നാമൊക്കെ എത്ര ഭാഗ്യവാന്മാരാണ്...

ഇന്നലെ ഗസ്സയിലെ ഒരു സഹോദരിയുടെ എഴുത്ത് ശ്രദ്ധയില്‍ പെട്ടു. അവരുടെ ഭര്‍ത്താവ് അവിടത്തെ ഒരു പത്രപ്രവര്‍ത്തകനായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, അധിനിവേശ ശക്തികളുടെ ഒരു അക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നു. അതിന് മുമ്പ് വര്‍ഷങ്ങളായിട്ട് വല്ലപ്പോഴുമേ അദ്ദേഹം വീട്ടിലേക്ക് വരാറുള്ളൂ. അധിക സമയവും ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരിക്കും.

പത്ര പ്രവര്‍ത്തനമാണ് ജോലി എന്നതിനാല്‍ തന്നെ അക്രമണങ്ങളും പ്രശ്നങ്ങളും നടക്കുന്ന ഭാഗങ്ങളിലായിരിക്കും എപ്പോഴും അദ്ദേഹത്തിന്റെ ജോലി.  ആ വേളകളില്‍ എന്താണ് അദ്ദേഹത്തിന്റെ അവസ്ഥയെന്ന് പോലും ദിവസങ്ങളോളം അറിയാറില്ല. ഓരോ ഭാഗങ്ങളില്‍ നടക്കുന്ന അക്രമണങ്ങളുടെ വാര്‍ത്ത വരുമ്പോഴും അതില്‍ തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടിരിക്കുമോ, അതോ അദ്ദേഹത്തിന് വല്ല പരുക്കും സംഭവിച്ചിരിക്കുമോ, ഇനി അധിനിവേശ ശക്തികളുടെ പിടിയിലകപ്പെട്ട് എവിടെയെങ്കിലും തടവിലാക്കപ്പെട്ടിരിക്കുമോ എന്നെല്ലാമുള്ള ആശങ്കകളോടെയാണ് വിവാഹ ജീവിതത്തിലെ അധികദിവസങ്ങളും അവര്‍ ചെലവഴിച്ചത്. അവസാനം, തന്നെ തനിച്ചാക്കി, എട്ടും പൊട്ടും തിരിയാത്ത തന്റെ നാല് മക്കളെയും അനാഥരാക്കി, അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നു.

എന്ത് ചെയ്യണമെന്നറിയാതെ, പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ മുന്നില്‍, അതിലുപരി സദാ അധിനിവേശ ശക്തികളുടെ വെടിമുഴക്കവും ബോംബൊച്ചകളും മാത്രമുള്ള ഗസ്സയില്‍ തന്റെ പിഞ്ചുകുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് പിടിച്ച് കരയുകയാണ്. എന്നാണാവോ ഞങ്ങള്‍ക്ക് ഇതില്‍ നിന്നൊരു മോചനമെന്നാണ് അവര്‍ ലോകത്തോട് ചോദിക്കുന്നത്.

ലോകത്തിന്റെ പല ഭാഗത്തും ഇത്തരം അനേകം ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് ദൈനംദിനം നമുക്ക് കാണാനാവുന്നത്. വിദേശ അധിനിവേശ ശക്തികളുടെ അക്രമണങ്ങളില്‍ പെട്ട് ഉഴലുന്നവര്‍, ആഭ്യന്തര കലാപങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍, ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ മക്കളുടെ കണ്ണീരുറ്റുന്ന കണ്ണുകളിലേക്ക് നോക്കി ഇരിക്കേണ്ടി വരുന്നവര്‍, അസുഖങ്ങളാലും മാറാ രോഗങ്ങളാലും പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍...

അവരെ കുറിച്ചെല്ലാം ആലോചിക്കുമ്പോഴാണ്, നാം എത്ര സൗഭാഗ്യത്തിലാണെന്ന് നമുക്ക് തിരിച്ചറിയാനാവുക. പ്രവാചകര്‍(സ്വ)യുടെ തിരുമൊഴിയില്‍ പറയുന്ന പോലെ, ആരോഗ്യത്തോടെ നിര്‍ഭയമായി തന്റെ കുടുംബത്തോടൊപ്പം താമസിക്കുകയും അന്നേ ദിവസത്തേക്ക് ആവശ്യമായ ഭക്ഷണം കൈയ്യിലുണ്ടാവുകയും ചെയ്താല്‍, അവന് ഈ ലോകം മുഴുവന്‍ ലഭ്യമായത് പോലെയാണ്.

അതെ, ഈ അളവ് കോല് വെച്ച് നോക്കുമ്പോള്‍, നാമൊക്കെ ലോകം മുഴുവന്‍ ഉടമപ്പെടുത്തിയവരാണ്. അല്ലാഹു നമുക്ക് നല്കിയ ഈ മഹത്തായ അനുഗ്രഹം തിരിച്ചറിഞ്ഞ് നാഥന് നന്ദി അര്‍പ്പിക്കുക, പ്രയാസമനുഭവിക്കുന്നവരെ ഇടക്കിടെ സ്മരിക്കുകയും വിശിഷ്യാ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുകയും ചെയ്യുക. എങ്കിലേ ഈ അനുഗ്രഹങ്ങള്‍ ശേഷിക്കൂ. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter