അല്‍ ഖവാറസ്മി അഥവാ അല്‍ ജിബ്രയുടെ പിതാവ്

അല്‍ജിബ്ര, അല്‍ഗോരിതം എന്ന രണ്ട് വാക്കുകള്‍ തന്നെ അല്‍ ഖവാറസ്മിയെന്ന അനന്യസാധാരണ ശാസ്ത്ര പ്രതിഭയെ അനശ്വരമാക്കിയിട്ടുണ്ട്. കാരണം അല്‍ജിബ്ര എന്ന വാക്ക് അല്‍ഖവാറസ്മിയുടെ ഗണിത ഗ്രന്ഥമായ അല്‍ ജബ്ര്‍ വല്‍ മുഖാബലയുടെ തലക്കെട്ടില്‍ നിന്നും അല്‍ഗോരിതം എന്ന വാക്ക് അദ്ദേഹത്തിന്റെ പേരിന്റെ ലാറ്റിന്‍  രൂപത്തില്‍ നിന്നും പിറവിയെടുത്തതാണ്. ഗണിത ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിച്ച അദ്ദേഹമാണ് (1,2,3,0) തുടങ്ങിയ പത്ത് അറബിക് അക്കങ്ങളും അവയുടെ മൂല്യവും ആദ്യമായി ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്തുന്നത്.  

ജീവിതം

മധ്യേഷ്യയിലെ ഇന്നത്തെ ഉസ്‌ബെക്കിസ്ഥാനിലെ ഖവാറസ്മിലാണ് (കിവ) അബൂ ജഅ്ഫര്‍ മുഹമ്മദ് ബിന്‍ മൂസ അല്‍ ഖവാറസ്മി 130/ 795 ല്‍ ഭൂജാതനാവുന്നത്. മാതൃദേശമായ ഖവാറസ്മിലേക്ക് ചേര്‍ത്തിയാണ് അദ്ദേഹത്തിന് അല്‍ ഖവാറസ്മി എന്ന് നാമകരണം ചെയ്യപ്പെട്ടത്. ഇറാനില്‍ നിന്ന് അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖവാറസ്മിലേക്ക് കുടിയേറിയതായിരുന്നു. വിജ്ഞാന സമ്പാദനത്തിനുള്ള എല്ലാ സാഹചര്യവും ഒത്തിണങ്ങി വന്ന അല്‍ ഖവാറസ്മി ഇന്ത്യന്‍, ഗ്രീക്ക്, ഇസ്‌ലാമിക് ഗണിതങ്ങളും ഗോളശാസ്രത്രവും പ്രത്യേക താല്‍പര്യമെടുത്ത് ആഴത്തില്‍ പഠിക്കുകയും അസാമാന്യമായ അവഗാഹം നേടുകയും ചെയ്തു. ഇതിന് പുറമെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും അദ്ദേഹം അറിവ് നേടിയിരുന്നു. വിജ്ഞാന സമ്പാദനത്തിന് ശേഷം അദ്ദേഹം മഅ്മൂന്റെ ഭരണകാലത്ത് ബഗ്ദാദിലെ ശാസ്ത്ര ഗവേഷണ കേന്ദ്രമായ ബൈതുല്‍ ഹിക്മയില്‍ നിയമിതനായി. മഅ്മൂന്‍, അല്‍ മുസ്തഅ്‌സിം അല്‍ മുതവക്കില്‍ എന്നീ ഭരണാധികാരികളുടെ കാലത്ത് അദ്ദേഹം ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനായിരുന്ന ബ്രഹ്മ ഗുപ്തന്‍ കണ്ട് പിടിച്ച പൂജ്യത്തെ ശാസ്ത്ര ലോകത്ത് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തതില്‍ അല്‍ ഖവാറസ്മി വഹിച്ച പങ്ക് വളരെ വലുതാണ്. അറബി ഭാഷയില്‍ ശൂന്യത്തിന് ഉപയോഗിച്ചിരുന്ന  'സിഫ്ര്‍' എന്ന വാക്കാണ് പൂജ്യത്തെ സൂചിപ്പിക്കാന്‍ അദ്ദേഹം ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലൂടെയാണ് യൂറോപ്യര്‍ പൂജ്യത്തെ പരിചയപ്പെടുന്നത്. അദ്ദേഹം ഉപയോഗിച്ച സിഫ്ര്‍ ലോപിച്ചാണ് ഇംഗ്ലീഷ് വാക്കായ സീറോ രൂപം കൊണ്ടതെന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്.  

അല്‍ ജബ്ര്‍ വല്‍ മുഖാബല

ഗണിത ശാസ്ത്രത്തിന്റെ അടിസ്ഥാന ഗ്രന്ഥമായി വിശേഷിപ്പിക്കപ്പെടുന്ന അല്‍ ജബ്ര്‍ വല്‍ മുഖാബല മൂന്ന് ഭാഗമായാണ് വിഭജിക്കപ്പെട്ടിട്ടുള്ളത്. ആദ്യ ഭാഗത്ത് അല്‍ ജിബ്രയും രണ്ടാം ഭാഗത്ത് ഗുണനവുമാണ് പ്രതിപാദിക്കപ്പെടുന്നത്. മൂന്നാം ഭാഗമാവട്ടെ അനന്തരാവകാശം നിര്‍ണയിക്കുന്ന ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ചുമാണ്. അല്‍ ജിബ്രയുടെ അടിസ്ഥാന തത്വങ്ങള്‍, അല്‍ ജിബ്രയിലെ പ്രശ്‌ന പരിഹാരക്രിയകളുടെ അടിസ്ഥാനപരമായ ആറ് രൂപങ്ങള്‍, ഈ സൊലൂഷനുകള്‍ക്കുള്ള ഫോര്‍മുലകള്‍, കൂട്ടല്‍, കിഴിക്കല്‍, ഗുണനം, ഹരണം എന്നീ നാല് അങ്കഗണിത ക്രിയകള്‍, ത്രികോണം, വൃത്തം, ചതുരം, കോണളവ്, പിരമിഡ്, ക്യൂബ് എന്നിവയുടെയുമെല്ലാം അളവുകള്‍ എന്നിവയെല്ലാമാണ് പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങള്‍: അല്‍ ഖവാറസ്മി അല്‍ ജിബ്രായെ അടിസ്ഥാനപ്പെടുത്തിയത് അല്‍ ജബര്‍ വല്‍ മുഖാബല എന്നീ രണ്ട് പ്രക്രിയകളിലാണ്. എല്ലാം അല്‍ ജിബ്ര സമവാക്യങ്ങളിലും മൂന്ന് ഘടകങ്ങളുണ്ടായിരിക്കും ഒരു സംഖ്യയും കൂടെഅജ്ഞാതമായ മറ്റൊരു സംഖ്യയും ഇതിന്റെ സ്‌ക്വയര്‍ സംഖ്യയുമാണവ. അല്‍ ജബര്‍ എന്നാല്‍ നെഗറ്റീവ് സമവാക്യത്തിനപ്പുറമുള്ള സംഖ്യക്ക് വാല്യൂ നല്‍കി അതിനെ ഇല്ലാതാക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. അതേ സമയം മുഖാബല എന്നത് കൊണ്ടുദ്ദേശിക്കുന്നത് സമവാക്യങ്ങളുടെ ഇരു ഭാഗത്ത് നിന്നും സമാനമായ വാല്യുകള്‍ കണ്ടെത്തി ഒന്നിപ്പിക്കുകയെന്നുമാണ്. ഗണിത ശാസ്ത്രത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല. കാരണം അദ്ദേഹത്തിന്റെ പുസ്തകത്തില്‍ നിന്നാണ് അല്‍ ജിബ്രായും നവീന സംഖ്യകളും ലോകം തന്നെ പഠിച്ചെടുത്തത്. 12 ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തന്നെ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. ഇറ്റാലിയന്‍ ഗണിത ശാസ്ത്രജ്ഞനായ ഫിബോനാക്കി(1170-1240) തന്റെ പ്രശസ്ത ഗ്രന്ഥമായ ലിബര്‍ അബാക്കി ബുക്ക് രചിച്ചത് അല്‍ ജബ്ര്‍ വല്‍ മുഖാബല ആധാരമാക്കിയായിരുന്നു. ഗണിത ശാസ്ത്രത്തിലെ അടിസ്ഥാന യൂറോപ്യന്‍ ഗ്രന്ഥമാണ് ഇതെന്നറിയുമ്പോഴാണ് 8ാം നൂറ്റാണ്ടില്‍ ജീവിച്ച അല്‍ ഖവാറസ്മിയെന്ന അത്ഭുത പ്രതിഭയുടെ സംഭാവന ഗണിത ലോകത്ത് ഉയര്‍ത്തിവിട്ട മാറ്റത്തിന്റെ വ്യാപ്തി അറിയൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter