ദക്ഷിണ കൊറിയയിൽ നിന്നൊരു ഇസ്‌ലാമാശ്ലേഷണ കഥ
ദക്ഷിണ കൊറിയക്കാരനായ ഡേവിഡ് കിം ഇസ്‌ലാമിലേക്ക് കടന്നു വന്ന് ദാവൂദ് കിമ്മായി മാറിയ വാർത്ത തന്റെ യൂട്യൂബ് ചാനലിലൂടെ കിം തന്നെയാണ് പങ്കുവെച്ചത്. കിം തന്റെ കഥ ഇങ്ങനെയാണ് ചുരുക്കി വിവരിക്കുന്നത്; ദക്ഷിണകൊറിയയിലെ ഒരു കത്തോലിക്കാ കുടുംബത്തിലായിരുന്നു ഞാൻ ജനിച്ചത്. എന്നാൽ മതപരമായ അനുഷ്ഠാനങ്ങൾ അനുവർത്തിക്കുന്നവരായിരുന്നില്ല എന്റെ കുടുംബം. ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും എനിക്ക് കിട്ടിയ അറിവുകളെല്ലാം നെഗറ്റീവ് തലത്തിലുള്ളതായിരുന്നു. എനിക്ക് എട്ടു വയസ്സുള്ളപ്പോഴാണ് 2001 ൽ അമേരിക്കയിലെ ഇരട്ട ഗോപുരങ്ങൾ തീവ്രവാദ ആക്രമണത്തിൽ തകരുന്നത്. അന്ന് മാധ്യമങ്ങളിൽ തീവ്രവാദവും ഭീകരവാദവും വൻ ചർച്ചയായിരുന്നു. ഭീകരവാദത്തിന്റെ വാർത്തകൾക്കൊപ്പമെല്ലാം ഇസ്‌ലാമിന്റെ പേരും ചേർത്തി വൻ പ്രചാരണമായിരുന്നു അന്ന് നടത്തിയിരുന്നത്. അതിനാൽ ഞാനും ഇസ്‌ലാമിനെ ഭീകരവാദത്തിന്റെ പര്യായമായി തന്നെയാണ് മനസ്സിലാക്കിയിരുന്നത്. ഇസ്‌ലാമിനെ കുറിച്ച് മാധ്യമങ്ങളുടെ സ്വാധീനത്താൽ എനിക്കുണ്ടായ ധാരണകൾ മാറുന്നത് ഇന്തോനേഷ്യയിലേക്കും മലേഷ്യയിലേക്കുമുള്ള യാത്രകളിലാണ്. മുസ്‌ലിംകൾ എല്ലാവരും ക്രൂരന്മാർ ആണെന്ന് ധരിച്ചു വച്ചിരുന്ന എനിക്ക് ഇന്ത്യോനേഷ്യയിലെ മുസ്‌ലിംകൾ പുതിയ അനുഭവമാണ് നൽകിയത്. രണ്ട് പ്രത്യേകതകൾ ആയിരുന്നു എനിക്ക് അവിടെ കാണാൻ കഴിഞ്ഞത്. ഒന്ന് ഇന്തോനേഷ്യൻ മുസ്‌ലിംകൾ എല്ലാവരും വളരെ ദയാലുക്കളായിരുന്നു. രണ്ടാമത് ഇന്തോനേഷ്യയിലെ സ്ത്രീകൾ അധികവും ഹിജാബ് ധരിച്ച് കൊണ്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഇതെന്നെ ആശ്ചര്യപ്പെടുത്തി. ഹിജാബ് ധരിച്ച ഒരു സ്ത്രീയോട് ഞാൻ അതിന്റെ കാരണം അന്വേഷിച്ചു. നിങ്ങൾ എന്തിനാണ് ഹിജാബ് ധരിക്കുന്നതെന്ന് ചോദിച്ചതിനോടൊപ്പം നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചതാണോ എന്ന് കൂടി ഞാൻ ആരാഞ്ഞിരുന്നു. ഈ ചോദ്യത്തിന് എനിക്ക് ലഭിച്ച മറുപടി ഏറെ ആശ്ചര്യം ജനിപ്പിക്കുന്നതായിരുന്നു. ആ സ്ത്രീ പറഞ്ഞു, "ഞാനൊരു മരതക മുത്താണ്, അതുകൊണ്ടാണ് ഞാൻ ഇങ്ങനെ മുഖാവരണം ചെയ്തു നടക്കുന്നത്. ഇതിനെന്നെ ആരും നിർബന്ധിച്ചതല്ല, ഇതെന്റെ മാത്രം താൽപര്യമാണ്. ഞാൻ ഇതിൽ ഏറെ അഭിമാനിക്കുകയും ചെയ്യുന്നു". അതിനിടെ എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവ് സംഭവിച്ചു. എന്റെ പിതാവിന് ജോലി നഷ്ടപ്പെട്ടതോടെ ജന്മനാട്ടിലേക്ക് പെട്ടെന്ന് തന്നെ എനിക്ക് തിരിച്ചു പോകേണ്ടി വന്നു. നാട്ടിലെത്തി ജോലിചെയ്യാൻ ആരംഭിച്ചതോടെ എന്റെ ജീവിത സ്വപ്നമായ സംഗീതം അവസാനിപ്പിക്കാൻ ഞാൻ നിർബന്ധിതനായിത്തീർന്നു. ഇതിനിടയിൽ ഞാൻ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. ക്രിയാത്മകമായ എന്തെങ്കിലും ചെയ്യണമെന്ന താൽപര്യത്തിലായിരുന്നു ഇത്. ഇന്തോനേഷ്യയിലെ മുസ്‌ലിംകളുമായുള്ള എന്റെ അനുഭവങ്ങൾ ഞാൻ പങ്കുവെച്ചതോടെ നിരവധി പേർ ആ വീഡിയോ കണ്ടു. ഇസ്‌ലാമുമായി എന്റെ രണ്ടാമത്തെ ബന്ധപ്പെടൽ ആയിരുന്നു ഇതുവഴി സംഭവിച്ചത്. മാധ്യമങ്ങൾ പുറത്തു വിടുന്ന രീതിയിലുള്ള മുസ്‌ലിംകൾ ആയിരുന്നില്ല ഇവരെല്ലാം. അതോടെ ഇസ്‌ലാമിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ എനിക്ക് വലിയ താല്പര്യം ഉണ്ടായി. മുസ്ലിംകൾ എന്താണ് വിശ്വസിക്കുന്നത്, അവർ എന്തിനാണ് നമസ്കരിക്കുന്നത്, എന്തുകൊണ്ടാണ് പന്നിയിറച്ചി ഭക്ഷിക്കാത്തത്, മുഹമ്മദ് നബി ആരാണ് തുടങ്ങിയ നിരവധി ചോദ്യങ്ങൾ എന്റെ ഉള്ളിൽ നിന്ന് വന്നു. ഓരോന്നോരോന്നായി ഞാൻ ഉത്തരം കണ്ടെത്തി. എനിക്ക് ഇസ്‌ലാമിൽ ഏറെ ആകർഷണീയമായി തോന്നിയത് ജീവിതത്തെ കുറിച്ചുള്ള ഇസ്‌ലാമിന്റെ തത്വമായിരുന്നു. പലരും ജീവിതത്തെ എനിക്ക് പരിചയപ്പെടുത്തി തന്നത് ഒരു മത്സരമായിട്ടായിരുന്നു. മറ്റുള്ളവരോട് നാം മത്സരിച്ചു കൊണ്ട് ഉന്നതമായ ജോലി കരസ്ഥമാക്കുക എന്നതാണ് ജീവിതത്തിലെ പരമ ലക്ഷ്യം എന്നായിരുന്നു ഞാൻ അതുവരെ വിശ്വസിച്ചിരുന്നത്. എന്നാൽ ഇസ്‌ലാമിക ദർശനം ജീവിതത്തെ ഒരു യാത്രയായിട്ടാണ് പരിചയപ്പെടുത്തുന്നത്. ആ യാത്രക്ക് ഒരു അവസാനം ഉണ്ടാകും അത് മരണമാണ്. ആ യാത്രയിൽ അല്ലാഹുവിനെ ആരെങ്കിലും വഴിപ്പെട്ട് മുന്നോട്ട് പോയാൽ യാത്രയുടെ അവസാനത്തിൽ ഉന്നതമായ സമ്മാനമാണ്, അഥവാ സ്വർഗ്ഗമാണ് അവനെ കാത്തിരിക്കുന്നത്. ഈ ദർശനത്തിന് തന്നെയായിരുന്നു ഞാൻ ദാഹിച്ചു നടന്നിരുന്നത്. അങ്ങനെ ഞാൻ ഇസ്‌ലാമിനെ കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ ഇസ്‌ലാം സ്വീകരിക്കുവാൻ എന്റെ ഉള്ളിൽ വലിയ ആഗ്രഹം വന്നു. എന്നാൽ അപ്പോഴും ഞാൻ കുറച്ചുകാലം ശങ്കിച്ചു നിന്നു. ഇസ്‌ലാമിനെക്കുറിച്ചുള്ള പൊതു ധാരണയും എന്റെ കുടുംബം എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുക എന്ന ഭയവുമായിരുന്നു ആ ശങ്കക്ക് പിന്നിൽ. എന്നാൽ എന്റെ ഹൃദയത്തിൽ നിന്ന് വന്ന വിളിയാളം ആശങ്ക പൂർണമായും അകറ്റി. ഇസ്‌ലാമാശ്ലേഷണം എന്റെയും പ്രപഞ്ചനാഥനായ അല്ലാഹുവിന്റെയും ഇടയിൽ മാത്രമുള്ളതാണ്. അതിൽ മറ്റാരെയും പേടിക്കേണ്ട കാര്യമില്ല. അതിന്റെ പേരിൽ സംഭവിക്കുന്ന എല്ലാ പ്രതിബന്ധങ്ങളെയും നേരിടാനുള്ള മനക്കരുത്ത് എന്നിലുണ്ട് എന്നുറച്ച് മനസ്സിൽ കരുതിയതോടെ സത്യസാക്ഷ്യം ചൊല്ലുവാൻ പിന്നീട് അൽപം പോലും കാത്തിരിക്കേണ്ടി വന്നില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter