ഇസ്റാഈല്‍ ഹമാസിനും ഹിസ്ബുല്ലക്കുമിടയില്‍ കുടുങ്ങുകയാണോ
ഹമാസുമായുള്ള പോരാട്ടത്തിൽ ഇസ്‍റാഈലിന് അടി പതറുന്നതായാണ് പുതിയ വാര്‍ത്തകള്‍. അതേ സമയം, വടക്ക് ഭാഗത്തുള്ള ലബനാനിൽ നിന്നും ഹിസ്ബുല്ലായുടെ ആക്രമണവും ഇസ്‍റാഈലിന് ഒരു തലവേദനയായി മറിയിരിക്കുകയാണ്. ഒക്ടോബർ ഏഴിന് ഫലസ്തീൻ-ഇസ്‍റാഈൽ സംഘർഷം തുടങ്ങിയത് മുതൽ ഇറാനിയൻ പിന്തുണയുള്ള ഈ മിലീഷ്യ ഗ്രൂപ്പ് ഇസ്‍റാഈലിന്റെ പല ശക്തി കേന്ദ്രങ്ങളെയും മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. ആരാണ് ഹിസ്ബുല്ലാഹ് എന്ന് നോക്കാം.
അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും കരിമ്പട്ടികയിൽ ഇടംപിടിച്ച ഹിസ്ബുല്ലാ 15 വർഷം നീണ്ടുനിന്ന ലബ്നാന്‍ ആഭ്യന്തര യുദ്ധത്തിൻറെ സമയത്താണ് രൂപം കൊള്ളുന്നത്. 1975ൽ ലബനാനിൽ ക്രിസ്ത്യൻ-സുന്നി വിഭാഗങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധം മുതലെടുത്താണ് ഇവർ രംഗപ്രവേശനം നടത്തുന്നത്. 1943ല്‍ നടത്തിയ കരാർ പ്രകാരം ലബ്നാനിലെ പ്രമുഖ മൂന്ന് മതവിഭാഗങ്ങളായ സുന്നികളും ശിയാക്കളും ക്രിസ്ത്യാനികളും, പ്രസിഡൻറ്, പ്രധാനമന്ത്രി, സ്പീക്കർ എന്നീ പദവികൾ പങ്കിട്ടെടുത്താണ് ഭരണം നിയന്ത്രിക്കുന്നത്.
എന്നാൽ ഫലസ്തീൻ അഭയാർത്ഥികളുടെ വരവോടെ സുന്നി ജനസംഖ്യ വർദ്ധിക്കുകയും ശിയാക്കള്‍ ഭരണസിരാകേന്ദ്രങ്ങളിലെ ക്രിസ്ത്യാനികളാൽ പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്തതോടെയാണ് ഇവിടെ ആഭ്യന്തര കലഹത്തിന് തുടക്കമാകുന്നത്. ഈ സമയം മുതലെടുത്ത ഇറാൻ സൈനിക പരിശീലനവും സാമ്പത്തിക സഹായവും നൽകി ലബ്നാനിലെ ഇസ്രായേൽ അതിർത്തിയിൽ ഒരു സൈനിക വിഭാഗത്തിന് രൂപം നൽകി, അതായിരുന്നു ഹിസ്ബുല്ലാഹ്. 1985ൽ, ലബ്നാനിൽ നിന്നും പാശ്ചാത്യ വിദേശ ശക്തികളെ പുറത്താക്കുകയും അധിനിവേശകരായ ഇസ്‍റാഈലിനെ തകർക്കുകയുമാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്ന് ഹിസ്ബുളള പ്രഖ്യാപിച്ചതോടെ, വടക്കൻ അതിർത്തിയിൽ ഇസ്‍റാഈലിന് ഒരു വെല്ലുവിളിയായി ഇവര്‍ തുടർന്നു.
1989 ലബ്നാൻ ആഭ്യന്തര യുദ്ധം സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടന്ന ഉടമ്പടി പ്രകാരം അവസാനിച്ചുവെങ്കിലും നിരായുധീകരണത്തിൽ നിന്നും ഒഴിവാക്കപ്പെട്ട ഏക മിലീഷ ഗ്രൂപ്പ് ആയ ഹിസ്ബുല്ലാഹ്, രാഷ്ട്രീയത്തിൽ ഇടപെടുകയും പാർലമെൻറ് സീറ്റുകളിലേക്ക് മത്സരിക്കുകയും ചെയ്തു. ഇന്നും, 128 സീറ്റുള്ള ലബ്‌നാൻ പാർലമെൻറിൽ, ശിയാ ജനവിഭാഗത്തെ പ്രതിനിധീകരിച്ച് 13 സീറ്റുകൾ ഹിസ്ബുല്ലായുടെതാണ്. രാഷ്ട്രീയത്തിന് പുറമേ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും അവര്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
ഇസ്‍റാഈലിനെ തങ്ങളുടെ മുഖ്യ ശത്രുവായി കാണുന്ന ഇവർ, 1978ല്‍ ദക്ഷിണ ലബ്നാൻ ഇസ്‍റാഈൽ കയ്യേറിയത് മുതലാണ് അവരുമായി യുദ്ധം ആരംഭിക്കുന്നത്. 1986ൽ, അർജൻറീനയിലെ ജൂത കമ്മ്യൂണിറ്റി സെൻററിൽ നടന്ന, 85 പേരുടെ മരണത്തിന് കാരണമായ കാർ ബോംബ് സ്ഫോടനവും ലണ്ടനിലെ ഇസ്‍റാഈൽ എംബസിയിലെ സ്ഫോടനവും നടത്തിയത് ഹിസ്ബുല്ലാഹ് ആണെന്നാണ് ഇസ്‍റാഈലിന്റെ വാദം. 2000ല്‍, അതിർത്തിയിൽ നിന്ന് ഇസ്‍റാഈൽ പിന്മാറിയെങ്കിലും യുദ്ധം തുടരുകയും 2006ൽ അത് മാസങ്ങൾ നീണ്ട യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. 2018ല്‍, ഇസ്‍റാഈലിന്റെ പടിഞ്ഞാറ് ഭാഗത്ത് വരെ എത്തുന്ന തുരങ്കങ്ങൾ കണ്ടെത്തുകയും അത് ഹിസ്ബുളള നിർമ്മിച്ചതാണെന്ന് ഇസ്‍റാഈൽ വാദിക്കുകയും ചെയ്തു. തുടർന്നും ഇരുവിഭാഗങ്ങൾ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു.
സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ബഷാറുൽ അസദിന്റെ കൂടെ വിമതർക്കെതിരെ പോരാട്ടം നടത്തിയ ഇവർ അതിർത്തിയിൽ ഇസ്‍റാഈലിന്റെ അധിനിവേശത്തിനെതിരെയും പോരാട്ടം ശക്തമാക്കിയിരുന്നു. ഒക്ടോബർ ഏഴിന് തുടങ്ങിയ തൂഫാനുല്‍അഖ്സയിലും ഇസ്‍റാഈലിന് വെല്ലുവിളി ഉയര്‍ത്തി ഹിസ്ബുല്ലാഹ് പ്രത്യാക്രമണം ശക്തമാക്കുകയും ഏറെ നാശനഷ്ടങ്ങള്‍ വിതക്കുകയും ചെയ്തു.
അതേ സമയം, ഹിസ്ബുല്ലാഹ് നേതാവ് ഹസ്സൻ നസ്‍റുല്ലായുടെ ഭീഷണികൾ വെറും വാക്കുകൾ മാത്രമാണെന്നാണും ലബ്നാനിലെ രാഷ്ട്രീയ പ്രതിസന്ധികൾ മുതലെടുത്ത് തങ്ങളുടെ സ്വാധീനം ഉറപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അഭിപ്രായപ്പെടുന്ന പല രാഷ്ട്രീയ നിരീക്ഷകരെയും കാണാവുന്നതാണ്. എന്ത് തന്നെയാണെങ്കിലും, അയല്‍രാജ്യങ്ങളും ജി.സി.സിയിലെ ഭൂരിപക്ഷ രാഷ്ട്രങ്ങളും കാര്യമായി ഒന്നും ചെയ്യാതെ കാണികളായി നില്ക്കുമ്പോള്‍, ഹിസ്ബുല്ലയും ഹൂതികളും ഹമാസിന് നല്കുന്ന പിന്തുണയും ഇസ്റാഈലിന് ഉണ്ടാക്കുന്ന ഭീഷണിയും ഒരിക്കലും അവഗണിക്കാനാവില്ല.
തൂഫാനുല്‍അഖ്സയുടെ പേരില്‍ ഒക്ടോബര്‍ ഏഴിന് ഇസ്റാഈല്‍ അക്രമണം തുടങ്ങുമ്പോള്‍, ഏതാനും ദിവസങ്ങള്‍ കൊണ്ട് എല്ലാം തങ്ങളുടെ കൈപ്പിടിയിലൊതുക്കാമെന്നായിരുന്നു അവരുടെ കണക്ക് കൂട്ടല്‍. എന്നാല്‍ 79ദിവസം പിന്നിടുമ്പോഴും, സാധാരണക്കാരെ വധിക്കാനും ആശുപത്രികളും അഭയാര്‍ത്ഥികേമ്പുകളും വിദ്യാലയങ്ങളും അടക്കമുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ബോംബിട്ട് തകര്‍ക്കാനുമല്ലാതെ, ഹമാസിന് കാര്യമായി നഷ്ടം വരുത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് സത്യം. അതേ സമയം, ഇസ്റാഈലിന്റെ അനേകം സൈനികര്‍ കൊല്ലപ്പെടുകയും ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതോടെ, വേദവിദ്യാര്‍ത്ഥികളോട് പോലും സൈനികസേവനത്തിന് സന്നദ്ധരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഗസ്സയിലും ഫലസ്തീനിലും ഈച്ച പറക്കുന്നത് പോലെ തങ്ങളുടെ അറിവോടെയാണെന്ന് വീമ്പിളക്കിയിരുന്ന ഇസ്റാഈലിന്റെ ചാരക്കണ്ണുകളും ഒളികേമറകളുമെല്ലാം വെറും കടലാസ് പുലികളാണെന്ന് ഇതിനകം ലോകത്തിന് ബോധ്യമായിരിക്കുന്നു. യുദ്ധത്തിന്റെ ഭാവി എന്താകുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.
Leave A Comment