കാളാവ് സൈതലവി മുസ്‌ലിയാര്‍
പ്രവാസ ലോകത്തും നാട്ടിലും പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന കര്‍മയോഗിയായിരുന്നു കാളാവ് സൈതലവി മുസ്‌ലിയാര്‍. മഞ്ചേരി നെല്ലിക്കുത്ത് പാലക്കതൊണ്ടി അഹമ്മദ്-പുത്തനങ്ങാടി പുല്ലൂര്‍ശക്കാട്ടില്‍ ആഇശ ദമ്പതികളുടെ മകനായി 1947-ലാണ് ജനനം. കാളാവ് മുഹമ്മദ് മുസ്‌ല്യാര്‍ എന്ന ശൈഖ് മുഹമ്മദ് അഹ്മദ് സഹോദരനാണ്. തമിഴ്‌നാട് നീലഗിരിയിലായിരുന്നു ബാല്യവും പ്രാഥമിക വിദ്യാഭ്യാസവും. പിന്നീട് വിവിധ ദര്‍സുകളില്‍ ഓതിപ്പഠിച്ചു. തലക്കടത്തൂര്‍ മുദരിസായിരുന്ന നെല്ലിക്കുത്ത് ബാപ്പുട്ടി മുസ്‌ലിയാരാണ് പ്രധാന ഗുരുനാഥന്‍. 1965-മുതല്‍ കര്‍ണാടക കൊടുക്, ഉദുക്കേരി, തൃശ്യൂര്‍ വടക്കെ പൂന്നിയൂര്‍ എന്നിവിടങ്ങളില്‍ ഖത്വീബ്, ഇമാം, മുഅല്ലിം തുടങ്ങിയ നിലകളില്‍ സേവനം ചെയ്തു. നീലഗിരിയില്‍ നിന്നും രാമപുരം നാറാണത്ത് മേലേച്ചോലയിലേക്ക് താമസം മാറ്റിയ അദ്ദേഹം പിന്നീട് മക്കരപറമ്പ് കാളാവില്‍ സ്ഥിരമാവുകയായിരുന്നു.
1970-കളിലെ ഗള്‍ഫ് കുടിയേറ്റക്കാലത്താണ് കാളാവ് സൈതലവി മുസ്‌ലിയാരും പ്രവാസം തിരഞ്ഞെടുക്കുന്നത്. 1976-ല്‍ ദേരാ ദുബയ് മസ്ജിദ് ചീഫ് ഇമാം, 1978-മുതല്‍ അബൂദബി സൈനിക മന്ത്രാലയം മസ്ജിദ് ചീഫ് ഇമാം, 1992 മുതല്‍ 2008 വരെ അബൂദബി ഔഖാഫ് മസ്ജിദ് ഇമാം എന്നിങ്ങനെയായിരുന്നു വിദേശത്തെ സേവന കാലം. പ്രവാസ ലോകത്ത് പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അബൂദാബി സുന്നി സ്റ്റുഡന്റ്‌സ് സെന്റര്‍ സ്ഥാപക നേതാവായ അദ്ദേഹം ദീര്‍ഘകാലം പ്രസിഡണ്ട് പദവിയും അലങ്കരിച്ചു. വിവിധ സ്ഥാപനങ്ങളുടെ വിദേശ കമ്മിറ്റി പ്രവര്‍ത്തകനായ അദ്ദേഹം അവയുടെ ധനസമാഹരണത്തിന് ശക്തമായ പിന്‍ബലം നല്‍കി. വളാഞ്ചേരി മര്‍കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ, കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ എന്നിവ സ്ഥാപിക്കുന്നതില്‍ അബൂദാബിയില്‍ മുന്‍പന്തിയില്‍ നിന്നും പ്രവര്‍ത്തിച്ചു.
2008-ലാണ് 32 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചത്. നാട്ടിലും ആത്മാര്‍ത്ഥമായ സേവനപ്രവര്‍ത്തനങ്ങളാല്‍ കര്‍മ്മനിരതനായിരുന്നു അദ്ദേഹം. സമസ്ത പ്രവാസി സെല്‍ കണ്‍വീനര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ മുശാവറ അംഗം, സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ വര്‍കിങ് പ്രസിഡണ്ട്, സുന്നി യുവജന സംഘം ജില്ലാ വൈസ് പ്രസിഡണ്ട്, രാമപുരം അന്‍വാറുല്‍ ഹുദാ കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. സ്ഥാനങ്ങള്‍ക്കപ്പുറം സമസ്തയുടെ സേവകനായി എല്ലായിടത്തും സാന്നിധ്യമറിയിക്കുന്ന വിനയാന്വിതനായ വ്യക്തിത്വമായിരുന്നു അദ്ദേഹം. പാരമ്പര്യ പണ്ഡിത വേഷവിധാനവുമായി പുഞ്ചിരി തൂകിയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ഏറെ ഹൃദ്യമായിരുന്നു. 2020 നവംബര്‍ 22/ 1442 റബീഉല്‍ ആഖര്‍ 7-നായിരുന്നു വിയോഗം. രാമപുരം പിലാപറമ്പ് കണ്ടംപറമ്പ് ബദ്‌രിയ്യ പള്ളി ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമംകൊള്ളുന്നു.
സി.പി ബാസിത് ഹുദവി തിരൂർ
Leave A Comment