബറിലെ ചില പ്രാകൃത ജൂത നിവാസികളെ കുറിച്ചുള്ള ഇല്ലാകഥ അദ്ദേഹവും ആവർത്തിക്കുന്നത് കാണാം. ഹജ്ജ്കർമങ്ങളിൽ എല്ലാം പങ്കെടുക്കാറുള്ള ഈ ജൂതർ, ഹർബ്, അനസ ഗോത്രങ്ങളിലെ അറബികൾ മാത്രമാണെന്ന് ചില മുസ്‍ലിം വിദഗ്ധർ ഇദ്ദേഹത്തിന് പറഞ്ഞു കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം അത് അറിയാത്ത പോലെ നടിക്കുകയായിരുന്നു.
കിഴക്കിലേക്കുള്ള നപ്പോളിയന്റെ പദ്ധതികൾ തുടങ്ങിയതിന് ശേഷവും ഈജിപ്തിലേക്കും സിറിയയിലേക്കുമുള്ള അദ്ദേഹത്തിന്റെ മുന്നേറ്റങ്ങൾ വൃഥാവിൽ ആയി പോയതിന് ശേഷവും ഉള്ള ചുറ്റുപാടുകളാണ് ഇവിടെ ശ്രദ്ദേയം. പ്രത്യേകിച്ചും മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ പ്രചാരണ പ്രവർത്തങ്ങൾക്ക് ശേഷവും മുഹമ്മദ് ബിൻ സഊദുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ടിന് ശേഷവുമാണ്. അതോട് കൂടിയാണ് ഇസ്‌ലാഹീ മൂവ്മെന്റുകൾ അതിന്റെ പിങ്കാമികളുടെ ആധിക്യത്തോട് കൂടെ ആത്മീയമായും, ഇബ്നു സഊദിന്റെ വിജയത്തോട് കൂടെ ഭൗതികമായും, കൂടുതൽ വ്യാപിച്ചത് തന്നെയും.
ഭീതിജനകമായ വല്ല ചുറ്റുപാടുകളും ഉണ്ടെങ്കിലല്ലാതെ മുസ്‍ലിംകൾ മറ്റു മതസ്ഥരെ ഉപദ്രവിക്കാറില്ലെന്നും ഇപ്പോൾ ജീവിക്കുന്ന പിൻഗാമികൾ പറയുന്ന വിശ്വാസത്തിനേക്കാൾ ലളിതമാണ് മുഹമ്മദ് നബി പറഞ്ഞിരുന്ന വിശ്വാസമെന്നും, ഇപ്പോൾ വ്യാപകമായി മഹത്വവൽക്കരിക്കപ്പെടുന്ന വ്യക്തിത്വങ്ങൾക്ക് നല്കപ്പെടുന്ന ദിവ്യതയോളം പോന്ന ബഹുമാനം ഇസ്‍ലാമിന്റെ സ്ഥാപിത മൂല്യങ്ങളിൽ പെട്ടതല്ല എന്നും നൈബർ നിരീക്ഷിക്കുന്നുണ്ട്.
അലി ബെക് അബ്ബാസി
മക്കയിൽ വന്ന പാശ്ചാത്യൻ സഞ്ചാരികളിൽ ഏറെ പ്രസിദ്ധനാണ് അലി ബെക് അബ്ബാസി. കുറച്ചു സഹായികളും ഏതാനും പഠന ഉപകരണങ്ങളുമായി നിരീക്ഷണ പഠനം എന്ന ബാഹ്യ ലക്ഷ്യത്തിലാണ് അവർ അറേബ്യയിൽ വന്നു ചേരുന്നത്. അറബി ഭാഷ കൈകാര്യം ചെയ്യാൻ അതിവിദഗ്ധനായിരുന്ന അദ്ദേഹം ജിയോളജിയിലും സസ്യശാസ്ത്രത്തിലും നിപുണനായിരുന്നു. സ്പാനിഷ് വംശജനായ ഇയാളുടെ യഥാർത്ഥ പേര് "ഡോമിങ്ങോ ബാഡിയ ലെബ്ലേഷ്" എന്നാണ്. മറ്റു ചില ചരിത്ര സോഴ്സുകളിൽ ആളൊരു ജൂതനും നപ്പോളിയൻ ബൊണാപാർട്ടിന്റെ ചാരനുമാണെന്ന സൂചനകളും കാണുന്നുണ്ട്.
1806 ലെ നജ്ദിലെ ഹജ്ജ് സംഘങ്ങളിലെ ഹജറുൽ അസ്‍വദിനായുള്ള തിക്കും തിരക്കും ഹാജിമാരുടെ മല്പിടുത്തവും കണ്ട് കൊണ്ട് മുസ്‍ലിംകളെ അദ്ദേഹം ഇങ്ങനെ വിശേഷിപ്പിച്ചത് കാണാം: "ശത്രുക്കളുടേതല്ലാതെ മറ്റൊരാളുടെയും സമ്പത്ത് മുസ്‍ലിംകൾ ഒരിക്കലും അപഹാരിക്കാറോ കൊള്ള നടത്താറോ ഇല്ല. ഇടപാടുകളിൽ ചരക്കിന്റെയും സേവനങ്ങളുടെയും മൂല്യം മതിച്ചു നൽകുന്ന പ്രകൃതക്കാരുമാണ് അവർ."
ഇദ്ദേഹത്തിന്റെ പ്രച്ഛന്നതയുടെ മികവ് കൊണ്ടായിരിക്കാം പരിശുദ്ധ കഅബ ശുചീകരണ കർമങ്ങളിൽ പോലും ഇദ്ദേഹം പങ്കെടുത്തുവത്രേ. ആസ്ട്രോളജിക്കൽ നിരീക്ഷണങ്ങളിലൂടെ ആദ്യമായി കഅബയുടെ സ്ഥാനം നിർണയിച്ചതും ഇദ്ദേഹം തന്നെ. ഇത് കഴിഞ്ഞ് മൂന്നു വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു സഞ്ചാരി മക്കയിലെത്തുന്നത്, മുസ്‍ലിം പുണ്യ ഭൂമികകളിലൂടെ ഒരു ദർവീശിനെ പോലെ അലഞ്ഞു തിരയുകയായിരുന്നു അയാൾ. അയാളുടെ പേരാണ് "ഓൾറെഷ് ജെസ്പർ സിറ്റ്സൻ" (Ulrich Jasper Seetzen). യൂറോപ്പിലെ പ്രഗത്ഭരായ സസ്യ ശാസ്ത്രജ്ഞരിൽ ഒരാളാണിയാൾ. അറബി ഭാഷ അറിയുന്നവനും റഷ്യൻ ഡിപ്ലോമാറ്റിക് സർവീസിൽ ഉദ്യോഗസ്ഥനും കൂടിയായിരുന്നു അയാൾ. "അൽഹാജ്ജ് മൂസ തബീബ്" എന്ന പേര് സ്വീകരിച്ചു ഹജ്ജ് ചെയ്യുകയും സ്വൻആ, ഏദൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. പക്ഷെ തഅസ് പ്രവിശ്യയിൽ വെച്ച് അദ്ദേഹം പിന്നീട് കൊല്ലപ്പെട്ടുവത്രേ.
Read More:ഹാജിമാര്‍ക്കൊപ്പം 04-സബീനപ്പാട്ടുകളിലെ ഹജ്ജോർമകൾ
ഹിജാസിൽ ആലു സഊദിന്റെയും വഹാബികളുടെയും ശക്തിയും സ്വാധീനവും വര്‍ദ്ധിച്ചതിന്റെ അപകടം മനസ്സിലാക്കിയ ഒട്ടോമൻ ഖലീഫ ഈജിപ്ത്തിലെ ഓട്ടോമൻ ഗവർണർ മുഹമ്മദ് അലി പാഷയോട് ഈ കാര്യം പല കുറി ഉണർത്തിയിരുന്നുവെങ്കിലും അദ്ദേഹം ആദ്യം അത് ഗൗരവത്തിൽ എടുത്തിരുന്നില്ല. ഒടുവിൽ 1811-ൽ മകൻ തോസോൻ പാഷയുടെ നേതൃത്തത്തിൽ ഒരു പ്രധിനിധി സംഘത്തെ അദ്ദേഹം നിർബന്ധത്തിന് വഴങ്ങി അയച്ചു. ഈജിപ്ഷ്യൻ ഇടപെടലുകൾ യൂറോപ്പിന് അറേബ്യൻ ഉപഭൂഘണ്ടത്തെ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ കൂടുതൽ പരിചയപ്പെടുത്തിക്കൊടുത്തുവെന്ന് മേൽപ്പറഞ്ഞ ഹോഗാർത് വിവരിക്കുന്നുണ്ട്.
ഈ പതിറ്റാണ്ടിൽ തന്നെ പത്തോളം പശ്ചാത്യർ പരസ്യമായും അല്ലാതെയും തന്റെ മതം ഉപേക്ഷിച്ചും ഇസ്‍ലാം മതം സ്വീകരിച്ചും പൗരസ്ത്യരായി എന്നതും വസ്തുതയാണ്. അതിൽ പെട്ട ഒരാളാണ് സ്കോട്ടിഷ് സൈന്യത്തിന്റെ സെവേന്റി ടു റെജിമെന്റ് ലെ സൈനികനായിരുന്ന "തോമസ് കേത്" (Thomas Keith). ഇയാൾ തന്റെ ജീവിതത്തിൽ ഒരുകാലത്ത് ഒരു സ്കോട്ടിഷ് പൗരന് നേടിയെടുക്കാൻ പറ്റിയ ഏറ്റവും പ്രഗത്ഭ സ്ഥാനങ്ങൾ കൈവരിച്ചിരുന്ന വ്യക്തിയായിരുന്നു. 1815 ൽ ഹ്രസ്വമായ കാലം അദ്ദേഹം മദീനയുടെ ഗവർണർ പദവിയും വഹിച്ചു. (ഗവർണർ ആയിരിക്കെ തന്നെ ഇതേ വർഷമാണ് ഒരു വഹാബി ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെടുന്നത്)
സ്വന്തം എഴുത്തും വിവരണങ്ങളും മാത്രമായി പൂർണ്ണമായി ഹോഗാർത് പറയുന്നത് പ്രകാരം ഒരാളുടേത് മാത്രമാണ് ലഭ്യമായത്. ജ്യോവാന്നി വന്നാറ്റി എൽഫെരാരി എന്നായിരുന്നു അദ്ദേഹത്തിൻറെ നാമം. ഫ്രഞ്ച് സൈന്യത്തിൽ പടയാളിയായിരുന്ന അയാൾ പിന്നീട് അതെല്ലാം ഉപേക്ഷിച്ചു ടർക്കിഷ് സൈന്യത്തിൽ ചേർന്നു, മുഹമ്മദലി പാഷയുടെ രണ്ടാമത്തെ മകൻ തോസോൻ പാഷയുടെ സേവനത്തിലായി ജീവിതത്തിൻറെ സിംഹഭാഗവും മക്കയിൽ അയാൾ കഴിച്ചുകൂട്ടി.
വിശദമായ എഴുത്തുകൾ
മക്ക കണ്ട വ്യാജ ഹാജിമാരിൽ ഏറ്റവും പ്രശസ്തനാണ് സ്വിറ്റ്സർലൻഡുകാരനായ ജോഹാൻ ലുദ്‌വിഗ് ബർകാർത് (Johann Ludwig Burckhardt). മതം മാറി മുസ്‍ലിമായ ഇംഗ്ലീഷ്കാരനായി മുഹമ്മദ് അലി പാഷക്ക് ഇയാളെ നല്ല പരിചയമായിരുന്നു. ജോർദാനിലെ വിഖ്യാത പെട്രാ (Petra) നഗരം കണ്ടെത്തിയതും ഇദ്ദേഹം തന്നെയാണ്. വാദീ അറാബയുടെ കിഴക്കൻ തീരത്തുള്ള ഒരു തടത്തിൽ സ്ഥിതി ചെയ്തിരുന്ന, പഴയ അൻബാത്ത് ഭരണകൂടത്തിന്റെ തലസ്ഥാനമായ പുരാതന നഗരിയാണ് പെട്രാ.
"ഇബ്രാഹിം ബിൻ അബ്‌ദില്ലാഹ്" എന്ന പേരിൽ വേഷ പ്രച്ഛന്നനായാണ് ജിദ്ദ പട്ടണത്തിൽ ബർകാർത് വന്നിറങ്ങുന്നത്. മക്കയിൽ താനനുഭവിച്ച മനശ്ശാന്തിയും സമാധാനവും മുമ്പൊന്നും മറ്റെവിടെയും താൻ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലെന്ന് അദ്ദേഹം അംഗീകരിക്കുന്നുണ്ട്. മക്ക, ജിദ്ദ പട്ടണങ്ങളെ കുറിച്ച് വിശദമായി തന്നെ അദ്ദേഹം വിശേഷിപ്പിക്കുന്നുണ്ട്.
മക്കയിൽ നിന്ന് താഇഫിലേക്കാണ് അദ്ദേഹം നേരിട്ട് പോയത്. കഅബയുടെ നാലിൽ ഒരു റുക്‌നിലൂടെ അദ്ദേഹം നടന്നു. ജബലു ഖൂറയിലൂടെയും അദ്ദേഹം സഞ്ചരിച്ചു. മുഹമ്മദ് അലിയുമായുള്ള ബന്ധങ്ങൾ ദൃഢമായതിന് ശേഷം മദീനയിലേക്ക് വിശ്വാസിയുടെ വേഷm ത്തിൽ മടങ്ങി വരുകയും ഹജ്ജിന്നുള്ള പുതിയ ഖാഫിലക്കൂട്ടങ്ങളെ കാത്തിരിക്കുകയും പിന്നീട് വിശ്വാസികളോടൊപ്പം നവംബർ, ഡിസംബർ മാസങ്ങളിൽ ഹജ്ജ് കർമം പൂർത്തീകരിക്കുകയും ചെയ്തു. പിന്നീട് തന്റെ കൂടെയുണ്ടായിരുന്ന ഒട്ടകക്കാർ ഓടിപ്പോയത് കാരണത്താൽ മക്ക വിട്ട് സിറിയൻ സംഘത്തോടൊപ്പം മടങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പകരം 1815ല്‍ മദീനയിലേക്കുള്ള കടൽതീര പാതയിലൂടെ പോകുന്ന ഒരു ചെറുസംഘത്തിനൊപ്പം ചേർന്ന് മദീന ലക്ഷ്യം വെച്ച് യാത്രയായി. ശേഷം നബി (സ്വ) യുടെ ഖബറും അദ്ദേഹം സന്ദർശിച്ചു.
ഹജ്ജിന്റെ വേളയിൽ താൻ ദർശിച്ച രംഗങ്ങൾ സസൂക്ഷ്മം വിവരിക്കുന്നുണ്ട് ബർകാർത്. അറഫയുടെയും ഖുതുബയുടെയും ജംറകളുടെയും മിനായിലെയും നിമിഷങ്ങളെ അയാൾ ഇങ്ങനെ വിവരിക്കുന്നു:
“അറഫാ പ്രഭാഷണത്തിനിടെ അവിടെയെങ്ങും വിശ്വാസികൾ നെഞ്ചത്തടിച്ചു വാവിട്ട് കരയുന്നുണ്ടായിരുന്നു. രക്ഷിതാവായ അല്ലാഹുവിന്റെ സമക്ഷം തങ്ങൾ ചെയ്ത തെറ്റുകൾക്ക് കുമ്പസരിക്കുകയാണ് അവർ. മറ്റു ചിലർ നിശബ്ദരായി നിന്ന നിൽപ്പിൽ ശാന്തമായി കണ്ണുകൾ ഈറനണിയിക്കുകയായിരുന്നു. ഇതേ സമയം ധാരാളം ഹിജാസികളും മറ്റു ചില തുർക് സൈനികരും കളിയിലും ചിരിയിലുമാണ് ചിലർ, തങ്ങളുടെ ഇഹ്റാം വസ്ത്രം ചുഴറ്റിയിരിപ്പാണ്. അങ്ങ് പിന്നിൽ ദൂരെ ഒരു കുന്നിന് പിന്നിൽ കുറച്ചു അറബ് സൈനികർ ഹുക്കയും വലിച്ചിരിക്കുന്നതായും കാണാം. അടുത്തൊരു ഖാഫിലയിൽ ഒരു സ്ത്രീ കഹ്‌വ വിൽക്കുന്നുണ്ടായിരുന്നു. അതിനായി ചുറ്റും തടിച്ചു കൂടിയ സന്ദർശകർ പൊട്ടിച്ചിരിച്ചും ശബ്ദിച്ചും തീർത്ഥാടകർക്ക് അസ്വാരസ്യം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.”
ഏഷ്യ ആഫ്രിക്ക ഉപഭൂഖണ്ഡങ്ങളിൽ നടത്തിയ അശാന്ത ശ്രമങ്ങൾ അറേബ്യൻ ഉപഭൂഖണ്ഡത്തിലും പശ്ചാത്യർ നടത്തിയിട്ടുണ്ട് എന്നതാണ് ചരിത്രസത്യം. മറുദേശങ്ങളുടെ ചരിത്രവും ഭൂമിയും സ്വഭാവവും സംസ്കാരവും അവിടുത്തെ സാമ്പത്തിക കച്ചവട ഇടനാഴികകളും മറ്റും പഠിച്ചു മനസ്സിലാക്കാൻ അവർ ആവത് ശ്രമങ്ങൾ നടത്തിയിട്ടുമുണ്ട്. യൂറോപ്പിന്റെ അത്യന്തിക ലക്ഷ്യമായ അധിനിവേശ നീരാളിപ്പിടുത്തത്തിന്റെ ചുവന്ന കൈകളാണിതെല്ലാം എന്നത് സുതരാം വ്യക്തമാണ്.



Leave A Comment