ഹിജ്‌റ കലണ്ടര്‍: ചരിത്രവും പ്രസക്തിയും

മക്കയില്‍ നിന്നും യസ്‌രിബിലേക്കുള്ള പ്രവാചകര്‍(സ)യുടെ പാലായനത്തിന്റെ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഉമറുബ്‌നുല്‍ ഖത്താബ് (റ)ന്റെ ഭരണ കാലത്താണ് 'ഹിജ്‌റ കലണ്ടര്‍' എന്ന പേരില്‍ ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ള ഇസ്‌ലാമിക കലണ്ടര്‍ രൂപപ്പെട്ടത്. അക്കാലം വരെ, പ്രത്യേകം നിര്‍ണ്ണിതമല്ലാത്ത മറ്റു പല സംഭവ വികാസങ്ങളേയും അടിസ്ഥാനപ്പെടുത്തിയായിരുന്നു മുസ്ലിംകള്‍ തിയ്യതികള്‍ രേഖപ്പെടുത്തിയിരുന്നത്. 

എന്നാല്‍ അപരിചിതവും ക്രോഡീകൃതമല്ലാത്തതും കാരണം ആശയ വിനിമയങ്ങളിലും കത്തുകളുടെ കൈമാറ്റങ്ങളിലും ഇത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. ഒരിക്കല്‍ അബൂ മുസല്‍ അശ്അരി (റ) ഉമര്‍ (റ)വിന് എഴുതി: 'അമീറുല്‍ മുഅ്മിനീന്‍, താങ്കളുടെയടുക്കല്‍ നിന്ന് ഞങ്ങള്‍ക്ക് കത്തുകള്‍ വന്ന് കൊണ്ടിരിക്കുന്നു, എന്നാല്‍ അതില്‍ തിയ്യതി രേഖപ്പെടുത്താത്തതിനാല്‍ ഏതിലാണ് ആദ്യം നടപടി സ്വീകരിക്കേണ്ടതെന്ന് അറിയാന്‍ സാധിക്കുന്നില്ല'. 

സുദീര്‍ഘമായ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ഉമര്‍(റ) ഖിലാഫത്ത് ഏറ്റെടുത്തു. മുഴുവന്‍ സ്വഹാബികളേയും ഒരുമിച്ച് കൂട്ടി ഇങ്ങനെ പറഞ്ഞു: സമ്പത്ത് വര്‍ദ്ധിച്ചിരിക്കുന്നു, എന്നാല്‍ തിയ്യതികളൊന്നും രേഖപ്പെടുത്താതെയാണ് നാം നമ്മുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നത്. അതിന് വല്ല പരിഹാര മാര്‍ഗ്ഗങ്ങളുമുണ്ടോ? അവരിലൊരാള്‍ പറഞ്ഞു: നമുക്ക് റോമക്കാരുടെ തീയ്യതി സ്വീകരിക്കാം. എന്നാല്‍ അതിന് കാല ദൈര്‍ഘ്യമേറെയുണ്ടെന്ന് അവിടെ ബോധിപ്പിക്കപ്പെട്ടു. പേര്‍ഷ്യക്കാരുടെ തീയ്യതി പരിഷ്‌കരിച്ചു കൂടെയെന്ന് മറ്റു ചിലര്‍ നിര്‍ദ്ദേശിച്ചു. ഉടന്‍ തന്നെ ഹുര്‍മുസിനെ ഹാജരാക്കാന്‍ ഉമര്‍ (റ) നിര്‍ദ്ദേശിച്ചു. ഉമര്‍ (റ) അതേകുറിച്ച് അദ്ദേഹത്തോട് വിശദീകരണം തേടി. തങ്ങള്‍ക്കിടയില്‍ മഅ്‌റൂസ് എന്ന പേരില്‍ മാസവും കൊല്ലവും എഴുതി വെക്കുന്ന സമ്പ്രദായമുണ്ടെന്ന് പറഞ്ഞ ഹുര്‍മുസ് അത് വിശദീകരിച്ചു. ഏവരും അതില്‍ ഏകോപിതരായി. 

പിന്നീട് വര്‍ഷാരംഭം ഏത് മാസം കൊണ്ടാകണം എന്നായിരുന്നു ചര്‍ച്ച. പലരും പല അഭിപ്രായങ്ങളും രേഖപ്പെടുത്തി. റസൂല്‍ (സ)യുടെ ജനനമാണ് മുസ്ലിം ലോകത്തിന് ഏറ്റവും വലിയ സന്തോഷ നിമിഷം, അതിനാല്‍ പുതിയ കലണ്ടറിന്റെ ആദ്യ വര്‍ഷം അത് തന്നെയാക്കാമെന്ന് ചിലരും, റസൂലിന്റെ വഫാത്ത് വര്‍ഷം തെരെഞ്ഞെടുക്കാമെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു. വര്‍ഷാരംഭമായി നബി(സ്വ)യുടെ പ്രവാചകത്വം തെരെഞ്ഞെടുക്കാമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. 

ഈ സമയത്താണ് പ്രവാചകര്‍ (സ)യുടെ മദീനയിലേക്കുള്ള ഹിജ്‌റ, വര്‍ഷാരംഭമായി കണക്കാക്കാമെന്ന നിര്‍ദ്ദേശം അലി (റ) മുന്നോട്ട് വെച്ചത്. അലി (റ)വിന്റെ നിര്‍ദ്ദേശത്തെ അവിടെ കൂടിയവരെല്ലാം പിന്തുണച്ചതോടെ വര്‍ഷാരംഭമായി ഹിജ്‌റയെ സ്വീകരിക്കുകയായിരുന്നു. 

എന്നാല്‍ ചര്‍ച്ച അവിടെയും തീര്‍ന്നില്ല. വര്‍ഷാരംഭം ഏത് മാസം കൊണ്ടായിരിക്കണം എന്നായിരുന്നു പിന്നീട് ചര്‍ച്ച. മദീനയിലേക്കുള്ള ഹിജ്‌റ നടന്നത് റബീഉല്‍ അവ്വല്‍ മാസത്തിലാണ്. ആയതിനാല്‍ വര്‍ഷാരംഭം റബീഉല്‍ അവ്വല്‍ കൊണ്ടാകാം എന്ന് ഒരു കൂട്ടം സ്വഹാബികള്‍ അഭിപ്രായപ്പെട്ടു. റജബാകാമെന്ന് മറ്റു ചിലര്‍ പറഞ്ഞു. റമദാന്‍, ദുല്‍ഹിജ്ജ തുടങ്ങി വ്യത്യസ്ത നാമങ്ങള്‍ അവിടെ ഉയര്‍ന്നു കേട്ടു. 

തദവസരത്തില്‍ ഉസ്മാന്‍ (റ) പറഞ്ഞു: വര്‍ഷാരംഭമായി മുഹര്‍റത്തെ കണക്കാക്കാം, അത് പവിത്രമാസമാണ്. ഹജ്ജ് കഴിഞ്ഞ് വിശ്വാസികള്‍ തിരിച്ചു പോകുന്നതും മദീനയിലേക്കുള്ള ഹിജ്‌റ ആരംഭിച്ചതും ഈ മാസത്തിലാണ്. എല്ലാവരും അതില്‍ യോജിച്ചു. അങ്ങനെ മുഹര്‍റം ഒന്ന് ഹിജ്‌റ കലണ്ടറിലെ ആദ്യ ദിവസമായി തെരെഞ്ഞെടുക്കപ്പെട്ടു. ഇതാണ് ഹിജ്‌റ കലണ്ടറിന്റെ ഉല്‍ഭവ ചരിത്രം. 

ഇസ്ലാമിലെ സുപ്രധാന തീരുമാനങ്ങളെല്ലാം കൂടിയാലോചനകളിലൂടെയായിരുന്നു തീര്‍പ്പു കല്‍പ്പിക്കപ്പെട്ടതെന്ന മഹത്തായ പാഠം ഹിജ്‌റ കലണ്ടറിന്റെ ഉല്‍ഭവ ചരിത്രം നമുക്ക് നല്‍കുന്നു . 

എന്നാല്‍, ഇന്ന് ഗ്രിഗേറിയന്‍ കലണ്ടറിലെ വലിയ അക്കങ്ങള്‍ക്ക് അരികുപറ്റി നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് ഹിജ്‌റ കലണ്ടര്‍ എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. മുന്‍കൂട്ടിയുള്ള മാസനിര്‍ണ്ണയം അസാധ്യമാണെന്ന പരിമിതിയാണ് ഹിജ്‌റ കലണ്ടറിനുള്ളത്. അപ്പോഴും നേരത്തെ കഴിഞ്ഞുപോയ ദിവസങ്ങളും വരാനുള്ള മാസത്തിലെ ബാക്കി ദിവസങ്ങളും നമ്മുടെ സുപ്രധാന ദിനങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യപ്രദമാണെന്നത് പലപ്പോഴും നാം ശ്രദ്ധിക്കാറില്ല. സ്വതന്ത്ര്യമായൊരു ഹിജ്‌റ കലണ്ടറിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. 

എന്തൊക്കെയായാലും ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളെല്ലാം തന്നെ ഹിജ്‌റ കാലഗണനക്രമത്തിനനുസരിച്ചാണ് രേഖപ്പെടുത്തപ്പെട്ടത് എന്നത് കൊണ്ട് തന്നെ ഇസ്ലാമിക ചരിത്രം നില നില്‍ക്കുന്ന കാലത്തോളം ത്യാഗ നിര്‍ഭരമായ ഹിജ്‌റയും, ഹിജ്‌റയുടെ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഹിജ്‌റ കലണ്ടറും അനുസ്മരിക്കപ്പെടുമെന്ന കാര്യം തീര്‍ച്ച .   

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter