ഹാജിമാര്‍ക്കൊപ്പം...07-മിനാ വീണ്ടും ജന നിബിഢമാവുകയാണ്
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും ലബ്ബൈകയുടെ മന്ത്രധ്വനികള്‍ മുഴക്കി വിശ്വാസികള്‍ ഒറ്റയായും കൂട്ടമായും നടന്നും വാഹനപ്പുറത്തും എത്തിക്കൊണ്ടേയിരിക്കുന്നു. മക്കയിലും മദീനയിലുമെല്ലാം ആ സന്തോഷം പ്രകടമാണ്. എങ്ങും അല്ലാഹുവിന്റെ അതിഥികളെ സ്വാഗതം ചെയ്യുന്ന ബാനറുകൾ... റോഡുകളും വഴികളുമെല്ലാം പ്രത്യേകം അലങ്കരിച്ചിരിക്കുന്നു. എങ്ങും യാ ഹാജ് യാ ഹാജ് എന്ന സൗമ്യമായ വിളികള്‍...
മാനവികതയുടെ ഏറ്റവും വലിയ സംഗമത്തിന് മക്കയും അറേബ്യയും വീണ്ടും സാക്ഷിയാവുകയാണ്. കറുത്തവരെന്നോ വെളുത്തവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഏകനായ സ്രഷ്ടാവിന്റെ ഒന്നുമില്ലാത്ത അടിമകളായി തീരുകയാണ് ഇവിടെ. എല്ലാവര്‍ക്കും ഒരേ വസ്ത്രം... ഉറങ്ങുന്നതും ഉണരുന്നതും ഒരേ പോലെ സംവിധാനിച്ച കൊച്ചു കൊച്ചു തമ്പുകളില്‍... എല്ലാവരുടെയും ചുണ്ടുകള്‍ ഉരുവിടുന്നത് ഒരേ മന്ത്രം... എല്ലാവരുടെയും മനസ്സുകളും കേന്ദ്രീകരിച്ചിരിക്കുന്നത് അല്ലാഹുവെന്ന ഒരേ ബിന്ദുവില്‍ തന്നെ. മാൽക്കം എക്സ് പറയുന്നതു പോലെ അവരെല്ലാം ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നു, ഒരു ഗ്ലാസിൽ നിന്ന് കുടിക്കുന്നു, ഒരേ കിടക്കയിൽ കിടക്കുന്നു, അവരെല്ലാം ഒരു ദൈവത്തെ ആരാധിക്കുന്നു. ഒരേ വസ്ത്രം ധരിക്കുന്നു. പുരുഷന്മാര്‍ക്ക് ഉടുക്കാന്‍ ഒരു തുണിയും പുതക്കാന്‍ ഒരു മേല്‍മുണ്ടും. അതാണ് ഇഹ്റാമിന്റെ വസ്ത്രം. അതിലധികം ആര്‍ക്കും അനുവദനീയമല്ല. സാമൂഹിക പദവിയോ സമ്പന്നതയോ ദാരിദ്ര്യമോ ദേശമോ ഭാഷയോ ജാതിയോ ഗോത്രമോ ഒന്നും തന്നെ പ്രകടമാവാത്ത വളരെ ലളിതമായ വസ്ത്രരീതി. സ്ത്രീകള്‍ മുഖവും കൈകളുമൊഴിച്ച് ബാക്കിയെല്ലാം മറയുന്ന വസ്ത്രമാണ് ധരിക്കുന്നത്. സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നതോ നഖം മുറിക്കുന്നതോ മുടിയോ താടിരോമങ്ങളോ വെട്ടിമാറ്റുന്നതോ പിന്നെ അനുവദനീയമല്ല. എല്ലാവരെയും തുല്യരായി മാറുന്ന ദിനങ്ങള്‍.
ഇഹ്റാം ചെയ്ത് എത്തുന്നവര്‍ കഅബയുടെ അടുത്തെത്തി അതിന് ചുറ്റും ഏഴ് തവണ ത്വവാഫ് ചെയ്ത് ഇന്നലെയും ഇന്നുമായി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. ഇനിയുള്ള ദിനങ്ങളിലോരോന്നിലും പ്രത്യേകം കര്‍മ്മങ്ങളാണ് എല്ലാവര്‍ക്കും ചെയ്യാനുള്ളത്.
ഹാജിമാരെല്ലാം ഇന്നുള്ളത് മിനായിലാണ്. ഇന്നലെ രാത്രിയോടെ അവിടെയെത്തിയതാണ് അവര്‍. ഇപ്പോഴും വരവ് തുടരുന്നുമുണ്ട്. ആഗ്രഹം, ലക്ഷ്യം എന്നെല്ലാം അര്‍ത്ഥം പറയാം മിനാ എന്ന വാക്കിന്. ഹജ്ജിലൂടെ ലഭ്യമാവുന്നത് ഏറ്റവും വലിയ ആഗ്രഹമാണ് എന്നതിന്റെ സൂചനയാവാം ഈ സ്ഥലത്തിന് ഇങ്ങനെ പേര് വെച്ചത്. അതോടൊപ്പം വിശ്വാസിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം പരലോക മോക്ഷവും അവിടെ വെച്ച് സൃഷ്ടിച്ച നാഥനെ കണ്ട് മുട്ടുന്നതുമാണല്ലോ. അത് സാക്ഷാല്‍ക്കരിക്കാനുള്ള ഇടം കൂടിയാണ് മിന. ഇവിടെ വെച്ച് ഇനി മുതല്‍ ശീലിക്കുന്ന സമത്വപൂര്‍ണ്ണവും അതിലളിതവുമായ ഈ ജീവിത രീതി ശിഷ്ട ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെ ആ ലക്ഷ്യം നേടാനാവുമെന്നത് തീര്‍ച്ച. പിശാചിനെ തുരത്തി, എല്ലാ അസമത്വങ്ങളെയും ഉഛാടനം ചെയ്ത് അല്ലാഹുവിലേക്ക് സമര്‍പ്പിതമാവാനുള്ള പരിശീലനമാണ് മിന നല്കുന്നത്. വരുന്ന ഏതാനും ദിവസങ്ങളിലേക്കാവശ്യമായതെല്ലാം കൈയ്യില്‍ കരുതി ഇവിടെ എത്തുന്ന ഹാജിമാര്‍ ഓര്‍മ്മിപ്പിക്കുന്നത്, പാരത്രിക ജീവിതത്തിലേക്ക് ആവശ്യമായതെല്ലാം സമാഹരിച്ച് ഖബ്റിലേക്ക് വരുന്ന രംഗത്തെയാണ്.
മിനയുടെ തമ്പുകളെ ഒരു വിഹഗവീക്ഷണം കൂടി നമുക്ക് നടത്താം. തുരുതുരെ മുളച്ച് പൊന്തിയ കൂണുകള്‍ പോലെ കിലോമീറ്ററുകളോളം പരന്ന് കിടക്കുകയാണ് അവ. ഇടക്കിടെ ആളുകള്‍ക്ക് നടന്നുനീങ്ങാനായി സംവിധാനിച്ച റോഡുകള്‍. എല്ലായിടത്തും കേള്‍ക്കാനാവുന്നത് ഏകദേശം ഒരേ ശബ്ദം തന്നെ. തല്‍ബിയതിന്റെ മന്ത്രങ്ങള്‍... ഖുര്‍ആന്‍ പാരായണത്തിന്റെ മധുരധ്വനികള്‍... ദുആകളുടെയും ദിക്റുകളുടെയും അടക്കിപ്പിടിച്ച നാദതന്ത്രികള്‍... ആ വിശാലമായ ഭൂമികയില്‍നിന്ന് ഓരോ നിമിഷവും വാനലോകത്തേക്ക് ഉയരുന്നത് സുകൃതങ്ങളുടെ അണമുറിയാത്ത വീചികളാണ്... അതാണ് മിനാ... നാഥാ, ഞങ്ങളെയും നീ വീണ്ടും വീണ്ടും അവിടെ എത്തിക്കേണമേ... ആ ജനസാഗരത്തില്‍ ഒരു ബിന്ദുവായി ഞങ്ങളെയും ചേര്‍ക്കേണമേ...



Leave A Comment