ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍

വംശഹത്യ തുടരുന്ന ഗസ്സയില്‍ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന ഖാന്‍യൂനിസില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. തിങ്കളാഴ്ച രാവിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട് മിനുറ്റുകള്‍ക്കകം വ്യോമകാക്രണവും ഷെല്‍വര്‍ഷവും ആരംഭിച്ചിരുന്നു. രക്ഷപ്പെടാന്‍ സമയം നല്‍കാതെ നടത്തിയ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. അനവധി പേര്‍ക്ക് പരിക്കേറ്റു. 
ഇതോടെ 9 മാസത്തിലേറെയായി  തുടരുന്ന കൂട്ടക്കുരുതികളില്‍ മരണ നിരക്ക് 39,006 ആയി ഉയര്‍ന്നു. ഖാന്‍യൂനിസില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ലഘുലേഖകള്‍ വിതറിയതിന് പിന്നാലെ ഇസ്രയേല്‍ സേന അക്രമണവും തുടങ്ങിയിരുന്നു.
ഖാന്‍യൂനിസില്‍ അവശേഷിക്കുന്ന ഏക ആശുപത്രിയായ നാസര്‍ മെഡിക്കല്‍ കോപ്ലക്‌സ് പരിക്കേറ്റവരെ കൊണ്ട് വീര്‍പ്പുമുട്ടി. ഒഴിഞ്ഞുപോകാനുള്ള അപ്രതീക്ഷിത ഉത്തരവ് നാല് ലക്ഷത്തോളം  പേരെ ബാധിച്ചതായി ഫലസ്ഥീന്‍ സിവില്‍ ഡിഫന്‍സ് പറയുന്നു.
ഗസ്സയില്‍ ഓരോ ദിവസവും സുരക്ഷിത പ്രദേശങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേല്‍ അക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഭൂരിഭാഗം പേരും പലവട്ടം പലായനം ചെയ്തവരാണ്. ഫലസ്ഥീനികളെ പിന്തുടര്‍ന്ന് ആക്രമിക്കുകയെന്ന കിരാതന തന്ത്രമാണ് ഇസ്രയേല്‍ സേന പുറത്തെടുത്തിരിക്കുന്നത്. ഭക്ഷണവും കുടിവെള്ളവും കിട്ടാതെ അവശരായ ജനങ്ങള്‍ ഇനിയൊരു പലായനത്തിന് സാധിക്കാത്തവിധം തളര്‍ന്നിരിക്കുകയാണ്. ഹമാസിന്റെ സീനിയര്‍ കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ടാണെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരെല്ലാം സ്ത്രീകളും കുട്ടികളുമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter