ഇഖ്റഅ് 07. എല്ലാവർക്കും അവകാശങ്ങളുണ്ട്

പ്രവാചകരും അനുയായികളും മക്കയില്‍നിന്ന് പലായനം ചെയ്ത മദീനയിലെത്തിയ സമയം. ഇരുവിഭാഗത്തിനുമിടയില്‍ അഗാധമായ സൗഹൃദം ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായി, മക്കയില്‍ നിന്നെത്തിയ ഓരോരുത്തരെയും മദീനയിലുള്ള ഓരോരുത്തരുമായി കൂട്ടിയിണക്കി അവരുടെ കൂടെ താമസിക്കാന്‍ പ്രവാചകര്‍ ആവശ്യപ്പെട്ടു. മക്കയില്‍നിന്നെത്തിയ സല്‍മാനുല്‍ഫാരിസി(റ)നെ മദീനക്കാരനായ അബുദ്ദര്‍ദാഅ്(റ)ന്റെ കൂടെയാണ് പറഞ്ഞയച്ചത്. കൂട്ടുകാരന്റെ വീട്ടിലെത്തിയ സല്‍മാന്‍(റ) കണ്ടത്, ഭൗതിക കാര്യങ്ങളിലോ ഭര്‍ത്താവിനെ വേണ്ട വിധം സ്വീകരിക്കുന്നതിലോ താല്പര്യമില്ലാത്ത പോലെ കഴിയുന്ന വീട്ടുകാരി ഉമ്മുദ്ദര്‍ദാഇനെയാണ്. 

അദ്ദേഹം അവരോട് തന്നെ നേരിട്ട് കാര്യമന്വേഷിച്ചു. അപ്പോള്‍ അവരുടെ മറുപടി ഇങ്ങനെയായിരുന്നു, നിങ്ങളുടെ കൂട്ടുകാരനായ ഈ അബുദ്ദര്‍ദാഇന് അത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ല, അദ്ദേഹം സദാ സമയം നിസ്കാരവും നോമ്പും ആരാധനകളുമായി കഴിയുന്ന ആളാണ്. ഇത് കേട്ട സല്‍മാന്‍(റ) അബുദ്ദര്‍ദാഇനെ സമീപിച്ച് ഇങ്ങനെ ഉപദേശിച്ചു, സുഹൃത്തേ, നിസ്കാരവും നോമ്പും മാത്രമല്ല ആരാധന എന്നത്. കുടുംബവും മക്കളും ബന്ധുക്കളുമൊക്കെയുള്ള ഒരു സാമൂഹ്യജീവി എന്ന നിലയില്‍, പടച്ച തമ്പുരാനോടെന്ന പോലെ തന്നെ, സ്വന്തം ശരീരത്തോടും ഭാര്യയോടുമെല്ലാം നമുക്ക് ബാധ്യതകളുണ്ട്. ഓരോരുത്തരുടെയും അവകാശങ്ങള്‍ യഥാവിധി വകവെച്ച് കൊടുക്കുമ്പോഴാണ് യഥാര്‍ത്ഥ വിശ്വാസി ആവുന്നത്. 
അടുത്ത ദിവസം, സല്‍മാന്‍(റ) ഇങ്ങനെ ഉപദേശിച്ച വിവരം പ്രവാചകര്‍ അറിഞ്ഞു. അവിടുന്ന് പറഞ്ഞു, സല്‍മാന്‍ പറഞ്ഞത് എത്ര സത്യം, തീര്‍ച്ചയായും സല്മാന് ഇല്‍മ് നല്കപ്പെട്ടിരിക്കുന്നു. 

ഐഹിക ജീവിതത്തില്‍ തീരെ താല്പര്യം പ്രകടിപ്പിക്കാത്ത മറ്റു ചില അനുയായികളെയും ഇത്തരത്തില്‍ പ്രവാചകര്‍ ഉപദേശിച്ചതായി കാണാം. അവസാനം അവരോട് ഇങ്ങനെ പറയുകയും ചെയ്യുമായിരുന്നു, നിങ്ങളില്‍ അല്ലാഹുവിനെ ഏറ്റവും അറിയുന്നവനും ഏറ്റവും ഭയഭക്തിയുള്ളവനും ഞാനാണ്. ഞാന്‍ നോമ്പും നിസ്കാരവുമെല്ലാം നിര്‍വ്വഹിക്കുന്നതോടൊപ്പം തന്നെ, ചില ദിവസങ്ങളില്‍ നോമ്പ് ഒഴിവാക്കുന്നു, രാത്രിയില്‍ ഉറങ്ങുന്നു, വിവാഹം ചെയ്യുന്നു, ഭാര്യമാരുമായി നല്ല ബന്ധം സൂക്ഷിക്കുന്നു, ഇതെല്ലാം ഒരു പോലെ നിര്‍വ്വഹിക്കുന്നതാണ് എന്റെ ചര്യ, അതിനോട് വിരക്തി കാണിക്കുന്നവന്‍ എന്റെ അനുയായി അല്ല.

Read More: ഇഖ്റഅ് 06.ആരാധനകളില്‍ പോലും മടുപ്പിക്കരുത്

ഇതാണ് ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ ജീവിതം. തന്നെ സൃഷ്ടിച്ച തമ്പുരാനോടെന്ന പോലെ തന്നെ, സ്വന്തം ശരീരത്തോടും ഭാര്യസന്താനങ്ങളോടും തന്റെ ചുറ്റുമുള്ള സമൂഹത്തോടുമെല്ലാം അവന് ബാധ്യതകളുണ്ട്. അവയെല്ലാം യഥാവിധി നിര്‍വ്വഹിക്കുമ്പോള്‍ മാത്രമാണ് അവന്റെ വിശ്വാസവും മതവും സമ്പൂര്‍ണ്ണമാവുന്നത്. ഐഹിക കാര്യങ്ങളില്‍ നിന്നെല്ലാം വിട്ടകന്ന് കഴിയുന്ന പൗരോഹിത്യം ഇസ്‍ലാമിന്റെ രീതിയല്ല. എത്രമാത്രം സന്തുലിതവും സാമൂഹികവുമാണ് വിശുദ്ധ ഇസ്‍ലാമിന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട്.

ബാധ്യതകളെല്ലാം കൃത്യമായി മനസ്സിലാക്കാനും അവയെല്ലാം സാധ്യമാവുന്ന വിധം നിര്‍വ്വഹിച്ച് ഒരു മാതൃകാസാമൂഹ്യജീവിയായി ജീവിതം നയിക്കാനും നമുക്ക് സാധിക്കണം. സമൂഹത്തിലെ എല്ലാവരെയും ഒരു പോലെ കാണാന്‍ അവസരമൊരുക്കുന്ന ഈ റമദാനും നോമ്പുകളും അതിന് കൂടി നമ്മെ സഹായിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter