ദയൂബന്ധ് പ്രസ്ഥാനം: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മത-രാഷ്ട്രീയ ഇടപെടലുകൾ

ഒന്നാം സ്വാതന്ത്ര്യ സമരമായി അറിയപ്പെടുന്ന, 1857 ലെ ശിപായി ലഹളക്ക് ശേഷം മുസ്‍ലിം ജനതക്ക് മുന്നിൽ ഒട്ടേറെ വെല്ലുവിളികൾ ഉദിച്ചുയർന്നു കൊണ്ടിരുന്നു. മതപഠനം, രാഷ്ട്രീയം, തുടങ്ങി കലാസാഹിത്യ മേഖലകളിലേക്കു വരെ അതിന്റെ പ്രതിഫലനം വ്യാപിച്ചു തുടങ്ങി. തുടർന്ന് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദിക്കാൻ പല തരത്തിലുള്ള പ്രസ്ഥാനങ്ങൾ ഉത്തരേന്ത്യൻ ഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരുന്നു. അതിൽപ്പെട്ട ഒന്നായിരുന്നു ദാറുൽ ഉലൂം ദയൂബന്ദ് എന്ന ദയോബന്ദി പ്രസ്ഥാനം. മത-രാഷ്ട്രീയ ബോധവും ബ്രിട്ടീഷ് അധിനിവേശകർക്കെതിരായി പോരാടാൻ തയ്യാറാവുക എന്നതുമായിരുന്നു ഇതിന്റെ പ്രധാന തത്ത്വം.

1866 മെയ് 30 നാണ് ദിയോബന്ദി പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത്. പ്രധാന നേതാക്കളായ മഹ്മൂദ് ഖാസിം നാനൗതവി, റഷീദ് അഹ്മദ് ഗംഗോഹി എന്നിവർ ഈ പ്രസ്ഥാനം മതപരമായ സ്വത്വം സംരക്ഷിക്കാനും മതപഠന ക്ലാസുകൾ വ്യാപകമാക്കാനും വേണ്ടിയായിരുന്നു ലക്ഷ്യമിട്ടത്. വൈകാതെ ചുവടുകൾക്കപ്പുറം ദിയോബന്ദ് ഒരു മത-രാഷ്ട്രീയ കേന്ദ്രമായി മാറുകയാണുണ്ടായത്. പിന്നീട് പ്രസ്ഥാനം ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ പല നീക്കങ്ങൾക്കും തയ്യാറായി. ചില പ്രധാന ഉലമാക്കളുടെ ഫത്‌വകൾ വഴി കൂടുതൽ പേരെ വെള്ളക്കാർക്കെതിരെ പോരാടാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

ദിയോബന്ദിലെ പ്രധാന പണ്ഡിതനായ ഷാ അബ്ദുൽ അസീസ്, ഇന്ത്യ ബ്രിട്ടീഷുകാർക്ക് കീഴിൽ “ദാറുൽ ഹർബ്” ആണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. അതായത് മുസ്‍ലിംകൾക്ക് യുദ്ധം ഹലാലാകാനുള്ള നിബന്ധനയാണത്. മുസ്‍ലിംകള്‍ക്ക് കാര്യമായ ശക്തിയില്ലാത്ത നാട് എന്ന് ദാറുല്‍ഹര്‍ബിന് ഇമാം മാവർദി നല്കുന്ന വിശദീകരണം അടിസ്ഥാനമാക്കിയാണ് അവര്‍ അതിനെ അത്തരത്തില്‍ വര്‍ഗ്ഗീകരിച്ചത്. ഏറെ ദുരിതപൂർണമായിരുന്നു അന്നത്തെ ഇന്ത്യയിലെ മുസ്‍ലിംകളുടെ അവസ്ഥ. ആഘാ ഷോറിഷ് കാശ്മീരി പറയുന്നുണ്ട്: “1857 ലെ ലഹളയ്ക്ക് ശേഷം ഇന്ത്യൻ മുസ്‍ലിംകൾക്ക് സുരക്ഷിതമായ ഒരിടവുമില്ലായിരുന്നു”. ഇവയെല്ലാം നോക്കുമ്പോള്‍ ആ വര്‍ഗ്ഗീകരണത്തിന് ന്യായങ്ങളുണ്ട് താനും.

ഈ സംഭവങ്ങൾക്ക് ശേഷം മുസ്‍ലിംകൾക്കിടയിൽ രാഷ്ട്രീയ ബോധം പടർന്നുപിടിക്കാൻ തുടങ്ങി. അതോടൊപ്പം ഖുർആൻ, ഫിഖ്ഹ്, ഹദീസ് എന്നീ വിഷയങ്ങളുടെ ക്ലാസുകളും വായനകളും ഉയർത്തിപ്പിടിച്ചു. പ്രത്യേകിച്ച് ഉറുദു ഭാഷയ്ക്ക് വളരെ അധികം പ്രാധാന്യം നൽകിയിരുന്നു. ബ്രിട്ടീഷുകാർ പല നഗരങ്ങളിലും ഔദ്യോഗിക ഭാഷയായി ഹിന്ദി പ്രഖ്യാപിച്ച സമയത്ത് പലതരത്തിലുള്ള എതിർപ്പുകൾ ദിയോബന്ദികളുടെ ഭാഗത്തു നിന്നും ഉദിച്ചുയർന്നു.

19-ാം നൂറ്റാണ്ടിന്റെ അവസാനങ്ങളിൽ ദിയോബന്ദി പ്രസ്ഥാനം രണ്ടായി പിരിഞ്ഞു. മതസംരക്ഷണത്തിനും ആത്മീയ ഗമനത്തിനുമായി ദാറുൽ ഉലൂം ദിയോബന്ദ് പ്രവർത്തിച്ചപ്പോൾ, മറുഭാഗത്ത് പാശ്ചാത്യ വിഷയങ്ങളുമായി അലിഗഡ് പ്രസ്ഥാനവും രൂപീകരിക്കപ്പെട്ടു. 1910-ൽ വിദ്യാർത്ഥികൾക്ക് സമന്വയ വിദ്യാഭ്യാസം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കി പരസ്പരം സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് നടത്തുകയും ചെയ്തു. പക്ഷേ ദിയോബന്ദികളുടെ പാശ്ചാത്യ സ്വാധീനങ്ങളോടുള്ള പരിചയക്കുറവും അവിടെ പ്രധാനമായി പഠിപ്പിക്കപ്പെട്ടിരുന്ന ഇംഗ്ലീഷ് ഭാഷ അധിനിവേശ ശക്തികളായ ബ്രിട്ടീഷുകാരുടെ ജന്മഭാഷയായിരുന്നതും കാരണം അത് നിസ്സാരവത്കരിക്കപ്പെട്ടു. അലിഗഡ് വിദ്യാർത്ഥികൾ ഇത് പഴകിയ പുരാതന രീതിയാണെന്ന് വിശ്വസിച്ച് തങ്ങളുടെ നിസ്സഹകരണവും അറിയിച്ചു. ഇത്തരത്തിൽ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും ഈ ശ്രമം ഇന്ത്യയിൽ മത-ബൗദ്ധിക വിദ്യാഭ്യാസം യോജിപ്പിക്കാനുള്ള ആദ്യ ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു.

1879-ൽ “ഷൈഖുൽ ഹിന്ദ്” എന്നറിയപ്പെട്ടിരുന്ന മഹ്മൂദ് ഹസ്സൻ തന്റെ പുതിയ “സമറത് ഉത്-തർബിയത്ത്” എന്ന രാഷ്ട്രീയ-വിദ്യാഭ്യാസ സംഘടന രൂപീകരിച്ചു. ഇതിലൂടെ അദ്ദേഹം നിരവധി ഉലമാക്കളിലും വിദ്യാർത്ഥികളിലും ബ്രിട്ടീഷുകാർക്കെതിരായ രാഷ്ട്രീയ ചിന്തകള്‍ വളർത്തിയെടുത്തു. മഹ്മൂദ് ഹസ്സനും ഉബൈദുല്ലാഹ് സിന്ധിയും ചേർന്ന് “റേഷ്മി റുമാൽ” (Silk Letter Movement) എന്ന രഹസ്യപദ്ധതി ആരംഭിച്ചു. ബ്രിട്ടീഷുകാർക്കെതിരെ പട്ടുതുണികളിൽ തുർക്കി, അഫ്ഗാൻ പോലുള്ള രാഷ്ട്രങ്ങളിൽ നിന്ന് സഹായാഭ്യർത്ഥനയായി രഹസ്യസന്ദേശങ്ങൾ കൈമാറുകയായിരുന്നു ഇതിലൂടെ. പക്ഷേ പിന്നീട് അത് പിടിക്കപ്പെടുകയും അവർ നാടുകടത്തപ്പെടുകയും ചെയ്തു.

ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയോടുകൂടെ ഇന്ത്യൻ സമൂഹം ഒന്നടങ്കം ബ്രിട്ടീഷുകാർക്കെതിരെ തിരിയാൻ ആരംഭിച്ചു. അതിന്റെ ഭാഗമായി നടന്ന ഖിലാഫത്ത് മൂവ്മെന്റിൽ ദിയോബന്ദികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. പിന്നീട് ഈ പ്രസ്ഥാനത്തിന് ഗാന്ധിജിയും പിന്തുണ നൽകിയപ്പോൾ മുസ്‍ലിം-ഹിന്ദു ഐക്യം ശക്തിപ്പെടുത്താൻ സാധിച്ചു.

ലളിതമായി പറഞ്ഞാൽ, ഈ പ്രസ്ഥാനം ഇന്ത്യൻ മുസ്‍ലിംകൾക്ക് മാത്രമല്ല, ഒരു ജനതയ്ക്ക് തന്നെ രാഷ്ട്രീയ ബോധവും ഉണർവും ദേശീയ ഐക്യവും പകർന്നു നൽകി. എന്നിരുന്നാലും പിന്നീട് മുസ്‍ലിം-ഹിന്ദു രാഷ്ട്രീയ ആശയഭിന്നതകളാൽ ചിലർ കോൺഗ്രസ്സിലേക്കും ചിലർ മുസ്‍ലിം ലീഗിലേക്കും ചേക്കേറാൻ കാരണമായി. ഇതായിരുന്നു ഇന്ത്യൻ വിഭജനത്തിലേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യങ്ങളിൽ ഒന്ന്.

ദിയോബന്ദികളുടെ കടന്നുവരവും ഇടപെടലും ഇന്ത്യ എന്ന സ്വതന്ത്ര രാഷ്ട്രത്തിലേക്കുള്ള ഒരു പ്രധാന പാതയായിരുന്നു. ഇതിനെ ഒരു മുസ്‍ലിം മതകൂട്ടായ്മ എന്ന ഒറ്റവാക്കിൽ ഒതുക്കാനാവില്ല; മറിച്ച് സമൂഹത്തിൽ ആത്മീയവും രാഷ്ട്രീയവും ഒരുപോലെ കൈകാര്യം ചെയ്യാൻ സാധിച്ച ഒരു നവോത്ഥാനമായിരുന്നു അത്. ആ മനുഷ്യർ “പോരാട്ടം” എന്ന ഉറച്ച നിലപാടിലൂടെ മുന്നേറിയില്ലായിരുന്നെങ്കിൽ ഇന്ന് ഇത്രയും സുന്ദരമായ ഒരു ജനതയെ ഈ മണ്ണിൽ വാർത്തെടുക്കാനാവില്ലായിരുന്നു. അവർ അന്ന് ചെയ്ത ശ്രമകരമായ ദൗത്യങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന യഥാർത്ഥ സുസ്ഥിര വികസനം (Sustainable Development). അതിന്റെ തുടര്‍ച്ച ഉറപ്പ് വരുത്തേണ്ടത്, സമകാലിക പണ്ഡിതരുടെ കൂടി ഉത്തരവാദിത്തമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter