കോവിഡ് കാലത്തെ വ്രതങ്ങൾ പുതിയ ചിട്ടകൾ പഠിപ്പിക്കട്ടെ..

ആകസ്മികമായ ചില നിയോഗങ്ങൾ ജീവിതത്തിൽ പുതിയ മാനങ്ങൾ,  ഇതുവരെ ഇല്ലാത്ത ചില തീരുമാനങ്ങൾ ഇതൊക്കെ എടുക്കാൻ നമ്മെ നിർബന്ധിപ്പിക്കുന്നുണ്ട്. പ്രകൃതിയുടെ   ധർമ്മമെന്ന പോലെ നമുക്കും അതിനോട് ചേർന്നുനിൽകേണ്ടി വരുന്നു അതല്ലെങ്കിൽ നമ്മുടെ മനസ്സ് അങ്ങനെയാകാൻ നിർബന്ധം പിടിക്കുന്നു. കാര്യമെന്തു തന്നെയായാലും എല്ലാം പരീക്ഷണങ്ങൾ തന്നെയാണ്; സന്തോഷവും സന്താപവും എല്ലാം വിശ്വാസിക്ക് പരീക്ഷണങ്ങൾ തന്നെയാണ്. നല്ല നാളെയുടെ  സ്ഥിരനിവാസിയാകാൻ അവ നമുക്ക് പാലിച്ചേ മതിയാവൂ. നന്മകൾക്ക്‌ വിശേഷണങ്ങൾക്കതീതമായ ഇരട്ടി പ്രതിഫലം കിട്ടുന്ന നോമ്പുകാലം റയ്യാനിലേക്കുള്ള കവാടം കൂടിയാണ്. പള്ളിയും ഇഫ്താർ സദസ്സുകളൊക്കെ അന്യം നിൽക്കുന്ന കോവിഡ് കാലത്ത് നമുക്ക് നിരാശകളെ പുറങ്കാലുകൊണ്ട് ചവിട്ടി പുതിയ ചിട്ടകളും സംഹിതകളും നെയ്തെടുക്കാം. ഉത്തമബോധ്യമുള്ള അടിമയായി സകലതിലും നന്മയുടെ പ്രഭ ചൊരിയാം. 

        അസാധാരണമായ ജീവിതത്തിന്റെ ചട്ടകൾ പുതിയൊരു മനുഷ്യനെ താനെ നിർമ്മിച്ചെടുക്കുന്നു. ചിലത് ഒഴിവാക്കാനും മറ്റു ചിലത് പകർത്താനും  നോമ്പ് നമ്മോട് കല്പിക്കുന്നു. പാപപങ്കിലമായ ജീവിതത്തിന്  ധർമ്മസിദ്ധികൾ പുതിയ വഴികൾ വെട്ടിത്തരുമ്പോൾ മനുഷ്യൻ യഥാർത്ഥ അടിമയായി പരിണമിക്കുന്നു റബ്ബപ്പോഴുമെന്ന പോലെ യഥാർത്ഥ ഉടമയായും. അനീതിക്കെതിരെയുള്ള നിരന്തര കലഹങ്ങൾക്കൊപ്പം തിന്മയോടുള്ള നിരാഹാരവും നന്മയോടുള്ള കരുതലും കൂടിയാണ് ഓരോ നോമ്പ് കാലവും.
       
         അകലം പാലിച്ചു നിൽക്കുന്നവരെ ആത്മിയതയുടെ സാമിപ്യം കൊണ്ട് കോർത്തിണക്കണം,  നൻമകളുടെ വസന്തം നമ്മുടെ വീടുകളുടെ ചുവരുകളെ ഭേദിച് പുതിയ മേൽവിലാസങ്ങൾ സൃഷ്ടിക്കട്ടെ, പതിവിലധികമായി ചെയ്യേണ്ടത് ഒന്ന് മാത്രമേയുള്ളു, നോമ്പ് തുറക്കുള്ള വിഭവങ്ങൾ തിളക്കുമ്പോൾ അയൽവാസിയെ കൂടി പരിഗണിക്കണം. ആത്മാഭിമാനം കാരണം സങ്കടങ്ങൾ പുറത്തു പറയാതെ ചിരിച്ചു നടക്കുന്നവരുടെ നാടു കൂടിയാണ് നമ്മുടേത്, പ്രധാനമായും വരുമാനങ്ങൾ നിലച്ചു പോയ പരാധീനതയിലായിരിക്കുന്ന അനേകം പേര് നമ്മുക്കിടയിൽ തന്നെയുണ്ടെന്ന ഉണർവ് എന്നും വേണം.  അപരസ്നേഹമില്ലാതൊരിക്കലും കർമ്മങ്ങൾക്ക് വെളിച്ചം കിട്ടുകയില്ലല്ലോ കാരണം റമളാൻ മാനവികതയുടെ കൂടി കാലമാണ്. വറുതിയുടെ കോവിഡ് കാലത്ത് ദാനധർമ്മത്തെക്കാൾ വലിയ സമ്മാനമൊന്നും നോമ്പിനായി നമുക്ക് ഒരുക്കി വെക്കാനാവില്ലെന്ന് തീർച്ച.

തയ്യാറാക്കിയത്:അജ്മൽ ഹുദവി യു.കെ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter