സയ്യിദ് ഫള്ൽ: ഒരു ആഗോള മുസ്‍ലിമിന്റെ സഞ്ചാരപഥങ്ങൾ

മലബാറിൽ മമ്പുറം തങ്ങൾ എന്ന പേരിൽ പ്രസിദ്ധനായ മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകനായി ജനിക്കുകയും വൈദേശികാധിപത്യത്തിന്റെയും അടിച്ചമർത്തലുകളുടെയും കാലുഷ്യം നിറഞ്ഞ അന്തരീക്ഷത്തിൽ വളർന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന് എക്കാലവും തലവേദന സൃഷ്ടിക്കുകയും ചെയ്ത  ബഹുമുഖ ആഗോള പണ്ഡിതനാണ് സയ്യിദ് ഫള്ൽ തങ്ങൾ.

മലബാറിന്റെ ആത്മീയ ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള മമ്പുറം തറമ്മൽ തറവാട്ടിൽ ഒട്ടനവധി മഹത്തുക്കൾ പിറവികൊണ്ട ബാഅലവി കുടുംബത്തിലാണ് തങ്ങൾ ജനിക്കുന്നത്. വെളിയങ്കോട് ഉമർ ഖാളി, ശൈഖ് അല്ലാമ അൽഹാജ്  മൗലവി മുഹമ്മദ് അൽബെയ്ത്താൻ പൊന്നാനി, ഖാളി മുഹിയുദ്ദീൻ തുടങ്ങിയ ഒട്ടനേകം പണ്ഡിതന്മാരിൽ നിന്ന് ഇസ്‍ലാമിക വിജ്ഞാനീയങ്ങളിൽ പ്രാവീണ്യം നേടുകയും മക്കയിലും യമനിലും ഉപരിപഠനം നടത്തുകയും ചെയ്ത ഫള്ൽ തങ്ങൾ പിതാവായ മമ്പുറം തങ്ങളുടെ വഫാത്തിന് ശേഷം പിതാവ് വഹിച്ചിരുന്ന എല്ലാ ആത്മീയ സ്ഥാനങ്ങളും ഏറ്റെടുക്കുകയും മാപ്പിളമാർക്ക് മതപരവും ആത്മീയവുമായ നേതൃത്വം നൽകുകയും ചെയ്തു.

ബ്രിട്ടീഷ് അധിനിവേശകരുടെ ചൂഷണങ്ങൾക്കെതിരെ മാപ്പിളമാരെ അണിനിരത്തി മലബാറിലെ ജനങ്ങൾക്കിടയിൽ ബ്രിട്ടീഷ് വിരുദ്ധ വികാരം  സൃഷ്ടിച്ച് കൊണ്ടിരുന്ന ഫള്ൽ തങ്ങളെ എങ്ങനെയെങ്കിലും ഇല്ലാതാക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ കൊളോണിയൽ ശക്തികൾ ബ്രിട്ടീഷ് അനുകൂലികളായ ചിലരിലൂടെ  അല്പകാലത്തേക്ക് തങ്ങൾ ഇവിടെ നിന്ന്  വിട്ടുനിൽക്കണമെന്നും അല്ലെങ്കിൽ ആയിരക്കണക്കിന് മാപ്പിളമാർ കൊല്ലപ്പെടുമെന്നും ഫള്ൽ തങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് താൻ കാരണം പ്രശ്നങ്ങൾ ഒന്നും  ഉടലെടുക്കരുതെന്ന് ആഗ്രഹിച്ച് യമനിലേക്കും ഹിജാസിലേക്കും യാത്ര തിരിച്ച ആ പണ്ഡിത പ്രതിഭ പിന്നീട് ഓട്ടോമൻ സുൽത്താന്റെ ഉപദേശകനായും സലാല കേന്ദ്രീകരിച്ച് ദുഫാർ ഭരിച്ച ഭരണാധിപനായും മാറിയ ചരിത്രം ഏറെ വിസ്മയകരമാണ്. പക്ഷേ, ഫള്ൽ തങ്ങൾ എന്ന ആഗോള  പണ്ഡിത പ്രതിഭയെ കുറിച്ച് ഇതുവരെ കാര്യമായ ആധികാരിക പഠനങ്ങൾ ഒന്നും നടന്നിരുന്നില്ല . അദ്ദേഹത്തെക്കുറിച്ച് എഴുതപ്പെട്ട പഠനങ്ങളാവട്ടെ   ഒരു മുസ്‍ലിം രാഷ്ട്രീയ ചാണക്യൻ എന്ന നിലക്കുള്ള സംഭാവനകളെയും സയ്യിദ് ഫള്ൽ തങ്ങളുടെ മലബാർ ജീവിതകാലത്തെക്കുറിച്ചും മാത്രമേ വിശകലനം ചെയ്യുന്നുള്ളൂ. ഡോ. മുസ്തഫ ഊജമ്പാടി രചിച്ച "സയ്യിദ് ഫള്ൽ ഒരു ആഗോള മുസ്‍ലിമിന്റെ സഞ്ചാരപഥങ്ങൾ" എന്ന ഗ്രന്ഥം ഇവിടെയാണ് പ്രസക്തമാവു്നനത്. ഓട്ടോമൻ ആർക്കൈവുകളിൽ നിന്നും ലൈബ്രറികളിൽ നിന്നും ഒട്ടനവധി രേഖകൾ സൂക്ഷ്മമായി പരിശോധിച്ച് വർഷങ്ങളോളം നീണ്ട ഗവേഷണം നടത്തിയാണ് ഗ്രന്ഥകർത്താവ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. 

നാല് അധ്യായങ്ങളിലായാണ് രചയിതാവ് ഈ ഗ്രന്ഥത്തെ ക്രമീകരിച്ചിട്ടുള്ളത്. തങ്ങൾക്ക് പാരമ്പര്യമായി ലഭിച്ച ധാർമിക മൂല്യങ്ങളെയും സൽഗുണങ്ങളെയും മുറുകെപ്പിടിച്ച് ജീവിക്കുകയും ഇസ്‍ലാമിക മൂല്യങ്ങളെ അടുത്ത തലമുറയിലേക്ക് കൈമാറാൻ അലവിയ്യ ത്വരീഖത്ത് സ്ഥാപിക്കുകയും ചെയ്ത  ബാ അലവികളുടെ ചരിത്രമാണ് ആദ്യത്തെ അധ്യായത്തിലുള്ളത്. ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി ജീവിച്ച സയ്യിദ്ഫള്ലിന്റെ  ജീവിതയാത്രയാണ് രണ്ടാമത്തെ അധ്യായത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സയ്യിദ്ഫള്ലിനെക്കുറിച്ച് മറ്റു പഠനങ്ങളിൽ കാര്യമായി പരാമർശിക്കപ്പെടാത്ത അദ്ദേഹത്തിൻറെ മലബാറാനന്തര ജീവിതത്തെക്കുറിച്ച് വിശദമായി രണ്ടാമത്തെ അധ്യായത്തിൽ  പ്രതിപാദിക്കുന്നുണ്ട്. ഇതുവരെ പ്രസിദ്ധീകരിക്കപ്പെടാത്ത, തങ്ങളുടെ ഒട്ടനവധി രചനകളെ  കുറിച്ചുള്ള ആഴത്തിലുള്ള വിശകലനങ്ങൾ അടങ്ങിയതാണ് മൂന്നാമത്തെ അധ്യായം. മത- ആത്മീയ -രാഷ്ട്രീയ മേഖലകളിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ സംബന്ധിച്ചാണ് അവസാന അധ്യായത്തിൽ പരാമർശിക്കുന്നത്. 

സൈഫുൽ ബത്താർ എന്ന കൃതിയുടെ രചയിതാവ് സയ്യിദ് ഫള്ലാണെന്നാണ്   പ്രസിദ്ധരായ പല ചരിത്രകാരന്മാരും  രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷേ ,  ഇത് ചരിത്രപരമായി അടിസ്ഥാനമില്ലാത്തതാണെന്ന്  നിരവധി തെളിവുകൾ നിരത്തി ഗ്രന്ഥകർത്താവ് സ്ഥാപിക്കുന്നുണ്ട്. മതം, സുന്നത്ത് ജമാഅത്ത്, ആത്മീയത , കർമശാസ്ത്ര സരണികൾ എന്നിവയെ കുറിച്ചുള്ള സയ്യിദ് ഫള്ലിന്റെ നിലപാടുകളെ കുറിച്ച് വിശദീകരിക്കുന്ന രചയിതാവ് തുടർ വായനക്ക് പ്രചോദനമാകുന്ന വിധത്തിലാണ്  അദ്ദേഹത്തിന്റെ  രചനലോകത്തെ കുറിച്ച് വായനക്കാർക്ക് പരിചയപ്പെടുത്തികൊടുക്കുന്നത്. 

കേരളത്തിൽ നിന്ന് തുടങ്ങി മിക്ക അറബ് രാജ്യങ്ങളിലും ജീവിക്കുകയും ഒട്ടനവധി വൈജ്ഞാനിക യാത്രകൾ നടത്തുകയും ചെയ്ത സയ്യിദ് ഫള്ല്‍ ഒരു വിസ്മയമാണെന്ന് തന്നെ പറയേണ്ടിവരും. 300 രൂപ വില വരുന്ന ഈ കൃതി  ബുക്ക് പ്ലസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter