റമദാന്‍ ചിന്തകള്‍ - നവൈതു 5. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ...
എല്ലാം മറന്ന്, മുഖം പോലും ഭൂമിയോളം താഴ്ത്തി വെച്ച് പ്രപഞ്ചനാഥന്റെ മുന്നില്‍ നടത്തുന്ന ഏറ്റവും വലിയ ആരാധനയാണ് സുജൂദ്. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിടുമ്പോള്‍, പൂര്‍ണ്ണമായൊരു വുളൂ ചെയ്ത് സുജൂദില്‍ കിടന്ന് ഉള്ളുരുകി നാഥനോട് തുറന്ന് പറഞ്ഞ് പരിഹാരം തേടുന്നതിന് വല്ലാത്തൊരു സുഖമുണ്ട്. ബിലാലേ, നിസ്കാരം കൊണ്ട് ഞങ്ങള്‍ക്ക് നീ ആശ്വാസം നല്കുക എന്ന് പ്രവാചകര്‍ (സ്വ) ഇടക്കിടെ ബിലാല്‍(റ)നെ വിളിച്ച് ആവശ്യപ്പെട്ടിരുന്നതും ഇത് തന്നെയാണ്.
മനുഷ്യന്‍ ഏറെ ബലഹീനനാണ്. എന്തെങ്കിലും ചെറിയ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ പ്രതീക്ഷകള്‍ക്ക് മങ്ങലുകളോ വരുമ്പോഴേക്ക് നിരാശപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്നവരാണ് അധികവും. അത്തരം ഘട്ടങ്ങളിലൊക്കെ താങ്ങും തണലും പിന്തുണയുമായി നില്ക്കുന്നതാണ് പ്രാര്‍ത്ഥന. അത് സുജൂദിലാണെങ്കില്‍, അത് നല്കുന്ന ഊര്‍ജ്ജവും പകരുന്ന ശക്തിയും അപാരം തന്നെ. ഉടമയായ അല്ലാഹുവുമായി അടിമ ഏറ്റവും അടുക്കുന്നത് സുജൂദിലാവുമ്പോഴാണെന്ന ഹദീസ് കൂടി ചേര്‍ത്ത് വായിക്കാം.
Read More: റമദാന്‍ ചിന്തകള്‍ - നവൈതു 4. ഉറക്കം പോലും ത്യജിച്ച് നാഥന് മുന്നിലെത്തുന്നവര്‍
പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കാരണങ്ങളെത്രയുണ്ട്. ഐഹികവും പാരത്രികവുമായ നേട്ടങ്ങളെല്ലാം നമ്മുടെ ആവശ്യമാണ്. അതോടൊപ്പം, ഓര്‍ക്കാന്‍ പോലുമാവാത്ത ഒരു പിടി പ്രയാസങ്ങളിലൂടെ കടന്നുപോവുന്ന എത്രയോ പേര്‍ നമുക്ക് ചുറ്റുമുണ്ട്... മാരകമായ അസുഖങ്ങള്‍ പിടിപെട്ടവര്‍, വിവിധ ശരീരാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി കഴിഞ്ഞ് കൂടുന്നവര്‍, കാന്‍സര്‍ പോലോത്ത അസുഖങ്ങളാല്‍ മാനസികവും ശാരീരികവുമായ വേദന കടിച്ചിറക്കുന്നവര്‍, അടിസ്ഥാന ജീവിതാവശ്യങ്ങള്‍ പോലും ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍, മക്കളില്ലാതെ പ്രയാസപ്പെടുന്നവര്‍... സര്‍വ്വോപരി, മുസ്‍ലിമായി എന്ന ഒറ്റക്കാരണത്താല്‍ ജൂതസയണിസ്റ്റുകളുടെ അക്രമണത്തിന് ഇരകളായി എല്ലാം നഷ്ടപ്പെട്ട് ആരും തിരിഞ്ഞുനോക്കാനില്ലാതെ, ഭക്ഷണവും വെള്ളവുമില്ലാതെ രാവും പകലും വ്യത്യാസമില്ലാതെ നോമ്പെടുക്കേണ്ടിവരുന്ന ഫലസ്തീന്‍ ജനത അടക്കമുള്ള, വിവിധ ദേശങ്ങളിലെ മുസ്‍ലിം സമുദായം... അങ്ങനെയങ്ങനെ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കായി കാത്തിരിക്കുന്ന, അതിലുപരി പ്രാര്‍ത്ഥന കൊണ്ടെങ്കിലും നാം കൂടെ നില്‍ക്കേണ്ട എത്ര എത്ര പേര്‍ നമുക്ക് ചുറ്റുമുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി അവരുടെ അസാന്നിധ്യത്തില്‍ നടത്തുന്ന പ്രാര്‍ത്ഥനയാണ് ഏറ്റവും സ്വീകാര്യമെന്ന ഹദീസും ഇവിടെ ചേര്‍ത്ത് വെക്കാം.
വിശ്വാസിയുടെ ഓരോ ദിവസവും തുടങ്ങുന്നത് ഇത്തരം അകമഴിഞ്ഞ പ്രാര്‍ത്ഥനകള്‍ കൊണ്ടായിരിക്കണം. ഉടമയായ അല്ലാഹുവിന്റെ മുന്നില്‍ ആവശ്യങ്ങളെല്ലാം ഇറക്കിവെച്ചുള്ള തുടക്കം... അതോടൊപ്പം മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്തി, അവര്‍ക്ക് വേണ്ടി കൂടി ചെയ്യുന്ന ദുആ. സ്വാര്‍ത്ഥതയുടെ ചിന്തകളെല്ലാം ഇല്ലാതാക്കി, ഇതരര്‍ക്കും ലോകത്തിന് മുഴുവന്‍ തന്നെയും നന്മ വരട്ടെ എന്ന ചിന്തയോടെ തുടങ്ങുന്ന ഓരോ ദിവസവും... അവ എത്ര സുന്ദരമായിരിക്കും. വിശുദ്ധ റമദാനില്‍ നമുക്ക് ഇത് കൂടി ശീലിക്കാന്‍ ശ്രമിക്കാം.
Leave A Comment