യൂറോപ്യൻ രാജ്യങ്ങളുടെ ഫലസ്തീൻ രാഷ്ട്ര അംഗീകാരം ഇസ്‍റാഈലിന് തിരിച്ചടിയോ?

സമീപ കാലത്ത് ഇസ്‍റാഈല്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ് അയർലൻഡ്, സ്പെയിൻ, നോർവെ, സ്‌ലൊവേനിയ എന്നീ യൂറോപ്യൻ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകി നടത്തിയ പ്രഖ്യാപനം. ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തിന് തിരിച്ചടിയെന്നോണം ഗാസയിൽ ഇസ്‍റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിൽ കുറേ നിരപരാധികൾ മരിച്ചു വീഴുന്നുവെന്നതല്ലാതെ സൈനികമായും നയതന്ത്രപരമായും നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളിൽ ഏറ്റവും കനത്തൃതായിരുന്നു ഈ നീക്കം. മെയ് 28 നാണ് ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകി ആദ്യ മൂന്ന് രാജ്യങ്ങളും പ്രഖ്യാപനം നടത്തിയത്. ഇതിൽ വിറളി പൂണ്ട ഇസ്‍റാഈൽ ഓസ് ലോ, മാഡ്രിഡ്, ഡബ്ലിൻ എന്നിവിടങ്ങളിൽ നിന്നും തങ്ങളുടെ അംബാസിഡർമാരെ തിരിച്ചു വിളിക്കുകയും ഇസ്‍റാഈലിലുള്ള ഈ രാജ്യങ്ങളുടെ അംബാസിഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 1967 ൽ യുഎൻ അംഗീകാരം നൽകിയ അതിർത്തികളോടെ കിഴക്കൻ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീൻ രാഷ്ട്രത്തിനുള്ള പ്രഖ്യാപനം ലോകത്തെ വിവിധ രാജ്യങ്ങൾ വിശിഷ്യാ പശ്ചിമേഷ്യൻ രാഷ്ട്രങ്ങൾ ഹർഷാരവത്തോടെയാണ് എതിരേറ്റത്.

നോർവെ

ഒൿടോബർ 7 മുതൽ തുടങ്ങിയ പുതിയ സംഘർഷത്തിന് പിന്നാലെ നോർവെ ജനത ഫലസ്തീൻ അനുകൂല ഭാഗത്തേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ട് കൊണ്ടിരുന്നത്. പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിന് വഴി തെളിക്കുന്ന
ദ്വിരാഷ്ട്ര സമീപനത്തിന് ശക്തി പകരുന്നതാണ് തങ്ങളുടെ നീക്കമെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റോർ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ ഗാസയിലെ ഇസ്‍റാഈല്‍ നരനായാട്ട് അവസാനിപ്പിച്ച് വെടിനിർത്തലിന് ഇസ്‍റാഈല്‍ സന്നദ്ധമാവണമെന്ന് നോർവെ ശക്തമായി ആവശ്യപ്പെട്ടിരുന്നു.


ഇസ്‍റാഈല്‍ ഫലസ്തീൻ സമാധാന നീക്കങ്ങൾക്കായി  ദീർഘകാലം പ്രവർത്തിച്ച ചരിത്രമുണ്ട് സ്കാൻഡിനേവിയൻ രാജ്യമായ നോർവെക്ക്. ആദ്യമായി ഇസ്‍റാഈല്‍ ഫലസ്തീനീ പ്രതിനിധികൾ പരസ്പരം അംഗീകരിച്ച,
1993 ലെ പ്രശസ്ത ഓസ്‌ലോ ഉടമ്പടി നോർവേയുടെ നയതന്ത്ര വിജയമായിരുന്നു. ഇസ്‍റാഈല്‍ പ്രധാനമന്ത്രി യിസ്ഹാഖ് റാബിനും ഫലസ്തീൻ നേതാവ് യാസർ അറഫാതും അമേരിക്കൻ പ്രസിഡൻറ് ബിൽ ക്ലിന്റന്റെ അധ്യക്ഷതയിൽ വൈറ്റ് ഹൗസിൽ വച്ചാണ് കരാറില്‍ ഒപ്പ് വെക്കുന്നത്. അതിന്റെ പേരിൽ ഇരുവർക്കും സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തിരുന്നു.

ഫലസ്തീന് പ്രത്യേകമായുള്ള യുഎൻ ചാരിറ്റി സംഘടനയായ യുനർവ (UNRWA)ക്ക് നിർലോഭം സഹായം നൽകിക്കൊണ്ടിരിക്കുന്ന രാജ്യമാണ് നോർവെ. അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് മുമ്പാകെ ഇസ്‍റാഈല്‍ അധിനിവേശം ശക്തമായി അപലപിച്ച നിലപാടും ഈ പാതിരാ സൂര്യന്റെ നാടിനെ വേറിട്ട് നിർത്തുന്നു. ഇസ്‍റാഈലിലേക്ക് ആയുധങ്ങൾ കയറ്റി അയക്കില്ലെന്ന് നിലപാട് സ്വീകരിച്ചതും വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റക്കാർക്ക് വിലക്കേർപ്പെടുത്തിയതും നോർവെയുടെ ചരിത്രത്തിലെ പ്രഫുല്ലമായ ഏടുകളാണ്.


സ്പെയിൻ

അയർലന്റ്, നോർവേ, സ്‌ലൊവേനിയ എന്നീ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി കൊളോണിയൽ പാരമ്പര്യമുള്ള ഒരു യൂറോപ്യൻ രാജ്യം ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകുകയെന്ന വലിയ സവിശേഷതയുണ്ട് സ്പെയിനിന്റെ ഈ നീക്കത്തിന്.

Spain: The most pro-Palestinian voice in Europe? - L'Orient Today

സ്പെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചസിന്റെ ശ്രമമാണ് ഏറെ ആശാവഹമായ ഈ നീക്കത്തിന് ജീവനാഢിയായി വർത്തിച്ചത്. ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകുകയെന്ന സ്പെയിനിന്റെ തീരുമാനത്തിന് ആഗോള തലത്തിൽ കൂടുതൽ സ്വീകാര്യത നേടിയെടുക്കാൻ അദ്ദേഹം ആദ്യം സന്ദർശനം നടത്തിയത് പശ്ചിമേഷ്യയായിരുന്നു. ഏഴ് നൂറ്റാണ്ട് കാലം ഉമവി അറബികൾ ഭരണം നടത്തിയ, സ്പെയിനിന്റെ സമ്പന്ന മുസ്‌ലിം പൈതൃകം അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. അതിനുശേഷം നോർവേ, അയർലൻഡ്, സ്‌ലൊവേനിയ എന്നീ യൂറോപ്യൻ രാജ്യങ്ങളും സന്ദർശിച്ചു. അത് വലിയ ഫലം ചെയ്തു. മൂന്നു രാജ്യങ്ങളും സ്പെയിനിന്റെ നീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു.

ഫലസ്തീൻ ഇസ്‍റാഈല്‍ വിഷയത്തിൽ സ്പെയിനും ഒരടി ഫലസ്തീനൊപ്പം തന്നെയാണ് നിലപാട് സ്വീകരിച്ചത്. ഇസ്‍റാഈലിലിനെ 1986 ൽ മാത്രം അംഗീകരിച്ച സ്പെയിൻ അതിന് എട്ടു വർഷങ്ങൾക്കു മുമ്പ് തന്നെ 1979ൽ ഫലസ്തീൻ അതോറിറ്റി നേതാവ് യാസർ അറഫാത്തിനെ മാഡ്രിഡിൽ സ്വാഗതം ചെയ്തിരുന്നു. പ്രസിഡൻറ് മഹ്മൂദ് അബ്ബാസും മാഡ്രിഡിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ഇസ്‍റാഈൽ ഫലസ്തീൻ സമാധാന നീക്കങ്ങൾക്കായി ചുക്കാൻ പിടിക്കുന്ന ഒരു സ്പെയിനിനെയാണ് പിന്നീട് ലോകം കാണുന്നത്.

1990 ൽ ഇരു വിഭാഗങ്ങളെയും ഒരുമിച്ചിരുത്തി  മാഡ്രിഡ് കോൺഫറൻസ് സംഘടിപ്പിക്കാനും സ്പെയിനിന് സാധിച്ചു. ഈ കോൺഫറൻസാണ് 1993 ലെ പ്രശസ്ത ഓസ്‍ലോ ഉടമ്പടിയിലേക്ക് നയിച്ചത്. ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്‍റാഈലിന്റെ ആക്രമണം നിർത്തിവെക്കണമെന്നുള്ള യുഎൻ പ്രമേയത്തിൽ അനുകൂലമായി വോട്ട് ചെയ്യുക വഴി തങ്ങൾ ഫലസ്തീൻ ജനതയുടെ ഭാഗത്ത് തന്നെയാണെന്ന് കൂടി അവർ ഉറപ്പാക്കെപ്പറഞ്ഞു.

അയർലൻഡ്

1169ലെ നോർമൻ അധിനിവേശം മുതൽ 1922 വരെ നീണ്ട 8 നൂറ്റാണ്ട് കാലം ബ്രിട്ടീഷ് അധിനിവേശത്തിന് കീഴിലായിരുന്ന അയർലൻഡ്
സ്വാതന്ത്ര്യം നേടിയത് മുതൽ ഫലസ്തീനോട്‌ ചേർന്ന് നിൽക്കുന്ന രാജ്യമാണ്. ഗാസയിലെ ഇസ്‍റാഈല്‍ ആക്രമണം ഒരു കൂട്ട ശിക്ഷയാണെന്നും ഒരു ജനാധിപത്യ രാജ്യത്തിനിത് ഭൂഷണമല്ലെന്നും പറഞ്ഞ ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ പാരീസിൽ നടന്ന ഗസ്സക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര മാനുഷിക സഹായ കോൺഫറൻസിൽ വെടിനിർത്തലിനു വേണ്ടി ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇസ്‍റാഈൽ ഫലസ്തീനികളോട് ചെയ്യുന്നത് തങ്ങൾക്ക് ബ്രിട്ടീഷ് അധിനിവേശ കാലത്ത് സംഭവിച്ചതിന്റെ നേർപതിപ്പായി കാണുന്നത് കൊണ്ടാണ് ഐറിഷ് ജനത ഫലസ്തീനികളോട് ഈ ഹൃദയ ബന്ധം സൂക്ഷിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഇസ്‍റാഈല്‍ ബ്രിട്ടന്റെ അധാർമിക ഇടപെടൽ മൂലം രൂപം നൽകപ്പെട്ട ഒരു അധിനിവേശ ശക്തി മാത്രമാണ്.

Why is Ireland the only European country voicing its support for Palestine?

44 വർഷങ്ങൾക്ക് മുൻപ് 1980ൽ തന്നെ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട് അയർലൻഡ് . ഏറ്റവും അവസാനം ഇസ്‍റാഈല്‍ എംബസി തുറന്ന യൂറോപ്യൻ രാജ്യമെന്ന ഖ്യാതിയും അയർലഡിന് തന്നെയാണ്. 1993ൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ പ്രസിഡന്റ് അയർലൻഡ് സന്ദർശിക്കുകയും നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. 1993 ലെ ഇസ്‍റാഈല്‍-ഫലസ്തീൻ ഓസ്‌ലോ കരാറിന് ആഴ്ചകൾക്ക് മുമ്പായിരുന്നു ഈ സന്ദർശനം. 1999ൽ അന്നത്തെ ഐറിഷ് പ്രധാനമന്ത്രി ബേർട്ടി അഹേൺ ഗസ്സ സന്ദർശിച്ച് ഫലസ്തീനി ജനതയോടുള്ള അയർലൻഡിന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സാധാരണ റോഡ് മാർഗം ഗസ്സ സന്ദർശിച്ചിരുന്ന ലോക നേതാക്കളിൽ നിന്ന് വിഭിന്നമായി ഗസ്സ ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്ലൈറ്റ് ഇറങ്ങുക വഴി ഫലസ്തീനികളുടെ ഹൃദയം തൊട്ട അദ്ദേഹം പ്രസിഡൻറ് യാസർ അറഫാത്തുമായി ചർച്ച നടത്തുകയും ജബലിയ അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കുകയും ചെയ്തിരുന്നു.

2010ൽ ഹമാസ് മിലിട്ടറി നേതൃത്വത്തിലുണ്ടായിരുന്ന മഹ്മൂദ് അൽ മബ്ഹൂഹിനെ കൊലപ്പെടുത്താൻ വ്യാജ ഐറിഷ് പാസ്പോർട്ടുകൾ ഉപയോഗിച്ചതിന്റെ പേരിൽ ഇസ്‍റാഈൽ നയതന്ത്രജ്ഞനെ അയർലൻഡ് പുറത്താക്കിയിരുന്നു. 2017ൽ വെസ്റ്റ് ബാങ്കിലെ ഇസ്‍റാഈൽ അധിനിവേശത്തിന് 50 വർഷം തികയുന്ന വേളയിൽ ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലെ സിറ്റി ഹാളിന് മുകളിൽ ഫലസ്തീൻ പതാക ഉയർത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ച നടപടി ഏറെ ശ്രദ്ധ നേടി. ഐറിഷ് പാർലമെന്റിൽ 2021 ൽ ഏകകണ്ഠമായി ഇസ്‍റാഈലിന്റെ ഫലസ്തീനി അധിനിവേശത്തിനെതിരെ പ്രമേയം പാസായതും അതിൽ നന്ദി പ്രകടിപ്പിച്ചുകൊണ്ട് റാമല്ല മുനിസിപ്പാലിറ്റിക്ക് മുകളിലായി ഫലസ്തീൻ അതോറിറ്റി അയർലൻഡിന്റെ ദേശീയ ഗാനം പ്ലേ ചെയ്ത് ഐറിഷ് പതാക ഉയർത്തിയതും ഇരു ജനതക്കുമിടയിലെ സ്നേഹ ബന്ധം ദൃഢമാക്കിയ സംഭവങ്ങളാണ്. ഗസ്സയിൽ ഈ വർഷം ഇസ്‍റാഈൽ നടത്തിയ ആക്രമണങ്ങളിൽ ഭക്ഷണ പ്രതിസന്ധി രൂക്ഷമായപ്പോൾ 13 മില്യൺ യൂറോ അടിയന്തിര സഹായ ധനമായി അയർലൻഡ് പ്രഖ്യാപിച്ചിരുന്നു.

ഇസ്‍റാഈല്‍ ഉല്‍പന്നങ്ങളും സയണിസ്റ്റ് അനുകൂല ബ്രാന്റുകളെയും ബഹിഷ്കരിക്കുകയെന്ന ലക്ഷ്യത്തിൽ 2005ൽ ഒമർ ബർഗൂതി സ്ഥാപിച്ച ബിഡിഎസിന് അയർലന്റിൽ വൻ പ്രചാരമാണുള്ളത്. ബിഡിഎസ് സെമിറ്റിക് വിരുദ്ധമാണെന്ന ഇസ്‍റാഈൽ വാദത്തെ തള്ളുന്ന അയർലന്റ് ആവിഷ്കാര സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ പ്രസ്ഥാനമായാണ് അതിനെ കണക്കാക്കുന്നത്. 2018ൽ ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലെ സിറ്റികൗൺസിൽ ബിഡിഎസിനെ ഔദ്യോഗിഗമായി അംഗീകരിക്കുകയും സമിതി ബഹിഷ്കരണ ലക്ഷ്യം വെച്ച മുഴുവൻ കമ്പനികളുമായും ബന്ധം വിഛേദിക്കുകയും ചെയ്തത് ഒരു യൂറോപ്യൻ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്യപ്പെട്ട ആദ്യ സംഭവമായിരുന്നു. ഇത് ഇസ്‍റാഈലിനു കനത്ത തിരിച്ചടി കൂടിയായിരുന്നു.

സ്‌ലൊവേനിയ

ഗാസയിൽ ഇസ്‍റാഈൽ നടത്തിക്കൊണ്ടിരിക്കുന്ന രക്തരൂക്ഷിതമായ ആക്രമണങ്ങൾക്ക് തിരിച്ചടിയെന്നോണം ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകുന്ന നാലാമത്തെ യൂറോപ്യൻ രാജ്യമാണ് സ്‌ലൊവേനിയ. ഇത്തരമൊരു നീക്കം ഹമാസിനെ അംഗീകരിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ് ഇസ്‍റാഈൽ ശക്തമായ വിമർശനം അഴിച്ചു വിട്ടെങ്കിലും 90 അംഗ പാർലമെന്റിൽ പ്രതിപക്ഷ അംഗങ്ങളുടെ ബഹിഷ്കരണത്തിനിടെ 52 വോട്ട് ഭൂരിപക്ഷത്തിൽ പ്രമേയം പാസാവുകയായിരുന്നു. സമാധാനത്തിന് വേണ്ടിയുള്ള നീക്കമാണിതെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി റോബർട്ട് ഗോലബ് ആക്രമണം അവസാനിപ്പിക്കുവാനും ബന്ധികളെ മോചിപ്പിക്കുവാനും ഇസ്‍റാഈലിനോടും ഹമാസിനോടും ഒരുപോലെ ആവശ്യപ്പെട്ടിരുന്നു.

ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞ വർഷം ഒക്ടോബറിൽ യുഎൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അനുകൂലമായി വോട്ട് ചെയ്ത് തങ്ങൾ ഫലസ്തീനൊപ്പമാണെന്ന് സ്‌ലൊവേനിയ തെളിയിച്ചിരിന്നു. ഗാസയിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന യു എൻ ഏജൻസിയായ യുനർവ (UNRWA) ഹമാസിന്റെ ഒൿടോബർ 7 ലെ ആക്രമണത്തിൽ സഹായം ചെയ്തിട്ടുണ്ടെന്ന ഇസ്രായേൽ ആരോപണത്തിന് പിന്നാലെ പല യൂറോപ്യൻ രാജ്യങ്ങളും സംഘടനക്കുള്ള ഫണ്ടുകൾ നിർത്തിവെച്ചെങ്കിലും സ്‌ലൊവേനിയ അതിന് ചെവി കൊടുക്കാതെ സഹായം വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ഫലസ്തീന് പൂർണ്ണ യുഎൻ അംഗത്വം നൽകുന്നതിനുള്ള യുഎൻ പ്രമേയത്തിനും അനുകൂലമായി തന്നെയാണ് സ്‌ലൊവേനിയ വോട്ട് ചെയ്തത്. 

1991 ൽ ശക്തവും സുസജ്ജവുമായ യുഗോസ്ലാവിയൻ സൈന്യത്തിനെതിരെ പോരാടി സ്വാതന്ത്ര്യം നേടിയെടുത്തതിനാൽ ആഗോള ശക്തികളുടെ പിന്തുണയുള്ള ഇസ്‍റാഈലിനെതിരെ ചെറുത്ത് നിൽക്കുന്ന ഫലസ്തീന് അനുകൂലമായുള്ള നയം മാത്രമേ സ്‌ലൊവേനിയൻ ജനതക്ക് സ്വീകരിക്കാനാവുകയുള്ളൂവെന്ന് സ്‌ലൊവേനിയയിലെ പ്രമുഖ പത്രപ്രവർത്തകനായ നോവിക മിഹാജിലോവിച്ച് നിരീക്ഷിക്കുന്നുണ്ട്.


പുതിയ നീക്കം മാറ്റമുണ്ടാക്കുമോ 

യൂറോപ്യൻ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിക്കുന്ന ആദ്യ സംഭവമല്ല ഇപ്പോഴത്തേത്. ബൾഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, പോളണ്ട്, റുമേനിയ എന്നീ ഏഴ് രാജ്യങ്ങൾ 1988 ൽ തന്നെ ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ പുതിയ അംഗീകാരം നയതന്ത്ര രംഗത്ത് ശക്തമായ തിരിച്ചടിയാണ് ഇസ്രായേലിന് നൽകുന്നത്.

199ലെ ഓസ്‌ലോ ഉടമ്പടിക്ക് ശേഷം ഇസ്‍റാഈൽ ഫലസ്തീൻ സമാധാന ചർച്ചയിൽ വലിയ പുരോഗതി ഉണ്ടായിട്ടില്ല. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ദ്വിരാഷ്ട്രമാണ് പരിഹാരമെന്ന് നിലപാടെടുക്കുമ്പോഴും സമീപകാലത്ത് നയതന്ത്ര രംഗത്ത് ഏകപക്ഷീയമായി ഇസ്‍റാഈൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരുന്നത്. ട്രംപ് ഭരണകാലത്ത് ഇസ്‍റാഈലിലെ യുഎസ് എംബസി ടെൽ അവീവിൽ നിന്നും ജെറുസലേമിലേക്ക് മാറ്റിയതും അബ്രഹാം ഉടമ്പടി എന്ന പേരിൽ യുഎഇ, ബഹ്റൈൻ, മൊറോക്കോ, സുഡാൻ എന്നീ അറബ് രാജ്യങ്ങൾ ഇസ്‍റാഈലുമായി നയതന്ത്ര ബന്ധം ആരംഭിച്ചതും ഫലസ്തീനികളുടെ അഭിമാനകരമായ അസ്തിത്വത്തിനുള്ള പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതായിരുന്നു. സ്വതന്ത്ര ഫലസ്തീൻ രൂപീകരിച്ചാൽ മാത്രമേ ഇസ്‍റാഈലിനോട് നയതന്ത്ര ബന്ധം ആരംഭിക്കുകയുള്ളൂവെന്ന 2002ലെ അറബ് സമാധാന കോൺഫറൻസിന്റെ നേർ ലംഘനമായിരുന്നു ഈ ഉടമ്പടി. കൂടുതൽ അറബ് മുസ്‌ലിം രാജ്യങ്ങൾ സമാന നയങ്ങൾ സ്വീകരിക്കുമെന്നും ഫലസ്തീനീ കോസ് (the Palestinian cause) വിസ്മൃതിയിലാവുമെന്നും നിരീക്ഷിക്കപ്പെട്ട സന്ദർഭത്തിലാണ് പുതിയ സംഘർഷവും അതിനെ തുടർന്ന് ഇസ്‍റാഈൽ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുന്നതും മുകളിലെ രാജ്യങ്ങൾ ഫലസ്തീന് അംഗീകാരം നൽകുന്നതും. അതിനാൽ നയതന്ത്ര രംഗത്ത് നേടിയെടുത്ത വലിയ നേട്ടത്തിൽ നിന്ന് തിരിച്ചടിയുടെ അറ്റമില്ലാ കയത്തിലേക്ക് ഇസ്‍റാഈൽ കൂപ്പുകുത്തിയിരിക്കുകയാണിപ്പോൾ.

ദ്വിരാഷ്ട്ര പരിഹാരം നയമായി സ്വീകരിക്കുന്ന യൂറോപ്യൻ യൂണിയനിലെ മറ്റു അംഗങ്ങൾക്ക് ശക്തമായ സന്ദേശമാണ് തങ്ങളുടെ നടപടിയിലൂടെ നാല് രാജ്യങ്ങളും നൽകുന്നത്. ഫലസ്തീനെ അംഗീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജയിംസ് കാമറൂണിന്റെ പ്രസ്താവന ഭാവിയിൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ സമാന നിലപാട് സ്വീകരിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഇതിനു മറുപടിയായി മേൽ പറഞ്ഞ നാല് രാജ്യങ്ങളിൽ നിന്നും ഇസ്‍റാഈൽ തങ്ങളുടെ അംബാസിഡർമാരെ തിരിച്ചു വിളിക്കുകയും ശക്തമായി പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആ പ്രതിഷേധങ്ങളെയെല്ലാം തൃണവൽഗണിച്ച് ഇവർ സ്വീകരിച്ച ഫലസ്തീനനുകൂല നയം അധിനിവേശം തകർത്തെറിഞ്ഞ ഒരു ജനതക്ക് സ്വാതന്ത്ര്യ പ്രതീക്ഷയുടെ തിരിനാളമായി ചരിത്രത്തിലടയാളപ്പെടുത്തപ്പെടും, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter