ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍

പത്തൊമ്പതാം നൂറ്റാണ്ട് തെക്കേ ഏഷ്യയിലെ ഹദീസ് സാഹിത്യചരിത്രത്തിൽ ഒരു നിർണ്ണായക വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. ഹദീസ് ഗ്രന്ഥങ്ങളുടെ പാരായണപരമ്പരയും പകർപ്പെഴുത്ത് സംസ്കാരവും  അച്ചടി മാധ്യമത്തിലേക്ക് മാറ്റപ്പെട്ട ഈ കാലഘട്ടത്തിൽ, ലിഥോഗ്രാഫിക് അച്ചടി ഒരു ബൗദ്ധിക വിപ്ലവമായി മാറി. മലയാള പ്രദേശങ്ങൾ ഉൾപ്പെടെ വെസ്റ്റേൺ കൊളോണിയൽ ഭരണത്തിന്റെ പശ്ചാത്തലത്തിൽ അറബി–ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ അച്ചടി വ്യാപകമാകുകയും, പരമ്പരാഗത വിജ്ഞാനസംരക്ഷണത്തിന് പുതിയ വാതായനങ്ങൾ തുറക്കുകയും ചെയ്തു. ഈ ചരിത്രപരമായ പരിവർത്തനത്തിൽ ഹദീസ് പണ്ഡിതനായ അഹ്മദ് അലി സഹാറാൻപൂരിയുടെ പങ്ക് അതീവ നിർണ്ണായകമായിരുന്നു.

 

തെക്കേ ഏഷ്യയിലെ ഹദീസ് പാരായണവും അച്ചടി വിപ്ലവവും

 

കൈറോയിലെ ബുലാഖ് പ്രസ്സ് (1820) പോലുള്ള അറബിക് അച്ചടി കേന്ദ്രങ്ങൾ ഇസ്‌ലാമിക ലോകത്ത് മാതൃകയായിരുന്നുവെങ്കിലും, ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിൽ രൂപംകൊണ്ട ലിഥോഗ്രാഫിക് പ്രിന്റിംഗ് പ്രസുകളാണ് ഹദീസ് ഗ്രന്ഥങ്ങളുടെ പ്രചാരണത്തിൽ സമാനമായ പങ്ക് വഹിച്ചത്. മദ്റസാ സംവിധാനങ്ങളുടെയും പാരമ്പര്യ പണ്ഡിതവൃത്തങ്ങളുടെയും ആവശ്യം നിറവേറ്റുന്നതിനായി ക്ലാസിക്കൽ ഹദീസ് ഗ്രന്ഥങ്ങൾ കൃത്യതയോടെ അച്ചടിക്കപ്പെട്ടത് ഈ പ്രസുകളിലായിരുന്നു.

 

ഈ കാലഘട്ടത്തിൽ കൈയെഴുത്തുപുസ്തകങ്ങളുടെ പാരമ്പര്യം ഉപേക്ഷിക്കാതെ തന്നെ, അച്ചടി മാധ്യമത്തെ സ്വീകരിക്കേണ്ടതുണ്ടെന്ന നിലപാടാണ് പണ്ഡിതസമൂഹം പൊതുവെ സ്വീകരിച്ചത്. നവീന സാങ്കേതിക വിദ്യകൾ പൗരസ്ത്യ വിജ്ഞാനത്തിന്റെ ശുദ്ധതയ്ക്ക് ഭീഷണിയാകരുതെന്ന ബോധം അച്ചടി പ്രവർത്തനങ്ങൾക്കും അടിസ്ഥാനമായി.

 

അഹ്മദ് അലി സഹാറൻപൂരി: പഠനപാരമ്പര്യവും യാത്രകളും

 

സഹാറൻപൂർ സ്വദേശിയായ മൗലാനാ അഹ്മദ് അലി (1810–1880) പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ ഹദീസ് പണ്ഡിതന്മാരിൽ ഒരാളായിരുന്നു. സൗദാത്ത് അലി, ഇലാഹി ബഖ്ഷ് കന്ദഹൽവി എന്നിവരിൽ നിന്ന് അടിസ്ഥാനവിദ്യാഭ്യാസം നേടിയ അദ്ദേഹം, പിന്നീട് ദില്ലിയിൽ മംലൂക് അലി നാനൂതവിയുടെ ശിഷ്യത്വത്തിൽ ഉന്നത വിജ്ഞാനം നേടി.

 

ഷൈഖ് വജീഹുദ്ധീൻ സിദ്ദീഖിയുടെ കീഴിൽ സഹീഹ് അൽബുഖാരി പഠിച്ച് ഇജാസ ലഭിച്ചെങ്കിലും, മക്കയിൽ താമസിച്ചിരുന്ന മഹാ മുഹദ്ദിസ് ഷാ മുഹമ്മദ് ദെഹ്‌ലവിയിൽ നിന്ന് പഠിക്കണമെന്ന ആഗ്രഹം അദ്ദേഹത്തെ ഹിജാസിലേക്ക് നയിച്ചു. മക്കയിൽ രണ്ടു വർഷത്തെ പഠനത്തിനുശേഷം ബുഖാരിയുടെ ഇജാസ ലഭിച്ചു. ഷാ മുഹമ്മദ് ഇഖ് ദെഹ്‌ലവി, ഷാ അബ്ദുൽ അസീസ് ദെഹ്‌ലവിയുടെ പുത്രനായതിനാൽ, ഈ വിജ്ഞാനപരമ്പര സഹാറാൻപൂരിക്ക് ഉന്നതമായ അംഗീകാരം നൽകി.

 

മത്ബഅ് അഹ്മദിയും ഹദീസ് ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണവും

 

1846-ൽ ഹിജാസിൽ നിന്നുള്ള മടക്കയാത്രയ്ക്കുശേഷം, അഹ്മദ് അലി ദില്ലിയിലെ മത്ബഅ് അഹ്മദി എന്ന പ്രിൻ്റിംഗ് പ്രസ്സിന്റെ ചുമതല ഏറ്റെടുത്തു. 1848 മുതൽ 1857 വരെ നിരവധി ഹദീസ് ഗ്രന്ഥങ്ങളുടെ ലിഥോഗ്രാഫിക് പതിപ്പുകൾ ഇവിടെ നിന്നാണ് പുറത്തിറങ്ങിയത്. 1857-ലെ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ അച്ചടിശാല നശിച്ചെങ്കിലും, സഹാറാൻപൂരിയുടെ വിജ്ഞാനപ്രവർത്തനം നിലച്ചില്ല.

 

മീററ്റിലും പിന്നീട് കൊൽക്കത്തയിലും താമസമാക്കിയ അദ്ദേഹം, ഹഫീസ് ജമാലുദ്ദീൻ മസ്ജിദിൽ ഹദീസ് ദർസുകൾ നടത്തി, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. മത്ബഅ് അഹ്മദിയിൽ നടന്ന പ്രസിദ്ധീകരണപ്രവർത്തനങ്ങൾ, കൈറോ പോലുള്ള അന്താരാഷ്ട്ര ഹദീസ് കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യാവുന്ന നിലവാരത്തിലെത്തിയിരുന്നു.

 

ഹദീസ് ഗ്രന്ഥങ്ങളുടെ ശാസ്ത്രീയ പതിപ്പുകൾ

 

സഹീഹ് അൽബുഖാരിയുടെ ലോകത്തിലെ ആദ്യ സമ്പൂർണ്ണ ലിഥോഗ്രാഫിക് പതിപ്പ് (1267 ഹിജ്റ / 1851) പ്രസിദ്ധീകരിച്ചതിൽ അഹ്മദ് അലി സഹാറാൻപൂരി നിർണ്ണായക പങ്കുവഹിച്ചു. ഈ പതിപ്പിൽ മുൻകാല വ്യാഖ്യാനഗ്രന്ഥങ്ങളുടെ സംഗ്രഹം ഉൾക്കൊള്ളുന്ന ഹാശിയകളും മാർജിനൽ കുറിപ്പുകളും (തഅ്‍ലീഖാത്) ചേർത്തത് അദ്ദേഹത്തിന്റെ ശാസ്ത്രീയ മികവിന്റെ തെളിവാണ്.

അതുപോലെ, ജാമിഉത്തിര്‍മിദി (1265 ഹിജ്റ), മിഷ്കാത്തുൽ മസാബീഹ്, ഇമാം നവവിയുടെ ശർഹോടുകൂടിയ സഹീഹ് മുസ്‍ലിം തുടങ്ങിയ കൃതികളിലും അദ്ദേഹം ശാസ്ത്രീയ പരിഷ്കാരങ്ങളും വിശദീകരണങ്ങളും ഉൾപ്പെടുത്തി. ഓരോ പതിപ്പിനും ശേഷം പുനഃപരിശോധന നടത്തി, തുടര്‍ പതിപ്പുകളിൽ പുതുക്കലുകൾ ചേർത്തത് അദ്ദേഹത്തിന്റെ അക്കാദമിക ഉത്തരവാദിത്തബോധമാണ് വ്യക്തമാക്കുന്നത്. ഈ പതിപ്പുകൾ ദില്ലി, മീററ്റ്, കൊൽക്കത്ത, സഹാറാൻപൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ പതിറ്റാണ്ടുകളോളം ഹദീസ് പഠനത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളായി ഉപയോഗിക്കപ്പെട്ടു.

 

പാരമ്പര്യ സംരക്ഷണത്തിന്റെ ബൗദ്ധിക പാത

 

ലിഥോഗ്രാഫിക് അച്ചടിയിലൂടെ ഹദീസ് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ, കൈയെഴുത്തുപുസ്തകങ്ങളുടെ പൗരസ്ത്യ സവിശേഷതകൾ സംരക്ഷിക്കണമെന്ന കർശന നിലപാടാണ് സഹാറാൻപൂരി സ്വീകരിച്ചത്. മുൻകാല വിശദീകരണങ്ങളുടെ അറിവുകൾ പുതിയ അച്ചടിപതിപ്പുകളിൽ ഉൾപ്പെടുത്തുകയും, ഗ്രന്ഥങ്ങളുടെ ശാസ്ത്രീയ വിശ്വാസ്യത ഉറപ്പാക്കുകയും ചെയ്തു അദ്ദേഹം.

 

പത്തൊമ്പതാം നൂറ്റാണ്ടിലെ അച്ചടി വിപ്ലവകാലത്ത്, കൈറോ പോലുള്ള ഹദീസ് കേന്ദ്രങ്ങളോട് കിടപിടിക്കുന്ന രീതിയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഹദീസ് സാഹിത്യസംരക്ഷണം സാധ്യമായത്, സഹാറൻപൂരിയെപ്പോലുള്ള പണ്ഡിതരുടെ അദ്ധ്വാനഫലമായിരുന്നു. മലയാള പ്രദേശങ്ങൾ ഉൾപ്പെടെ, ഹദീസ് പഠനത്തിന് ക്ലാസിക്കൽ ഗ്രന്ഥങ്ങൾ ലഭ്യമാകുന്നതിൽ ഈ പ്രവർത്തനങ്ങൾ നിർണ്ണായക പങ്കുവഹിച്ചു എന്നതിനാല്‍, കേരളീയ നാം പോലും അദ്ദേഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter