സന്‍ആ ഖുർആൻ കയ്യെഴുത്തുപ്രതികൾ: ആദ്യകാല ചരിത്രത്തിന്റെ ഭൗതിക സാക്ഷ്യം

ഖുർആന്റെ ആദ്യകാല പകർപ്പുകളിൽ സുപ്രധാന സ്ഥാനം നൽകപ്പെടുന്ന സന്‍ആ കയ്യെഴുത്തുപ്രതികൾ, ഖുർആനിക കയ്യെഴുത്തുപ്രതി പഠനരംഗത്ത് നിർണായക സ്ഥാനം വഹിക്കുന്നുണ്ട്. 1972-ൽ യെമനിലെ സന്‍ആയിലുള്ള ഗ്രേറ്റ് മോസ്കിന്റെ   പുനർനിർമാണ വേളയിലാണ്  ഈ അമൂല്യമായ കയ്യെഴുത്തുപ്രതികൾ കണ്ടത്തപ്പെട്ടത്.

പള്ളിയുടെ നിസ്കാര ഹാളിനു മുകളിൽ, മേൽക്കൂരയ്ക്കും സീലിംഗിനും ഇടയിൽ സൂക്ഷിക്കപെട്ട രീതിയിലാണ്  തൊഴിലാളികൾ ഇവ  കണ്ടെത്തിയത്. യഹൂദ മതത്തിലെ ജെനിസാ (പുരാതനമായ മതകീയ ഗ്രന്ഥങ്ങൾ കേടുപാടു കൂടാതെ സൂക്ഷിക്കുന്ന ഒരു രീതി) എന്ന പാരമ്പര്യത്തിൽ നിന്ന് കടമെടുക്കപെട്ട ഈ സൂക്ഷിപ്പ് രീതി സെമിറ്റിക് മതങ്ങൾക്കിടയിലുള്ള ആഴമേറിയ ബന്ധത്തെ കൂടി സൂചിപ്പിക്കുന്നുണ്ട്.

പുരാതനമായ ആയിരത്തോളം താളുകളുടെ ശേഖരവും സൻ'ആ കയ്യെഴുത്തുപ്രതികളോടൊപ്പം കണ്ടത്തപ്പെട്ടിരുന്നു. ഇവയിൽ ഭൂരിഭാഗവും ഖുർആൻ വാക്യങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ബാക്കിയുള്ളവ നിയമം, വ്യാകരണം, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള കൃതികളാണ്. ആദ്യ കാല അറേബ്യയിൽ നിലനിന്നിരുന്ന വിശാലമായ ലിഖിത സംസ്കാരത്തെയാണ് ഈ ശേഖരങ്ങൾ വരച്ചു കാട്ടുന്നത്. സന്‍ആയിലെ 'ദാർ അൽമഖ്തൂതാത്' എന്ന സ്ഥാപനവുമായി ബന്ധപ്പെടുത്തി ഈ ശകലങ്ങൾക്ക് DAM എന്ന കാറ്റലോഗ് ലേബൽ പിന്നീട് നൽകപ്പെട്ടു.

ലിപിശാസ്ത്രപരമായ സവിശേഷതകൾ

സന്‍ആയിൽനിന്ന് ലഭിച്ച മിക്ക ഖുർആൻ ശകലങ്ങളും ആദ്യകാല ഹിജാസീ ലിപിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ചെറുതായി വലത്തോട്ട് ചെരിഞ്ഞ രൂപത്തിൽ എഴുതപെട്ട ലിപിയിൽ അക്ഷരങ്ങളുടെ ഉയരത്തിൽ വ്യതിയാനവും കാണാനാവും. അപ്പോഴും  അറേബ്യയിൽ   ലിഖിതരീതി പരിവർത്തനഘട്ടത്തിലായിരുന്നുവെന്നത് ഇത് അടയാളപ്പെട്ടുത്തുന്നു. ബർമിംഗ്ഹാം, പാരിസിനോ-പെട്രോപൊളിറ്റാനസ് കയ്യെഴുത്തുപ്രതികളിലും സമാനമായ ലിഖിതശൈലിയാണ് കാണപ്പെടുന്നത്. ആദ്യകാല ഇസ്‌ലാമിക പ്രദേശങ്ങളിലുടനീളം പങ്കുവെക്കപ്പെട്ട ഒരു പകർപ്പെഴുത്ത് സമ്പ്രദായത്തെ ഇത് സ്ഥിരീകരിക്കുന്നു.

ഭാഷയിലെ സ്വരചിന്ഹങ്ങളുടെ അഭാവവും കുത്തുകളുടെ വിരളമായ സാനിധ്യവും ഓർമയിൽ സൂക്ഷിച്ച പാരായണത്തെ ആശ്രയിച്ചാണ് വായനക്കാർ ശരിയായ ഉച്ചാരണം കണ്ടെത്തിയിരുന്നത് എന്ന് വ്യക്തമാക്കുന്നു. കയ്യെഴുത്തു പ്രതിയിലെ താളുകൾ അസമമായി മുറിക്കപ്പെട്ടിരിക്കുന്നു. വരയിടൽ രേഖകൾ മങ്ങിയതോ പൂർണമായും ഇല്ലാത്തതോ ആണ്. അലങ്കാരപ്പണികളുടെ അഭാവം ആദ്യ കാലഘട്ടത്തിൽ എഴുതപ്പെട്ടതാണെന്ന് കൂടി സ്ഥിരീകരിക്കുന്നു.

റേഡിയോകാർബൺ പരിശോധനാ ഫലങ്ങൾ

കടലാസ് സാമ്പിളുകളിൽ നടത്തിയ റേഡിയോകാർബൺ പരിശോധനയിൽ, ഈ മൃഗത്തോലുകൾ ക്രി.വ. 578 മുതൽ 669 വരെയുള്ള കാലയളവിലേതാണെന്ന് കണ്ടെത്തി. പ്രവാചകൻ(സ്വ)യുടെയും ആദ്യകാല ഖലീഫമാരുടെയും ജീവിതകാലവുമായി ഈ തീയതികൾ ഒത്തുപോകുന്നു. റേഡിയോകാർബൺ പരിശോധന  മഷിയെയല്ല  മറിച്ച്  കടലാസിന്റെ കാലപ്പഴക്കത്തെയാണ് പരിശോധിക്കുന്നതെങ്കിലും, ഫലങ്ങൾ ആദ്യകാല നിർമാണത്തിലേക്കാണ് സൂചന നൽകുന്നത്. ബർമിംഗ്ഹാം ശകലങ്ങൾ ഉൾപ്പെടെ, പാരീസിലും ട്യൂബിംഗനിലും സൂക്ഷിച്ചിരിക്കുന്ന മറ്റ് കയ്യെഴുത്തുപ്രതികളും സമാന തീയതികളാണ് കാണിക്കുന്നത്.

പാലിംപ്സെസ്റ്റ്  DAM 01-27.1

സൻ'ആ കയ്യെത്തുപ്രതികളിൽ ഗവേഷകരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ശകലശേഖരമാണ് DAM 01-27.1 എന്ന പാലിംപ്സെസ്റ്റ്. നേരത്തെയുള്ള ഒരു ഖുർആൻ പാഠം മായ്ച്ചുകളഞ്ഞ ശേഷം അതിനുമേൽ പുതിയ പാഠം എഴുതിയതാണ് ഈ കയ്യെഴുത്തുപ്രതി. മായ്ച്ചുകളഞ്ഞ അടിപ്പാളിയുടെ അടയാളങ്ങൾ ഇപ്പോഴും ദൃശ്യമാണ്. ആധുനിക ഇമേജിംഗ് സാങ്കേതികവിദ്യകൾ ഈ അടിപ്പാളി വലിയൊരളവിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് രണ്ട് പാഠങ്ങളും തമ്മിലുള്ള നേരിട്ടുള്ള താരതമ്യം സാധ്യമാക്കുന്നു. ഇത്രയും വ്യക്തമായി പാളികളാക്കപ്പെട്ട മറ്റൊരു ഖുർആൻ കയ്യെഴുത്തുപ്രതിയും നിലവിലില്ല.

അടിപ്പാളിയിലെ പാഠത്തിൽ അക്ഷരവിന്യാസത്തിലെ മാറ്റങ്ങൾ, പദക്രമത്തിലെ വ്യതിയാനങ്ങൾ, വാക്യക്രമത്തിലെ വ്യതിയാനങ്ങൾ എന്നിവ ഉൾപ്പെടെ ചെറിയ വ്യത്യാസങ്ങൾ കാണപ്പെടുന്നു. എന്നാൽ ഇവയൊന്നും തന്നെ അടിസ്ഥാന വിശ്വാസങ്ങളെയോ ആഖ്യാനങ്ങളെയോ ബാധിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

വ്യതിയാനങ്ങളുടെ പ്രാധാന്യവും ചരിത്രപരമായ പശ്ചാത്തലവും

ഉസ്മാൻ(റ)ന്റെ ഭരണകാലയളവിൽ പൂർണമായ ഖുർആൻ ക്രോഡീകരണം  നടക്കുന്നതിനു മുമ്പ് പകർപ്പെഴുത്തുകാർ എങ്ങനെ എഴുതിവച്ചിരുന്നു എന്ന് ഈ വ്യത്യാസങ്ങൾ വെളിപ്പെടുത്തുന്നു. ആദ്യകാല മുസ്‌ലിം സമൂഹങ്ങൾ പാരായണത്തെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്; അംഗീകൃത വാമൊഴി രൂപങ്ങളെ പിന്നീട്  പിന്തുടർന്നാണ് എഴുത്ത് നടന്നിരുന്നത്. അടിപ്പാളിയിലെ പല വായനകളും പിൽക്കാല സ്രോതസ്സുകളിൽ രേഖപ്പെടുത്തിയ ആദ്യകാല പാരായണ പാരമ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നു. മുകൾപാളിയിലെ പാഠം ഇന്ന് ഉപയോഗത്തിലുള്ള വ്യഞ്ജനരൂപവുമായും (consonantal form) പൊരുത്തപ്പെടുന്നു.

ഖലീഫ ഉസ്മാൻ(റ) ഒരു പൊതു ക്രോഡീകരണം നടത്തുകയും , ഔദ്യോഗിക പകർപ്പുകൾ പ്രധാന ഇസ്‍ലാമിക  കേന്ദ്രങ്ങളിലേക്ക് അയക്കുകയും ചെയ്തു. സന്‍ആ കയ്യെഴുത്തുപ്രതിയിലെ അടിപ്പാളി ഈ ഏകീകരണ പ്രക്രിയ പൂർത്തിയാകുന്നതിനു മുമ്പുള്ള ഘട്ടത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും, മുകൾപാളി ഉരുത്തിരിഞ്ഞുവന്ന സമവായത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഗവേഷകർ വിലയിരുത്തുന്നു.

References

Wikipedia contributors. (n.d.). Sana'a manuscript. In Wikipedia. Retrieved October 2, 2026, from https://en.wikipedia.org/wiki/Sanaa_manuscript

Corpus Coranicum. (n.d.). Early Qur’anic manuscripts. Wikipedia. https://en.wikipedia.org/wiki/Early_Quranic_manuscripts

Institute of Ismaili Studies. (n.d.). The Sana’a palimpsest and the early manuscripts of the Qur’an. https://www.iis.ac.uk/multimedia/sanaa-palimpsest-and-the-early-manuscripts-of-the-quran/Islamic Awareness. (n.d.). Codex Ṣanʿāʾ I. https://www.islamic-awareness.org/quran/text/mss/soth.html

Sadeghi, B., & Goudarzi, M. (2012). Ṣanʿāʾ 1 and the origins of the Qurʾān. Der Islam, 87(1–2), 1–129. https://doi.org/10.1515/islam-2011-0025

ലേഖകനെ കുറിച്ച്

പറപ്പൂര്‍ സബീലുല്‍ഹിയാ അറബിക് കോളേജ്, ഖുര്‍ആന്‍-സയന്‍സ് ഡിപാര്‍ട്മെന്റില്‍ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍. ഖുര്‍ആന്‍ പഠനങ്ങള്‍, ഇസ്‍ലാമിക ചരിത്രം, സാമൂഹ്യശാസ്ത്രം, സാംസ്കാരിക പഠനങ്ങള്‍ എന്നിവയാണ് താല്‍പര്യമേഖലകള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter