ഇറാൻ-ഇസ്രായേൽ വൈര്യം, മിഡില്‍ ഈസ്റ്റ് വീണ്ടും യുദ്ധത്തിലേക്കോ

കാര്യങ്ങൾ കൂടുതൽ വഷളാവുകയാണെങ്കിൽ ആഗോളതലത്തിൽ തന്നെ ശക്തമായ അനുരണനങ്ങൾ തീർക്കാൻ സാധ്യതയുള്ള സംഭവമാണ് ഇറാൻ-ഇസ്രായേൽ സംഘർഷം. വംശഹത്യാ ശ്രമങ്ങളുമായി മുന്നോട്ടുപോകുന്ന ഇസ്രായേൽ പരാജയപ്പെട്ടുക്കൊണ്ടിരിക്കുകയാണോ എന്ന ചോദ്യം നിലനിൽക്കുന്നു. സുഡാനിലെ സംഘർഷങ്ങൾക്ക് ഒരു വർഷം തികയുകയാണ്. റോഹിംഗ്യൻ അഭയാർത്ഥി പ്രശ്നവുമായി ബന്ധപ്പെട്ട് യുഎൻ പുറത്തുവിട്ട റിപ്പോർട്ട് പല കാരണങ്ങൾകൊണ്ടും പ്രധാനമാണ്. ഈ ആഴ്ച്ചയിലെ മുസ്‍ലിം ലോകത്തുനിന്നുള്ള പ്രധാന സംഭവവികാസങ്ങൾ വായിക്കാം.

യുദ്ധഭീതിയിൽ മിഡിൽ ഈസ്റ്റ്

മിഡിൽ ഈസ്റ്റിനെ പ്രശ്നകലുശിത ഭൂമിയാക്കി കാലാകാലവും നിലനിർത്തുന്നതിൽ ഇറാൻ-ഇസ്രായേൽ വൈര്യം ഗണ്യമായ പങ്കാണ് വഹിക്കുന്നത്. ഇരു കക്ഷികളും തമ്മിലുള്ള ചിരകാല ശത്രുത ഡമസ്കസിലെ ഇറാൻ കോണ്സുലേറ്റിന് നേരെ നടന്ന ഇസ്രായേലി മിസൈൽ ആക്രമണത്തോടെ യുദ്ധഭീതിയിലേക്കും വലിയ അനിശ്ചിതത്വത്തിലേക്കും കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നടന്ന മിസൈലാക്രമണത്തിൽ മുഹമ്മദ് റസാ സാഹിദി അടക്കമുള്ള ഇറാനിയൻ സൈനിക പ്രമുഖരാണ് കൊല്ലപ്പെട്ടത്. എംബസികളുടെയും കോണ്സുലേറ്റുകളുടെയും എതിരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്രനിയമങ്ങളോടുള്ള ലംഘനം കൂടിയാണ്. ആയതിനാൽ തിരിച്ചാക്രമിക്കാനുള്ള ന്യായീകരണവും കാരണവും ഇറാനിനുണ്ടായിരുന്നു. 

ഇസ്‍ലാമിക വിപ്ലവത്തിലൂടെ അധികാരത്തിലേറിയതിനു ശേഷമുള്ള നാല് ദശാബ്ദ കാലയളവിൽ ആദ്യമായി ഇസ്രായേൽ അധീന ഭൂമിയിലേക്ക് നേരിട്ട് ഇറാൻ മിസൈലാക്രമണം നടത്തുകയുണ്ടായി. എന്നാല്‍ വളരെ നിയന്ത്രിതമായിട്ടാണ് ഇറാൻ ആക്രമണം നടത്തിയത് എന്ന് പറയാതെ വയ്യ. സംഭവത്തിൽ ഇസ്രായേലിന് കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഇസ്രായേലി ജനതയെ ഭീതിയിലാക്കാനും ഇസ്രായേലിന് ശക്തമായ സന്ദേശം നൽകാനും അതിലുപരി എന്തെങ്കിലും ചെയ്തെന്ന് വരുത്താനും ഇറാന് ആയി എന്ന് പറയാം.

ഇരുകൂട്ടരെ സംബന്ധിച്ചും യുദ്ധം ചെലവേറിയതും നഷ്ടങ്ങൾ മാത്രം സമ്മാനിക്കുന്നതുമാണ്. ആയതിനാൽ വളരെ തന്ത്രപരമായി നിയന്ത്രിതമായ രീതിയിലാണ് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടത്തിയത്. അതിശക്തമായ ആക്രമണങ്ങൾക്ക് മുതിരുന്നതിൽ നിന്ന് ഇറാനെ പിന്തിരിപ്പിച്ചത് മേഖലയെ സമ്പൂർണ അസ്ഥിരതയിലേക്ക് കൊണ്ടെത്തിക്കുന്ന ഒരു സംഘർഷത്തിലേക്ക് കാര്യങ്ങൾ പോകരുതെന്ന നിർബന്ധമായിരിക്കാം. ഇസ്രായേൽ തിരിച്ചടിച്ചാലല്ലാതെ ഇനി ആക്രമണം നടത്തില്ലെന്ന് ഇറാൻ അറിയിച്ചിട്ടുമുണ്ട്. ശക്തമായ തിരിച്ചടിക്ക് മുതിർന്ന നെതന്യാഹുവിനെ ജോ ബൈഡൻ പിന്തിരിപ്പിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. 

പരാജയപ്പെടുന്ന ഇസ്രായേൽ
ഇറാൻ-ഇസ്രായേൽ സംഘർഷം ഒരു ഭാഗത്ത് തുടർന്നുകൊണ്ടിരിക്കെ തന്നെ മറുഭാഗത്ത് വംശഹത്യാ ശ്രമങ്ങളുമായി ഗാസയിൽ ഇസ്രായേൽ സൈന്യം മുന്നേറുക തന്നെയാണ്. ഹമാസ് തലവൻ ഇസ്മായേൽ ഹനിയ്യയുടെ മൂന്ന് മക്കളെയും നിരവധി പേരമക്കളെയും ലക്ഷ്യം വെച്ച് ഇസ്രായേൽ നടത്തിയ ആക്രമണം അതിക്രൂരവും സങ്കടകരവുമായിരുന്നു. ഫലസ്തീനിയൻ നഗരമായ റഫായിൽ അതിക്രമിച്ചു കയറി രക്തച്ചൊരിച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ് നിലവിൽ ഇസ്രായേൽ സേന. അഭയാർത്ഥി ക്യാമ്പുകളും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്കൂൾ കെട്ടിടങ്ങളുമെല്ലാമാണ് ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങൾ. പെട്ടെന്നുള്ള വെടിനിർത്തൽ കരാറിന് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ഇസ്രായേലിലെ ജനങ്ങളിൽ നിന്നും ബെഞ്ചമിൻ നെതന്യാഹുവിന് മേൽ സമ്മർദമുണ്ടെങ്കിലും സയണിസ്റ്റ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ ചലനങ്ങൾ നിലവിലില്ല.

പ്രമുഖ ഇടതുപക്ഷ ഇസ്രായേലി മാധ്യമമായ ഹാരേറ്റ്സിൽ വന്ന ഒരു ലേഖനത്തിൽ, യുദ്ധത്തിൽ ഇസ്രായേൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നുണ്ട്. വ്യക്തിപരമായും സാമൂഹികമായും ഇസ്രായേൽ ജനത അനുഭവിക്കുന്ന ഭീതിയും അസ്ഥിരതയും അസ്വസ്ഥതകളുമാണ് ഗാസക്കെതിരെയുള്ള വംശഹത്യ ഇസ്രായേലികളെ സംബന്ധിച്ചിടത്തോളം ഒരു പരാജയമാണെന്ന് പറയപ്പെടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിജയം സുനിശ്ചതമാണെന്ന് പ്രഖ്യാപിച്ച് ഹമാസിനെ തുരത്താനിറങ്ങിയ നെതന്യാഹുവിന്, 200 ദിവസം പിന്നിട്ടിട്ടും ഹമാസിനെ തകർക്കാനോ ഇല്ലാതാക്കാനോ സാധിച്ചിട്ടില്ല എന്നതും ലേഖനം ചൂണ്ടിക്കാട്ടുന്നുണ്ട്. ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിന് പകരം ഗാസയിൽ അഴിച്ചുവിട്ട വംശഹത്യ ലോകരാജ്യങ്ങൾക്കും ലോകജനതക്കും മുന്നിൽ ധാർമികമായ അടിത്തറയും പിന്തുണയുമെല്ലാം ഇസ്രായേലിന് നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു.

ഒരു വർഷം പിന്നിടുന്ന സുഡാനി സംഘർഷം
കഴിഞ്ഞ വർഷം എപ്രിൽ 15 നാണ് ഹമീദ്തിയുടെ റാപ്പിഡ് സെക്യൂരിറ്റി ഫോഴ്സും അബ്ദുൽ ഫത്താഹ് അൽ ബുർഹാനിന്റെ സെക്യൂരിറ്റി ഗാർഡും തമ്മിൽ ആഭ്യന്തര പ്രശ്നങ്ങൾ ആരംഭിക്കുന്നത്. സംഘർഷം മൂർച്ചിക്കുകയും വ്യാപകമായ നാശനഷ്ടം വരുത്തിവെച്ച കലാപങ്ങൾക്കും അതിതീവ്രമായ മനുഷ്യത്വ പ്രതിസന്ധിക്കും ക്ഷാമത്തിനും അത് കാരണമാകുകയും ചെയ്തു. സുഡാനിലെ ഔദ്യോഗിക സൈനിക സംഘമായ അബ്ദുൽ ഫത്താഹ് അൽ ബുർഹാനിന്റെ നേതൃത്വത്തിലുള്ള സെക്യൂരിറ്റി ഗാർഡിന്റെ കീഴിൽ പ്രവർത്തിച്ച ഒരു സ്വകാര്യ സൈനിക സംഘമായിരുന്നു ഹമീദ്തിയുടെ റാപ്പിഡ് സെക്യൂരിറ്റി ഫോഴ്സ്. എന്നാൽ സുഡാനിന്റെ നേതൃത്വം തങ്ങളുടെ കയ്യിലാക്കാനുള്ള ഹമീദ്തിയുടെ ശ്രമങ്ങൾ കാര്യങ്ങൾ വഷളാക്കുകയായിരുന്നു.

സംഘർഷങ്ങളെ തുടർന്ന് ദശലക്ഷക്കണക്കിനാളുകളാണ് പലായനം ചെയ്യാൻ നിർബന്ധിതരായത്. യുഎൻ റിപ്പോർട്ട് പ്രകാരം നാൽപത് ലക്ഷത്തോളം പേർ അതിതീവ്ര ഭക്ഷണക്ഷാമത്തിന്റെ ഇരകളായി കഴിയുകയാണ്. വെടിനിർത്തൽ കരാറുകൾക്കും സമാധാന കരാറുകൾക്കുമെല്ലാം കുറഞ്ഞ കാലത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.

വംശഹത്യാ തയ്യാറെടുപ്പ്

ഇരുപത്തൊന്നാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മനുഷ്യത്വ പ്രതിസന്ധികളിലൊന്നായിരുന്നു റോഹിംഗ്യൻ കൂട്ടക്കുരുതിയും തുടർന്നുണ്ടായ സമാനതകളില്ലാത്ത പലായനവുമെല്ലാം. റോഹിംഗ്യൻ അഭയാർത്ഥി പ്രശ്നവുമായി ബന്ധപ്പെട്ട് ഈയിടെ യുഎൻ പുറത്തുവിട്ട റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്. 2017 ലെ റോഹിംഗ്യൻ കൂട്ടക്കുരുതിക്ക് മ്യാൻമർ സൈന്യം തയ്യാറെടുക്കുന്നതിന് മുമ്പ് മ്യാൻമറിലെ ഇതര സമുദായങ്ങളിൽ നിന്നും കൂട്ടക്കൊലക്ക് സാധുത നേടിയെടുക്കാനും റോഹിംഗ്യൻ മുസ്‍ലിംകൾക്കെതിരെ വെറുപ്പ് ഉൽപ്പാദിക്കാനും നൂറുക്കണക്കിന് ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ സൈന്യം നേരിട്ടു നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

ഇത്തരം പൊതു ഗ്രൂപ്പുകളിലൂടെ നിരന്തരം വംശഹത്യാ ആഹ്വാനങ്ങളും മ്യാൻമറിന്റെ സംസ്കാരത്തിന് എന്ത്കൊണ്ട് റോഹിംഗ്യകൾ ഭീഷണിയാണെന്ന് തുടങ്ങി കൃത്യമായ ആസൂത്രണത്തോടെ തയ്യാറാക്കിയ വെറുപ്പുത്പാദന സന്ദേശങ്ങളും മ്യാൻമർ സൈന്യം നിരന്തരം പോസ്റ്റ് ചെയ്യുകയുണ്ടായി. ഇന്ത്യയിലും സമാനമായി സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള വെറുപ്പുത്പാദന ശ്രമങ്ങൾക്ക് ഔദ്യോഗിക വൃത്തങ്ങൾ തന്നെ മുൻകൈയെടുക്കുന്ന നിരവധി സംഭവങ്ങൾ കാണാൻ സാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പോലും പ്രസംഗത്തിനിടെ ഇത്തരം വിദ്വേഷ പ്രയോഗങ്ങള്‍ നടത്തുന്നത്, ഏറെ സങ്കടകരവും ലജ്ജാകരവും അതിലേറെ, വരുംദിനങ്ങളിലെ ഇന്ത്യ എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനയുമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter