ഇബ്നു അത്വാഇല്ലാഹ് അസ്സികന്ദരിയും അല്‍ഹികമും
ചുരുങ്ങിയ വാക്കുകളിൽ അനേകം ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന സാഹിതീയ രൂപമാണ് ഹിക്മത്ത്. അത്തരം ഹിക്മത്തുകളുടെ പുസ്തകമായ അൽ ഹികമുൽ അത്വാഇയ്യയിലൂടെ സുപരിചിതനാണ് ഇബ്നു അത്വാഇല്ല സികന്ദരീ(റ). അകണ്ണുകൊണ്ട് അല്ലാഹുവിനെ ദർശിച്ച ജ്ഞാനിയും സൂഫികൾക്കിടയിൽ അൽആരിഫുബില്ലാഹ്, ഖുത്ബുൽ ആരിഫീൻ, തർജുമാനുൽ വാസ്വിലീൻ, മുർശിദുസ്സ്വാലികീന്‍, കവി എന്നീ നിലകളിലെല്ലാമാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഹി. 658 ൽ ഈജിപ്തിലെ അലക്സാണ്ട്രിയയിലായിരുന്നു ജനനം. ഇസ്മാഈൽ ബിൻ അൽഖാസിം ബിൻ സുവൈദ് അൽഅനാസി അബൂ ഇസ്ഹാഖ് എന്നാണ് പൂര്‍ണ്ണ നാമം. സന്യാസത്തെക്കുറിച്ചും സ്തുതികളെക്കുറിച്ചും തന്റെ കാലത്തെ മിക്ക കവിതകളെക്കുറിച്ചും സംസാരിക്കുന്നതിൽ അദ്ദേഹം മിടുക്കനായിരുന്നു.
ശരീഅത്തിന്റെയും ഹിക്മത്തിന്റെയും വിജ്ഞാനങ്ങളിൽ അഗ്രഗണ്യനായ അദ്ദേഹം ആദ്യകാലങ്ങളിൽ ശരീഅ വിജ്ഞാനത്തിൽ മാത്രമായിരുന്നു വ്യുൽപത്തി നേടിയിരുന്നത്. സൂഫികളെയും സൂഫി വിജ്ഞാനങ്ങളെയും നഖശിഖാന്തം എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യാദൃച്ഛികമായി ശാദുലി സരണിയുടെ പ്രധാന ഗുരു അബുൽഅബ്ബാസ് മുർസി(റ)നെ കണ്ടുമുട്ടുകയും ഹഖീഖത്തിന്റെ വഴിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ആത്മീയമായ പൊരുളുകളും ദിവ്യജ്ഞാനങ്ങളും ഉൾക്കൊള്ളുന്ന നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. അത്തൻവീർ ഫീ ഇസ്ഖാത്വി ആദ്ബീർ, തന്റെ ഗുരുവിനെപ്പറ്റി എഴുതിയ ലത്വാഇഫുൽ മിനൻ, ഉസ്വൂലുൽ മുഖദ്ദിമാത്തിൽ ഹുസ്വൂർ തുടങ്ങിയവ അവയിലെ പ്രധാനങ്ങളാണ്.
തന്റെ കൃതികളില്‍ ലോകപ്രശസ്തമായതാണ് അൽഹികമുൽഅത്വാഇയ്യ അലാ ലിസാനി അഹ്ലിത്ത്വരീഖ. നാല് ഭാഗങ്ങളിലായി 264 തത്ത്വങ്ങളും 4 കത്തുകളും സ്രഷ്ടാവിനോട് നടത്തുന്ന 34 സംഭാഷണങ്ങളുമാണ് ഇതിലുള്ളത്. ഇതിന്റെ ക്രോഡീകരണം പൂർത്തിയായതിനു ശേഷം ഇബ്നു അത്വാഇല്ല(റ) തന്റെ ഗുരുവിന് ഇത് കാണിച്ചു കൊടുക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞു: ഇമാം ഗസാലി(റ)യുടെ ഇഹ്‍യാഉലൂമിദ്ദീൻ എന്ന വിശ്രുത ഗ്രന്ഥത്തിന്റെ സത്തയാണ് ഇതിൽ പറഞ്ഞിരിക്കുന്നത് എന്ന്. കിതാബുൽ ഹികം എന്ന ഈ ലഘുഗ്രന്ഥം ചരിത്രത്തിലും വിശ്വാസികളിലും ചെലുത്തിയ സ്വാധീനം ചെറുതല്ല. അത് കൊണ്ട് തന്നെയാണ് പിൽകാലത്ത് വന്ന നൂറുകണക്കിന് പണ്ഡിതന്മാർ അതിനെ വ്യാഖ്യാനിച്ച് ധാരാളം ഗ്രന്ഥങ്ങൾ എഴുതിയതും.
അൽഫറാഅ് പറയുന്നു: അബുൽഅത്തഹിയ്യ (ഇബ്നുഅത്വാഇല്ലാഹി സികന്ദരി അറിയപ്പെട്ടിരുന്നത് ഈ പേരിലായിരുന്നു) ഈ കാലഘട്ടത്തിലെ ആളുകളിൽ ഏറ്റവും ആദരണീയനാണെന്ന് ഞാൻ വിശ്വസിക്കുന്നു. അബൂനവാസ് എന്നവര്‍ പറയുന്നു: "ഞാൻ അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ല, അദ്ദേഹം സ്വർഗ്ഗീയനാണെന്നും ഞാൻ ഭൗമികനാണെന്നുമാണ് എന്റെ വിശ്വാസം"
ഇബ്നു അൽഅഅ്റാബി പറയുന്നത് ഇങ്ങനെയാണ്: "സികന്ദരിയേക്കാൾ ഒരു വാക്യം ചൊല്ലാൻ കഴിവുള്ള ഒരു കവിയെയും ഞാൻ കണ്ടിട്ടില്ല.
ഇങ്ങനെ നിരവധി കവികൾ ഇബ്നു അത്വാഇല്ലായെ കുറിച്ച് പറയുന്നുണ്ട്. ഹിജ്റ 211, ജുമാദൽഉഖ്റാ 3ന്, ബഗ്ദാദിലായിരുന്നു അദ്ദേഹത്തിന്റെ വഫാത്.
അദ്ദേഹത്തിന്റെ ചില തത്ത്വങ്ങൾ നോക്കാം:
- തെറ്റുപറ്റുമ്പോൾ പ്രതീക്ഷ കുറയുന്നത് സൽകർമങ്ങളെ ആശ്രയിക്കുന്നതിന്റെ അടയാളമാണ്.
- വാഗ്ദത്തം ചെയ്യപ്പെട്ട കാര്യം നടന്നുകാണാത്തത് വാഗ്ദാനത്തില്‍ നിന്നെ സംശയിപ്പിക്കാതിരിക്കട്ടെ, കാരണം അത് നിന്റെ ഉൾകാഴ്ച കുറക്കുകയും ഉൾവെളിച്ചം കെടുത്തുകയും ചെയ്യും.
- ഹൃദയഭാവങ്ങൾ വ്യത്യസ്തമായത്കൊണ്ടാണ് കർമങ്ങൾ വ്യത്യസ്തമായത്.
- കർമങ്ങൾ വെറും രൂപങ്ങളാണ്. അതിന്റെ ആത്മാവ് ആത്മാർഥത എന്ന പൊരുളാണ്
- സൽകർമങ്ങളെ ഒഴിവുസമയത്തേക്ക് മാറ്റിവെക്കുന്നത് മൗഢ്യമാണ്.
- നീ പുറത്തുവിടുന്ന ഓരോ ശ്വാസത്തിലും അല്ലാഹു ചിലത് കണക്കാക്കിയിട്ടുണ്ട്. അവൻ അത് നടപ്പിലാക്കും.
- ഒരാളുടെ തുടക്കം നന്നായാൽ ഒടുക്കവും നന്നായി.
- ഹൃദയങ്ങൾക്കകത്ത് നിക്ഷേപിക്കപ്പെട്ടത് അവയവങ്ങളിൽ പ്രകടമാകും.
Leave A Comment