മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുവത്കരണവുമായി ഹരിയാനയിലെ ഒരു ഗ്രാമം.

 

മുസ്‌ലിം സമുദായത്തിനെതിരെ ഹിന്ദു വത്കരണ ഉത്തരവിറക്കി  ഹരിയാനയിലെ ഒരു ഗ്രാമം.
ഹിന്ദുപേര് സ്വീകരിക്കുക, തുറസ്സായ സ്ഥലത്ത് നമസ്‌കരിക്കാതിരിക്കുക, മതചിഹ്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക, പ്രദേശവാസികളായ മുസ്‌ലിംകളോട് പഞ്ചായത്തിന്റെ ഉപദേശമാണിത്. ഹരിയാനയിലെ റോഹ്തക് ജില്ലയിലെ, മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ തിതോലിയിലെ പഞ്ചായത്ത് അധികാരികളാണ് ജനങ്ങള്‍ക്ക് ഇങ്ങനെയൊരു ഉപദേശം നല്‍കിയത്.

ആഗസ്റ്റ് 22 ന് പശുക്കുട്ടിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് തിതോലി ഗ്രാമത്തിലെ ഒരു മുസ്‌ലിം വീടിന് നേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൂടിയ ആലോചനയോഗത്തിലാണ് ആക്രമണം ഒഴിവാക്കാന്‍ പ്രദേശത്തെ മുസ്‌ലിംകള്‍ക്ക് തന്നെ ഈ അര്‍ത്ഥത്തില്‍ ഉപദേശം നല്‍കിയത്. പ്രദേശത്തെ പൊലീസുകാരും എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകളും മീറ്റിംഗിനെത്തിയിരുന്നു.

പ്രദേശത്തെ സമാധാനം നിലനിര്‍ത്താന്‍ മുസ്‌ലിംകള്‍ ഹിന്ദു പേര് സ്വീകരിക്കണമെന്നും തുറസ്സായ സ്ഥലങ്ങളില്‍ നമസ്‌കാരം നിര്‍വഹിക്കരുതെന്നും മാത്രമല്ല, മതചിഹ്നങ്ങളായ ശിരോവസ്ത്രം ധരിക്കുന്നതും, താടി നീട്ടിവളര്‍ത്തുന്നതും ഒഴിവാക്കണമെന്നും മുസ്‌ലിംകളെ ഉപദേശിക്കാനാണ് യോഗത്തില്‍ തീരുമാനമായത്. ഗ്രാമത്തിന്റെ മധ്യത്തിലായി ഒരു ഏക്കറോളം വരുന്ന വഖഫ് ബോര്‍ഡിന്റെ സ്ഥലം പഞ്ചായത്ത് ഏറ്റെടുക്കുമെന്നും പകരം ഗ്രാമത്തിന് പുറത്ത് മുസ്‌ലിംകളുടെ ഖബറിടത്തിന് സ്ഥലം നല്‍കുമെന്നും യോഗത്തില്‍ തീരുമാനമായി.

വര്‍ഷങ്ങളായി ഹിന്ദുക്കളും മുസ്‌ലിംകളും രമ്യതയില്‍ കഴിയുന്ന പ്രദേശമാണ് തിതോലി. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചില നോട്ടീസുകള്‍ പ്രചരിച്ചതാണ് പ്രദേശത്തെ സമാധാനം തകര്‍ത്തതെന്ന് ഇവിടത്തുകാര്‍ പറയുന്നു.

പ്രദേശത്തെ സമാധാനം നിലനിര്‍ത്താന്‍ പഞ്ചായത്തിന്റെ തീരുമാനം തങ്ങള്‍ അംഗീകരിച്ചുവെന്ന് പ്രാദേശിക മുസ്‌ലിം നേതാവായ രജ്ബിര്‍ പറയുന്നു. തങ്ങള്‍ ഹിന്ദുപേര് സ്വീകരിക്കാന്‍ തയ്യാറാണെന്നും താടിയും തൊപ്പിയും ഉപേക്ഷിക്കാന്‍ തയ്യാറെന്നും രജ്ബീര്‍ പറയുന്നു. ഗ്രാമത്തില്‍ പള്ളികളൊന്നുമില്ലെങ്കിലും, വെള്ളിയാഴ്ചകളിലും മറ്റ് വിശേഷദിവസങ്ങളിലും എട്ടോ പത്തോ കിലോമീറ്റര്‍ യാത്ര ചെയ്ത് നമസ്‌കാരത്തിനായി തങ്ങള്‍ ഗ്രാമത്തിന് പുറത്ത് പോകാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഗ്രാമത്തില്‍ ഗോശാല നിര്‍മ്മിക്കാനായി താന്‍ 11,000 രൂപ സംഭാവന ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഇത് ആദ്യമായല്ല, സംസ്ഥാനത്തെ മതസ്വാതന്ത്ര്യത്തിന് നേരെ കടന്നുകയറ്റമുണ്ടാകുന്നത്. കഴിഞ്ഞ മെയില്‍, നമസ്‌കാരം പള്ളികളില്‍ തന്നെ നിര്‍വഹിക്കണമെന്നും, പൊതുഇടങ്ങളില്‍ നമസ്‌കരിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉത്തരവിട്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter