ആത്മീയചൈതന്യം ചൊരിയും വചനാമൃതം

'കർമങ്ങൾ കേവലം പ്രതിമകളാണ്. അവക്ക് ജീവനുണ്ടാകുന്നത് ഇഖ്‍ലാസെന്ന രഹസ്യം കൂടെയുള്ളപ്പോൾ മാത്രമാണ്.'

ഇബ്നു അത്വാഇല്ലാഹി സിക്കന്ദരി(റ)ന്റെ 'അൽഹികമുൽഅത്വാഇയ്യ' ഇസ്‍ലാമിക ആത്മീയവിജ്ഞാനശേഖരത്തിലെ അതുല്യമായ ഗ്രന്ഥമാണ്. തലമുറകളുടെ ചിന്താമണ്ഡലങ്ങളിൽ പ്രഭ പരത്തിയ പ്രസ്തുത ഗ്രന്ഥം നൂറ്റാണ്ടുകൾക്കിപ്പുറവും അതിന്റെ ആത്മീയപ്രഭയാൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു. ആത്മീയതയുടെ സമുന്നതമായ സ്ഥാനങ്ങളിലേക്ക് ഓരോ വായനക്കാരനെയും കൈപിടിച്ചുയർത്തുന്നതാണ് ഗ്രന്ഥത്തിലെ 264 സുഭാഷിതങ്ങളും.

കുറഞ്ഞവരികളിൽ അമൂല്യമായ സുഭാഷിതങ്ങളെ ഉൾക്കൊള്ളിച്ച ഗ്രന്ഥത്തിന് ഇമാം സഈദ് റമളാൻ ബൂത്വി അടക്കമുള്ള പണ്ഡിതർ അറബി ഭാഷയിലും ഇതര ഭാഷകളിലുമായി അനേകം വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. അത്തരത്തിൽ ഹികമിന്റെ പരിഭാഷയും വിശദീകരണവും ഹ്രസ്വവും എന്നാൽ സുഗ്രാഹ്യവുമായ ഭാഷയിൽ മലയാളത്തില്‍ തീർത്തിരിക്കുകയാണ് കൈരളിയുടെ പണ്ഡിതൻ എം കെ അബ്ദുല്ല ഫൈസി കൊടശ്ശേരി.

വായനക്കാർക്ക് അനായാസം മനസ്സിലാവുന്ന രീതിയിൽ ആശയങ്ങൾ ചോർന്നുപോവാതെ ഖുർആനിക സൂക്തങ്ങളും ഹദീസുകളും മഹാന്മാരുടെ വചനങ്ങളും കവിതയും ഉദ്ധരിച്ചുകൊണ്ടാണ് വിശദീകരണം നിർവഹിച്ചിട്ടുള്ളത്. ചുരുങ്ങിയ വാക്കുകളിൽ മൂല കൃതിയുടെ ആശയത്തെ വായനക്കാരിലേക്കെത്തിക്കാൻ ഗ്രന്ഥകർത്താവിന് സാധിച്ചിട്ടുണ്ട്.

പുസ്തകത്തിന്റെ ആദ്യഭാഗത്തിൽ 'തത്വോപദേശങ്ങൾ' എന്ന പേരിൽ 264 ഹിക്മത്തുകൾക്ക് പുറമെ, രണ്ടും മൂന്നും ഭാഗങ്ങളിൽ യാഥാക്രമം 'സുഹൃത്തുകൾക്ക് അയച്ച കത്തുകൾ' 'നാഥനോടുള്ള മന്ത്രണം' എന്ന പേരുകളിൽ അധ്യായങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സത്യവിശ്വാസിയുടെ ജീവിതയാത്രയില്‍, ഇഹ്‍സാനിന്റെ തലത്തിൽനിന്ന് കൊണ്ട് ആത്മീയതക്ക് പോഷണം നൽകാനുതാകുന്നതാണ് ഗ്രന്ഥം. ഓരോ തത്വോപദേശത്തിലൂടെയും കടന്നുപോവുന്ന വായനക്കാരൻ ദിവ്യപ്രേമത്തിലേക്ക് ആനയിക്കപ്പെടുമെന്ന് തീര്‍ച്ച. അവന്റെ ചിന്താമണ്ഡലങ്ങളിൽ മുമ്പെങ്ങും അനുഭവപ്പെടാത്ത അനുഭൂതികൾ സംജാതമാവുകയും ചെയ്യുന്നു. പുസ്തകവായന മികച്ച അനുഭവം സമ്മാനിക്കുമെന്നതിൽ സന്ദേഹമില്ല.

പുസ്തകത്തിലൂടെ കടന്നുപോവുമ്പോൾ ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ചില വരികൾ ഇവിടെ പരാമർശിക്കട്ടെ.

  • ദിക്റുകൾ മൊഴിയുമ്പോൾ നിന്റെ ഹൃദയം അല്ലാഹുവിന്റെ കൂടെയല്ല എന്ന കാരണത്താൽ നീ ദിക്‌റുകൾ ഉപേക്ഷിക്കരുത്. കാരണം ദിക്റ് ചൊല്ലുന്നതിനെ തൊട്ടുള്ള നിന്റെ അശ്രദ്ധ, ചൊല്ലുന്ന ദിക്‌റിലെ ശ്രദ്ധക്കുറവിനെക്കാൾ കഠിനമാണ്. അശ്രദ്ധയോടെയുള്ള ദിക്റിൽ നിന്ന് ഉണർവുള്ള ദിക്റിലേക്കും, ഉണർവോടെയുള്ളതിൽ നിന്ന് അല്ലാഹുവിന്റെ സാന്നിധ്യം അനുഭവിക്കുന്ന ദിക്റിലേക്കും, അല്ലാഹുവിന്റെ സാന്നിധ്യം അനുഭവിക്കുന്ന ദിക്‌റിൽ നിന്ന് അവനല്ലാത്തതെല്ലാം അപ്രത്യക്ഷമാകുന്ന ദിക്റിലേക്കും അവൻ നിന്നെ ഉയർത്തിയേക്കാം. (പേജ്.42)
  • ഇലാഹീ, എന്റെ നിസ്സാരത എന്നെ മൂകനാക്കുമ്പോഴെല്ലാം നിന്റെ ഔദാര്യം എന്നെ വാചാലനാക്കുകയാണ്. ഇലാഹീ, എന്റെ ദുഷ്‌ചെയ്‌തികൾ എന്നെ നിരാശപ്പെടുത്തുമ്പോഴെല്ലാം നിന്റെ ദാക്ഷിണ്യം എന്നെ മോഹിപ്പിക്കുന്നു. (പേജ്.159)
  • ഇലാഹീ, എന്റെ നിയന്ത്രണത്തിന് പകരം നിന്റെ നിയന്ത്രണം കൊണ്ട്, എന്റെ തിരഞ്ഞെടുപ്പിന് പകരം നിന്റെ തിരഞ്ഞെടുപ്പ് കൊണ്ട് എന്നെ നീ പര്യാപ്തനാക്കേണമേ. എന്റെ ഗുരുതരാവസ്ഥകളുടെ ആസ്ഥാനങ്ങളിൽ എന്നെ നീ നിർത്തേണമേ. (പേജ്. 164)

വാഫി അലുംനിയുടെ കീഴിലുള്ള 'വേ ബുക്സ്' പ്രസിദ്ധീകരിച്ച ഈ അമൂല്യ ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത് ബഹു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ്. 168 പേജുകളുള്ള പുസ്തകത്തിന് 170 രൂപയാണ് മുഖവില.

ഓർഡർ ചെയ്യാൻ ബന്ധപ്പെടുക.
Way Books, Contact: 8086270468

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter