സാഹിത്യ രംഗത്തെ സൂഫി സ്വാധീനം
ആത്മീയധാരയായ സൂഫി ചിന്ത, സാഹിത്യം, സംഗീതം, സംസ്കാരിക മേഖലകളിൽ ചെലുത്തിയ സ്വാധീനം വലുതാണ്. ഇമാം ഗസ്സാലി, ഇബ്നു അറബി തുടങ്ങീ തത്വചിന്തകന്മാരും മൗലാനാ ജലാലുദ്ധീൻ റൂമി, ഹാഫിസ് ശീറാസീ, ഉമർ ഖയ്യാം തുടങ്ങിയ കവികളും ഇബ്നു സീനയെ പോലെയുള്ള വൈദ്യ പ്രതിഭകളും ഖവാരിസ്മിയെ പോലെയുള്ള ശാസ്ത്രജ്ഞരും സൂഫി പശ്ചാത്തലത്തിൽ ജീവിച്ചതിനാൽ ഇസ്‍ലാമിക അദ്ധ്യാത്മ ദർശനം എന്നറിയപ്പെടുന്ന സൂഫിസം ലോകമൊട്ടാകെ നിഖില മേഖലകളിലായി വ്യാപിച്ചു.
ഇസ്‍ലാമിക സംസ്കാരത്തിലും സാഹിത്യത്തിലും ഒരുപോലെ വലിയ തരത്തിലുള്ള സ്വാധീനങ്ങൾ സൂഫിസം ചെലുത്തിയിട്ടുണ്ട്. റൂമിഗ്രന്ഥങ്ങളും ശീറാസീ കവിതകളും അത്താറിന്റെ രചനകളും അതിനുദാഹരണങ്ങളാണ്. മധ്യപൗരസ്ത്യ ദേശങ്ങളിലെ വാസ്തു വിദ്യയിലും കാലിഗ്രഫിയിലും സൂഫി സ്വാധീനം കാണാൻ സാധിക്കും. ഏതെങ്കിലും തരത്തിലുള്ള സ്വാധീനത്തിന് വിധേയമാകാത്ത രചനകൾ കുറവായിരിക്കുമെന്ന് തന്നെ പറയാം. ജീവിതാനുഭവങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ മറ്റു പരോക്ഷ അനുഭവങ്ങളിൽ നിന്നോ ഉൾതിരിഞ്ഞ് വന്നതായിരിക്കും മിക്ക രചനകളും. സത്യത്തിൽ, കാൽപ്പനികത എന്ന പ്രവണത ഇംഗ്ലീഷുകാർക്ക് ലഭിച്ചത് പേർഷ്യൻ സൂഫി കാവ്യങ്ങളിൽ നിന്നാണെന്ന നിരീക്ഷണം വാസ്തവമാണ്.
പല ആഗോള സാഹിത്യ ഗ്രന്ഥങ്ങളിലും പടിഞ്ഞാറൻ രചയിതാക്കളിലും സൂഫി സ്വാധീനം വ്യക്തമാണ്. പൗലോ കൊയ്ലോയുടെ ആൽക്കമിസ്റ്റ് എന്ന ഗ്രന്ഥത്തിന്റെ പേര്തന്നെ മിസ്റ്റിസവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആൽക്കെമി എന്ന പദത്തിനർത്ഥം താഴ്ന്ന ലോഹങ്ങളിൽ നിന്നും സ്വർണ്ണം രൂപപ്പെടുത്തുക എന്നാണ്. ഈയൊരർത്ഥം, തമസ്സിൽ നിന്ന് മനുഷ്യനെ സംസ്കരിച്ച് പരിശുദ്ധ തലങ്ങളിലേക്ക് എത്തിക്കുക എന്ന സൂഫി ചിന്താധാരയിലേക്ക് സൂചിപ്പിക്കുന്നു.
അതുപോലെ തന്നെ, വില്യം ടെല്ലിന്റെ 'സ്വിസ് ഇതിഹാസം' പേർഷ്യൻ കവിയും സൂഫിയുമായ മൗലാനാ അത്താറിന്റെ 'കോൺഫറൻസ് ഓഫ് ബേർഡ്സ് ' എന്ന കൃതിയോട് താതാത്മ്യപ്പെടുന്നു. സെർവാന്റിയുടെ 'ഡോൺ ക്വിക് ഹോട്ട് ' സൂഫി കഥകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് രചയിതാവ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു പാട് ആഗോള സാഹിത്യ കൃതികളിലും മറ്റുമായി അനേകം സൂഫി സ്വാധീനം കാണാൻ സാധിക്കും. ഇബ്നു അറബിയുടെ കൃതികളാണ് ദാന്തെയുടെ 'ഡിവൈൻ കോമഡി' എന്ന കൃതി രചിക്കുന്നതിന് പ്രേരണയായത് എന്ന് നാം മനസ്സിലാക്കുമ്പോൾ സൂഫി സാഹിത്യം പാശ്ചാത്യ സാഹിത്യ രംഗത്ത് എത്രമാത്രം സ്വാധീനം ചെലുത്തി എന്ന് വ്യക്തമാകും.
പതിമൂന്നാം നൂറ്റാണ്ടിൽ ഇറാനിയൻ കവിയായ റൂമിയുടെ പ്രണയകാവ്യങ്ങൾ പോലെ അതിമഹത്തായ ഒട്ടേറെ സാഹിത്യ സൃഷ്ടികൾ സൂഫിസം ലോകത്തിന് സംഭാവന നൽകിയിട്ടുണ്ട്. മസ്നവി, റൂമിമൊഴികൾ, റൂമി കവിതകൾ തുടങ്ങിയവ വിശ്വ സാഹിത്യ സാംസ്കാരിക മേഖലകളിൽ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല. പടിഞ്ഞാറൻ മേഖലകളിൽ കൂടുതൽ പ്രചാരമുള്ള കവിയായ റൂമിയെ പല ആധുനിക എഴുത്തുകാരും മതത്തിനതീതമായി ചിത്രീകരിക്കുന്നത് വാസ്തവമാണ്. ബാർക്സിൻ്റെ മൊഴിമാറ്റങ്ങളാണ് പടിഞ്ഞാറിൽ റൂമി രചനകൾ പ്രചാരം നേടാനുള്ള പ്രധാന കാരണം. എന്നാൽ അധ്യാത്മിക ചൈതന്യം തുളുമ്പുന്ന സൂഫികളുടെ മനോഹരമായ ആശയങ്ങളെയും അക്ഷരങ്ങളെയും വളച്ചൊടിക്കുകയും തങ്ങൾക്കാവിശ്യമായ രീതിയിലേക്ക് മാറ്റുകയും ചെയ്യുകയാണ് കാൾമൻ ബാർക്സിനെ പോലൊത്ത വിവർത്തകർ. ബ്രാഡ് ഗ്രൂച്ചി തൻ്റെ 'റൂമീസ് സീക്രട്ട് ' എന്ന കൃതിയിൽ 'റിലീജിയൺ ഓഫ് ലൗവ് ' ആണ് റൂമിയുടെ മതമെന്ന് പ്രസ്താവിക്കുന്നു. ഈയൊരു രീതി രചയിതാവിനോടും അനുവാചകരോടും കാണിക്കുന്ന വഞ്ചനയാണെന്ന് നിസ്സംശയം പറയാം
സൂഫി സാഹിത്യം മലയാളത്തിൽ
മുഹ്യദ്ദീൻ മാല, രിഫാഈ മാല, നഫീസത്ത് മാല, മമ്പുറം മാല തുടങ്ങീ മാലപ്പാട്ടുകൾ, നൂൽപ്പാട്ടുകൾ, കപ്പപ്പാട്ട് വിരുത്തങ്ങൾ എന്നിങ്ങനെ നീളുന്ന വലിയ സാഹിത്യ ശാഖയാണ് മലയാള സൂഫി രംഗം.
ക്രിസ്തുവർഷം 922 ൽ തന്റെ അർത്ഥവത്തായ അനൽ ഹഖ് എന്ന ശത്വഹാത്ത് മൂലം വധിക്കപ്പെട്ട പ്രശസ്ത സൂഫിയായ മൻസൂർ അൽ ഹല്ലാജിന്റെ ദിവ്യാത്മാവിനോടുള്ള പ്രണയം മനസ്സിലാക്കിയ മുഹ്യദ്ദീൻ ശൈഖ് ഹല്ലാജിനെ അംഗീകരിക്കുന്നതായും ബഹുമാനിക്കുന്നതായും മുഹ്യദ്ധീൻ മാലയിലൂടെ രചയിതാവ് ഖാളി മുഹമ്മദ് (റ) വ്യക്തമാക്കുന്നു. ഇത്തരത്തിൽ, പൂർവ്വസൂരികളായ സൂഫി ശ്രേഷ്ഠരെ ബഹുമാനിക്കുന്ന പല രചനകളും കേരളക്കരയിൽ കാണാൻ സാധിക്കും. മറ്റൊരു പ്രശസ്ത സൂഫി രചനയാണ് ഇച്ച അബ്ദുൽ ഖാദർ എന്ന ഇച്ച മസ്താന്റെ വിരുത്തങ്ങൾ.
വടക്കൻ കേരളത്തിലെ പ്രമുഖ സൂഫിവര്യനും അദ്യാത്മിക കവിയുമായ മസ്താൻ (1871-1931) തന്റെ ജീവിത കാലത്ത് കടത്തിണ്ണകളിലും നടക്കുന്ന വഴിയോരങ്ങളിലും ചുമരുകളിലും എഴുതി വെച്ച രചനകളാണ് പിന്നീട് ഇച്ച മസ്താൻ വിരുത്തങ്ങളായി പ്രസിദ്ധമായത്. തന്റെ ജ്ഞാനാംശങ്ങളും സ്വകീയ ഭാവനകളും ആത്മീയ ചിന്തകളും ഇടകലർത്തിയുള്ള രചനാ വൈഭവം കാരണമായി കേരളത്തിലെ ഉമർ ഖയ്യാം എന്ന വിശേഷണത്തിനർഹനായ വ്യക്തിയാണദ്ധേഹം. പരമ്പരാഗത കച്ചവടമായ പിച്ചള വിൽപ്പനയിൽ വ്യാപൃതനായ ഇദ്ദേഹത്തിന് ഒരിക്കൽ അറബിയിലും ചെന്തമിഴിലും എഴുതിയ ഏതാനും ചില ചെമ്പോല തകിടുകൾ ലഭിക്കുകയുണ്ടായി. അതിന്റെ അർത്ഥതലങ്ങൾ സ്വായത്തമാക്കാനുള്ള തീവ്രമായ ആഗ്രഹം അദ്ദേഹത്തെ സൂഫി മാർഗത്തിലേക്ക് നയിക്കുകയാണുണ്ടായത്. നീണ്ട കാലത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഒരു സൂഫിയുമായി സന്ധിക്കുകയും ചെമ്പോലയിൽ ഉല്ലേഖനം ചെയ്തിരിക്കുന്നത് അല്ല ഫൽ അലിഫ് എന്ന കാവ്യശകലങ്ങളാണെന്ന് വ്യക്തമാവുകയും തുടർന്ന്, ആത്മീയ വ്യവസ്ഥയായ സൂഫി മാർഗത്തിലേക്ക് പ്രവേശിക്കുകയായിരുന്നു ഇച്ച മസ്താൻ.
ഇച്ച അബ്ദുൽ ഖാദർ മസ്താൻ, എസ് കെ അബ്ദു റസാഖ് മസ്താൻ , കടായിക്കൽ നൽവർ മുഹ്യുദ്ധീൻ കുട്ടി ഹാജി, കെ.വി അബൂബക്കർ മാഷ്, രണ്ടത്താണി ഹംസക്ക, കെ.എച്ച് താനൂർ തുടങ്ങിയവർ കേരളക്കരയിൽ സൂഫി ഗാനങ്ങൾക്ക് ഊടും പാവും നൽകിയവരാണ്.
ചുരുക്കത്തിൽ, കേരളക്കരയിലെ ദഫ്, അറബന, കോൽക്കളി എന്നിവയുടെ ഉപയോഗവും പക്ഷിപ്പാട്ട് മാലപ്പാട്ട് നൂൽപ്പാട്ട് പടപ്പാട്ട് എന്നിങ്ങനെ മാപ്പിള പാട്ടുകളുടെ രൂപീകരണവും അറബി മലയാള എഴുത്തു രീതിയുമൊക്കെ സൂഫികളുടെ കീഴിലാണ് വികാസം പ്രാപിച്ചത്.
മലയാള സാഹിത്യത്തിലെ മറ്റു പല കൃതികളിലും സൂഫി സ്വാധീനം വ്യക്തമാണ്. ബശീറിയൻ രചനകളിൽ അദ്ദേഹത്തിൻ്റെ സൂഫിജിവിതവും അധ്യാത്മിക വികാരവും പ്രതിഫലിച്ചതായി കാണാം. കേരളീയ സാഹിത്യ പ്രസ്ഥാനത്തിൽ ഇന്നു കാണുന്ന തരത്തിലുള്ള പരിഷ്ക്കാരങ്ങൾക്കുക്കാരണം ബഷീറിന്റെ സൂഫി സ്വാധീന രചനകളായിരുന്നെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
"ജി. ശങ്കരക്കുറിപ്പിന്റെ മുത്തു ചിപ്പി, ഓടക്കുഴൽ തുടങ്ങിയ കൃതികളിൽ പേർഷ്യൻ സ്വാധീനം വ്യക്തമാണ്. പി. കുഞ്ഞിരാമൻ നായരുടെ കൃതികളിൽ റൂമിയുടെയും മറ്റു ഉത്തരേന്ത്യൻ സൂഫികളുടെയും ആശയങ്ങളും ഭാഷാശൈലിയും കാണാവുന്നതാണ്. അത് കൊണ്ട് തന്നെയാണ് വൈക്കം മുഹമ്മദ് ബശീർ അദ്ദേഹത്തെ 'സൂഫി നായർ' എന്ന് കളിയും കാര്യവും ധ്വനിപ്പിച്ച് വിളിച്ചത് " (സിറാജ് - 2019)
എന്നാൽ സൂഫി സാഹിത്യം നേരിടുന്ന വലിയ വെല്ലുവിളി അതിന്റെ ആധുനികവൽക്കരണമാണ്. കാൾമൻ ബാർക്സ്, ബ്രാഡ് ഗ്രൂച്ചി തുടങ്ങിയവർ സൂഫിസത്തെ മതത്തിനതീതമായി ചിത്രീകരിക്കുമ്പോൾ, ആൻമേരി ഷിമ്മേൽ, വില്ല്യം സി ചിറ്റെക്ക തുടങ്ങിയ ചിന്തകന്മാർ സൂഫിസം ഇസ്ലാമിന്റെ സന്തതിയാണെന്ന് സമർത്ഥിക്കുന്നു. സൂഫിസം മതാതീതമാണെന്ന വാദം കൂടുന്നുണ്ടെങ്കിലും, ചരിത്രത്തിന്റെ പിൻമ്പലം സൂഫിസത്തിന്റെ അടിസ്ഥാനം ഇസ്‍ലാമാന്നെന്ന വാദത്തിന് തന്നെയാണ്.
Leave A Comment