ഇന്ത്യ സ്വതന്ത്രമായത് ജനുവരി 23നോ?

ഭരണഘടന നിലവിൽ വന്നിട്ട് 75 ആണ്ട് തികയുന്ന, ആർഎസ്എസ് അതിന്റെ  നൂറാം വാർഷികം ആഘോഷിക്കുന്ന സവിശേഷ സാഹചര്യത്തിലെ ഇന്ത്യൻ രാഷ്ട്രീയത്തെ വിലയിരുത്തുകയാണ്, എഴുത്തുകാരനും ഡൽഹി യൂണിവേഴ്സിറ്റിയിലെ  പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ പ്രൊഫസറുമായ ശംസുൽ ഇസ്‍ലാം. അദ്ദേഹവുമായി  Countercurrent.org നടത്തിയ പ്രത്യേക അഭിമുഖത്തിന്റെ വിവര്‍ത്തനം വായിക്കാം

അനിതരണ സാധാരണയായ ഈയൊരു ഘട്ടത്തിൽ രാഷ്ട്രീയ ഇടങ്ങളിൽ കടന്നുകൂടിയ  മാറ്റങ്ങളെ എങ്ങനെയാണ് നിങ്ങൾ നോക്കിക്കാണുന്നത് ?

ഇക്കാലം വരെയും  ഇന്ത്യാ രാജ്യത്തിന്റെ  പരമസ്വാതന്ത്ര്യത്തെ ആർഎസ്എസ് അംഗീകരിച്ചിട്ടില്ല എന്നത് നഗ്നമായ സത്യമാണ്. രാമ ക്ഷേത്രോദ്ഘാടനം നടന്ന, 2024  ജനുവരി 23 നാണ് ഇന്ത്യ സ്വാതന്ത്ര്യം നുണഞ്ഞതെന്ന, ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന്റെ വാക്കുകളിൽ നിന്നും ഇത് ഒരിക്കല്‍ കൂടി  വ്യക്തമായിരിക്കയാണ്. വികലമായ ഇത്തരം ആശയങ്ങൾ പേറുന്ന ഒരു സംഘടനയ്ക്ക് എങ്ങനെയാണ്, സ്വാതന്ത്ര്യാനന്തര ഇന്ത്യ 1950ല്‍ സാധ്യമാക്കിയ  ഉയർത്തെഴുന്നേൽപ്പിനെ അംഗീകരിക്കാനാവുക?.

ജനിതകപരമായി രാഷ്ട്രത്തോടും  ജനാധിപത്യത്തോടും മാനുഷിക മൂല്യങ്ങളോടും പുറം തിരിഞ്ഞു നിൽക്കുന്നവരാണ് ആർഎസ്എസ്. ജാതിയിലധിഷ്ഠിതമായ ഫാഷിസത്തിന് മേൽക്കോയ്മയുള്ള ഒരു സംഘമാണ് അത്. ഞാൻ ഊഹിച്ചെടുത്തതല്ല ഇക്കാര്യങ്ങളൊന്നും, അവരുടെ ഭാഗത്തുനിന്നുള്ള എത്രയോ രേഖകള്‍  തന്നെ ഈ യാഥാർത്ഥ്യത്തെ ശരിവെക്കുന്നുണ്ട്.

ഒരുതരം  ഗൂഢസ്വഭാവം പേറുന്ന സംഘപരിവാറിനെ ആഴത്തിലറിയാൻ, 1925  ൽ അതിന് ബീജാവാപം നൽകിയ കേശവ് ബലിറാം ഹെഡ്ഗോവറിലേക്കും കൂട്ടാളികളിലേക്കും കണ്ണോടിക്കേണ്ടതുണ്ട്. ഗാന്ധിയൻ ആശയങ്ങളോട് പല്ലിളിച്ചുകൊണ്ട്  കോൺഗ്രസിൽ നിന്നും പടിയിറങ്ങിയാണ് ഹെഡ്ഗേവർ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഹിന്ദുവും മുസ്‍ലിമും ഒറ്റ ചരടിൽ ചേർന്നുനിന്ന്  ബ്രിട്ടീഷ് രാജിനെതിരെ  പോരാടണമെന്ന, ഗാന്ധി മുന്നോട്ടുവച്ച  മാനവ സൗഹാർദത്തിന്റെയും കറകളഞ്ഞ രാജ്യസ്നേഹത്തിന്റെയും വിശാലമായ സന്ദേശത്തോടായിരുന്നു അദ്ദേഹത്തിന് കൂടുതൽ വെറുപ്പ്. വി ഡി സവർക്കർ 1923 ൽ രചിച്ച" ഹിന്ദുത്വ" എന്ന കൃതിയാണ് ഹെഡ്ഗോവറുടെ പ്രധാന ആശയാവലംബം. ജീവിതകാലത്ത്  മുസോളിനിയെ സന്ദർശിച്ച സർ സംഘചാലക് ബി.എസ് മൂഞ്ചെയുടെയും ആശീർവാദങ്ങൾ ഹെഡ്ഗോവറിനുണ്ടായിരുന്നു. ഒരുവേള പോലും ജനാധിപത്യത്തെ അനുകൂലിക്കാത്ത ആർഎസ്എസ്, കടുത്ത  ബ്രാഹ്മണിക്കൽ ഐഡിയോളജി വെച്ച് പുലർത്തിയവരും ആയുധാരാധന നടത്തിയവരുമായിരുന്നു.

നിലവിലെ തകർന്നടിഞ്ഞ ജനാധിപത്യ സ്ഥിതിയും അധികാര ഘടനയും മുൻനിർത്തി, ഇന്ത്യയെ  ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കാനാകുമോ? ജനാധിപത്യ ശോഷണത്തിന്റെ പ്രധാന അടയാളങ്ങളായി എന്തൊക്കെയാണ് ചൂണ്ടിക്കാണിക്കാനാവുക?. 

ലോകത്തിനാകമാനം മാതൃകയാകുന്ന രീതിയിലുളള മതേതര, ജനാധിപത്യ മൂല്യങ്ങളെ അന്തരാവഹിച്ചു കൊണ്ടാണ് ഇന്ത്യൻ ഭരണഘടന 1949  നവംബർ 26 ന് പിറവിയെടുക്കുന്നത്. ഭാഷയുടെയോ, മതത്തിന്റെയോ, ജാതിയയുടെയോ, പ്രദേശത്തിന്റെയോ, സംസ്കാരത്തിന്റെയോ പേരിലുള്ള യാതൊരു വിവേചനത്തെയും വെച്ചുപൊറുപ്പിക്കില്ല എന്നതാണ്, ഭരണഘടനയുടെ മൂലക്കല്ല്. മാനുഷിക സാഹോദര്യത്തെ ഇത്രമേൽ  കൊട്ടിഘോഷിച്ച ലിഖിതരേഖ വേറെ ഇല്ലെന്ന് തന്നെ പറയാം. ചേർത്തി പറയാൻ ഒട്ടേറെ വിശേഷണങ്ങളുള്ള ഭരണഘടന നിലവിൽ വന്നതിന് നാലു ദിവസത്തിനു ശേഷം, ആർഎസ്എസ് മുഖപത്രം ഓർഗനൈസർ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്, 

"നമ്മുടെ ഭരണഘടനയിൽ, പ്രാചീന ഭാരതത്തിലെ അതുല്യമായ ഭരണഘടനാ വികാസത്തെക്കുറിച്ച് പരാമർശമില്ല. മനുവിന്റെ നിയമങ്ങൾ സ്പാർട്ടയിലെ ലൈക്കർഗസിനും പേർഷ്യയിലെ സോളണിനും വളരെ മുമ്പേ പ്രചാരത്തിലുള്ളതാണ്. മനുസ്മൃതിയിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ ഇന്നും ലോകത്തിന്റെ നെറുകയിൽ വിരാജിക്കുന്നതും കാലാന്തരങ്ങളിൽ ആഗോള ജനതയ്ക്ക് ഉത്തേജനം നൽകി കൊണ്ടിരിക്കുന്നവയുമാണ്. എന്നാൽ നമ്മുടെ ഭരണഘടനാ പണ്ഡിതന്മാർക്ക് അതിനെ സംബന്ധിച്ച് യാതൊരു ധാരണയുമില്ല". 

ഹെഡ്ഗേവറും  ഗോൾവാൾക്കറും രൂപം നൽകിയ  ആർഎസ്എസിന്റെ  പ്രധാന ആചാര്യനായി വാഴ്ത്തുന്നത് സവർക്കറെയാണ്. ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക  പൈതൃകങ്ങളെ, വേദങ്ങൾക്ക് ശേഷം കൂടുതൽ ചർച്ചക്കെടുത്തത്  മനുസ്മൃതിയാണെന്നാണ് സവർക്കറുടെ വാദം. ആധുനിക കാലത്ത് പോലും  ഇന്ത്യയിലെ ഒട്ടുമിക്ക ഉന്നത ജാതി  സമുദായങ്ങളും, ബ്രാഹ്മണിക്കൽ മേധാവിത്വത്തെ ഉയർത്തിപ്പിടിക്കുന്ന മനുസ്മൃതിയുടെ അനുയായികളാണ്. ശൂദ്രരുടെയും ദളിതുകളുടെയും സ്ത്രീകളുടെയും  അവകാശങ്ങളെ ഹനിക്കുന്ന മനുസ്മൃതിയെ  ഭരണഘടനക്ക് പകരം പ്രതിഷ്ഠിക്കാനുള്ള ബദ്ധപ്പാടിലാണ് ആർഎസ്എസ്. അത്ഭുതകരമായ കാര്യമെന്തെന്നാൽ, മുഖ്യശത്രുക്കളായി ആർഎസ്എസ്  വിലയിരുത്തിയ  മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും  മനുസ്മൃതി വേട്ടയാടുന്നില്ല എന്നതാണ്.

ബ്രാഹ്മണൻ സ്രഷ്ടാവിന്റെ വായിൽനിന്നും ക്ഷത്രിയൻ കൈകളിൽ നിന്നും വൈശ്യൻ തുടകളിൽനിന്നും ശൂദ്രൻ പാദങ്ങളിൽനിന്നും ജനിച്ചുവെന്ന് മനുസ്മൃതിയുടെ ഒന്നാം അധ്യായത്തിലെ 31-ാം ശ്ലോകം പറയുന്നു. അതേ അധ്യായത്തിലെ 87-ാം വാക്യം ഓരോ വർണ്ണത്തിനും വ്യത്യസ്‌ത തൊഴിലുകൾ നിർദ്ദേശിക്കുന്നു. ഇത് കർശനമായ ജാതി ശ്രേണിയെ ശക്തിപ്പെടുത്തുന്നു. ഈ വാചകം ഒന്നുകൂടി വായിച്ചാൽ ആർഎസ്എസിന്റെ പ്രത്യയശാസ്ത്ര അടിത്തറ വെളിവാകുന്നതാണ്. എട്ടാം അധ്യായം ജാതി വ്യവസ്ഥയെ ധിക്കരിക്കുന്ന ശൂദ്രർക്ക് കഠിനമായ ശിക്ഷകൾ നിർദ്ദേശിക്കുന്നു, അതേസമയം ഒൻപതാം അദ്ധ്യായത്തിൽ ഹിന്ദു സ്ത്രീകൾ അവരുടെ സുഖത്തിനായി പുരുഷന്മാരുടെ നിയന്ത്രണത്തിൽ ജീവിക്കണമെന്ന് നിർദ്ദേശിക്കുന്നു. അതേസമയം, അവരിൽ നിന്നുള്ള ചിലർ  തന്നെ, മനുവിന്റെ ആധികാരികതയെ ചോദ്യം ചെയ്യുകയും, ആർഎസ്എസിന് അതുമായി ബന്ധമില്ലെന്ന് വാദിക്കുകയും ചെയ്യുന്നുണ്ട് എന്നതും പ്രത്യേകം പ്രസ്താവ്യമാണ്.

ആർഎസ്എസ് സൈദ്ധാന്തികരുടെ നിയന്ത്രണത്തിലുള്ള ഉത്തർപ്രദേശിലെ ഗീതാ പ്രസാണ്, ഹിന്ദു മതഗ്രന്ഥങ്ങളുടെ ഏറ്റവും വലിയ പ്രസാധകർ. കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദി ഇതിന് ഗാന്ധി സമാധാന പുരസ്കാരം നൽകി ആദരിച്ചിരുന്നു. സ്വാമി രാം സുഖ്ദാസിന്റെ മാത്രം 32 പുസ്തകങ്ങളാണ് ഈ പ്രസ്സ്  പ്രസിദ്ധീകരിച്ചിരുന്നത്, അവയാകട്ടെ  സ്ത്രീ പീഢനത്തിനുവേണ്ടി ശക്തമായി വാദിക്കുന്ന തരത്തിലുള്ളതാണ്. ഈ പുസ്‌തകങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികൾ പ്രിൻ്റ് ചെയ്‌ത് (പലതും സൗജന്യമായി) റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ആർഎസ്എസ്-അനുബന്ധ ബുക്ക്‌സ്റ്റാളുകളിലും വിതരണം ചെയ്യപ്പെട്ടു. സാമൂഹിക ജീവിതത്തോടുള്ള ആർഎസ്എസിന്റെ ആഴത്തിലുള്ള പിന്തിരിപ്പൻ നിലപാട് വെളിപ്പെടുത്തുന്നതാണ് ഈ പ്രസിദ്ധീകരണങ്ങൾ ഒക്കെയും.

ഉദാഹരണത്തിന്, സ്വാമി രാം സുഖ്ദാസിന്റെ ഒരു പരാമര്‍ശം തന്നെ എടുക്കാം. "ഒരു ഭർത്താവ് ഭാര്യയെ തല്ലുകയാണെങ്കിൽ, അവൾക്ക് മൂന്ന് കഴിഞ്ഞ ജന്മങ്ങളിലെ പാപങ്ങൾക്ക് പ്രായശ്ചിത്തം ലഭിക്കുകയും അതുവഴി അവൾ പരിശുദ്ധയാകുകയും ചെയ്യുന്നു". ഒരു ഹിന്ദു സ്ത്രീ ബലാത്സംഗത്തിന് ഇരയായാൽ അവൾ നിശബ്ദത പാലിക്കണമെന്നും ആരെയും അറിയിക്കരുതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇത്തരം ആശയങ്ങൾ ഇന്ത്യൻ നിയമങ്ങളുടെയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും നേരിട്ടുള്ള ലംഘനമാണ്.

ആർഎസ്എസ് ഒരുകാലത്തും  ജനാധിപത്യത്തിൽ വിശ്വസിച്ചിരുന്നില്ല എന്നതാണ് നേര്. നാഗ്പൂരിലെ റേഷൻ ബാഗിൽ 1940ൽ നടന്ന ഒരു പ്രസംഗത്തിനിടെ, "ഒരു പതാക, ഒരു രാജ്യം, ഒരു നേതാവ്" എന്ന പ്രമേയത്തിൽ ഹിന്ദുത്വ ഐഡിയയോളജി ഇന്ത്യയിൽ ഒട്ടുക്കും പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞിരുന്നു സംഘത്തിലെ ഒരു  മുതിർന്ന നേതാവ്. മോദി ഗവൺമെന്റ് അധികാരത്തിന്റെ മറവിൽ ചെയ്തുകൂട്ടുന്ന നെറികടുകൾ ഒക്കെയും, വർഷങ്ങളുടെ പാരമ്പര്യമുള്ള, ഈ വർഗീയ പ്രത്യയ ശാസ്ത്രത്തിന്റെ തുടർച്ചയായിട്ടേ കാണാനൊക്കൂ.

ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് അതിന്റെ മതേതര കാഴ്ചപ്പാടാണ്. 1947 ആഗസ്ത് 14 ന്, ഓർഗനൈസർ ഇന്ത്യക്കാരോട് ഹിന്ദുത്വയിൽ അധിഷ്ഠിതമായ ദേശീയത സ്ഥാപിക്കാൻ മുറവിളി കൂട്ടുന്നുണ്ട്. തൊട്ടുമുമ്പ്, 1947 ജൂലൈ 17-ന്, ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ത്രിവർണ്ണ പതാക അംഗീകരിക്കാനാകില്ലെന്ന് ആർഎസ്എസ്  തുറന്നെഴുതുകയും ചെയ്തിരുന്നു. ദേശീയ പതാകയെ ഒരു തയ്യൽക്കാരൻ തുന്നിക്കെട്ടിയ തുണി കഷ്ണത്തോടാണ്  ആർഎസ്എസ് അന്ന് ഉപമിച്ചത്. 

ഭരണഘടനയുടെ മറ്റൊരു മൂലക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന ഫെഡറൽ സിസ്റ്റത്തോടും അമ്പേ മുഖം ചുളിക്കുന്നതാണ് സംഘപരിവാർ രീതി. എല്ലായിപ്പോഴും  ഹിന്ദുത്വ രാഷ്ട്രമായിരുന്നു അവരുടെ സ്വപ്നം. മോദിയും അതേ പാതയിലാണ് നടന്നു നീങ്ങുന്നത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള സമീപനത്തിൽ ഈ നിലപാട് കൂടുതൽ പ്രകടമല്ലേ?

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള ആർഎസ്എസിന്റെ മനോഭാവത്തിൽ ജനാധിപത്യവിരുദ്ധമായ  ഈ ജാതീയ പ്രത്യയശാസ്ത്രം  കൂടുതൽ പ്രകടമാണ്. ആർഎസ്എസ് ഉയർത്തിപ്പിടിക്കുന്ന മനുസ്മൃതി, ദക്ഷിണേന്ത്യയിലെ ശൂദ്രർക്കും ദലിതർക്കും സ്ത്രീകൾക്കുമെതിരെ മാത്രമല്ല,  ഹിന്ദുക്കൾക്കും എതിരായ വിധിയാണ് മുന്നോട്ടുവെക്കുന്നത്. ജാതിയടിസ്ഥാനത്തിലുള്ള അടിച്ചമർത്തലുകളെ ചരിത്രപരമായി ചെറുത്തുനിന്ന കേരളത്തിലെ സ്ത്രീകളെക്കുറിച്ച്, ആർഎസ്എസ് നേതാക്കൾ പറഞ്ഞത് മലയാളികളായ നാം അറിഞ്ഞിരിക്കണം. 1960 ഡിസംബർ 17-ന് ഗുജറാത്ത് സർവ്വകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട്, ഗോൾവാൾക്കർ നടത്തിയ ഞെട്ടിക്കുന്ന  പ്രസ്താവന ഇങ്ങനെയായിരുന്നു, "ഇന്ന് മൃഗങ്ങളിൽ മാത്രമാണ് ക്രോസ് ബ്രീഡിംഗ് പരീക്ഷണങ്ങൾ നടത്തുന്നത്. എന്നാൽ മനുഷ്യരിൽ ഇത്തരം പരീക്ഷണങ്ങൾ നടത്താനുള്ള ധൈര്യം ആധുനിക ശാസ്ത്രജ്ഞർ എന്ന് വിളിക്കപ്പെടുന്നവർക്ക് പോലുമില്ല. ഇനി നമ്മുടെ പൂർവികർ ഈ മേഖലയിൽ നടത്തിയ പരീക്ഷണങ്ങൾ നോക്കാം. സങ്കര-പ്രജനനത്തിലൂടെ മനുഷ്യവർഗത്തെ മെച്ചപ്പെടുത്താനുള്ള ശ്രമത്തിനായി വടക്കൻ നമ്പൂതിരി ബ്രാഹ്മണർ, കേരളത്തിൽ സ്ഥിരതാമസമാക്കുകയും, ഒരു നമ്പൂതിരി കുടുംബത്തിലെ മൂത്തമകൻ കേരളത്തിലെ വൈശ്യ, ക്ഷത്രിയ, ശൂദ്ര കുടുംബങ്ങളിൽ നിന്നുള്ള പെൺമക്കളെ മാത്രമേ വിവാഹം കഴിക്കാൻ പാടുള്ളു എന്ന നിയമം സ്ഥാപിക്കുകയും ചെയ്തു. അതിലും ധീരമായ മറ്റൊരു നിയമം, ഏതൊരു വർഗത്തിലെയും വിവാഹിതയായ സ്ത്രീയുടെ ആദ്യത്തെ സന്താനം ഒരു നമ്പൂതിരി ബ്രാഹ്മണനാൽ ജനിക്കണമെന്നും അതിനുശേഷം അവൾക്ക് ഭർത്താവിൽ നിന്ന് കുട്ടികളെ ജനിപ്പിക്കാം എന്നുമായിരുന്നു. ഇക്കാലത്ത് ഈ പരീക്ഷണത്തെ വ്യഭിചാരം എന്നാണ് വിളിക്കുന്നത്."

ഈയൊരു പ്രസ്താവന ആർഎസ്എസിന്റെ ആഴത്തിലുള്ള ജാതീയവും പുരുഷാധിപത്യ മനോഭാവവും വെളിപ്പെടുത്തുന്നുണ്ട്. കേരളത്തിലെ സ്ത്രീകളെ വ്യക്തികളായല്ല, പ്രത്യയശാസ്ത്രപരമായ ലക്ഷ്യങ്ങൾക്കായുള്ള ഉപകരണങ്ങളായാണ് സംഘം  കണ്ടതെന്ന് അടിവരയിടുന്നുണ്ട് ഈ വാക്യങ്ങൾ. രാഷ്ട്രീയ നേട്ടങ്ങൾക്കായി എല്ലാ ഹിന്ദുക്കളെയും ഒരു കൊടിക്കീഴിൽ ഒന്നിപ്പിക്കുമെന്ന് ആർഎസ്എസ് ഇപ്പോൾ അവകാശപ്പെടുന്നുണ്ടെങ്കിലും, അതിന്റെ ചരിത്രപരമായ നിലപാട് ബ്രാഹ്മണ മേധാവിത്വത്തിൽ ആണ്ടു കിടക്കുന്നതാണ്. ദക്ഷിണേന്ത്യൻ ഹിന്ദുക്കളെ ജാതി ശ്രേണിയിൽ താഴ്ന്നവരായി ചിത്രീകരിക്കുന്നത് ആർഎസ്എസിന്റെ പണ്ടുമുതൽക്കുള്ള സ്വഭാവമാണ്.

സമകാലിക ഇന്ത്യയിൽ ജനാധിപത്യ മൂല്യ സംരക്ഷണത്തിനായി ജുഡീഷ്യറികൾ വഹിക്കുന്ന പങ്കെന്താണ്?. മതപരമായ, പ്രത്യശാസ്ത്രപരമായ  വിഷയങ്ങളെ പരിഗണിക്കുമ്പോൾ കോടതി സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതായി  നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ?.

ജുഡീഷ്യറി ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി കൂടുതൽ അടുപ്പത്തിലാണെന്നു തോന്നുന്നു. സമീപ വർഷങ്ങളിൽ, പല ഹൈക്കോടതി വിധികളും, പ്രത്യേകിച്ച് മുൻ ചീഫ് ജസ്റ്റിസുമാർ പുറപ്പെടുവിച്ച വിധികൾ, ആർഎസ്എസ് അജണ്ടയെ അനുകൂലിക്കുന്ന മട്ടിലുള്ളതായിരുന്നു. ഉദാഹരണത്തിനായി, ബാബരി മസ്ജിദ് വിധിയിലും, സംവരണത്തിനായുള്ള ഉപവിഭാഗങ്ങൾ പ്രതിയായുള്ള വിധിയിലും, സ്വകാര്യ സ്വത്തിനെക്കുറിച്ചുള്ള ജസ്റ്റിസ് കൃഷ്ണയ്യരുടെ നിലപാടിനെതിരെയുള്ള പ്രതികരണത്തിലും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, കൈകൊണ്ട നിലപാടുകൾ എടുത്തു നോക്കിയാൽ മതി.

ജനാധിപത്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്ന ഈ അപചയത്തിൽ  മുഖ്യധാരാ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. ഒരിക്കലും ഇന്ത്യൻ മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരുന്നില്ല എന്നത് ഈയൊരു അവസരത്തിൽ പ്രത്യേകം ഓർമിക്കേണ്ടതാണ്. മുൻകാലങ്ങളിൽ, തെല്ലെങ്കിലും സർക്കാരിനെ വിമർശിക്കാൻ ഇടയുണ്ടായിരുന്നെങ്കിൽ, ഇന്നത് ചുരുങ്ങി കൊണ്ടിരിക്കുകയാണ്. ഗത്യന്തരമില്ലാതെ സർക്കാറുമായി ചേർന്ന് നിൽക്കാനേ മാധ്യമങ്ങൾക്കാവുന്നുള്ളൂ.


സംഘപരിവാറിന്റെ മുസ്‍ലിം വിരുദ്ധത വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതാണ്. എനിക്ക് ചോദിക്കാനുള്ളത്, ഇക്കാലത്തും, പുതിയ രീതികളിലൂടെ ജാതി ശ്രേണി നടപ്പിൽ വരുത്താൻ അവർ ശ്രമിക്കുന്നുണ്ടോ എന്നുള്ളതാണ്. ഉണ്ടെങ്കിൽ തന്നെ,  തീരെ ചർച്ച ചെയ്യപ്പെടാതെ ദൃശ്യത ലഭിക്കാതെ പോയ, അവരുടെ തന്ത്രങ്ങൾ ഏതൊക്കെയാണ്?.

ജാതീയത നിലനിർത്താനുള്ള ആർഎസ്എസ് തന്ത്രങ്ങളെ പുറത്തു കൊണ്ടുവരാൻ വേണ്ടവിധം  ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചിട്ടില്ല എന്ന് വേണം പറയാൻ. മുസ്‍ലിംകളോടും ക്രിസ്ത്യാനികളോടും  അന്ധമായ വിരോധം വെച്ചുപുലർത്തുന്ന ഒരു വർഗീയ സംഘടനയാണ് ആർഎസ്എസ് എന്നാണ് പലരുടെയും ധാരണ. സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ, ബ്രാഹ്മണിക്കൽ മേധാവിത്വം സംരക്ഷിക്കാനാണ് അവരുടെ പ്രവർത്തനങ്ങൾ ആകെയെന്നും ബോധ്യപ്പെടും.

ആർഎസ്എസിന്റെ ആഭ്യന്തര ശത്രുക്കളായി ഗോൾവാൾക്കറുടെ എഴുത്തുകൾ   പ്രതിഷ്ഠിക്കുന്നത് യഥാക്രമം മുസ്‍ലിംകളെയും,      ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയുമാണ്. പ്രത്യക്ഷത്തിൽ ഈ മൂന്ന് വിഭാഗങ്ങളെ മാത്രം ഉന്നമിട്ടുള്ള ധാരയായി ആർഎസ്എസിനെ തോന്നിപ്പിക്കുമെങ്കിലും, അതിന്റെ യഥാർത്ഥ  മുഖം അനാവരണം ചെയ്യപ്പെടാതെ കിടക്കുകയാണ്. ഒരേസമയം ഹിന്ദു ഐക്യത്തിന് നില കൊള്ളുകയും, ശൂദ്രർക്കെതിരെ വാളെടുക്കുകയും ചെയ്യുന്ന സംഘത്തിന്റെ ഇരട്ടത്താപ്പ് പകൽ പോലെ വ്യക്തമായ കാര്യമാണ്. വർണ്ണ സമ്പ്രദായത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കപ്പെട്ട ചണ്ഡാലന്മാരുടെ അവസ്ഥ  വിവരണാതീതമാണ്. ഇന്ന്, ആർഎസ്എസ്, ചണ്ഡാല വിഭാഗത്തിൽപ്പെട്ട ഗോത്രവർഗ വിഭാഗങ്ങൾക്കുള്ളിൽ സംഘടനകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ ആത്യന്തിക ലക്ഷ്യം ബ്രാഹ്മണ മേധാവിത്വം തന്നെയാണ്. ഇത് വെറും ഊഹാപോഹമല്ല; ഈ വാദത്തെ പിന്തുണയ്ക്കുന്ന ധാരാളം തെളിവുകളുണ്ട്.

ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കർ പുതിയകാല പ്രവണതകളെ മുൻകൂട്ടി കാണുകയും,  അധികാരം കറുത്ത കരങ്ങളിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന വിപത്തുകളെ പ്രതിയായി അന്നത്തെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നുവല്ലോ. ഭരണഘടനയെ കവർച്ച ചെയ്യുന്ന ഏകാധിപത്യത്തെക്കുറിച്ചും സംസാരിച്ചിരുന്നല്ലോ അദ്ദേഹം. ഇക്കാലത്ത്, ഇത്രത്തോളം പ്രസക്തമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പികൾ?

ഹിന്ദുത്വ ഭരണം ഇന്ത്യക്ക് വിനാശകരമാകുമെന്ന് അംബേദ്കർ കാതങ്ങൾക്കു മുന്നേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രാഹ്മിണിസത്തിന്റെ കടുത്ത വിമർശകനായ അംബേദ്കറിന്റെ "ഹിന്ദുവായി ജനിച്ച താൻ ഹിന്ദുവായി മരിക്കില്ല" എന്ന പ്രസ്താവന വിശ്വപ്രസിദ്ധമാണ്. ബുദ്ധമതത്തിലേക്കുള്ള ബിആറിന്റെ  പരിവർത്തനം ഒരു ചെറുത്തുനിൽപ്പിന്റെ ഭാഗമാണ്. അംബേദ്കർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുടെ പേരിൽ അദ്ദേഹം ജയിലിലടക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യപ്പെടുമായിരുന്നു. ഹിന്ദു-മുസ്‍ലിം ഐക്യത്തിന് വേണ്ടി പോരാടിയ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ്, തുടങ്ങിയവരെയും സമാനവിധി വേട്ടയാടുമായിരുന്നു.

2024 ന് ശേഷമുള്ള പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെ എങ്ങനെയാണ് നിങ്ങൾ വിലയിരുത്തുന്നത്?. മാറിവരുന്ന  രാഷ്ട്രീയ സാഹചര്യങ്ങളോട് അനുസൃതമായ ചലനങ്ങൾ അവരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നുണ്ടോ?. അല്ല അവരുടെ ശക്തി ചോർന്നു പോവുകയാണോ?. 

അതതു കാലത്തെ മതേതര പാർട്ടികൾ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ,  ആർഎസ്എസ് എന്നൊരു സംഘടന തന്നെ ഉദയം ചെയ്യില്ലായിരുന്നു. കഴിഞ്ഞ 40 വർഷത്തെ പ്രതിപക്ഷ പാർട്ടികളുടെ നിരുത്തരവാദത്തെ അക്കമിട്ട് നിരത്തുന്ന ചരിത്ര രേഖകൾ എന്റെ കയ്യിലുണ്ട്. ഇറച്ചി കൈവശം വെച്ചതിന് മുസ്‍ലിംകളെയും ദളിതുകളെയും ആർഎസ്എസ് കൂട്ടക്കൊലക്ക് വിധേയമാക്കിയ സാഹചര്യത്തിൽ വിവേകാനന്ദ സ്വാമിയുടെ പ്രശസ്തമായ "ഇറച്ചി കഴിക്കാതെ ഒരുത്തൻ ബ്രാഹ്മണനാവില്ല" എന്ന വാക്യം അവർ ഉച്ചരിക്കേണ്ടിയിരുന്നു. പകരം അവർ  ചെയ്തതാകട്ടെ, ഹിന്ദുയിസത്തിന്റെ സസ്യ ഭക്ഷണ രീതിയെ പ്രതിയായി സംസാരിക്കുകയായിരുന്നു. ജനാധിപത്യത്തോടും മനുഷ്യപുരോഗതിയോടുമുള്ള ആർഎസ്എസിന്റെ എതിർപ്പിനെ തുറന്നുകാട്ടുന്നതിലും പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെട്ടു എന്ന് വേണം പറയാൻ. ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെയെല്ലാം ഹേതു അവരുടെ അശ്രദ്ധ ഒന്നുതന്നെയാണ്.

ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും  എതിരെ ഉയർന്നുവരുന്ന ഭീഷണികളിൽ നിന്നും,  രാജ്യത്തിന്റെ മാനവ പാരമ്പര്യത്തെ കാക്കാൻ എന്തെങ്കിലും പോം വഴിയുണ്ടോ?. അത്തരത്തിലുള്ള ശുഭാപ്തിവിശ്വാസം പകരുന്ന സംഘടനകളോ നേതാക്കളോ ഇന്നുണ്ടോ?.

സംജാതമായ നിരാശകൾക്കിടയിലും, കർഷകരുടെ അവകാശങ്ങൾക്ക് വേണ്ടിയും, തൊഴിലാളികൾക്ക് വേണ്ടിയും, ബ്രിട്ടീഷ് രാജിനെതിരെയും അണിനിരന്ന ചരിത്രം അയവിറക്കാനുള്ള ഇന്ത്യയിൽ നമുക്ക് പ്രതീക്ഷ ഇനിയുമുണ്ട്. ഈ സമര പാരമ്പര്യം തുടരുമെന്നാണ് എന്റെ വിശ്വാസം. പൗരത്വ സമരത്തിനെതിരെ മോദി പരസ്യമായി രംഗത്തു വന്നിരുന്നെങ്കിലും, ശൂദ്രരുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും  സന്ധിയില്ലാ സമരങ്ങളിൽ അതെല്ലാം ഭസ്മമായി. പോയകാലത്തെ അടിച്ചമർത്തലുകൾക്കെതിരെയും അനീതികൾക്കെതിരെയും രൂപം പൂണ്ട്, ശക്തിയാർജിച്ച പ്രതിരോധ നീക്കങ്ങളുടെ അനുരണനങ്ങൾ,  കെട്ടകാലത്തു നിന്നും രാജ്യത്തെ മോചിപ്പിക്കുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. ഭാരതത്തിന് അതിന് ഇനിയും സാധ്യമാവട്ടെ എന്ന് ആശംസിക്കാം, പ്രാര്‍ത്ഥിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter