ഇഖ്റഅ് 11. എല്ലാം ചോദിക്കപ്പെടുക തന്നെ ചെയ്യും, തീര്‍ച്ച
പ്രവാചകരുടെ വേര്‍പാടിന് ശേഷം ഇസ്‍ലാമിക രാഷ്ട്രത്തിന്റെ ആദ്യഭരണാധികാരിയെന്ന നിലയില്‍ ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടത് അബൂബക്റ് സ്വിദ്ദീഖ്(റ) ആയിരുന്നു. ശേഷം അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ സംസാരം ഇങ്ങനെ വായിക്കാം,
ജനങ്ങളേ, നിങ്ങളുടെ ഭരണകാര്യങ്ങള്‍ നോക്കേണ്ട ചുമതല എന്നില്‍ അര്‍പ്പിതമായിരിക്കുകയാണ്. ഞാനൊരിക്കലും നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും നല്ലവനൊന്നുമല്ല. ഗുണകരമായ കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്ന പക്ഷം, നിങ്ങളെന്നെ സഹായിക്കുക. എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ നിങ്ങളെന്നെ തിരുത്തുക. അല്ലാഹുവിനെയും അവന്റെ പ്രവാചകരെയും ഞാന്‍ അനുസരിക്കുന്നിടത്തോളം നിങ്ങളെന്നെ അനുസരിക്കുക, അവരുടെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായി ഞാന്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെന്നെ അംഗീകരിക്കേണ്ടതില്ല.
ഒരു ഭരണാധികാരിയും ഭരണീയരും തമ്മിലുള്ള ഏറ്റവും നല്ല ബന്ധത്തിന്റെ ഉത്തമ മാതൃകയാണ് മേല്‍ വാചകങ്ങളിലൂടെ നമുക്ക് വായിച്ചെടുക്കാനാവുന്നത്. അധികാരകസേരകളിലെത്തുമ്പോഴേക്ക് ജനങ്ങളെ മറന്ന് അഹങ്കാരികളാവാന്‍ വിശ്വാസിക്ക് സാധ്യമല്ല. അധികാരവും ചുമതലകളുമെല്ലാം ഉത്തരവാദിത്തങ്ങളാണെന്നും അവയെല്ലാം നാളെ ചോദ്യം ചെയ്യപ്പെടുമെന്നുമുള്ള ബോധമാണ് വിശ്വാസിയെ നയിക്കേണ്ടത്. ആ ബോധം ഉള്ളിലുള്ള കാലത്തോളം, അധികാരം ഉപയോഗിച്ച് ആരെയും അക്രമിക്കാനോ പീഢിപ്പിക്കാനോ ഇതരരുടെ അവകാശങ്ങള്‍ ഹനിക്കാനോ അനീതിക്കും അന്യായത്തിനും കൂട്ട് നില്ക്കാനോ സാധ്യമല്ല.
വിശ്വാസിയുടെ ജീവിതത്തിലെ ഓരോ റോളും അധികാരത്തിന് സമാനമാണ്. നാടിന്റെ ഭരണം കൈയ്യാളുന്നവനെ പോലെതന്നെ, കുടുംബമുള്ള ഓരോ പുരുഷനും അവന്റെ കുടുംബത്തിന്റെ അധികാരിയാണ്, വീട്ടുകാരിയായ സ്ത്രീ ആ വീടിന്റെ അധികാരിയാണ്, ഉടമയുടെ സ്വത്ത് വകകള്‍ നോക്കി നടത്തുന്ന അടിമയെ പോലും ആ വസ്തുക്കളുടെ അധികാരിയായാണ് ഇസ്‍ലാം പരിചയപ്പെടുത്തുന്നത്.
Read More: ഇഖ്റഅ് 10. ഉഹ്ദ് പര്‍വ്വതം, അതിന് നമ്മെ ഇഷ്ടമാണ്, നമുക്ക് അതിനെയും
ഓരോരുത്തരും അവരുടെ അധികാരനിര്‍വ്വഹണത്തെ കുറിച്ച് ചോദിക്കപ്പെടുക തന്നെ ചെയ്യും. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി പറയാതെ, നിന്ന നില്‍പ്പില്‍നിന്ന് പാദങ്ങള്‍ അനക്കാന്‍ പോലും സാധിക്കാത്ത വിചാരണാവേള വരാനുണ്ടെന്നതാണ്, ഓരോരുത്തരെയും വഴി നടത്തേണ്ടത്. അതോടെ, ഭരണീയരുടെ ജീവിതം ഏറ്റവും സുഗമവും സുഖകരവുമായിത്തീരും. അനീതിയും അന്യായവും തുടച്ച് നീക്കപ്പെടും.
ജീവിതവ്യവഹാരങ്ങളില്‍ നമ്മില്‍ അര്‍പ്പിതമായിരിക്കുന്ന വിവിധ അധികാര ചുമതലകളെ കുറിച്ച് നമുക്കും ഒരു ആലോചന നടത്താം. അവയെല്ലാം യഥാവിധി നീതിപൂര്‍വ്വം നിര്‍വ്വഹിക്കാന്‍ ഇത് വരെ നമുക്ക് ആയിട്ടുണ്ടോ എന്ന് ഒരു പുനര്‍വിചിന്തനം ആവാം. വന്നുപോയ കുറ്റങ്ങളും കുറവുകളും നികത്തി മുന്നോട്ട് പോവാം. സ്വന്തത്തിലേക്ക് തിരിയാനുള്ള അവസരമെന്ന നിലയില്‍ ഈ റമദാനില്‍ അതിന് കൂടി നമുക്ക് സമയം കണ്ടെത്താം.



Leave A Comment