പള്ളികളും മഹല്ലുകളും പൊതു ഇടങ്ങളാവട്ടെ

മഹല്ലുകളും പള്ളികളും മുസ്‍ലിം സമുദായത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. സമുദായത്തിന്റെയും സമൂഹത്തിന്റെയും അംഗങ്ങളുടെയും പുരോഗതിക്കും ആരോഗ്യകരമായ നിലനില്‍പ്പിനും ഒട്ടേറെ കാര്യങ്ങളാണ് ഈ സംവിധാനങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. സാംസ്കാരിക-സാമൂഹ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ ജാഗരണവും പുരോഗതിയും ഉറപ്പ് വരുത്താന്‍ ഇവ പരമാവധി ശ്രമിക്കുന്നു. ചില മഹല്ലുകള്‍ ഈ രംഗത്ത് ബഹുദൂരം മുന്നോട്ട് പോയി, അംഗങ്ങളുടെ സാമ്പത്തിക സുരക്ഷ വരെ ഉറപ്പ് വരുത്തുന്ന പലിശ രഹിത വായ്പാപദ്ധതികളും മൈക്രോ ഫൈനാന്‍സ് സംവിധാനങ്ങളും വരെ നടത്തിവരുന്ന വന്‍ സാമൂഹ്യസംരംഭങ്ങളായി വളര്‍ന്നിട്ടുപോലുമുണ്ട്. 

എന്നാല്‍, ഇവയിലധികവും ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമുദായാംഗങ്ങളില്‍ മാത്രമാണ്. ബഹുസ്വര സമൂഹമായി ജീവിക്കുന്ന നാം, നമ്മുടെ നാട്ടുകാരും അയല്‍വാസികളുമായ ഇതര മതസ്ഥരെ കൂടി, സാധ്യമാവുന്നത്ര ഈ പദ്ധതികളുടെ ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. വളര്‍ന്നുവരുന്ന മതവിദ്വേഷത്തിനും പരസ്പര വെറുപ്പിനും ഇത് ഒരു പരിധി വരെ പരിഹാരമാവാതിരിക്കില്ല. 

മുന്‍പതിറ്റാണ്ടുകളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഇന്ന് നാം ജീവിക്കുന്ന വര്‍ഷങ്ങള്‍. മുസ്‍ലിം ആരാധനലായങ്ങള്‍ക്കും മതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കുമെതിരെ, ശക്തമായ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്ന ലോബികള്‍ വര്‍ദ്ധിച്ചുവരികയാണ്. തങ്ങളുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി രാഷ്ട്രീയക്കാര്‍ ഇവയെ പാലൂട്ടി വളര്‍ത്തുന്നതും നാം കണ്ട് കൊണ്ടിരിക്കുന്നു. ഇവയുടെയെല്ലാം ഫലമെന്നോണം ബഹുസ്വര സമൂഹത്തിലെ സമുദായങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും ഐക്യബോധവുമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അവയിലധികവും സംഭവിക്കുന്നത്, ഇത്തരം പ്രചാരണങ്ങളുടെ സത്യാവസ്ഥ അറിയാതെ സംഭവിച്ചുപോവുന്ന തെറ്റിദ്ധാരണകളില്‍നിന്നാണ്. 

അവക്ക് പരിഹാരമുണ്ടക്കേണ്ടത്, ജനാധിപത്യ ഇന്ത്യ എന്നും ശേഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും ബാധ്യതയാണ്. അവിടെ നമ്മുടെ മഹല്ലുകള്‍ക്കും പള്ളികള്‍ക്കും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനായുള്ള ചില നിര്‍ദ്ദേശങ്ങളാണ് താഴെ.

1. ഒരു നാട്ടിലെ മഹല്ല് കമ്മിറ്റി എന്നത് അവിടത്തെ മുസ്‍ലിംകളുടെ മാത്രം കേന്ദ്രമാവാതിരിക്കുക. ഇതര മതസ്ഥരായ നാട്ടുകാര്‍ക്കും എന്തെങ്കിലും പ്രയാസങ്ങളോ പ്രശ്നങ്ങളോ ഉണ്ടാവുമ്പോള്‍ ആവശ്യങ്ങളുമായി സമീപിക്കാവുന്ന വിധം മഹല്ല് കമ്മിറ്റികള്‍ ജനകീയമാക്കുക. 
2. പെരുന്നാള്‍ പോലോത്ത വിശേഷ ദിവസങ്ങളിൽ പായസവിതരണവും ആശംസകള്‍ കൈമാറുന്നതും പലപ്പോഴും കാണാറുണ്ട്. അത്തരം കാര്യങ്ങള്‍ ഇതര മതസ്ഥരിലേക്ക് കൂടി എത്തിക്കുകയും അവരെയും അതിന്റെ ഭാഗമാക്കുകയും ചെയ്യുക. 
3. സഹോദര മതസ്ഥരുടെ വിശേഷ ദിനങ്ങളോടനുബന്ധിച്ച് അവരെ സന്ദര്‍ശിക്കുക. ആഘോഷദിനങ്ങളിലേക്കുള്ള ചെലവുകള്‍ കണ്ടെത്താന്‍ പ്രയാസപ്പെടുന്നുവെങ്കില്‍ അവരെ സഹായിക്കാന്‍ തയ്യാറാവുക.
4. അവരുടെ വിവാഹങ്ങളിലും ഇതര വിശേഷങ്ങളിലും നാമും പങ്കാളിയാവുക. ആവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കുക.
5. ധനസഹായം, പലിശ രഹിത വായ്പ തുടങ്ങി, മഹല്ല് കമ്മിറ്റിക്ക് കീഴിലുള്ള വിവിധ പദ്ധതികളില്‍ അവരെ കൂടി ഗുണഭോക്താക്കളാക്കുക.
6. നാട്ടുകാരായ ഇതര മതസ്ഥരാരെങ്കിലും മരണപ്പെടുന്ന പക്ഷം, അവരുടെ വീട് സന്ദര്‍ശിക്കുകയും അനുശോചനമറിയിക്കുകയും ചെയ്യുക. മരണാനന്തര കര്‍മ്മങ്ങള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമാണെങ്കില്‍ അതും ചെയ്തു കൊടുക്കുക.
7. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള പൊതു സംഗമങ്ങള്‍ ഇടക്കിടെ നടത്താന്‍ ശ്രമിക്കുക. ഒന്നിച്ചിരുന്നും സംസാരിച്ചും വിശേഷങ്ങള്‍ പങ്ക് വെച്ചും പരസ്പരം അടുത്തറിയാന്‍ അവസരങ്ങളൊരുക്കുക.

ജനാധിപത്യ ഇന്ത്യ മരിക്കാതെ സൂക്ഷിക്കാന്‍ ഇത്തരം പരിഹാരമാര്‍ഗ്ഗങ്ങള്‍ ആലോചിക്കാന്‍ ഇനിയും നാം വൈകിക്കൂടാ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter