ഫൗസിയ ആദം, സോമാലിയയുടെ ആദ്യ വനിതാ പ്രസിഡണ്ട് ആകുമോ...

ഫൗസിയ യൂസുഫ് ആദം, സോമാലിയയില്‍ ഇന്ന് എല്ലാവരും ഉറ്റുനോക്കുന്ന നാമമാണ് അത്. സോമാലിയയുടെ ചരിത്രത്തില്‍ ഒരു അധ്യായം കൂടി ചേര്‍ത്ത് ആദ്യ വനിതാ പ്രസിഡണ്ടാകുമോ ഫൌസിയ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.
സൊമാലിയയിലെ ആദ്യ വനിതാ ഉപപ്രധാനമന്ത്രിയായും വനിതാ വിദേശകാര്യ മന്ത്രിയായും ചരിത്രം സൃഷ്ടിച്ച അവർ ഒരു നിയമസഭാംഗവും അറിയപ്പെടുന്ന വനിതാ അവകാശ അഭിഭാഷകയുമാണ്. സൊമാലിയയുടെ പ്രസിഡൻറ് സ്ഥാനാർത്ഥികളിലെ ഏക വനിതാ സ്ഥാനാര്‍ത്ഥിയാണ് ഇപ്പോള്‍ ഫൌസിയ. 

സൊമാലിയൻ പാർലമെന്റിൽ 329 അംഗങ്ങളും സെനറ്റിൽ 54 അംഗങ്ങളുമാണ് ഉള്ളത്. സെനറ്റ് അംഗങ്ങൾ അഞ്ച് പ്രാദേശിക സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുകയും പ്രവിശ്യാ നിയമസഭാംഗങ്ങളാൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. മറ്റ് നിയമനിർമ്മാതാക്കളെ തിരഞ്ഞെടുക്കുന്നത് ഓരോ വംശത്തിലെ മൂപ്പന്മാരും പെതു സമൂഹത്തിലെ അംഗങ്ങളും നിയമിക്കുന്ന പ്രതിനിധികളാണ്. നാല് വർഷക്കാലത്തേക്ക് രാജ്യത്തെ നയിക്കുന്ന പ്രസിഡന്റിനെ അവർ ഒരുമിച്ചാണ് തെരഞ്ഞടുക്കുന്നത്.
സൊമാലിയൻ സ്ത്രീകൾ പൊതുവെ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയോ ഉയർന്ന പൊതുസ്ഥാനങ്ങൾ വഹിക്കുകയോ ചെയ്യുന്നില്ല എന്നത് പൊതുവായ ഒരു പരാതിയായിരുന്നു. യാഥാസ്ഥിതിക സമൂഹമായി നിലനിൽക്കുന്നതിന്റെ ഭഗാമായി അവര്‍ സൂക്ഷിക്കുന്ന സാംസ്കാരിക നിയന്ത്രണങ്ങളാണ് സ്ത്രീകളെ രാഷ്ട്രീയപ്രവേശത്തില്‍ നിന്ന് തടയുന്നത് എന്നതാണ് ചിലർ അവകാശപ്പെടുന്നത്. എന്നാൽ 2012 നവംബർ മുതൽ 2017 ജനുവരി വരെ ഫൗസിയ, രാജ്യത്തെ ആദ്യ വനിതാ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാണ്. നിലവിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ അവര്‍ മല്‍സരിക്കുന്നത് 38 പുരുഷ സ്ഥാനാര്‍ത്ഥികളോടാണ്.

ഫൗസിയയുമായി അൽജസീറ നടത്തിയ അഭിമുഖം: 

തെരഞ്ഞടുപ്പിൽ മത്സരിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ്?
ഫൗസിയ യൂസുഫ്- ഇത് വരെയുള്ള രാഷ്ട്രീയ ജീവിതം എന്നെ പഠിപ്പിച്ചത്, മേലോട്ട് പോകും തോറും കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ നാടിനും ജനങ്ങള്‍ക്കും ചെയ്യാനാവുമെന്നാണ്. സൊമാലിയയിലെ അനന്തമായ യുദ്ധം വരുത്തിവെച്ച പിന്നാക്കാവസ്ഥക്കൊപ്പം, നല്ല പൊതു സേവനങ്ങളുടെ അഭാവവും അവരെ അലട്ടുന്നുണ്ട്. ഇതൊക്കെയാണ് തെരഞ്ഞടുപ്പിൽ മത്സരിക്കാൻ എന്നെ പ്രേരിപ്പിച്ചത്. സൊമാലിയൻ സ്ത്രീകളും കുട്ടികളും അഭയാർത്ഥികളും നേരിടുന്ന ബുദ്ധിമുട്ടുകളെ ഞാൻ തിരിച്ചറിഞ്ഞു. മറ്റ് രാജ്യങ്ങൾ നന്നായി പുരോഗമകിക്കുന്നു, അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ പ്രകൃതിവിഭവങ്ങൾ ഉണ്ടായിട്ടും ഞങ്ങൾ ഇപ്പോഴും യുദ്ധവുമായി മല്ലിടുകയാണ്.


നിങ്ങൾ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്താൽ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാൻ പോകുന്നത്?
സൊമാലിയയെ നയിക്കാൻ അനുവദിക്കുകയാണെങ്കിൽ, ആദ്യമായി നിയമവാഴ്ചയെ ശക്തിപ്പെടുത്തും. പിന്നെ ഭരണഘടനയുടെ കരട് പൂർത്തിയാക്കുകയും അത് കർശനമായി പാലിക്കുകയും ചെയ്യും. രാജ്യത്തുടനീളം യഥാർത്ഥ ഐക്യം നടപ്പിലാക്കും. സൊമാലിയൻ ദേശീയ സൈന്യത്തെ പുനർനിർമ്മിക്കുകയും അവരുടെ അവകാശങ്ങള്‍ക്കും സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ആവശ്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കും.


ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ തീരക്കടൽ സോമാലിയയിലായതിനാൽ അടിസ്ഥാന സൗകര്യ, വ്യാവസായിക മേഖല വികസിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് എന്റെ പരമമായ മുൻഗണന. എന്റെ രാജ്യത്തിന് കൃഷി, മത്സ്യബന്ധനം, കന്നുകാലികൾ എന്നിവയുൾപ്പെടെ സാമ്പത്തിക സ്രോതസ്സുകളുണ്ട്. ദാരിദ്ര്യത്തിനെതിരെ പോരാടാനും പൊതുജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന നിലയിൽ ഞാൻ അവരെ നവീകരിക്കും, അങ്ങനെ അവർക്ക് ഗവൺമെന്റിന് നികുതി അടയ്‌ക്കാൻ കഴിയും. ശരിയായ ജനാധിപത്യ പ്രക്രിയയ്ക്കായി വംശാധിഷ്ഠിത വ്യവസ്ഥ ഉപേക്ഷിക്കുക എന്നത് എന്റെ അഭിലാഷമാണ്. രാജ്യത്തുടനീളമുള്ള പൊതുജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും ഞാൻ നൽകും. എല്ലാറ്റിനുമുപരിയായി, അഴിമതിക്കെതിരായ പോരാട്ടവും സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതുമായിരിക്കും എന്റെ ഭരണത്തിലെ ഏത് നീക്കത്തിന്റെയും മർമ്മം.

സൊമാലിയയിൽ അന്യായ പ്രവർത്തനങ്ങൾ നടന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?
സാധാരണയായി, ലോകത്തിന്റെ പല ഭാഗങ്ങളിലും ആഭ്യന്തരയുദ്ധങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ സൊമാലിയയിലെ പ്രധാന പ്രശ്നം ആഭ്യന്തരയുദ്ധത്തിന് ശേഷം രാജ്യത്ത് യഥാർത്ഥ അനുരഞ്ജനം ഉണ്ടായില്ല എന്നതാണ്. തീവ്രവാദ സംഘടനൾക്ക് അവർ ആഗ്രഹിച്ചത് ചെയ്യാൻ അവസരം നൽകി എന്നതാണ് ഇവിടത്തെ പ്രശ്നം. ഒരു യഥാർത്ഥ ജനാധിപത്യ പ്രക്രിയയുടെ അഭാവം സൊമാലിയയിലെ അസ്ഥിരതയാണ് പ്രധാന കാരണം.

നിലവിൽ വരൾച്ചയും കാലാവസ്ഥാ വ്യതിയാനവും സോമാലിയയെ ബാധിക്കുന്നുണ്ട്. ഈ പ്രശ്നത്തെ എങ്ങനെ പരിഹരിക്കാനാണ് നിങ്ങൾ പദ്ധതിയിടുന്നത്?
സൊമാലിയയുടെ വരൾച്ചക്കും കാലാവസ്ഥാ വ്യതിയാനത്തിനും പ്രധാന കാരണം വനനശീകരണമാണെന്നാണ് എന്റെ ധാരണ. ഒരവസരം ലഭിച്ചാൽ പരിസ്ഥിതി നാശം നേരിടാൻ ഞാൻ കർശനമായ നയങ്ങൾ രൂപീകരിക്കും. വരൾച്ചയെ അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു ആധുനിക മാർഗമാണ് ക്ലൗഡ് സീഡിംഗ്, അത് ഞാൻ നടപ്പാക്കും. ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം നൽകുന്നതിന് കാർഷിക, കന്നുകാലി മേഖലയെ ഞാൻ നവീകരിക്കും. 

സൊമാലിയയിലെ പ്രാഥമിക വെല്ലുവിളിയായ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ച്?
അൽ ശബാബുമായി ചർച്ച നടത്താനും അവർക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാനും ഞങ്ങൾക്ക് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കൊളംബിയയിലെ FARC വിമതശബ്ദവും അഫ്ഗാനിസ്ഥാനിലെ യുദ്ധവും ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിഞ്ഞതിനെ നമുക്ക് മാതൃകാ പരമായി എടുക്കാവുന്നതാണ്.

മത്സരാർത്ഥികളിലെ ഏക വനിതയാണ് നിങ്ങൾ, നിങ്ങളെ മറ്റ് സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്താണ്? സ്ഥാനാർത്ഥി ലിസ്റ്റിലെ പുരുഷന്മാരുടെ എണ്ണവും സ്ത്രീകൾ നേതൃത്വം നൽകുന്നതിനെതിരായ സാമൂഹിക പ്രതിരോധവും കണക്കിലെടുക്കുമ്പോൾ നിങ്ങൾക്ക് വിജയിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
അതെ, ഞാൻ ഇത് നേടും, ഒരു അവസരം ലഭിച്ചാൽ സോമാലിയൻ സ്ത്രീകൾക്ക് കഴിവുണ്ട് എന്ന് ഞാൻ തെളിയിക്കാം. സ്ത്രീകളുടെ നേതൃത്വത്തിൽ സൊമാലിയ സമാധാനപരവും സുസ്ഥിരവുമായ രാജ്യമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാൻ വ്യത്യസ്തയാണ്. ഞാൻ ഒരു രാഷ്ട്രീയ സംഘടനയുടെ നേതാവാണ്, സ്ത്രീകൾ എന്തും ചെയ്യാൻ തയ്യാറാണെങ്കിൽ അവരെ തടയാൻ ആർക്കും കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. സോമാലിയൻ സ്ത്രീകൾക്ക് ഒരു മാതൃകയാകാൻ ഞാൻ ആഗ്രഹിക്കുന്നു. 

രാജ്യത്തെ സ്ത്രീകൾ നേതൃസ്ഥാനത്ത് എത്തുന്നതിൽ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്?
വെല്ലുവിളികൾ പലതാണ്. സാംസ്കാരിക വെല്ലുവിളികൾ നിലനിൽക്കുന്നത് തന്നെ സ്ത്രീകളെ ചുറ്റിപ്പറ്റിയാണ്. ടാൻസാനിയ ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും സ്ത്രീകളാണ് ഭരണകര്‍ത്താക്കള്‍. അതിനാൽ, സ്ത്രീകൾക്കെതിരായ സാംസ്കാരികവും മതപരവുമായ വിവേചനം സൊമാലിയയിൽ മാത്രമാണ് നടക്കുന്നത്. ഈ രാജ്യം അഭിവൃദ്ധിപ്പെടണമെങ്കിൽ സ്ത്രീകളെ നേതൃസ്ഥാനത്തേക്ക് എത്തിക്കണം.

വിവ: സ്വാദിഖ് ചുഴലി

കടപ്പാട്: അൽ ജസീറ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter