കേരളവും ഉസ്മാനികളും: ഭരണ നേതൃത്വത്തോടുള്ള മാപ്പിള നിലപാടുകൾ

ആഗോള തലത്തില്‍ തന്നെ മുസ്‍ലിം സമൂഹത്തിന്റെ രാഷ്ട്രീയ അപചയത്തിനു കാരണം കേന്ദ്രീകൃതമായ അധികാര സ്ഥാനമില്ലായ്മയാണ്. 1920 വരെ ഭാഗികമായെങ്കിലും നീണ്ടുനിന്ന ഉസ്മാനിയ ഖിലാഫത്താണ് മുസ്‍ലിംകളുടെ അവസാന ഭരണ നേതൃത്വം. ആറ് നൂറ്റാണ്ടോളം ലോകത്തിന്റെ നാനാഭാഗത്തുമുള്ള മുസ്‍ലിംകളുമായി ഉസ്മാനിയ ഖലീഫക്കുള്ള ആത്മീയ ബന്ധത്തിനപ്പുറം രാഷ്ട്രീയ ബന്ധവും ഭൂരിഭാഗം നാടുകൾക്കും അവകാശപ്പെടാനുണ്ട്.

വലിയ ജനസംഖ്യ ഉൾക്കൊള്ളുന്നതും വിശാലവുമായ മുസ്‍ലിം ചരിത്രം പേറുന്ന രാജ്യമായ ഇന്ത്യക്കും, അതിന്റെ മുസ്‍ലിം സത്വ വർത്തമാനങ്ങളിൽ ഏറ്റവും പ്രസക്തമായ നമ്മുടെ കേരളത്തിനും ഉസ്മാനിയ ഖിലാഫത്തുമായി സുശക്തമായ ബന്ധമുണ്ട്. ഒരുപക്ഷേ, ഉത്തരേന്ത്യയേക്കാളും ഉസ്മാനിയ ഭരണാധികാരികളോടുള്ള കൂറ് കേരളത്തിൽ ശക്തമായിരുന്നുവെന്ന് മനസ്സിലാക്കാം.

ഇന്ത്യൻ ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള മുഗളന്മാരുമായും മലബാറിന്റെ കൂടി അധിപനായിരുന്ന മൈസൂർ രാജാവ് ടിപ്പു സുൽത്താനുമായും ഉസ്മാനികൾക്ക് ബന്ധമുള്ളതായി ചരിത്രങ്ങളിൽ കാണാം. ഉസ്മാനിയ രാജാവായിരുന്ന പ്രഥമ ഖലീഫ സുൽത്താൻ സലീമാണ് ടിപ്പുസുൽത്താന് നാസിറുദ്ദീൻ എന്ന സ്ഥാനപ്പേര് നൽകിയത്. ഒരു ഘട്ടത്തിൽ ടിപ്പുസുൽത്താൻ തന്റെ അധികാര പ്രദേശത്തെ ഉസ്മാനിയയുമായി ബന്ധിപ്പിക്കാൻ വരെ ശ്രമം നടത്തിയിരുന്നതായി ചരിത്ര വായനകളിൽ നിന്ന് ലഭ്യമാണ്.

അറക്കൽ രാജ കുടുംബവും ഉസ്മാനികളും

ഭരണകൂട വ്യവഹാരങ്ങളുമായി ബന്ധപ്പെടുന്നതായതിനാൽ കേരളീയ മുസ്‌ലിം ഭരണ പരിസരങ്ങളിൽ ആ ബന്ധം ഉണ്ടായി. അതിനാൽ തന്നെ കേരളത്തിലെ ഏക മുസ്‍ലിം രാജകുടുംബമായ അറക്കലിന് ഉസ്മാനിയയുമായി സവിശേഷമായ ബന്ധമുണ്ട്. 

ശക്തിയും ക്ഷയവും കണ്ട 1545 ൽ അറക്കൽ രാജകുടുംബം ടിപ്പുസുൽത്താനുമായും ഇതര ദേശങ്ങളുമായും ശക്തമായ ബന്ധം പുലർത്തിയിരുന്നു. അപ്രകാരം തന്നെയാണ് നയതന്ത്ര്യത്തിന്റെ ഭാഗമായി ഉസ്മാനികളുമായുള്ള ബന്ധം ഉണ്ടാകുന്നത്. മാത്രവുമല്ല, ഉസ്മാനികളുടെയും അറക്കലിന്റെയും ശത്രുക്കൾ ഒന്നാവുകയും ചെയ്തതോടെ ഒരു കേവലമായ ബന്ധം അവർക്കിടയിൽ സ്വാഭാവികമായും രൂപീകൃതമാകുവാൻ അത് സഹായകമായി.

1777 അറക്കൽ സുൽത്താൻ ആദിരാജ അലി രാജ കുഞ്ഞി ഹംസ രണ്ടാമന്‍ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാൻ ആവശ്യമായ സഹായങ്ങൾ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ഉസ്മാനിയ ഭരണകൂടത്തിന്റെ ആസ്ഥാന കേന്ദ്രമായിരുന്ന ഇസ്താംബൂളിലേക്ക് തന്റെ പ്രതിനിധിയെ അയക്കുകയുണ്ടായി. ഈ കത്തിൽ തങ്ങളുടെ പ്രദേശങ്ങൾക്ക് 240 വർഷങ്ങൾക്കു മുമ്പ് ഹാദിം സുലൈമാൻ പാഷ വഴി ഉസ്മാനികളിൽ നിന്ന് ലഭിച്ച സഹായങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അഥവാ ദിയു ലക്ഷ്യമാക്കിയ ഉസ്മാനിയൻ പടയോട്ടത്തിനും വ്യാപാരം നേടിയെടുക്കാനുള്ള ഉസ്മാനിയൻ പരിശ്രമങ്ങൾക്കിടയിൽ കേരളത്തിലേക്ക് ചില സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സാരം. സുലൈമാൻ ഖാനൂനിയുടെ ഭരണകാലത്ത് അത്തരം നീക്കങ്ങൾ നടന്നതായി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.  

രണ്ടു വർഷത്തിനുശേഷം അധികാരത്തിലേറിയ അവരുടെ സഹോദരി അറക്കൽ ബിവി ജനുബാബ 2 തവണ സഹായ അഭ്യർത്ഥന നടത്തിക്കൊണ്ട് ഉസ്മാനിയ ഖലീഫ സുൽത്താൻ അബ്ദുൽ ഹമീദ് ഒന്നാമനു കത്തയക്കുകയുണ്ടായി. ഉസ്മാനിയയുടെ കൂടെ ശത്രുക്കളായ പോർച്ചുഗലിന്റെ എതിരെ സഹായം അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു കത്തെങ്കിലും, റഷ്യൻ യുദ്ധത്താൽ കലുഷിതമായ ഉസ്മാനിയൻ സാഹചര്യങ്ങളാൽ വേണ്ടവിധത്തിൽ കേരളക്കരയിലേക്ക് ഉസ്മാനിയുടെ സഹായം പിന്നീട് ഉണ്ടായില്ല. 

എങ്കിലും 1576-ൽ സൊകുല്ലു മെഹ്മദ് തന്റെ ഈജിപ്തിലെ ഗവർണർ ജനറലിന് പുറപ്പെടുവിച്ച ഒരു ആജ്ഞയിൽ കേരളത്തിലെ 20 പള്ളികളിലേക്ക് ഉസ്മാനികൾ നടത്തിവരുന്ന നൂറു വീതം സ്വർണ്ണനാണയങ്ങളുടെ വർഷാവർഷ വിതരണം തുടരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അഥവാ ആ രീതിയിലുള്ള ഒരു സാമ്പത്തിക ഇടപെടലും കേരളീയ തീരത്തിനും ഉസ്മാനിയ ഭരണകൂടത്തിന് ഇടയിൽ ഉണ്ടായിരുന്നു എന്ന് സാരം.

മമ്പുറം ഫസൽ തങ്ങളുടെ ദീർഘ വീക്ഷണവും നയവും

രാജ സ്വരൂപം എന്ന നിലയിൽ അറക്കൽ ഉണ്ടാക്കിയ ഭരണപരമായ നേതൃത്വം പിന്നീട് മുസ്‍ലിംകൾക്ക് അന്യമായി. എന്നാലും എക്കാലത്തും കൃത്യമായ ആത്മീയ നേതൃത്വം കേരളീയ മുസ്‍ലിംകൾക്കിടയിൽ നിലനിന്നിരുന്നു. ആ നേതൃത്വത്തിൽ പ്രധാനികളായ മമ്പുറം തങ്ങൾമാരിൽ രണ്ടാമനായ മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രൻ സയ്യിദ് ഫസൽ തങ്ങൾ ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടത് സയ്യിദ് ഫസൽ പാഷാ എന്ന പേരിലാണ്. 

ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 1852 ൽ അദ്ദേഹത്തെ ബ്രിട്ടീഷ് ഭരണകൂടം നാടുകടത്തിയപ്പോൾ (അദ്ദേഹം സ്വയം നാടുവിടുകയായിരുന്നു എന്നും അഭിപ്രായമുണ്ട്) നിരവധി സഞ്ചാരഭൂമികൾക്കൊടുവിൽ അദ്ദേഹം എത്തിച്ചേർന്നത് ഉസ്മാനിയ ഖിലാഫത്തിലെ ഭരണ സാരഥികളുടെ അടുത്തായിരുന്നു. അഥവാ, അന്നത്തെ ഉസ്മാനിയ ഭരണാധികാരി, സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ പാഷയായി അദ്ദേഹം നിയമിതനാവുകയായിരുന്നു. 

സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ അറേബ്യയുമായി ബന്ധപ്പെട്ട വിദേശകാര്യ നയങ്ങൾ രൂപീകരിക്കുന്നതിലും ഹിജാസ് റെയിൽവേ എന്ന സ്വപ്ന പദ്ധതിയുടെ ഭാഗമാവുന്നതിലും സയ്യിദ് ഫസൽ തങ്ങൾക്ക് കൃത്യമായ പങ്കുള്ളതായി പറയപ്പെടുന്നുണ്ട്. കലുഷിതമായ ആ കാലത്ത് സുൽത്താൻ അബ്ദുൽഹമീദിനെ ഖലീഫ എന്ന് തന്നെ അഭിസംബോധന ചെയ്യുവാനും അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളെ സ്മരിക്കുവാനും തങ്ങൾ അമാന്തിച്ചിരുന്നില്ല. മാത്രവുമല്ല, ഇസ്‍ലാമിക ലോകത്ത് ഒരു ഖലീഫയുടെയും അദ്ദേഹത്തെ അംഗീകരിക്കുന്നതിന്റെയും ആവശ്യകതയെക്കുറിച്ച് ഇസ്‍ലാമിക ശരീഅത്ത് അനുസൃതമായി തന്നെ ഫസൽ തങ്ങൾ സമർഥിക്കുകയുണ്ടായി. ശക്തിയാർജിച്ച ഉസ്മാനിയ ഖിലാഫത്ത് വിരുദ്ധ പ്രവർത്തനങ്ങൾക്ക് മറുപടിയാകും വിധം 'തൻബീഹുൽ ഉഖലാ' എന്ന രചനയിലൂടെ അദ്ദേഹം ഖലീഫക്ക് അനുകൂലമായി തന്റെ ഇടപെടൽ നടത്തുകയുമുണ്ടായി.

പിൽക്കാലത്ത് നമുക്ക് വന്ന വലിയ അപചയം ഖിലാഫത്തിന്റെ അഭാവമായത് ആ മഹാ മനീഷിയുടെ ദീർഘവീക്ഷണത്തെ കാലം അടയാളപ്പെടുത്തിയെന്ന് പറയാം. ഇന്ന് അദ്ദേഹത്തിന്റെ ഖബർ സ്ഥിതി ചെയ്യുന്നതും അക്കാലത്തെ ഉസ്മാനിയ ഭരണകൂടത്തിന്റെ ആസ്ഥാനനഗരിയായിരുന്ന ഇസ്താംബൂളിലാണ്.

പൊതു മണ്ഡലത്തിലെ ഉസ്മാനി സ്നേഹത്തിന്റെ സാക്ഷ്യങ്ങൾ

ആത്മീയ നേതൃത്വത്തിന്റെ ആ പിന്തുണ മമ്പുറം തങ്ങളിൽ ഒതുങ്ങുന്ന ഒന്നായിരുന്നില്ല, മറിച്ച് കേരളത്തിന്റെ ആത്മീയ പരിസരത്തിന്റെ വലിയൊരു ഭാഗവും ആ ബന്ധത്തിന് മൂല്യം കൽപ്പിച്ചിരുന്നു. ഉസ്മാനിയ ഖിലാഫത്തിന്റെ ക്ഷയകാലത്ത് നടന്ന 1912ലെ യുദ്ധത്തിൽ ഉസ്മാനിയ ഖിലാഫത്തിന് വിജയം ഉണ്ടാകുവാൻ വേണ്ടി കേരളത്തിലെ പള്ളികളിൽ പ്രാർത്ഥനകൾ നടത്തിയതും മലപ്പുറം പെരിന്തൽമണ്ണ പള്ളിയിൽ 40 ദിവസത്തെ പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചതും ആ ബന്ധത്തിന്റെ തെളിവുകളാണ്. 1899 ല്‍ പുറത്തിറക്കപ്പെട്ട സലാഹുൽ ഇഖ്‍വാന്‍ പാക്ഷികത്തിലും 1909 ല്‍ പ്രസിദ്ധീകരിച്ച തുർക്കി സമാചാരത്തിലും അടക്കം അക്കാലത്ത് കേരളത്തിൽ പ്രവർത്തിച്ചിരുന്ന മുസ്‍ലിം രചനകളിൽ എല്ലാം ഉസ്മാനിയ ഖിലാഫത്തുമായി ബന്ധമുള്ള ചർച്ചകൾ ഇടം പിടിച്ചിരുന്നതായി കാണാം.

തുർക്കിക്ക് പല ഘട്ടങ്ങളിലായി കേരളത്തിലെ പള്ളികളിൽ നിന്ന് വരെ പിരിവെടുത്ത് മാപ്പിളമാർ സംഭാവനകൾ, ഇന്ത്യൻ മെഡിസിൻ മിഷൻ, റെഡ് ക്രെസെന്റ് സൊസൈറ്റി തുടങ്ങിയവ മാധ്യമമാക്കി അയച്ചു നൽകിയതായും അത് തുർക്കിയുടെ യുദ്ധത്തിന് വേണ്ടി വിനിയോഗിച്ചതായും ചരിത്രങ്ങളിൽ കാണാം. 

ദൈവഹിതപ്രകാരം മുസ്‍ലിം ലോകം നാഥനില്ലാ കളരി ആകും വിധം ക്ഷയിച്ചപ്പോഴും ഉസ്മാനിയ ഖിലാഫത്ത് നിലം പൊത്തിയപ്പോഴും കേരളം അതിന്റെ ഉസ്മാനിയ ബന്ധം ഉപേക്ഷിക്കുവാൻ തയ്യാറല്ലായിരുന്നു. മഹാത്മാഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കേരളത്തിലേക്ക് കടന്നു വരുവാൻ കാരണമായ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ ഖിലാഫത്ത് പ്രവർത്തനങ്ങൾ പോലും അക്ഷരാർത്ഥത്തിൽ ഉസ്മാനിയ ഖിലാഫത്തിനോടുള്ള തങ്ങളുടെ അനുഭാവം പ്രകടിപ്പിക്കൽ ആയിരുന്നു. മുസ്‍ലിംകളുമായി ഉണ്ടാക്കിയ വാഗ്ദാനത്തിന് വിരുദ്ധമായി ബ്രിട്ടീഷുകാർ തുർക്കിക്കെതിരെ തിരിഞ്ഞതിലുള്ള പ്രതിഷേധം ആയിരുന്നു ആ പ്രേരകത്തിനുള്ള പ്രധാന കാരണം എന്നത് ഈ വാദത്തെ ശരിവെക്കുന്നു.

തുർക്കിയിൽ ഖിലാഫത് നഷ്ടപ്പെട്ടപ്പോൾ 1920 ഏപ്രിൽ 27ന് മഞ്ചേരിയിൽ വച്ച് നടന്ന ഖിലാഫത്ത് സമ്മേളനത്തിൽ ഖിലാഫത്തുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കപ്പെട്ട ഫത്‍വകൾ മലയാളത്തിൽ തർജമ ചെയ്യുകയും അബുൽ കലാം ആസാദിന്റെ തർക്കുൽ മുവാലാത്തുടക്കുമ്മുള്ള കൃതികളും തർജ്ജമ ചെയ്തു പള്ളികളിലേക്ക് അയച്ചു നൽകുകയും ഖിലാഫത്ത് കമ്മറ്റികളിലേക്ക് നൽകുകയും ചെയ്യുകയുണ്ടായി. ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കുന്നത് ഹറാമാണെന്നും നികുതിയടക്കാതെ നിസ്സഹകരണം കാണിക്കണമെന്നും ഗവൺമെന്റ് ജോലികൾ ഉപേക്ഷിക്കണമെന്നും അടങ്ങുന്ന ആവശ്യങ്ങൾ ഉയർത്തുന്നതായിരുന്നു ആ ഫത്‍വകൾ. ഖിലാഫത്തിന്റെ അവശ്യകത ഉണർത്തുന്ന ഉറുദു ലേഖനങ്ങളും ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. 

1920 ജൂലൈ മാസത്തിൽ കോഴിക്കോട് ആദ്യത്തെ ഖിലാഫത്ത് കമ്മിറ്റി രൂപപ്പെട്ടു ഒരു വർഷം കഴിയുന്നതിനുമുമ്പ് 1921 ജൂൺ 30 ആകുന്നതോടെ കണക്കുകൾ പ്രകാരം ഏകദേശം 200-ഓളം കമ്മിറ്റികൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അതിവേഗം നാടുകളിൽ പടർന്നു പിടിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിന് ആവേശം നൽകുവാൻ മൗലാന ഷൗക്കത്തലിയുടെ പ്രസംഗത്തിന് സാധിച്ചതിലെ ഒരു പങ്ക് ഉസ്മാനിയക്കായി പരുവപ്പെട്ടിരുന്ന മലയാളി മനസ്സുകളാണ്.

ഖിലാഫത്ത് പ്രസ്ഥാനത്തെ തുടർന്നുണ്ടായ പ്രവർത്തനങ്ങളെ വേട്ടയാടിയതിന്റെ പേരിലും നിലനിന്നിരുന്ന ജന്മിത്ത കുടിയാൻ വ്യവസ്ഥയിലെ അസമത്വങ്ങൾക്കെതിരിലും അത് ഒരു യുദ്ധമായി രൂപാന്തരപ്പെട്ട ചരിത്രം സുവിദിതമാണല്ലോ. അഥവാ ഉസ്മാനിയ ഖിലാഫത്തിനായി ആവശ്യം ഉന്നയിക്കുകയും അത് അസാധ്യമായതോടെ സ്വന്തമായ ഒരു ഖിലാഫത്ത് രൂപപ്പെടുത്തുകയും അവിടെ ഭരണകൂടം സ്ഥാപിക്കുകയും ചെയ്തത് ഈ മലയാള മണ്ണാണ്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന വാരിയം കുന്നന്റെ വസ്ത്രധാരണയിലും ഉസ്മാനിയൻ ബന്ധം പ്രകടമായിരുന്നു.

ചുരുക്കത്തിൽ കേരളത്തിന്റെ സാമൂഹിക ആത്മീയ രാഷ്ട്രീയ പരിസരങ്ങൾ ഉസ്മാനിയ ഖിലാഫത്തുമായി മനസ്സാ- -വാചാ -കർമണാ ബന്ധം പുലർത്തിയിരുന്നു. ഇതിനർത്ഥം കേരളം ഒറ്റക്കെട്ടായി ഉസ്മാനിയ ഖിലാഫത്തിന് പിന്നിൽ അണിഞ്ഞിരുന്നു എന്നല്ല, പ്രാദേശികമായിട്ടുള്ള താല്പര്യങ്ങൾക്കൊപ്പം തന്നെ ഉസ്മാനിയാ ഖിലാഫത്തിന് പിന്തുണ നൽകിയപ്പോഴും ബ്രിട്ടീഷ് അനുകൂലികളായ പല പണ്ഡിതരും അതിനെതിരെ രംഗത്ത് വരികയുണ്ടായി. 1921 സെപ്റ്റംബർ 22 പൊന്നാനിയിലെ മഹ്ഖുൽ ഖലഫ അലാ ഇസ്മിൽ ഖിലാഫയും സമാന നീക്കങ്ങളും രചനകളും അതിനുള്ള ഉദാഹരണങ്ങളാണ്. 

എന്നിരുന്നാലും, സാമൂഹികാന്തരീക്ഷത്തിൽ ചെറിയൊരു അളവിൽ നിലനിന്നിരുന്ന ഭിന്നഭിപ്രായത്തിനിടയിലും കേരളത്തിന്റെ പൊതുബോധം ഉസ്മാനിയ ഖിലാഫത്തുമായി ഇഴ ചേർന്ന് നിൽക്കുന്നവെന്ന് കാണാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter