ഇഖ്റഅ് 25. ഉള്ളിലുള്ളതേ പുറത്ത് വരാവൂ....

പ്രവാചകരുടെ പ്രബോധന കാലഘട്ടം. ഇടക്കിടെ വിവിധ സംഘങ്ങളുമായി ഏറ്റ് മുട്ടലുകളും യുദ്ധങ്ങളും നടക്കാറുണ്ട്. അത്തരത്തില്‍ ഒരു യുദ്ധത്തിന് വേണ്ടി പ്രവാചകര്‍ അനുയായികളോട് തയ്യാറാവാന്‍ ആവശ്യപ്പെട്ടു. നിലനില്‍പ്പിനും ഭൗതിക ലക്ഷ്യങ്ങള്‍ക്കും വേണ്ടി വിശ്വാസികളായി അഭിനയിക്കുന്ന ചിലരും അന്ന് അവിടെയുണ്ടായിരുന്നു. യുദ്ധത്തിനുള്ള വിളിയാളം വരുമ്പോഴാണ് പലപ്പോഴും അവരുടെ തനിനിറം പുറത്ത് ചാടുക.

ഇത്തവണ അവര്‍ പറഞ്ഞ ന്യായം ഇതായിരുന്നു, ഞങ്ങള്‍ക്ക് യുദ്ധം ചെയ്യാനുള്ള പ്രാപ്തിയോ പാടവമോ ഇല്ല. അതുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞങ്ങളും നിങ്ങളോടൊപ്പം യുദ്ധത്തിന് വരുമായിരുന്നു. ഈ വിഭാഗത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നതായി കാണാം, അവര്‍ മനസ്സിലില്ലാത്തതാണ് വായ കൊണ്ട് പറയുന്നത്.

യഥാര്‍ത്ഥ വിശ്വാസിയാണെങ്കില്‍ മനസ്സിലുള്ളതേ പറയാവൂ എന്നാണ് ഇസ്‍ലാം പഠിപ്പിക്കുന്നത്. പുറത്ത് പത്തിയും ഉള്ളില്‍ കത്തിയുമായി നടക്കുന്ന കാപട്യം ഇസ്‍ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. ദൈവനിഷേധികളായി കഴിയുന്നവരേക്കാള്‍ കപട വിശ്വാസികളെയാണ് വിശുദ്ധ ഖുര്‍ആന്‍ ആക്ഷേപിക്കുന്നത്. അത്തരക്കാരാണ് യഥാര്‍ത്ഥ ശത്രുക്കളെന്നും അവരെയാണ് ഏറ്റവും പേടിക്കേണ്ടതെന്നും വ്യക്തമായി തന്നെ ഖുര്‍ആന്‍ പ്രവാചകരോട് പറയുന്നുണ്ട്. നരകത്തിലെ ഏറ്റവും താഴെയുള്ള തട്ടിലാണ് അവരെന്നും മറ്റൊരിടത്ത് കാണാം.

Read More : ഇഖ്റഅ് 24.ഏറ്റവും വലിയ ആരാധന പരോപകാരം തന്നെ

കാപട്യമാണ് ഏതൊരു സമൂഹത്തിന്റെയും ഏറ്റവും വലിയ പ്രശ്നം. മിത്രങ്ങളും സ്വന്തം ആളുകളുമായി ചമഞ്ഞ് അകത്ത് കയറിക്കൂടി ഉള്ളില്‍ ശത്രുത വെച്ച് പുലര്‍ത്തുന്നവരാണ് ഏതൊരു സംരംഭത്തെയും തകര്‍ക്കുന്നത്. ഒരിക്കല്‍ ഒരു കെട്ട് മഴുത്താഴിയുമായി പോവുന്ന ഒരാളെ കണ്ട് കുഞ്ഞുമരങ്ങള്‍ നിലവിളിച്ച കഥ പറയാറുണ്ട്. ഇത് കണ്ട മുതിര്‍ന്ന മരം ചോദിച്ചുവത്രെ, താഴികള്‍ മാത്രമാണോ, അതോ അവയുടെ കൂടെ നമ്മുടെ കൂട്ടത്തിലെ തന്നെ ചിലരും (മഴുവിന്റെ താഴി ഉറപ്പിക്കുന്ന മരത്തിന്റെ പിടി) ഉണ്ടോ. മരപ്പിടികളില്ലെന്ന് പറഞ്ഞപ്പോള്‍ മുതിര്‍ന്ന മരം പറഞ്ഞുവത്രെ, എന്നാല്‍ പേടിക്കാനില്ല, അവക്ക് സ്വന്തമായി നമ്മെ ഒന്നും ചെയ്യാനാവില്ല, നമ്മുടെ കൂട്ടത്തിലുള്ളവര്‍ അവരുടെ കൂടെ കൂടിയാലേ പേടിക്കേണ്ടതുള്ളൂ.

ഇത് തന്നെയാണ് ഏതൊരു സമൂഹത്തിന്റെ അവസ്ഥ. കൂടെനിന്ന് സ്വന്തക്കാരെ ഒറ്റിക്കൊടുക്കുന്നതും കുതികാല്‍ വെട്ടുന്നതും ഒരിക്കലും വിശ്വാസിയുടെ സ്വഭാവമല്ല. കാപട്യത്തോടെ പെരുമാറുന്നവന്‍ ഒരിക്കലും വിശ്വാസിയല്ല. ഉള്ളിലുള്ളതേ അവന്‍ പുറത്ത് പ്രകടിപ്പിക്കാവൂ. ഞങ്ങളുടെ ബാഹ്യഭാവത്തേക്കാള്‍ ആന്തരികചിന്തകളെ നീ ഉത്തമമാക്കേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവരാണ് അവര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter