ഇഖ്റഅ് 12. ജീവിതം ഉത്തരവാദിത്തങ്ങളുടേതാണ്
ഇസ്‍ലാമിക സാമ്രാജ്യത്തിന്റെ രണ്ടാം ഖലീഫ ഉമറുബ്നുല്‍ഖത്താബ്(റ) നാട് ഭരിക്കുന്ന കാലം. എന്തിനും ഏതിനും സഹായികളായി അത്യുത്തമരായ ഉസ്മാന്‍ (റ), അലി(റ) തുടങ്ങിയവരും കൂടെയുണ്ട്. ഒരു ദിവസം എങ്ങോട്ടോ ധൃതിപ്പെട്ട് നടന്നുപോവുന്ന ഖലീഫയെയാണ് അലി(റ) കണ്ടത്. ഇത്ര ധൃതി പിടിച്ച് പോകാന്‍ മാത്രം എന്താണ് കാര്യമെന്ന് അദ്ദേഹം ഖലീഫയോട് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു, സകാതിന്റെ ഭാഗമായി പൊതുഖജനാവിലേക്ക് വന്ന ഒരു ഒട്ടകത്തെ കാണുന്നില്ല. അത് കയറ് പൊട്ടിച്ച് എങ്ങോട്ടോ പോയിരിക്കുന്നു. ഞാന്‍ അതിനെ തെരഞ്ഞ് പോവുകയാണ്.
ഇത് കേട്ട അലി(റ) പറഞ്ഞു, താങ്കള്‍ക്ക് ശേഷം ഭരണം ഏറ്റെടുക്കുന്നവരെല്ലാം ഏറെ കഷ്ടപ്പെടേണ്ടിവരുമല്ലോ. ഉടന്‍ ഖലീഫ മറുപടി പറഞ്ഞു, ഞാന്‍ ഈ ചെയ്യുന്നതിന് എന്നെ ആക്ഷേപിക്കരുത്. പ്രവാചകരെ നിയോഗിച്ച നാഥന്‍ തന്നെ സത്യം, യൂപ്രട്ടീസിന്റെ തീരത്തുള്ള ഒരു ഒട്ടകത്തിന് പോലും എന്തെങ്കിലും സംഭവിച്ചാല്‍ ഖലീഫ എന്ന നിലയില്‍ ഞാനായിരിക്കും നാളെ ചോദ്യം ചെയ്യപ്പെടുക.
ഉത്തരവാദിത്ത ബോധം പരമ കാഷ്ഠ പ്രാപിച്ചതിന്റെ, ചരിത്രത്തിലെ സമാനതകളില്ലാത്ത ഉദാഹരണമാണ് ഇതെന്ന് പറയാം. വിശുദ്ധ ഇസ്‍ലാം വിശ്വാസിക്ക് നല്കുന്ന ഏറ്റവും വലിയ ചിന്തകളിലൊന്നാണ് ഇതെന്ന് പറയാം. ആരോടും ഒരു കടപ്പാടുമില്ലാതെ, തോന്നിയത് പോലെ തിന്നും കുടിച്ചും ചിരിച്ചും കളിച്ചും രമിച്ചും മദിച്ചും കഴിച്ച് കൂട്ടേണ്ടതല്ല ഈ ജീവിതം. മറിച്ച്, കൃത്യമായ ലക്ഷ്യങ്ങളോടെ പടച്ച തമ്പുരാന്റെ പ്രതിനിധികളായി ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ടവരാണ് മനുഷ്യര്‍ എന്നാണ് ഇസ്‍ലാമിന്റെ പക്ഷം.
Read More: ഇഖ്റഅ് 11.എല്ലാം ചോദിക്കപ്പെടുക തന്നെ ചെയ്യും, തീര്‍ച്ച
അത് കൊണ്ട് തന്നെ, ഭൂമിയില്‍ കഴിച്ച് കൂട്ടാന്‍ ലഭിച്ച ഹ്രസ്വ കാലയളവില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടവനാണ് അവന്‍. അവയെല്ലാം സാധ്യമാവുന്നത്ര ഭംഗിയായി ചെയ്ത് തീര്‍ക്കുമ്പോഴാണ് ജീവിതം ധന്യമാവുന്നത്. സ്വന്തം ശരീരത്തോടെന്ന പോലെ, മാതാപിതാക്കളോടും ഭാര്യസന്താനങ്ങളോടും ബന്ധുജനങ്ങളോടും കൂട്ടുകാരോടും നാട്ടുകാരോടുമെല്ലാം അവന് ഉത്തരവാദിത്തങ്ങളുണ്ട്. അവയെല്ലാം നിര്‍വ്വഹിക്കുന്നതും അവനെ സംബന്ധിച്ചിടത്തോളം ആരാധനയാണെന്ന് മാത്രമല്ല, വൈയ്യക്തിക ആരാധനകളില്‍ മുഴുകി ഇരിക്കുന്നതിനേക്കാള്‍ പലപ്പോഴും മഹത്തരമാകുന്നത് ഇത്തരം സാമൂഹ്യ ബാധ്യതകളുടെ നിര്‍വ്വഹണമാണ്.
ഈ ഉത്തരവാദിത്ത ബോധമാണ് മനുഷ്യജീവിതത്തെ ഇതര ജീവികളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. സാമൂഹ്യജീവിതം ഏറ്റവും സുന്ദരവും സുരഭിലവുമാക്കുന്നതും അത് തന്നെ. നമ്മിലോരോരുത്തരിലും അര്‍പ്പിതമായ വിവിധ ഉത്തരവാദിത്തങ്ങളെ കൂടിയാണ് വിശുദ്ധ റമദാനും അതില്‍ നാം എടുക്കുന്ന നോമ്പുകളും ഓര്‍മ്മിപ്പിക്കുന്നത്. അവ യഥാവിധി നിര്‍വ്വഹിക്കുമെന്ന പ്രതിജ്ഞ പുതുക്കാനുള്ള അവസരം കൂടിയാവട്ടെ ഈ റമദാന്‍, ശിഷ്ട മാസങ്ങളിലേക്ക് അതിനാവശ്യമായ ഊര്‍ജ്ജവും ആവേശവും പകരുന്നതുമാവട്ടെ ഈ വിശുദ്ധ മാസം.



Leave A Comment