സിറിയയില്‍ സംഭവിക്കുന്നത് സ്വാതന്ത്ര്യം തന്നെയോ?

ആഭ്യന്തര സംഘർഷത്തിന്റെ പേരിൽ സിറിയ വീണ്ടും പുകയുകയാണ്. ഏതാനും ദിവസമായി ആയുധധാരികളും കവചിത വാഹനങ്ങളും സിറിയൻ തെരുവുകൾ കീഴടക്കിയിരിക്കുകയാണ്. ലോകം കണ്ട വലിയ അഭയാർത്ഥി പ്രവാഹങ്ങളിൽപെട്ട ഒന്നായിരുന്നു സിറിയയിൽ കുറച്ചു വർഷങ്ങൾക്കു മുമ്പ് നാം കണ്ടത്. ഇന്ന് രാവിലെയോടെ വിമതസൈന്യം ഡമസ്കസ് പിടിച്ചടക്കുകയും പ്രസിഡണ്ട് ബശാറുല്‍അസദ് ഒളിവില്‍ പോവുകയും ചെയ്തിരിക്കുകയാണ്.

ഹയാത് തഹ്‌രീര്‍ അല്‍ ശാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലാണ് സര്‍ക്കാരിനെതിരെയുള്ള ഈ പോരാട്ടം നടക്കുന്നത്. 2017 ലാണ് ഈ സംഘടന രൂപീകരിക്കുന്നത്. അബൂ മുഹമ്മദ് ജൗലാനിയാണ് തലവൻ. 2012 ഐസിസ് ഭീകര സംഘടനയോട് ചേർന്ന് ജബ്ഹത്ത് ഫത്ഹ് അശ്ശാം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് പിളർന്ന് ഒരു വിഭാഗം അൽഖാഇദയോട് ചേർന്നു. അതിന് ശേഷമാണ് ഹയാത് തഹ്‌രീര്‍ അല്‍ശാമെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. യുഎന്നും അമേരിക്കയും ഭീകര സംഘടനയായി പ്രഖ്യാപിച്ച ഇവർ ഫലസ്തീൻ, സിറിയ, ലെബനോൺ, ജോർദാൻ, ഇറാഖിൻ്റെ വടക്ക് പടിഞ്ഞാറൻ പ്രദേശം എന്നിവയടങ്ങുന്ന വിശാലമായ പഴയ ശാം തങ്ങളുടെ അധീനതയിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. മുപ്പതിനായിരത്തിലേറെ സൈന്യം ഇവർക്കുണ്ടെന്നാണ് കണക്കുകൾ. തുർക്കിയുടെ പിന്തുണയും ഇവർക്കുണ്ടെന്ന് പറയപ്പെടുന്നു. ജൈശുൽ ഇസ്സ, നൂറുദ്ദീൻ സങ്കി തുടങ്ങിയ ചെറിയ സായുധ ഗ്രൂപ്പുകളും ഇവർക്ക് കൂടെ ഇപ്പോൾ ചേർന്നിട്ടുണ്ട്.  സര്‍ക്കാര്‍ അധീനതയിലുള്ള വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്‌ലിബില്‍ ഇരുവിഭാഗവും തമ്മില്‍ കനത്ത ഏറ്റുമുട്ടലാണ് നടന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ അലെപ്പോ പ്രതിഷേധക്കാര്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. തലസ്ഥാന നഗരമായ ദമസ്‌കസും ഇന്നത്തോടെ അവരുടെ കൈകളിലായിരിക്കുകയാണ്. 

2012ല്‍ അലെപ്പോയുടെ പകുതി ഇവര്‍ പിടിച്ചെടുത്തിരുന്നുവെങ്കിലും നാല് വര്‍ഷത്തിന് ശേഷം റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ അലെപ്പോ തിരിച്ച് പിടിച്ചിരുന്നു. അന്ന് റഷ്യയുടെയും ഇറാന്റെയും സൈനിക പിന്തുണയോടെയാണ് അസദിന്റെ സൈന്യം അലപ്പൊയിൽനിന്ന് വിമതരെ തുരത്തിയത്. എന്നാൽ അന്നത്തെപ്പോലെയുള്ള ഒരു ശക്തമായ സൈനിക പിന്തുണ അദ്ദേഹത്തിന് ഇപ്പോൾ ലഭിച്ചില്ലെന്നതാണ് കാര്യങ്ങള്‍ കൈവിട്ടുപോവാന്‍ കാരണമായത്. കാരണം നാറ്റോ സഖ്യത്തിന്റെ സർവപിന്തുണയോടെ കളത്തിലിറങ്ങിയ സെലൻസ്കിയുടെ സൈന്യത്തെ തളച്ചിടാൻ തന്നെ പാടുപെടുന്ന നിർണായക ഘട്ടത്തിലാണ് റഷ്യൻ ഭരണകൂടം. ഈ സമയത്ത് അമേരിക്കൻ അധീശത്വത്തെ ചെറുക്കാൻ വേണ്ടി മാത്രം ആയുധവും അർത്ഥവും ഇറക്കാൻ സാധ്യത കുറവാണ്. ഇറാനാണെങ്കിൽ ഇസ്രായേലുമായി യുദ്ധത്തിന്റെയും ആഭ്യന്തര പ്രശ്നങ്ങളുടെയും വക്കിലെത്തിയ സാഹചര്യത്തിൽ ഇനിയൊരുസഖ്യം ചേരലിന് തയ്യാറാവണമെന്നുമില്ല. ഈ അവസരം മുതലെടുത്തുകൊണ്ട് തന്നെയാണ് വിമത ഗ്രൂപ്പുകൾ ആയുധമെടുത്തിരിക്കുന്നത്. മുമ്പത്തേതിനേക്കാൾ വ്യത്യസ്തമായി അവിശ്വസനീയമായ രീതിയിലാണ് അവരുടെ മുന്നേറ്റം എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതും നാം കണ്ടതാണ്.

ബശ്ശാറുല്‍ അസദിന്റെ ഏകാധിപത്യം

മുല്ലപ്പൂ വിപ്ലവത്തിന്റെ ബാക്കി പത്രമെന്നോണം സിറിയയിൽ നിരന്തരം ആഭ്യന്തര സംഘർഷങ്ങൾ ഉടലെടുത്തിട്ടുണ്ട്. ബശാറുൽ അസദിന്റെ ഏകാധിപത്യ ഭരണം തീർത്ത സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികൾ സിറിയൻ ജനതയിൽ ജനാധിപത്യ ബോധം വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അങ്ങനെയാണ് 2011 ൽ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങുന്നത്. പക്ഷേ, പിന്നീടത് രൂക്ഷമായ വിമത പോരാട്ടത്തിന്റെ വഴിയിലേക്ക് നീങ്ങുന്നതാണ് ലോകം കണ്ടത്. അതോടെ, ലോക ശക്തികൾ ഇരുഭാഗത്തുമായി പിന്തുണയുറപ്പിച്ചു. അമേരിക്ക പരോക്ഷമായെങ്കിലും വിമതപ്പോരിന് തോക്കുകൊടുത്തു. ഇറാനും റഷ്യയും ബശ്ശാറുൽ അസദിനെ പിന്തുണച്ച് വിമതർക്കെതിരെ ആയുധ സഹായം നൽകിയെന്ന് മാത്രമല്ല മാത്രമല്ല പലപ്പോഴും നേരിട്ട് യുദ്ധത്തിൽ ഇറങ്ങി കളിക്കുകയും ചെയ്തു. ഒരർത്ഥത്തിൽ ബശ്ശാറുൽ അസദിന്റെ ഏകാധിപത്യ ഭരണമാണ് ഇപ്പോൾ നടക്കുന്ന എല്ലാ പ്രതിസന്ധികൾക്കും കാരണമെന്ന് പറയാം. അതുകൊണ്ട് സിറിയൻ അഭ്യന്തര പ്രശ്നങ്ങളെ വിലയിരുത്തുന്നിടത്ത് അസദിന്റെ അധികാരാരോഹണത്തിന്റെ ചരിത്ര വഴികളെ പരിശോധിക്കേണ്ടതുണ്ട്.
2000ല്‍ പിതാവ് ഹഫീസ് അസദ് മരിച്ചതോടെയാണ് രണ്ടാമത്തെ മകന്‍ ബശ്ശാറുല്‍ അസദ് സിറിയയില്‍ അധികാരത്തിലേറിയത്. മൂത്തമകന്‍ ബാസല്‍ അല്‍അസദ് 1994ല്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റായിരുന്ന സഹോദരന്‍ റിഫ്അത് അല്‍അസദിനെ 1998ല്‍ തന്നെ ഹഫീസ് അല്‍അസദ് പദവിയില്‍ നിന്ന് ഒഴിവാക്കിയത്, ബശ്ശാറിന് അധികാരാരോഹണം കൂടുതല്‍ എളുപ്പമാക്കി. ബശ്ശാറുല്‍ അസദ് വലിയ പരിഷ്‌കാരങ്ങള്‍ വാഗ്ദാനം ചെയ്തെങ്കിലും ഒന്നും സാധാരണക്കാരിലേക്ക് എത്തിയില്ലെന്നതാണ് സത്യം. 2006 മുതല്‍ 2010 വരെ ഉണ്ടായ കഠിനമായ വരള്‍ച്ച സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. തൊഴിലില്ലായ്മ, അഴിമതി, ഏകാധിപത്യഭരണം എന്നിവ ജനങ്ങളെ കൂടുതല്‍ അസ്വസ്ഥരാക്കി. ഇതിനിടെയാണ് ആഫ്രോ അറബ് രാജ്യമായ തുനീഷ്യയില്‍ മുല്ലപ്പൂ വിപ്ലവം എന്ന പേരില്‍ ഭരണകൂടവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ 2011 മാര്‍ച്ചില്‍, അസദ് ഭരണകൂടത്തിനെതിരെ തെക്കന്‍ നഗരമായ ദേരയില്‍ ജനാധിപത്യ അനുകൂല പ്രകടനങ്ങള്‍ ആരംഭിച്ചു.

രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, അരനൂറ്റാണ്ട് പഴക്കമുള്ള അടിയന്തരാവസ്ഥ അവസാനിപ്പിക്കുക, പൗരസ്വാതന്ത്ര്യം ഉറപ്പാക്കുക, അഴിമതി അവസാനിപ്പിക്കുക, തൊഴില്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. എന്നാല്‍, തുനീഷ്യയിലേയും ഈജിപ്തിലേയും യമനിലെയും ഭരണകൂടങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അസദ് പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുകയാണ് ചെയ്തത്. ഇതോടെ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം രാജ്യവ്യാപകമായി പടര്‍ന്നു. പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി വേട്ടയാടിയതോടെ പ്രതിഷേധം വ്യാപിച്ചു. ആദ്യം സ്വയം പ്രതിരോധിക്കാനും പിന്നീട് തങ്ങളുടെ പ്രദേശങ്ങളെ സുരക്ഷാ സേനയില്‍ നിന്ന് മോചിപ്പിക്കാനും പ്രതിഷേധക്കാര്‍ ആയുധമെടുത്തു. വിദേശ പിന്തുണയോടെ നടക്കുന്ന ഭീകരപ്രവര്‍ത്തനം എന്ന് പ്രതിഷേധങ്ങളെ വിശേഷിപ്പിച്ച അസദ് ഏതുവിധേനയും സംഘര്‍ഷം അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ പ്രതിഷേധം അതിവേഗം രൂക്ഷമാകുകയും രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ് പിന്നീട് ലോകം കണ്ടത്. 

വിമത ഗ്രൂപ്പുകളുടെ ഉദയവും സംഘർഷത്തിന്റെ വ്യാപ്തിയും

രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിയതോടെ വിദേശ പിന്തുണയുള്ള നൂറുകണക്കിന് വിമത ഗ്രൂപ്പുകള്‍ ഉടലെടുക്കുകയും പോരാട്ടം അസദിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലായി.  

ഇറാനും റഷ്യയും ഭരണകൂടത്തിനൊപ്പം ചേരുന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചത്. 2012ലാണ് ശീഈ ഭൂരിപക്ഷ രാഷ്ട്രമായ ഇറാന്‍ സിറിയയില്‍ ഇടപെടുന്നത്. സിറിയന്‍ ഭരണകൂടത്തിന്റെ ഭീകരതക്കെതിരെ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ കൊണ്ടുവന്ന പ്രമേയങ്ങള്‍ വീറ്റോ ചെയ്ത് റഷ്യ ബശ്ശാറുല്‍ അസദിന്റെ സഹായത്തിനെത്തി. 2015 സെപ്റ്റംബറില്‍ വ്യോമസേനയെ വിന്യസിച്ച് റഷ്യ നേരിട്ട് യുദ്ധത്തിന്റെ ഭാഗമായി. ഇതോടെ കിഴക്കന്‍ സിറിയയിലേക്ക് യു.എസും സൈന്യത്തെ അയച്ചു. ഫ്രാന്‍സും ബ്രിട്ടനും പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കി. സിറിയയിൽ റഷ്യക്ക് സൈനിക മേധാവിത്വം ലഭിച്ചാൽ ആഗോള രാഷ്ട്രീയത്തിൽ തങ്ങളുടെ അധീശത്വം നഷ്ടപ്പെടുമോ എന്ന് യാങ്കി ഭരണകൂടം ഭയന്നു. കാരണം അത്രകണ്ട് തന്ത്രപ്രധാനമായ മേഖലയാണ് സിറിയ. അങ്ങനെ സിറിയൻ മണ്ണ് ആഗോള ശക്തികളുടെ ആയുധബലാബലത്തിന് വേദിയായി. ആയിരക്കണക്കിന് കുരുന്നുകൾ, സ്ത്രീകൾ, വയോധികർ എല്ലാം പിടഞ്ഞുവീണു. ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ഭവനരഹിതരാകുകയും ലോകത്തെ രൂക്ഷമായ അഭയാർത്ഥി പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തു. കനത്ത ആഭ്യന്തരയുദ്ധം സിറിയയിലെ ക്രമസമാധാനപാലനത്തെയും ബാധിച്ചതോടെ ആര്‍ക്കും ആരെയും വെടിവച്ചുകൊല്ലാവുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍.

ഐസിസിന്റെ തിരിച്ചുവരവ്

ഐ.എസ് അടക്കമുള്ള പല  ഭീകരസംഘടനകളും മുളച്ചുപൊന്തുന്നത് സിറിയയിൽ സംഘർഷങ്ങൾ ഉടലെടുത്ത സമയത്താണ്. വടക്കൻ സിറിയയുടെ അതിർത്തി പ്രദേശങ്ങളിലും ഇറാഖിലെ റഖയിലും പിടിമുറുക്കിയാണ് ഐഎസ് നീക്കങ്ങള്‍ തുടങ്ങുന്നത്. ഐഎസിന്റെ ഉദയത്തോടെ മേഖലയിലെ സമാധാനന്തരീക്ഷം പൂർണമായും തകർന്നു. ആഗോളതലത്തിൽ തന്നെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം ഭീകരവാദം വലിയ ചർച്ചകൾക്ക് വിധേയമായി. ആഗോള മുസ്‍ലിംകൾ സംശയത്തിന്റെ നിഴലിലകപ്പെട്ടു. ഒരുപാട് ജനങ്ങൾ ക്രൂരമായി കൊലചെയ്യപ്പെട്ടു.  കഴുത്തുറുത്തും വെടിവെച്ചും മൃഗീയമായി കൊല്ലുന്ന ചിത്രങ്ങൾ, യാഥാര്‍ത്ഥ്യം അറിയാതെ പോലും സോഷ്യൽ മീഡിയകളിൽ നിറഞ്ഞാടി. പലയിടത്തും പൗരന്മാര്‍ കൊലചെയ്യപ്പെട്ടു.  ആരാണ്, എന്തിനാണ് കൊല്ലപ്പെടുന്നതെന്ന് പോലും അറിയാത്ത അവസ്ഥയുണ്ടായി. അമേരിക്കൻ സഖ്യസേനയുടെ പിന്തുണയോടെ നടന്ന സൈനിക നീക്കത്തിൽ ഐഎസിനെ ഒരളവോളം തുരത്തുകയും അബൂബക്കർ ബഗ്ദാദി വധിക്കപ്പെടുകയും ചെയ്തുവെങ്കിലും സിറിയയുടെ ചില പ്രവിശ്യകൾ ഇപ്പോഴും അവരുടെ നിയന്ത്രണത്തിലാണ്. സിറിയൻ ഭരണകൂടം നിലം പതിച്ചാൽ അവർ വീണ്ടും പൂർവാധികം ശക്തിയോടെ തലപൊക്കാൻ സാധ്യതയുണ്ടെന്ന് ഇതിനോട് കൂട്ടിവായിക്കണം. ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പോലും യുദ്ധത്തിന്റെ കെടുതി അനുഭവിക്കേണ്ടിവന്നു. സിറിയയിലെ രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള 28 ശതമാനം ജനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള വൈകല്യം അനുഭവിക്കുന്നുവെന്നതാണ് ഇന്നത്തെ അവസ്ഥ. 

ഈ സാഹചര്യത്തിലാണ്, വിമതര്‍ തലസ്ഥാനം കൈയ്യടക്കി നിലവിലെ വ്യവസ്ഥിതിയെ താഴെ ഇറക്കിയിരിക്കുന്നത്. ഡിസംബര്‍ 08, ഞായറാഴ്ച രാവിലെയോടെയാണ് ഡമസ്കസ് അവരുടെ കൈകളിലെത്തിയത്. സിറിയ സ്വതന്ത്രമായിരിക്കുമെന്നും പലായനം ചെയ്തവര്‍ക്കെല്ലാം സ്വതന്ത്ര സിറിയയിലേക്ക് തിരിച്ച് വരാമെന്നും പറഞ്ഞ് വിമതരുടെ ഔദ്യോഗിക അറിയിപ്പും വന്ന് കഴിഞ്ഞു. പ്രസിഡണ്ട് ബശാര്‍ ഒളിവില്‍ പോയെന്നും സൈനിക കേന്ദ്രങ്ങളിലും മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലുമൊന്നും ഇപ്പോള്‍ സൈന്യത്തെ കാണുന്നില്ലെന്നും പറയപ്പെടുന്നു. പ്രസിഡണ്ട് വിമാനത്തിലേറെ എവിടേക്കോ രക്ഷപ്പെട്ടുവെന്നാണ് ചില സൈനിക വക്താക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട് ചെയ്തത്. ഡമസ്കസ് അന്താരാഷ്ട്രവിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ഹിംസ് പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് പോയതായും ശേഷം വിവരങ്ങള്‍ നഷ്ടപ്പെട്ടതായും പറയപ്പെടുന്നു. മോസ്കോയിലേക്കായിരിക്കാം രക്ഷപ്പെട്ടതെന്നാണ് അനുമാനിക്കപ്പെടുന്നത്. 

വിവരമറിഞ്ഞതോടെ, പലരും ആഹ്ലാദപ്രകടനങ്ങളുമായി തെരുവുകളിലിറങ്ങിയിരിക്കുന്നു. ഡമസ്കസിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന അമവീ ചത്വരത്തില്‍ ആഘോഷങ്ങള്‍ അരങ്ങേറുകയാണ്. ഡമസ്കസിലെ ഏറ്റവും ഭീകര തടവറയായ സൈദ്നായ തുറന്നതായും ബന്ദികളെ മോചിപ്പിച്ചതായും വിമതസേന അവകാശപ്പെടുന്നു.

വര്‍ഷങ്ങളായി ആഭ്യന്തരകലാപങ്ങളുടെ ദുരന്തമനുഭവിക്കുന്ന സിറിയക്ക് ഇതിലൂടെ യഥാര്‍ത്ഥ മോചനം സാധ്യമാവുമോ, അതോ, കൂടുതല്‍ ദുരിതങ്ങളിലേക്കായിരിക്കുമോ സിറിയയുടെ പ്രയാണം എന്ന് വരുംദിനങ്ങളില്‍ കാത്തിരുന്ന് കാണുക തന്നെ വേണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter