01- വിശ്വാസികള്‍ക്കിനി സ്നേഹവസന്തം...

റബീഉല്‍അവ്വല്‍ എന്ന ആദ്യവസന്തം പിറന്നിരിക്കുന്നു. ഇനി മുതല്‍ പ്രവാചകാപദാനങ്ങളുടെ വിശേഷദിവസങ്ങളാണ്. എന്നും എല്ലായ്പ്പോഴും പ്രവാചകരെ ഓര്‍ക്കുന്നവരാണ് വിശ്വാസികള്‍. ദിവസവും നിസ്കാരത്തിലും വാങ്കുകളിലും ശഹാദത് കലിമകളിലുമെല്ലാം പലതവണ നിര്‍ബന്ധമായും അത് ചെയ്യപ്പെടുന്നുണ്ട്. എന്നാലും ഈ മാസം, പ്രവാചകരുടെ തിരുപിറവിയാല്‍ അനുഗ്രഹീതമെന്ന നിലയില്‍, അതിനായി കൂടുതല്‍ സമയം ചെലവഴിക്കുകയും പ്രത്യേകം ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു.

പല ഇസ്‍ലാമിക രാജ്യങ്ങളിലെയും പൗരന്മാരെ അടുത്തറിയുമ്പോള്‍, പ്രവാചകരെ കുറിച്ചുള്ള വിവരങ്ങളിലും ബോധത്തിലും കേരളീയ മുസ്‍ലിംകളുടെ ശരാശരിയേക്കാള്‍ എത്രയോ താഴെയാണ് അവിടെയുള്ളവര്‍ എന്ന് നമുക്ക് തോന്നാറുണ്ട്. നമ്മുടെ മതപഠന സംവിധാനങ്ങളും അവകളിലൂടെ ഇത്തരം വിശിഷ്ട സന്ദര്‍ഭങ്ങളില്‍ പ്രത്യേകമായി കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന അനുഭൂതികളിലൂടെയുമാണ് നാം ആ അറിവും അവബോധവും നേടിയെടുത്തത് എന്ന് കാണാം. പ്രവാചകരോടുള്ള സ്നേഹം പഠിപ്പിക്കുക എന്നത് ഒരു രക്ഷിതാവ് തന്റെ മകനോട് ചെയ്യേണ്ട ആദ്യ ബാധ്യതകളില്‍പെട്ടതാണ് എന്നത് അവിതര്‍ക്കിതമാണ്. അതിനുള്ള വിശിഷ്ടാവസരങ്ങളായി നമുക്കീ ദിനങ്ങളെ കാണാം.

ഒന്നോര്‍ത്തുനോക്കിയാല്‍, എന്തൊരല്‍ഭുതമാണ് ഇതിലൂടെ സംഭവിച്ചുകൊണ്ടേയിരിക്കുന്നത്. 1500 വര്‍ഷം മുമ്പ് ജനിച്ച്, 63 വര്‍ഷം ഈ ഭൂമിയില്‍ ജീവിച്ച് കടന്നുപോയ ഒരു മനുഷ്യന്‍... അന്ന് മുതല്‍ ഇന്ന് വരെ ആ ജീവിതം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ജീവിതത്തിലെ വിപ്ലവങ്ങളും യുദ്ധങ്ങളും വിജയങ്ങളും പരാജയങ്ങളും മാത്രമല്ല, അവിടത്തെ ഉറക്കവും ഉണര്‍ച്ചയും ചിരിയും കളിയും തമാശകളും പറഞ്ഞതും ചെയ്തതും വിചാരിച്ചതും ഭാര്യമാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങളുമെല്ലാം ഇന്നും ആളുകള്‍ വായിച്ചുകൊണ്ടേയിരിക്കുന്നു, അവ അക്ഷരം പ്രതി പിന്തുടരാന്‍ ഇന്നും കോടിക്കണക്കിന് ജനങ്ങള്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു, ഇന്നും പലരും ആ തിരുമുഖം സ്വപ്നത്തില്‍ ദര്‍ശിച്ചുകൊണ്ടേയിരിക്കുന്നു. ലോകത്തിന്റെ ഏത് മുക്ക് മൂലകളിലും സംസാരിക്കപ്പെടുന്ന ഭാഷകളിലെല്ലാം അവിടത്തെ കുറിച്ചുള്ള അപദാനങ്ങളും പ്രകീര്‍ത്തനങ്ങളും പാട്ടുകളായും പറച്ചിലുകളായും എഴുത്തുകളായും ആവിഷ്കാരങ്ങളായുമെല്ലാം ദൈനംദിനം പുറത്ത് വന്നുകൊണ്ടേയിരിക്കുന്നു.

ആ ജീവിതത്തെ പ്രതി മാത്രം അനേകം രചനകള്‍ ഇതിനകം നടന്ന് കഴിഞ്ഞു. അവയുടെ ആധിക്യം കാരണം പലതായി വീണ്ടും വീണ്ടും വര്‍ഗ്ഗീകരിക്കപ്പെട്ടു. ഓരോ വര്‍ഗ്ഗത്തിലെയും രചനകളെ പരിചയപ്പെടുത്തി മാത്രം വീണ്ടും രചനകളുണ്ടായി. ആ വാക്കുകളുടെയും പ്രവൃത്തികളുടെയും മൗനാനുവാദങ്ങളുടെയും വിശദീകരണത്തിലൂടെ അനേകം വിജ്ഞാന ശാഖകള്‍ തന്നെ രൂപപ്പെട്ടു. അവയോരോന്നിലും ആയിരക്കണക്കിന് കൃതികളും രചനകളും അനേകായിരം ഗവേഷണങ്ങളും നടന്നു കഴിഞ്ഞു, ഇന്നും നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ലോകജനസംഖ്യയുടെ ഏകദേശം അഞ്ചിലൊന്ന് ഇന്നും പിന്തുടരുന്നത് ആ ജീവിതമാണ്. ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വാങ്കൊലി ഉയരുന്നതിലൂടെ, അതില്‍ രണ്ട് പ്രാവശ്യം ആ നാമം പറയപ്പെടുന്നതിലൂടെ, ലോകത്ത് ആ നാമം ഉറക്കെ പറയപ്പെടാത്ത സമയം ഇല്ലെന്ന് തന്നെ പറയാം. ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെട്ട നാമവും അവിടത്തെ നാമം തന്നെയായിരിക്കാം.

ആ തിരുദൂതരെ എത്ര വായിച്ചാലും മതി വരില്ല വിശ്വാസിക്ക്, എത്ര അറിഞ്ഞാലും പറഞ്ഞാലും പൂതി തീരില്ല അവരെ സ്നേഹിക്കുന്നവര്‍ക്ക്. വിശ്വാസികളല്ലാത്ത എത്രയോ പേര്‍ അവിടത്തെ പുകഴ്ത്തി പറഞ്ഞതും എഴുതിയതും പാടിയതുമെല്ലാം ആ മഹത്വം ഉള്‍ക്കൊണ്ടത് കൊണ്ട് മാത്രമായിരുന്നു. 

നമുക്കും ശ്രമിക്കാം, ആ ഹബീബിനെ പറയാന്‍... ആ സ്നേഹവലയത്തിലലിയാന്‍... വരും ദിനങ്ങളിലൂടെ....

അഹര്‍മുഖപ്പൊന്‍കതിര്‍ പോലെ പോന്നവന്‍
മുഹമ്മദപ്പേരിനിതാ നമശ്ശതം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter