ഇഖ്റഅ് 17. ചെലവുകള്‍ക്ക് മാത്രമല്ല, വരവുകള്‍ക്കും മറുപടി പറയേണ്ടിവരും

സുല്‍താന്‍ നൂറുദ്ദീന്‍ സങ്കി നാട് ഭരിക്കുന്ന കാലം. ഖലീഫമാര്‍ക്ക് ശേഷം ഏറ്റവും നീതിയോടെ ഭരണം നടന്ന കാലമായിരുന്നു അതെന്നാണ് പറയപ്പെടുന്നത്. അധികാരം വലിയൊരു ഉത്തരവാദിത്തമായി കണ്ടിരുന്ന അദ്ദേഹം, ഭരണ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പ്രതിഫലം പോലും പറ്റിയിരുന്നില്ല. 

ഒരു ദിവസം അദ്ദേഹം പൊതുഖജനാവിലേക്ക് വന്നു. അവിടെ അത് വരെ പരിചയമില്ലാത്ത ഏറെ മൂല്യമുള്ള ചില സാധനങ്ങള്‍ കണ്ടു. ഉടന്‍ അദ്ദേഹം അത് എവിടെനിന്ന് വന്നുവെന്ന് ചോദിച്ചു. ഖാളി കമാലുദ്ദീന്‍ കൊടുത്തയച്ചതാണെന്ന് ഖജനാവ് സൂക്ഷിപ്പുകാരന്‍ മറുപടി നല്കി. 

ആ മറുപടിയില്‍ തൃപ്തി തോന്നാതിരുന്ന അദ്ദേഹം, ഇത് നമുക്ക് അവകാശപ്പെട്ടതല്ലെന്നും ഹലാല്‍ ആണെന്ന് ഉറപ്പില്ലാത്തതൊന്നും പൊതുഖജനാവിലേക്ക് വേണ്ടെന്നും പറഞ്ഞ് അത് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടു. അത് പ്രകാരം അത് തിരിച്ചയച്ചെങ്കിലും ഇത് സുല്‍താന് ഞാന്‍ പ്രത്യേകമായി കൊടുത്തയച്ചതാണെന്ന് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും അത് തലസ്ഥാനത്തേക്ക് തന്നെ തിരിച്ചയച്ചു.

അടുത്ത തവണ ഖജനാവിലെത്തിയ സുല്‍താന്‍ സങ്കി വീണ്ടും അത് കണ്ടു. ഇത് തിരിച്ചയക്കാന്‍ ഞാന്‍ പറഞ്ഞിരുന്നില്ലേ എന്ന് ചോദിച്ച അദ്ദേഹത്തോട് സൂക്ഷിപ്പുകാരന്‍ കാര്യം പറഞ്ഞു. അത് കേട്ട അദ്ദേഹം അത് ഖാളിക്ക് തന്നെ തിരിച്ച് നല്കാന്‍ ഏര്‍പ്പാട് ചെയ്ത ശേഷം അദ്ദേഹത്തിന് ഇങ്ങനെ ഒരു സന്ദേശവും നല്കി, ഖാളീ, മൂല്യമുള്ള ഈ വസ്തുക്കള്‍ എവിടെനിന്ന് ലഭിച്ചു എന്ന് നാളെ അല്ലാഹു ചോദ്യം ചെയ്യുമ്പോള്‍ അതിന് മറുപടി പറയാന്‍ എനിക്കാവുമെന്ന് തോന്നുന്നില്ല. അതിനാല്‍ ഞാനിത് തിരിച്ചയക്കുന്നു. താങ്കള്‍ക്ക് അതിന് മറുപടി പറയാനായേക്കാം. അത് കൊണ്ട് ഇത് താങ്കളുടെ പക്കല്‍ തന്നെ ഇരിക്കട്ടെ.  

ഇതാണ് യഥാര്‍ത്ഥ വിശ്വാസിയുടെ ചിന്തയും സമീപനവും. ഐഹിക സുഖസൗകര്യങ്ങളിലോ വസ്തുവകകളിലോ അവന്റെ കണ്ണുകള്‍ ഒരിക്കലും മഞ്ഞളിച്ച് പോവുകയില്ല. എത്ര വില പിടിപ്പുള്ള വസ്തുക്കള്‍ ലഭിക്കുമ്പോഴും അവയെ കുറിച്ചെല്ലാം നാളെ ചോദ്യം ചെയ്യപ്പെടുമെന്നും അതിന് മറുപടി പറയേണ്ടിവരുമെന്നുമുള്ള ചിന്ത അവനെ അലട്ടാതിരിക്കില്ല. അത് കൊണ്ട് തന്നെ, തനിക്ക് ന്യായമായും അവകാശപ്പെട്ടതല്ലാത്ത ഒരു തുട്ട് പോലും സ്വീകരിക്കാനോ കൈവശം വെക്കാനോ അവന്‍ ധൈര്യപ്പെടുകയില്ല.

Read More: ഇഖ്റഅ് 16.ഇനിയും ശേഷിക്കുന്ന ജാഹിലിയ്യതുകള്‍

ഇത് വ്യക്തിപരമായ സ്വത്തുക്കളില്‍ മാത്രമല്ല. തന്റെ അധികാരപരിധിയിലും ചുമതല വഹിക്കുന്ന മേഖലകളിലുമൊക്കെ ഇത് തന്നെയാണ് അവന്റെ രീതിയും ശൈലിയും. ചെലവുകളില്‍ മാത്രമല്ല, വരവുകളില്‍ പോലും സൂക്ഷ്മത പുലര്‍ത്തേണ്ടവനാണ് വിശ്വാസി. കാരണം, നാളെ അവനോട് ചോദിക്കപ്പെടുന്നത് സ്വത്ത് എങ്ങനെ ചെലവഴിച്ചു എന്ന് മാത്രമല്ല, അതിന് മുമ്പ്, സമ്പാദ്യത്തിലെ ഓരോ നാണയും എവിടെ നിന്ന് വന്നു, എങ്ങനെ സമ്പാദിച്ചു എന്നതാണ് അവന്‍ നേരിടേണ്ടിവരുന്ന ആദ്യ ചോദ്യം. 

നമ്മുടെ ജീവിതത്തിലും ക്രയവിക്രയങ്ങളിലും വ്യവഹാരങ്ങളിലും ഈ ചിന്തയായിരിക്കണം നമ്മെ നയിക്കേണ്ടത്. അപ്പോള്‍ മാത്രമാണ് വിശ്വാസം പൂര്‍ണ്ണമാവുന്നത്. മാനസികവും ആത്മികവുമായ സംശുദ്ധിയും ശക്തിയും കൈവരിക്കുന്ന ഈ നോമ്പ് കാലത്ത്, സാമ്പത്തിക ശുദ്ധി കൂടി കൈവരിക്കാന്‍ നമുക്ക് സാധിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter