അധ്യായം 2. സൂറത്തുല്‍ ബഖറ (Aayas 77-83) നന്മ വര്‍ത്തിക്കണം-ആരൊടെല്ലാം?
വേദക്കാരുടെ കാപട്യത്തെക്കുറിച്ചായിരുന്നല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. അതായത്, മുസ്ലിംകളെ കാണുമ്പോള്‍, ഞങ്ങളും സത്യവിശ്വാസം സ്വീകരിച്ചവരാണെന്ന് പറയും. ചിലപ്പോള്‍ നബി صلى الله عليه وسلم യെ സംബന്ധിച്ച പല സത്യങ്ങളും മുസ്ലിംകളോട് തുറന്നു പറയുകയും ചെയ്യും. ഞങ്ങള്‍ക്ക് ഇസ്ലാമില്‍ വിശ്വാസമുണ്ടെന്നും മുഹമ്മദ് നബി صلى الله عليه وسلم പൂര്‍വവേദങ്ങളില്‍ പ്രവചിക്കപ്പെട്ട നബി തന്നെയാണെന്നും പറയും.
അവിടംവിട്ട് സ്വന്തം ഖൌമിന്റെ അടുത്ത് ചെല്ലുമ്പോള്‍, ഇവരെ അവിടെയുള്ളവര്‍ കുറ്റപ്പെടുത്തും. പൂര്‍വവേദങ്ങളില്‍ വന്ന വിഷയങ്ങള്‍ മുസ്ലിംകളോട് തുറന്നുപറഞ്ഞതിനെന്തിനാണെന്ന് ചോദിച്ചാണ് കുറ്റപ്പെടുത്തുക.
അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്ന ഈ രഹസ്യങ്ങള്‍, നിങ്ങളവര്‍ക്ക് പറഞ്ഞുകൊടുക്കുകയാണോ? അതിന്റെ അനന്തരഫലമെന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? ആ കാര്യങ്ങള്‍ വെച്ച് നാളെ അല്ലാഹുവിന്റെ മുമ്പില്‍ അവര്‍ നിങ്ങള്‍ക്കെതിരെത്തന്നെ സാക്ഷി പറയില്ലേ? - ഇങ്ങനെയൊക്കെ സ്വകാര്യമായി പരസ്പരം ഗുണദോഷിക്കും.
ഈ ഗുണദോഷിക്കലിനെപ്പറ്റിയാണിനി അല്ലാഹു പറയുന്നത്. അവരുടെ ഈ കാട്ടിക്കൂട്ടലുകളും കുറ്റപ്പെടുത്തലുമൊക്കെ കണ്ടാല്‍ തോന്നും, അവരുടെ രഹസ്യങ്ങളും ഗൂഢപ്രവര്ത്തനങ്ങളുമൊന്നും അല്ലാഹുവിന് അറിയുന്നില്ലെന്ന്. അങ്ങനെയല്ലല്ലോ. അവരുടെ എല്ലാ രഹസ്യവും പരസ്യവും അല്ലാഹു അറിയുന്നുണ്ടെന്ന വസ്തുത അവര്‍ക്കറിഞ്ഞുകൂടേ?!
മുസ്ലിംകളെ കാണുമ്പോള്‍ ഇവര്‍ പറയുന്നതും, സ്വന്തക്കാരുടെ അടുത്തെത്തുമ്പോള്‍ പറയുന്നതുമൊക്കെ സര്‍വജ്ഞനായ അല്ലാഹുവിന് നന്നായി അറിയാം.
أَوَلَا يَعْلَمُونَ أَنَّ اللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ (77)
അവര്‍ക്കറിഞ്ഞുകൂടേ, അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുമെന്ന്?!
അല്ലാഹുവിന് എല്ലാം നന്നായറിയാം, കാരണം അവന് സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്. എന്താണ് ബൈബിളിലുള്ളത്, അവര്‍ മാറ്റം വരുത്തിയ ഭാഗങ്ങള്‍ ഏതെല്ലാം, തിരുനബിയെക്കുറിച്ചുള്ള ബൈബിള്‍ വിശേഷണങ്ങള്‍ മറച്ചുവെക്കാനും കൃത്രിമം കാണിക്കാനും എന്തൊക്കെ തന്ത്രങ്ങളാണിവര് ഗൂഢമായി മെനഞ്ഞത് – എല്ലാം അവനറിയാം.
എല്ലാം അല്ലാഹുവിന് അറിയാം എന്ന കാര്യം ജൂതന്മാര്ക്കും ശരിക്കുമറിയാം. അതാണ് അവര്‍ക്കറിയില്ലേ أَوَلَا يَعْلَمُونَ എന്ന് ഇവിടെ ചോദിച്ചത്.
അവരോട് മാത്രമല്ല, നമ്മളോടും കൂടിയാണ് ഈ ചോദ്യം. സ്വന്തത്തോടൊന്നു ചോദിച്ചുനോക്കിയേ. നമ്മുടെയൊക്കെ പല കാട്ടിക്കൂട്ടലുകളും കണ്ടാല്‍ തോന്നും, പടച്ചോന് ഇതൊന്നും അറിയുന്നില്ലാ എന്ന്.
അല്ലാഹു കാണാത്ത എന്തെങ്കിലുമുണ്ടോ? ഏതെങ്കിലും സ്ഥലമുണ്ടോ? സമയമുണ്ടോ?
തെറ്റ് ചെയ്യാന്‍ വല്ലാത്ത ആഗ്രഹമുണ്ടെന്ന് പറഞ്ഞുവന്ന ആളോട് മഹാനായ ഇബ്റാഹീമുബ്നു അദ്ഹം (رحمه الله) പറഞ്ഞതെന്താണ്: ആയ്ക്കോട്ടെ, ഒരു കൊഴപ്പവുമില്ല, പക്ഷേ, അല്ലാഹു കാണാത്ത സ്ഥലത്തായിരിക്കണം ചെയ്യേണ്ടത്! അയാള്‍ തിരിച്ചുചോദിച്ചുപോയി: പടച്ചോനെ, അല്ലാഹു കാണാത്ത ഏത് സ്ഥലമാണുള്ളത്!
മഹാനായൊരു ഗുരു. കുറെ ശിഷ്യന്മാരുണ്ട് അദ്ദേഹത്തിന്. ഒരു ശിഷ്യനോട് ഭയങ്കര സ്നേഹം. കാരണം ചോദിക്കാന്‍ തീരുമാനിച്ചു മറ്റുള്ളവര്‍.
ഗുരു ഒരു കവര്‍ കൊടുത്തിട്ട് പറഞ്ഞു: ഇത് നിങ്ങളോരോരുത്തരും ആരും കാണാത്തൊരു സ്ഥലത്ത് കൊണ്ടുപോയിക്കളയണം.
എല്ലാവരും പോയി കളഞ്ഞുവന്നു, എല്ലാവരുടെ കൈകള്‍ കാലി.
അവസാനം, ഒരാള്‍ മാത്രം ആ കവറുമായി തിരിച്ചുവരുന്നു. എന്തേ കളയാഞ്ഞത്? മറുപടി എന്താണെന്നോ: ആരും കാണാത്ത സ്ഥലം ഈ ലോകത്തെവിടെയാ ഗുരോ? അല്ലാഹു കാണില്ലേ... അതുകൊണ്ട് ഞാന്‍ കളഞ്ഞില്ല!
ഇതാണ് ആ സ്പെഷ്യല്‍ സ്നേഹത്തിന്റെ കാരണമെന്ന് മറ്റു ശിഷ്യര്‍ക്ക് ബോധ്യമായി.
എല്ലാവരും കാണുമ്പോള്‍ തെറ്റുകള്‍ ചെയ്യാതിരിക്കാന്‍ പലര്‍ക്കും പറ്റും. ഒറ്റക്കാകുമ്പോള്‍ പറ്റുന്നുണ്ടോ? അതാണ് വിഷയം. അവസരം കിട്ടിയാല്‍ തെറ്റുകള്‍ ചെയ്യുമെന്നാണെങ്കില്‍, പിന്നെ അല്ലാഹുവിന് വേണ്ടിയല്ലല്ലോ ആ തെറ്റുകളുപേക്ഷിക്കുന്നത്... അവസരമില്ലാത്തതുകൊണ്ടല്ലേ!
ഒറ്റക്കാണെങ്കിലും എല്ലാം കാണുന്ന റബ്ബുന്നുണ്ടെന്ന തിരിച്ചറിവ് – അതാണ് ഈ ആയത്തിന്റെ പാഠം. ഈ ബോധമുള്ളവര്‍ തീര്‍ച്ചയായും രക്ഷപ്പെടും. നിരവധി ആയത്തുകളില്‍ അല്ലാഹു ഇത് വ്യക്തമാക്കിയിട്ടുണ്ട് (മുല്‍ക്-12, അമ്പിയാഅ് 49, ഖാഫ് 33, മാഇദ 94 ചില ഉദാഹരണങ്ങള്‍).
അടുത്ത ആയത്ത് 78
വേദക്കാരുടെ കൂട്ടത്തില്‍ നിരക്ഷരരുണ്ട്. എഴുത്തും വായനയും അറിയാത്ത പൊതുജനങ്ങള്‍. അവര്‍ വേദഗ്രന്ഥം പഠിച്ചിരിക്കില്ല. അവരെ സംബന്ധിച്ചേടത്തോളം ചില ഊഹങ്ങള്‍, ധാരണകള്‍ മാത്രമായിരിക്കും മതം. കേട്ടറിഞ്ഞതും അവരുടെ കൂട്ടത്തിലെ പുരോഹിതന്മാര് പറഞ്ഞുകൊടുത്തതിന്റെയും അടിസ്ഥാനത്തിലുള്ള ചില ഊഹങ്ങളും വ്യാമോഹങ്ങളും മാത്രം.
وَمِنْهُمْ أُمِّيُّونَ لَا يَعْلَمُونَ الْكِتَابَ إِلَّا أَمَانِيَّ وَإِنْ هُمْ إِلَّا يَظُنُّونَ (78)
അവര്‍ക്കിടയില്‍ അക്ഷരജ്ഞാനമില്ലാത്തവരുണ്ട്. ചില വ്യാമോഹങ്ങളല്ലാതെ (വ്യാജവര്ത്തമാനങ്ങളല്ലാതെ) വേദത്തെക്കുറിച്ച് അവര്‍ക്ക് യാതൊന്നും അറിയില്ല. അവര്‍ ഊഹിക്കുക മാത്രമാണ് ചെയ്യുന്നത്. (ഊഹത്തെ മാത്രം പിന്‍പറ്റുകയാണവര്‍ ചെയ്യുന്നത്).
യഹൂദികളുടെ കൂട്ടത്തിലുള്ള പാമരന്മാര് വേദം പഠിക്കുകയോ അതിലെ നിയമവധികള് ശരിയായി മനസ്സിലാക്കുകയോ ചെയ്തവരല്ല. അക്ഷരജ്ഞാനമില്ലാത്തതുകൊണ്ട് പഠിക്കുവാന്‍ കഴിയുന്നുമില്ല.
പുരോഹിതന്മാരാണെങ്കിലോ, അവരെ പറഞ്ഞു പറ്റിക്കുകയാണ്.
അവരുടെ ഈ വിവരമില്ലായ്ത മുതലെടുത്ത്, പുരോഹിതന്മാര് പല കല്ലുവെച്ച നുണകളും ഇവരോട് പറയും. അതു തന്നെയാണ് ശരിയായ വേദവിധികളെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്യും.
എന്തൊക്കെയാണവരോട് പറഞ്ഞിരുന്നെതന്നറിയോ? അവര്‍ (പുരോഹിതര്‍) അല്ലാഹുവിന്റെ വേണ്ടപ്പെട്ടവരാണ്, എന്തു കുറ്റം ചെയ്താലും അല്ലാഹു അവരെ ശിക്ഷിക്കില്ല, അഥവാ വല്ല കാരണവശാലും നരകത്തില്‍ കടന്നാല്‍ തന്നെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രക്ഷപ്പെടും.....!
അടുത്ത ആയത്ത് 79
വേദക്കാരില്‍ രണ്ട് തരക്കാരുണ്ട്. ഒന്ന്: നേരത്തെ പറഞ്ഞ പോലെ എഴുത്തും വായനയും അറിയാത്ത, വേദം പഠിക്കാത്ത പൊതുജനങ്ങള്‍.
കേട്ടറിഞ്ഞതും പുരോഹിതന്മാര് പറഞ്ഞുകൊടുത്തതിന്റെയും അടിസ്ഥാനത്തില്‍, ചില നന്മകളും ഗുണങ്ങളുമൊക്കെ ലഭിക്കാനുണ്ടെന്നും, മതനിയമങ്ങള്‍ ഇന്നതൊക്കെയാണെന്നുമുള്ള ചില ഊഹാപോഹങ്ങള്‍ മാത്രമേ ഇത്തരക്കാര്‍ക്കുള്ളൂ. അതാണവരുടെ പ്രമാണം.
ഇവരും കുറ്റക്കാരണ്. കാരണം, ശരിയേതെന്ന് അന്വേഷിച്ചറിയാനും, നല്ല വഴിക്ക് ചിന്തിക്കാനുമൊക്കെ ഇവര്‍ ബാധ്യസ്ഥരാണല്ലോ. അതവര് ചെയ്തില്ല.
രണ്ടാം വിഭാഗത്തെക്കുറിച്ചാണിനി പറയുന്നത്: അതായത്, പുരോഹിതന്മാര്. ഇവരുടെ കാര്യമാണ് മഹാകഷ്ടം. അവര്‍ക്ക് വേദഗ്രന്ഥം നന്നായി അറിയാം. എന്നിട്ടും, അല്ലാഹുവിന്റെയും മതത്തിന്റെയും പേരില്‍ വ്യാജം കെട്ടിച്ചമച്ചുണ്ടാക്കും. വായകൊണ്ട് മാത്രമല്ല, വ്യാജ ഗ്രന്ഥങ്ങളെഴുതി പ്രചരിപ്പിക്കുകയും ചെയ്യും.
فَوَيْلٌ لِلَّذِينَ يَكْتُبُونَ الْكِتَابَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَذَا مِنْ عِنْدِ اللَّهِ لِيَشْتَرُوا بِهِ ثَمَنًا قَلِيلًا فَوَيْلٌ لَهُمْ مِمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَهُمْ مِمَّا يَكْسِبُونَ (79)
സ്വന്തം കൈകള്‍ കൊണ്ട് വേദമെഴുതിയുണ്ടാക്കുകയും തുച്ഛവില വാങ്ങാനായി ഇതല്ലാഹുവിങ്കല് നിന്നുള്ളതാണ് എന്ന് തട്ടിവിടുകയും ചെയ്യുന്നവര്‍ക്ക് നാശം! സ്വകരങ്ങള്‍ എന്തെല്ലാം എഴുതിയുണ്ടാക്കിയോ അതുമൂലം അവര്‍ക്ക് മഹാനാശം! അവര്‍ അതുവഴി എന്തെല്ലാം സമ്പാദിക്കുന്നുവോ അതുമൂലവും അവര്‍ക്ക് വലിയ നാശം!
എന്തിനാണീ പുരോഹിതന്മാര് ഇങ്ങനെയെല്ലാം ചെയ്യുന്നത് - ഭൌതിക നേട്ടങ്ങള്ക്കുവേണ്ടിത്തന്നെ. لِيَشْتَرُوا بِهِ ثَمَنًا قَلِيلًا ജനങ്ങളെ ചൂഷണം ചെയ്തു പണവും സ്ഥാനമാനങ്ങളും നേടാന്‍.
ثُمَّ يَقُولُونَ هَذَا مِنْ عِنْدِ اللَّهِ
തങ്ങളെഴുതിയ ആ രേഖകള്‍ മതഗ്രന്ഥങ്ങളും, അല്ലാഹു അവതരിപ്പിച്ച നിയമസംഹിതകളുമാണെന്ന് ആളുകളോട് തട്ടിവിടും.
فَوَيْلٌ لَهُمْ مِمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَهُمْ مِمَّا يَكْسِبُونَ
ഇത്തരത്തിലുള്ള ചെയ്തികളും, അതില്‍ നിന്ന് ലഭിക്കുന്ന നേട്ടങ്ങളും അവര്‍ക്ക് നാശവും ശിക്ഷയുമായി കലാശിക്കുന്നതാണ്.
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നിയോഗം, സ്വഭാവഗുണങ്ങള്‍, അവിടന്ന് പ്രബോധനം ചെയ്യുന്ന കാര്യങ്ങള്‍ - ഇവയെക്കുറിച്ച് കൃത്രിമമായി പടച്ചുണ്ടാക്കിയ പല വ്യാജ വിവരണങ്ങളും വ്യാഖ്യാനങ്ങളുമാണ് ഇത്തരം വാറോലകളില്‍ അവര്‍ എഴുതിപ്പിടിപ്പിച്ചിരുന്നത്. എന്നിട്ടത് സാധാരണക്കാര്‍ക്കിടയിലും അറബികള്‍ക്കിടയിലും പ്രചരിപ്പിക്കുകയും ചെയ്യും.
ഇവര്‍ പടച്ചുവിട്ടിരുന്ന ഇത്തരം ഗ്രന്ഥങ്ങളും ലിഖിതങ്ങളും വേദഗ്രന്ഥങ്ങളായിത്തന്നെ പരിഗണിക്കപ്പെടുകയും ചെയ്തിരുന്നുവത്രേ.
ഈ 2 വിഭാഗം ആളുകളുള്ള സമൂഹം (മതവിധികള്‍ ശരിയായി അറിയാത്ത പാമരന്മാരും, സ്വാര്‍ഥ ലാഭങ്ങള്‍ക്കു വേണ്ടി അവരെ ചൂഷണം ചെയ്യുന്ന പണ്ഡിതന്മാരുമുള്ള ഒരു സമൂഹം) എങ്ങനെയാണ് നന്നാവുക?
ഇത് എല്ലാവര്‍ക്കുമുള്ള ശക്തമായ മുന്നറിയിപ്പാണ്. മതവിധികള്‍ കെട്ടിച്ചമച്ച്, അല്ലാഹുവിന്റെ പേരില്‍ ചാര്‍ത്തി, ഭൗതിക നേട്ടമുണ്ടാക്കുന്ന എല്ലാവര്ക്കും. ഇത്തരക്കാരെ ഇന്നും കാണാം. ദീനിന്റെ പ്രമാണങ്ങള്‍ സ്വന്തം താല്പര്യത്തിനനുസരിച്ച് ദുര്‍വ്യാഖ്യാനം ചെയ്ത്, അതാണ് മതവിധി എന്ന് സാധുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പണ്ഡിതന്മാര്. അവരെല്ലാം കഠിനശിക്ഷക്ക് വിധേയമാകേണ്ടിവരും.
അടുത്ത ആയത്ത് 80
ജൂതന്മാര്ക്ക് പല വ്യാമോഹങ്ങളുമുണ്ടായിരുന്നു. വലിയ വര്ഗമാഹാത്മ്യം പറഞ്ഞുനടക്കുന്നവരാണ് അവര്‍. അല്ലാഹുവിന്റെയടുത്ത് ഏറ്റവും ഉല്‍കൃഷ്ടര്‍ അവരാണെന്നാണ് അന്നും ഇന്നും ഇവര്‍ കരുതിപ്പോരുന്നത്. അതുകൊണ്ടുതന്നെ എല്ലാ വിജയത്തിന്റെയും കുത്തകാവകാശം ഞങ്ങള്‍ക്കാണ്. ഇതാണവരുടെ ചിന്താഗതി.
ഈ ചിന്തയില്‍ നിന്ന് ഉടലെടുത്ത പല അന്ധവിശ്വാസങ്ങളും കള്ളവാദങ്ങളും അവര്‍ക്കുണ്ടായിരുന്നു:
- ഞങ്ങള്‍ക്ക് നരകശിക്ഷ ഉണ്ടാകില്ല, ഉണ്ടെങ്കില്‍തന്നെ കുറഞ്ഞ ദിവസം മാത്രം. പിന്നീട് സ്വര്‍ഗം ലഭിക്കും.
80 ആം ആയത്ത് അവതരിക്കാനുള്ള കാരണവും ഈ പറച്ചിലായിരുന്നു: ഇബ്നു അബ്ബാസ്(رضي الله عنهما)വില്‍ നിന്ന് മുജാഹിദ്(رحمه الله) ഉദ്ധരിക്കുന്നു: ഈ ഭൗതിക ലോകം ആകെ ഏഴായിരം വര്‍ഷമായിരിക്കും; ഓരോ ആയിരം വര്‍ഷത്തിനും ഒരു ദിവസം വീതമേ ഞങ്ങളെ നരകത്തിലിടുകയുള്ളൂ; അപ്പോഴത് ഏഴു ദിവസമായിരിക്കും എന്ന് ജൂതന്മാര് പറയുമായിരുന്നു. അപ്പോഴാണ് ഈ സൂക്തം അവതരിച്ചത് (ഇബ്നു കസീര്‍ 1:118).
2) എത്ര തെറ്റുകള്‍ ചെയ്താലും ഞങ്ങള്‍ രക്ഷപ്പടും – ശിക്ഷിക്കപ്പെടില്ല. അഥവാ ശിക്ഷിക്കപ്പെട്ടാല്‍ തന്നെ അത് വളരെ ലഘുവായിരിക്കും.
3) ഞങ്ങളുടെ ഏത് കുറ്റവും റബ്ബ് പൊറുത്തതരും, ഞങ്ങളുടെ പ്രവാചകന്മാര് ശുപാര്‍ശ ചെയ്യും.
4) ഞങ്ങള്‍ അല്ലാഹുവിന്റെ കൂട്ടുകാരും മക്കളുമാണ്.
وَقَالُوا لَنْ تَمَسَّنَا النَّارُ إِلَّا أَيَّامًا مَعْدُودَةً قُلْ أَتَّخَذْتُمْ عِنْدَ اللَّهِ عَهْدًا فَلَنْ يُخْلِفَ اللَّهُ عَهْدَهُ أَمْ تَقُولُونَ عَلَى اللَّهِ مَا لَا تَعْلَمُونَ (80)
ഏതാനും ദിവസങ്ങള്‍ മാത്രമേ ഞങ്ങളെ നരകാഗ്നി സ്പര്‍ശിക്കൂ എന്ന് അവര്‍ വീരവാദം മുഴക്കും. (നബിയേ,) താങ്കള്‍ ചോദിക്കുക: അല്ലാഹുവുമായി നിങ്ങളിത് വല്ല കരാറും ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ നിശ്ചയം അല്ലാഹു കരാര്‍ ലംഘിക്കുകയില്ല. അതല്ല, അല്ലാഹുവിന്റെ പേരില്‍ അറിവില്ലാത്ത കാര്യം നിങ്ങള്‍ ചമച്ചുപറയുകയാണോ?!'
അല്ലാഹുവുമായി ഒരു MOU എഴുതി ഒപ്പിട്ടതുപോലെയാണ് ഇവരുടെ ഇത്തരം വീരവാദങ്ങള്‍ കേട്ടാല്‍ തോന്നുക! അതാണ് അല്ലാഹു ചോദിക്കുന്നത്:
قُلْ أَتَّخَذْتُمْ عِنْدَ اللَّهِ عَهْدًا فَلَنْ يُخْلِفَ اللَّهُ عَهْدَهُ
അവരെ ശിക്ഷിക്കുകയില്ലെന്നും സ്വര്‍ഗം നല്‍കുമെന്നും അല്ലാഹു അവരുമായി വല്ല കരാറും ചെയ്തുവെച്ചിട്ടുണ്ടോ? അങ്ങിനെ ഉണ്ടെങ്കില്‍ അല്ലാഹു കരാര്ലംഘിക്കുന്ന പ്രശ്നമേ ഇല്ല.
പക്ഷേ, അതില്ലെന്ന് തീര്‍ച്ചയാണല്ലോ. പിന്നെന്താണീ നടക്കുന്നത്- പച്ചക്കള്ളങ്ങള്‍ അല്ലാഹുവിന്റെ മേല്‍ കെട്ടിവെക്കുക തന്നെ.
അവരുടെ ഈ വാദങ്ങളെല്ലാം വളരെ ഗൌരവത്തോടെ അല്ലാഹു ഖണ്ഡിക്കുന്നുണ്ട് അടുത്ത ആയത്തുകളില്‍ - രക്ഷാശിക്ഷകള്‍ സംബന്ധിച്ചുള്ള അവന്റെ നിയമങ്ങള്‍ എല്ലാവര്ക്കും ഒരു പോലെ ബാധകമാണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നുണ്ട്.
സത്യവിശ്വാസവും സല്‍ക്കര്‍മവും കൊണ്ടുനടന്നവര്‍ക്ക് രക്ഷ. അല്ലാത്തവര്‍ക്ക് ശിക്ഷ. ഇതാണ് അവന്റെ നിയമം. അതിന് വേറെ മാനദണ്ഡങ്ങളേതുമില്ല. അതാണ് അടുത്ത ആയത്തുകളിലുള്ളത്, 81 ലും 82 ലും.
അടുത്ത ആയത്ത് 81, 82
നേരത്തെ പറഞ്ഞ അവരുടെ വീരവാദങ്ങള്‍ അല്ലാഹു ഖണ്ഡിക്കുകയാണ്. നരകശിക്ഷയുടെയും സ്വര്ഗീയാനുഗ്രഹങ്ങളുടെയും മാനദണ്ഡം കുടുംബമഹിമയോ ഗോത്രമഹിമയോ ഒന്നുമല്ല. പിന്നെയോ? സത്യവിശ്വാസവും സല്‍കര്‍മങ്ങളുമാണ്. അവിശ്വാസവും ദുഷ്പ്രവൃത്തികളും കൊണ്ടുനടന്നവര്‍ക്ക് സ്ഥിരമായ നരക ശിക്ഷ. സത്യവിശ്വാസവും സല്‍പ്രവൃത്തികളും കൊണ്ടുനടന്നവര്‍ക്ക് ശാശ്വതമായ സ്വര്‍ഗം. ഇക്കാര്യത്തില്‍ വര്‍ഗത്തിനോ ആഭിജാത്യത്തിനോ ഒന്നും ഒരു സ്ഥാനവുമില്ല.
بَلَى مَنْ كَسَبَ سَيِّئَةً وَأَحَاطَتْ بِهِ خَطِيئَتُهُ فَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ (81)
വസ്തുത അങ്ങനെയല്ല, ആര് ദുഷ്കൃത്യം ചെയ്യുകയും പാപവലയത്തിലകപ്പെടുകയും ചെയ്തുവോ അവര്‍ നരകക്കാരാണ്. അവരതില്‍ നിരന്തരം വസിക്കുന്നവരുമാണ്.
وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَئِكَ أَصْحَابُ الْجَنَّةِ هُمْ فِيهَا خَالِدُونَ (82)
സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍, അവര്‍ സ്വര്‍ഗാവകാശികളാണ്. അവര്‍ എന്നെന്നും അതില്‍ നിവസിക്കുകയും ചെയ്യും.
بَلَى مَنْ كَسَبَ سَيِّئَةً وَأَحَاطَتْ بِهِ خَطِيئَتُهُ
‘തിന്മ സമ്പാദിക്കുകയും, തെറ്റുകുറ്റം വലയം ചെയ്യുകയും ചെയ്തു’ - ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ടൊരു കാര്യമുണ്ട് – തെറ്റുകള്‍ ചെയ്യും തോറും രക്ഷാമാര്‍ഗം ക്രമേണ അടഞ്ഞു കൊണ്ടിരിക്കും. അത് കൂടിക്കൂടി ആകെ വലയം ചെയ്താല്‍ രക്ഷപ്പെടാനുള്ള വഴി പറ്റെ അടഞ്ഞുപോകുകയും ചെയ്യും. അല്ലാഹു നമ്മളെ കാക്കട്ടെ-ആമീന്‍.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇത് പഠിപ്പിച്ചിട്ടുണ്ട്:
عن عبد الله بن مسعور(رضي الله عنه) أنَّ رسولَ اللهِ صلَّى اللهُ عليهِ وسلَّمَ قال : إِيَّاكُمْ وَمُحَقّراتِ الذُّنوبِ فَإنَّهُنَّ يَجْتَمِعْنَ عَلى الرجُلِ حَتَّى يُهْلِكْنَهُ.
‘നിസ്സാരമായി ഗണിക്കപ്പെടുന്ന പാപങ്ങള്‍ നിങ്ങള്‍ സൂക്ഷിക്കണം. കാരണം, അവ മനുഷ്യനില്‍ ഒരുമിച്ചുകൂടി അവസാനം അവനെ നശിപ്പിക്കുന്നതാണ്.’ (അഹ്മദ്)
അതായത്, തെറ്റുകള്‍ കുന്നുകൂടാന്‍ അനുവദിക്കരുത്. എന്തെങ്കിലും വന്നുപോകുമ്പോഴേക്കും പെട്ടെന്ന് തൌബ ചെയ്ത് മടങ്ങുക. പിന്നെ ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക. നിബന്ധനകളൊത്തെ തൌബയാണെങ്കില് പിന്നെ ചെയ്യാന്‍ തോന്നുകയില്ലല്ലോ.
തൌബ ചെയ്യുന്നതോടൊപ്പം ഇസ്തിഖാമത്തും (നേരെ ചൊവ്വേ ജീവിക്കാനുള്ള തൌഫീഖ്) ചോദിക്കണം, അതിനുവേണ്ടി മെനക്കെടുകയും വേണം.
തെറ്റുകള്‍ നമ്മളെയാകെ മൂടുന്ന, വലയം ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. ഇബ്ലീസിനെ ചിരിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന പരിപാടിയാണത്.
ഇസ്തിഗ്ഫാറും തൌബയും ഭയങ്കര ദേശ്യമാണ് ഇബ്ലീസിന്. കാരണം, അതുവരെ മെനക്കെട്ടതൊക്കെ ബാഥിലാപ്പോകുകയാണല്ലോ.
അതുകൊണ്ടാണ് ഇതുപോലെയുള്ള ചില ആയത്തിറങ്ങിയപ്പോള്‍ ഇബ്ലീസ് കരഞ്ഞത്. സൂറ ആലു ഇംറാനിലെ 135 ആം ആയത്തിറങ്ങിയപ്പോ ഇബ്ലീസ് കരഞ്ഞിരുന്നുവത്രെ.
وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا وَهُمْ يَعْلَمُونَ (135)
(ഏതെങ്കിലും ഹീനകൃത്യം ചെയ്യുകയോ ആത്മദ്രോഹമനുവര്ത്തിക്കുകയോ ചെയ്താല്‍ അവര്‍ അല്ലാഹുവിനെ ഓര്‍ക്കുകയും പാപമോചമനം തേടുകയും ചെയ്യും-അവനല്ലാതെയാരുണ്ട് ദോഷങ്ങള്‍ പൊറുക്കാന്‍? അറിഞ്ഞുകൊണ്ടവര്‍ സ്വന്തം ദുഷ്ചെയ്തികളില്‍ ഉറച്ചുനില്‍ക്കില്ല.)
വലിയൊരു മല തലക്കുമീതെ വന്നുവീഴുന്നപോലെ തെറ്റുകളെ നമ്മള് പേടിക്കണം. മുഅ്മിന് അങ്ങനെയാണെന്നാണ് ഇബ്നു മസ്ഊദ് رضي الله عنه പറയുന്നത്. അവിശ്വാസി അങ്ങനെയല്ല-മൂക്കത്ത് വന്നിരിക്കുന്ന ഒരു ഈച്ചയെപ്പോലെയേ അവന് തെറ്റുകളെ കാണുന്നുള്ളൂ.
)قال عبدُ اللهِ [ ابنُ مسعودٍ ] إنَّ المُؤْمِنَ يَرَى ذُنُوبَهُ كَأنَّهُ قاعِدٌ تَحْتَ جَبَلٍ يَخافُ أنْ يَقَعَ عليه، وإنَّ الفاجِرَ يَرَى ذُنُوبَهُ كَذُبابٍ مَرَّ علَى أنْفِهِ (
മനുഷ്യനല്ലേ, സ്വാഭാവികമായും തെറ്റുകള്‍ പറ്റാം. വേഗം തൌബ ചെയ്തുമടങ്ങുക. നിസ്സാരമായി കാണരുത്.. നമ്മള് ന്യായീകരിക്കാനാണ് നോക്കുക അല്ലേ. ന്യായീകരിക്കേണ്ട.
കുറ്റം സമ്മതിച്ചു റബ്ബിനോട് മാപ്പാക്കാന്‍ പറയുക. നമ്മുടെ വീക്നെസ്സുകളൊക്കെ അറിയുന്ന റബ്ബല്ലേ. നമ്മള് ചെയ്ത തെറ്റുകള്‍, മലക്കുകള്‍ മണിക്കൂറുകളോളം രേഖപ്പെടുത്താതെ വെയ്റ്റ് ചെയ്യുമെന്ന് ഹദീസിലുണ്ട്, തൌബ ചെയ്യുന്നുണ്ടോന്ന് എന്ന് നോക്കുകയാണവര്‍.
അല്ലാഹു പൊറുത്തുതരും. 100 ആളുകളെ കൊന്നയാള്‍ക്ക് പൊറുത്തുകൊടുത്തിട്ടില്ലേ. പ്രായപൂര്‍ത്തിയായതു മുതല്‍ എത്ര തെറ്റ് ചെയ്തിട്ടുണ്ടല്ലേ നമ്മള്. അല്ലാഹു അല്ലാതെ മറ്റാരാണ് പൊറുത്തുതരിക?!
എന്തൊരു കരുണയാണ് അല്ലാഹുവിന്, ശിര്‍ക്കല്ലാത്ത ഏത് തെറ്റും പൊറുത്തതരും. നിരാശരാകേണ്ട.
വലിയൊരു തെമ്മാടി പെട്ടെന്ന് മരണപ്പെട്ട് നരകത്തിലെത്തിയത്രേ. കൂട്ടുകാരായ തെമ്മാടികളെയൊന്നും അവിടെ കാണുന്നില്ല. എവിടെയെന്നന്വേഷിച്ചപ്പോള് അവരൊക്കെ തൌബ ചെയ്തു, അല്ലാഹു അവര്‍ക്കെല്ലാം പൊറുത്തുകൊടുത്തു എന്നാണ് മറുപടി കിട്ടിയത്.
അടുത്ത ആയത്ത് 83
ഇസ്രാഈലുകാര്‍ അവകാശപ്പെടുന്നതുപോലെ ഒരു ആനുകൂല്യവും ചെയ്തുകൊടുക്കാമെന്ന് അല്ലാഹു അവരോട് കരാര്‍ ചെയ്തിട്ടില്ലെന്നാണ് തൊട്ടുമുമ്പ് പറഞ്ഞത്. ഇനി അവര്‍ അല്ലാഹുവിനോട് ചെയ്ത കരാറിനെക്കുറിച്ച് പറയുകയാണ്.
വ്യക്തിപരവും സാമൂഹികവുമായ പുരോഗതിക്ക് അത്യന്താപേക്ഷിതമായ വളരെ പ്രധാനപ്പെട്ട 2 കാര്യങ്ങളാണ് ഈ കരാറിലുള്ളത്.
1) സ്രഷ്ടാവിനോടുള്ള കടപ്പാടുകള്‍ നിറവേറ്റുക.
2) സൃഷ്ടികളോടുള്ള കടപ്പാടുകളും നിറവേറ്റുക.
وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ لَا تَعْبُدُونَ إِلَّا اللَّهَ وَبِالْوَالِدَيْنِ إِحْسَانًا
ഇസ്രാഈല്യരോട് നാം ഇങ്ങനെ കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; മാതാപിതാക്കളോട് നന്മ ചെയ്യണം.
وَذِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينِ وَقُولُوا لِلنَّاسِ حُسْنًا وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ
ബന്ധുക്കളോടും അനാഥക്കുട്ടിക്കളോടും ദരിദ്രന്മാരോടും (നിങ്ങള്‍ നന്മ ചെയ്യണം); ജനങ്ങളോട് നല്ല വാക്ക് പറയണം; നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യണം എന്ന്.
ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِنْكُمْ وَأَنْتُمْ مُعْرِضُونَ (83)
എന്നിട്ടും നിങ്ങള്‍ ഏതാനും പേരൊഴിച്ച് ബാക്കിയെല്ലാവരും അവഗണിച്ച് പിന്തിരിഞ്ഞുകളഞ്ഞു. [അത് നിങ്ങളുടെ പതിവാണ്]
ഏറ്റവും പ്രധാനമായത് അല്ലാഹുവിനോടുള്ള കടമ നിര്‍വഹണമാണ്. അതാണ് ആദ്യം 'അല്ലാഹുവിനെയല്ലാതെ ആരാധനിക്കരുതെ'ന്ന് പറഞ്ഞത്.
لَا تَعْبُدُونَ إِلَّا اللَّهَ
പിന്നെ ഏറ്റവും അടുത്തവര്‍ മാതാപിതാക്കളും ശേഷം ബന്ധുക്കളുമാണ്. അതുകൊണ്ടാണ് രണ്ടാമതായി, അവര്‍ക്ക് ഉപകാരം ചെയ്യണമെന്ന് കല്പിച്ചത്.
وَبِالْوَالِدَيْنِ إِحْسَانًا
നമ്മള് നന്നായി ശ്രദ്ധിക്കേണ്ട വിഷയമാണിത്.
വിശാലമായി പറയേണ്ട കാര്യമാണ്. ചുരുക്കിപ്പറയുകയാണെങ്കില്‍, നമ്മുടെ ഉപ്പയും ഉമ്മയും നമ്മള് കാരണം ഒരു നിലക്കും സങ്കടപ്പെടേണ്ടിവരികയോ ബുദ്ധിമുട്ടേണ്ടിവരികയോ ചെയ്യരുത്. ഇങ്ങനെ പറഞ്ഞാല്‍ എല്ലാം പെട്ടല്ലോ അല്ലേ.
നമ്മളുടെ സ്വര്‍ഗ-നരകമാണവര്. അതായത്, നമ്മുടെ സ്വര്‍ഗവും നരകവും തീരുമാനിക്കുന്നവര്‍. ഉമ്മാന്റെ കാലിനിടയിലാണ് സ്വര്‍ഗം എന്നെല്ലാവര്‍ക്കും അറിയാം. ബാപ്പ സ്വര്‍ഗത്തിന്റെ നടുവിലെ വാതിലാണെന്നതുകൂടി അറിയണം.
ഉമ്മയും ബാപ്പയുമുള്ളവര് മഹാഭാഗ്യവാന്മാരാണ്. അവരുണ്ടാകുമ്പോള് അവരെ നന്നായി പരിഗണിച്ചോളൂ. പോയിട്ട് ഖേദിച്ചിട്ടെന്ത് കാര്യം.
ഉമ്മാനെ നന്നായി ശ്രദ്ധിക്കുന്നവര്‍ തന്നെ, ബാപ്പാനെ ചിലപ്പോള്‍ അവഗണിക്കാറുണ്ട്. ഇന്ന് നിത്യകാഴ്ചയാണിത്. മക്കളൊക്കെ നല്ല നിലയിലായി, നല്ല വരുമാനവും മറ്റെല്ലാമുണ്ട്. അന്നേരം ഉമ്മയും മക്കളും കൂടി ഒക്കും. ബാപ്പാക്ക് കാര്യമായ റോളൊന്നുമില്ലാതെയായി മാറും. പേരക്കുട്ടികള്‍ക്ക് മിഠായി വാങ്ങാന്‍ ചില്ലറക്കാശിനുപോലും മക്കളോടോ മറ്റോ കെഞ്ചേണ്ട ഗതികേട് വരും.
മക്കള്‍ ബാപ്പാനെ പരിഗണിക്കുന്നുണ്ടെന്ന് വരുത്തിത്തീര്ക്കാറുണ്ട്. അവരോട് പറയും - ഇനി നിങ്ങള്‍ പണിക്കുപോകണ്ട, ഞാനുണ്ടല്ലോ. ഇതുംപറഞ്ഞ് മക്കളങ്ങോട്ട് പോകും. ബാപ്പാക്ക് പ്രത്യേകിച്ച് കാശൊന്നും കൊടുക്കുകയില്ല. ചെലവിന് കൊടുക്കുന്നുണ്ടല്ലോ എന്ന ന്യായവും പറയും.
എന്തായാലും അവര്‍ക്ക് സ്വന്തമായി കുറച്ച് കാശെങ്കിലും, അവര്‍ ചോദിക്കാതെത്തന്നെ അങ്ങോട്ട് കൊടുക്കണം. അവരുടേതായ എന്തെല്ലാം ആവശ്യങ്ങളും ചെലവുകളുണ്ടാകും.
മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുക എന്നത് വന്‍പാപമാണ്.
قال رسول الله صلى الله عليه وسلم: ألا أحدِّثُكُم بأَكْبرِ الكبائرِ؟ قالوا: بلَى يا رسولَ اللَّهِ ، قالَ : الإشراكُ باللَّهِ ، وعُقوقُ الوالدينِ (ترمذي)
ദേഷ്യത്തോടെയോ വെറുപ്പോടെയോ നോക്കുക പോലും ചെയ്യരുത്.
ബഹുമാനിക്കണം, ആദരിക്കണം. അവരുടെ മുന്നില്‍ നടക്കരുത്,
കയര്ക്കരുതെന്നല്ല ശബ്ദമുയര്‍ത്തുക പോലും ചെയ്യരുത്, അവര്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം. പേരു വിളിക്കരുത്, മറ്റുള്ളവരുടെ മുമ്പില്‍ അവരെ കൊച്ചാക്കുന്ന സംസാരങ്ങളോ പ്രവര്‍ത്തനനങ്ങളോ അരുത്. ഇങ്ങനെ.....
ഇന്നിപ്പോ എഴുന്നേല്ക്കലൊന്നും ഇല്ല ല്ലേ. മൊബൈലില്‍ തന്നെയാണ് എല്ലാവരും. നേരെ പേരു വിളിക്കുന്നവരുമുണ്ട്.
അപമര്യാദകള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ പൊരുത്തപ്പെടീക്കണം. പല നിലക്കും എടങ്ങേറാക്കിയിട്ടുണ്ടാകും അല്ലേ, ബോധമില്ലാതെ നടന്നിരുന്ന കാലത്തൊക്കെ. എല്ലാം പൊരുത്തപ്പെടീക്കുക.
وَبِالْوَالِدَيْنِ إِحْسَانًا
മരണപ്പെട്ടതിനു ശേഷവും മാതാപിതാക്കളോടുള്ള ഈ നന്മ മുറിയാന്‍ പാടില്ല. സത്യത്തില്‍ മരണപ്പെട്ടതിനുശേഷമാണ് നമ്മുടെ സഹായം ഏറ്റവും കൂടുതല്‍ അവര്‍ക്ക് ആവശ്യമുള്ളത്. ഒറ്റക്കല്ലേ. ജീവിതകാലത്ത് നമ്മളെ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ മറ്റാരെങ്കിലുമൊക്കെ സഹായത്തിനെത്തും. പക്ഷേ, മരണപ്പെട്ടതിനു ശേഷം നമ്മുടെ ദുആയല്ലേ അവര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുക.
നല്ലവണ്ണം ദുആ ചെയ്യുക. ദിവസവും എന്തെങ്കിലുമൊക്കെ ഓതിയിട്ടോ സ്വദഖയോ മറ്റു സല്‍ക്കര്‍മങ്ങളോ ചെയ്തിട്ടോ ഹദ്യ ചെയ്യുക. മിനിമം ഫാതിഹയെങ്കിലും.
കൂട്ടത്തില്‍ നമ്മുടെ വല്ലിപ്പ-വല്ലിമ്മമാര്ക്കുവേണ്ടിയും ചെയ്യുക. അവര്‍ക്കും വേറെയാരും ഇല്ലല്ലോ. നമ്മുടെ മാതാപിതാക്കളായിരുന്നല്ലോ അവര്‍ക്കുവേണ്ടി ദുആ ചെയ്യാനുണ്ടായിരുന്നത്.
നമ്മുടെ മക്കളെയും ഇത് പഠിപ്പിക്കുക. ശീലിപ്പിക്കുക. ഖബര്‍ സിയാറത്തിന് കൂടെ കൊണ്ടുപോകുക. പഠിച്ചത് ഓതി ഹദ്യ ചെയ്യാന്‍ പറയുക. എന്നാലല്ലേ, ആ ഒരു ബോധം ഉണ്ടാകൂ. മയ്യിത്ത് നിസ്കരിക്കാന്‍ അറിയാത്ത, മിനിമം ലെവലിലെങ്കിലും ദുആ അറിയാത്ത മക്കളുണ്ടായിട്ട് എന്ത് കാര്യം.
وَلَدٌ صَالِحٌ يَدْعُو لَهُ - മരണശേഷം ഉപകാരപ്പെടുന്ന കാര്യങ്ങളുടെ കൂട്ടത്തില്‍, തനിക്ക് വേണ്ടി ദുആ ചെയ്യുന്ന സ്വാലിഹായ മകന് എന്നാണല്ലോ ഹദീസില്‍ പറഞ്ഞത്.
എങ്ങനെ ദുആ ചെയ്യണമെന്നുവരെ അല്ലാഹു പഠിപ്പിച്ചുതന്നില്ലേ.
وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (24)الإسراء
ചെറുപ്പത്തില്‍ എന്നോട് കരുണ കാണിച്ചതുപോലെ.
നമ്മള് വളരണം, നമുക്കപകടമൊന്നും പറ്റരുത്.. മരിക്കരുത് എന്ന് കരുതി ഭക്ഷണം തന്നു. ചികിത്സിച്ചു, ഉറക്കമൊഴിച്ചു.
അതുപോലെ നമ്മളും അവരോട് പെരുമാറണമെന്ന് പഠിപ്പിക്കുകയാണ്. കുറച്ച് കാലം കൂടിയല്ലേ ഉള്ളൂ, മരിച്ചുകിട്ടുമല്ലോ എന്ന് കരുതരുത്.
മതാപിതാക്കള്‍ ബന്ധം പുലര്‍ത്തിയിരുന്നവരോട് ബന്ധം പുലര്‍ത്തുക – അത് കുടുംബബന്ധമാകട്ടെ, സ്നേഹിതന്മാരോടുള്ള ബന്ധമാകട്ടെ- ഇത് വലിയ കാര്യമാണെന്നാണ് നബി صلى الله عليه وسلم പഠിപ്പിച്ചത്. ഏറ്റവും നല്ല നന്മ, തന്റെ ബാപ്പാന്റെ സ്നേഹിതരോട് ഒരാള്‍ ബന്ധം പുലര്‍ത്തുന്നതാണെന്നാണ് ഹദീസിലുള്ളത്.
)عن عبد الله بن عمر -رضي الله عنهما- أَنَّ رَجُلاً مِنَ الأعرَاب لَقِيهَ بِطَريق مَكَّة، فَسَلَّم عَلَيه عَبد الله بنُ عمر، وَحمَلهُ على حمار كان يركَبُهُ، وَأعطَاه عِمَامَة كَانت على رأسه، قال ابن دينار: فقُلنا له: أَصْلَحَك الله، إنَّهم الأعراب وهُم يَرْضَون بِاليَسِير، فقال عبدُ الله بنَ عُمر: إِنَّ أَبَا هَذَا كَانَ وُدًّا لِعُمر بنِ الخطَّاب -رضي الله عنه- وإنِّي سَمِعت رسول الله -صلى الله عليه وسلم- يقول: «إِنَّ أَبَرَّ البِرِّ صِلَةُ الرَّجُل أَهْلَ وُدِّ أَبِيه». (
وَبِالْوَالِدَيْنِ إِحْسَانًا
ഇങ്ങനെയൊരു നന്മ, നമ്മളുടെ മക്കളുടെ ഭാഗത്തുനിന്ന് നമുക്കും കിട്ടണമെന്ന് ആഗ്രഹമില്ലേ, കിട്ടണെങ്കില് നമ്മളും കുറച്ചൊക്കെ ശ്രദ്ധിക്കണം. കൊടുത്തതല്ലേ തിരിച്ചുകിട്ടൂ كَمَا تَدِينُ تُدَان
ആ നിലക്കായിരിക്കണം മക്കളെ നമ്മള് വളര്‍ത്തേണ്ടത്. ദീന് പറഞ്ഞുകൊടുക്കേണ്ടത്. സ്നേഹത്തോടെ പെരുമാറേണ്ടത്. അടിച്ചമര്‍ത്തലുകള്‍ വേണ്ട.
ബാപ്പാനെ കുട്ടികള്‍ക്ക് പേടി വേണ്ട. ബാപ്പ വീട്ടിലേക്ക് വന്നാല്‍ എല്ലാവര്ക്കും പേടിയാണ്. ഭര്‍ത്താവ് വീട്ടിലേക്ക് വരുന്നതാലോചിച്ചാല് ഭാര്യക്ക് പേടിയാണ്. ഈ കോലത്തിലാണ് പെരുമാറ്റമെങ്കില്‍ തിരിച്ചൊന്നും പ്രതീക്ഷിക്കേണ്ട. ഏറ്റവും മോശം ആളുകളാണ് ഈ സ്വഭാവമുള്ളവര്‍.
وَذِي الْقُرْبَى
കുടുംബബന്ധമുള്ളവര്‍ – അകന്നതായാലും അടുത്തതായാലും.
അവരുമായി ബന്ധപ്പെട്ട ഏതു നല്ല കാര്യങ്ങള്‍ക്കും രണ്ട് കൂലിയല്ലേ – നന്മ ചെയ്ത കൂലിയും, കുടുംബ ബന്ധം ചേര്ത്തകൂലിയും.
ഒരിക്കലും പിണങ്ങി നില്‍ക്കരുത്. അവരിങ്ങോട്ട് പിണങ്ങിയതായാലും നമ്മളങ്ങോട്ട് പോയി ശരിയാക്കാന്‍ ശ്രമിക്കുക. അവര്‍ വഴങ്ങുന്നില്ലെങ്കില്‍ പോട്ടെ, നമ്മളെ ഭാഗം ക്ലിയറായല്ലോ. കുടുംബക്കാരോട് തെറ്റിയിട്ട് കുറെ നല്ല അമുലകള് ചെയ്തിട്ടൊന്നും കാര്യമില്ല.
وَالْيَتَامَى
പിതാവ് മരണപ്പെട്ടുപോയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കാണ് യതീം എന്ന് പറയുന്നത്. അത്തരം കുട്ടികളുടെ അഭിവൃദ്ധിക്കുവേണ്ടി പരിശ്രമിക്കണം, എന്നാലേ സമുദായത്തിന് അഭിവൃദ്ധി ഉണ്ടാവുകയുള്ളൂ.
അനാഥകളെ സംരക്ഷിക്കല്‍ സമൂഹത്തിന്റെ ബാധ്യതയാണ്. ഒരു ബാപ്പ മരിച്ചാല്‍ കുറേ ബാപ്പമാര് ഉണ്ടാകണം.
നല്ല കൂലിയുള്ള കാര്യമാണ്. യതീമിന്റെ തല തടവിയാല്‍, കൈ തൊടുന്ന എല്ലാ രോമങ്ങളുടെയുമത്ര നന്മകള് രേഖപ്പെടുത്തപ്പെടുമെന്ന് ഹദീസിലുണ്ട്.
) مَنْ مَسَحَ رَأْسَ يَتِيمٍ لَمْ يَمْسَحْهُ إلا لِلَّه، كَانَ لَهُ بِكُلِّ شَعْرَةٍ مَرَّتْ عَلَيْهَا يَدُهُ حَسَنَاتٌ.(
ഹൃദയം കടുത്തുപോയിട്ടുണ്ടെങ്കില് അത് മാറാനുള്ള മരുന്നാണ് ഈ തടവല്‍.
عَنْ أَبِي هُرَيْرَةَ أَنَّ رَجُلًا شَكَا إلى رَسُولِ اللَّه قَسْوَةَ قَلْبِهِ فَقَالَ لَه: إِنْ أَرَدْتَ تَلْيِينَ قَلْبِكَ فَأَطْعِمْ الْمِسْكِينَ وَامْسَحْ رَأْسَ الْيَتِيم (أحمد)
തെറ്റുകള്‍ പൊറുത്തുകിട്ടാനുള്ള മാര്‍ഗവുമാണ്.
യതീമുകളെ നല്ല നിലക്ക് പോറ്റുന്ന വീട് ഏറ്റവും നല്ല വീടാണ്. മോശം വീടുകള്‍ അല്ലാത്തവയും.
عن أبي هريرة رضي الله عنه: قال رسول الله صلى الله عليه وسلم: خيرُ بيتٍ في المسلمينَ، بيتٌ فيه يتيمٌ يُحْسَنُ إليه، وشَرٌّ بيتٍ في المسلمينَ، بيتٌ فيه يتيمٌ يُساءُ إليه (ابن ماجه)
നല്ല കൂലിയുള്ള കാര്യമാണ്, പക്ഷേ, നല്ലവണ്ണം ശ്രദ്ധിക്കണം. പ്രത്യേകിച്ച് അവരുടെ മുതല്‍ കൈകാര്യം ചെയ്യുമ്പോള്‍. വന്‍ പാപങ്ങളില്‍ പെട്ടതാണ് അവരുടെ മുതല്‍ തിന്നുക എന്നത്.
നമ്മളാരെങ്കിലും യതീമുകളെ സംരക്ഷിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം.
പലരും അങ്ങനെ സംക്ഷിക്കുന്നുണ്ടാകാം. ജേഷ്ടന്, അനുജന്, എളാപ്പ, മൂത്താപ്പ തുടങ്ങി മരണപ്പെട്ടുപോയവരുടെ മക്കളുടെ മുതല്‍ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം.
ഏറ്റവും അടുത്ത കുടുംബക്കാരന് തന്നെ ഈ കുട്ടികളുടെ മുതല്‍ തട്ടിയെടുക്കലും അവരെ അപായപ്പെടുത്തലുമൊക്കെ ഇന്ന് സാര്‍വത്രികമാണ്. ഇന്നത്തെ പല ഡോക്യൂമെന്ററികളുടെയും കഥകളുടെയുമൊക്കെ ഇതിവൃത്തം തന്നെ ഇതല്ലേ.
നമ്മുടെ നാട്ടിലൊക്കെ എത്ര യതീംഖാനകളാണ് അല്ലേ. അഭിമാനിക്കാം നമുക്ക്. പക്ഷേ, നടത്തിപ്പുകാര്‍ നന്നായി ശ്രദ്ധിക്കണം.
ഇവരുടെയും സ്ത്രീകളുടെയും അവകാശങ്ങളുടെ കാര്യത്തില്‍ വളരെ Strict ആണ് പരിശുദ്ധ ശരീഅത്ത്.
عن أبي هريرة رضي الله عنه: قال رسول الله صلى الله عليه وسلم: اللَّهمَّ إنِّي أحرِّجُ حقَّ الضَّعيفينِ : اليتيمِ ، والمرأَةِ (ابن ماجه)
അല്ലാഹു തന്നെ രണ്ടു യതീമുകളുടെ ധനം സംരക്ഷിച്ചിട്ടുണ്ട്. ആ കഥ സൂറത്തുല്‍ കഹ്ഫിലൂടെ നമുക്ക് പറഞ്ഞുതന്നിട്ടുമുണ്ട് - ഭയങ്കര ഗൌരവമുള്ള വിഷയമാണെന്ന് പഠിപ്പിക്കുകയാണവിടെ.
وَأَمَّا الْجِدَارُ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَالِحًا فَأَرَادَ رَبُّكَ أَن يَبْلُغَا أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ ۚ وَمَا فَعَلْتُهُ عَنْ أَمْرِي ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا (82) سورة الكهف.
(‘ആ മതിലുണ്ടല്ലോ, ആ പട്ടണക്കാരായ രണ്ട് അനാഥക്കുട്ടികളുടേതായിരുന്നു അത്. അവര്‍ക്കുള്ള ഒരു നിക്ഷേപമുണ്ടായിരുന്നു അതിനു ചുവട്ടില്‍. അവരുടെ പിതാവ് ഒരു സദ്വൃത്തനായിരുന്നു. അതിനാല്‍ അവര്‍ രണ്ടുപേരും യൌവനപ്രാപ്തരാവുകയും നിക്ഷേപം പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ നാഥന് - തന്റെ അനുഗ്രഹമെന്ന നിലക്ക്-ഉദ്ദേശിച്ചു.’)
യതീമിന്റെ മുതലില്‍ കൈയിട്ടുവാരുന്നവര്‍, തിന്നുന്നവര്‍
തീയാണ് വയറില്‍ നിറക്കുന്നത്.
إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَى ظُلْمًا إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَارًا وَسَيَصْلَوْنَ سَعِيرًا (النساء 10)
ആഖിറത്തില്‍ വെച്ച് വായയില്‍ നിന്ന് പുക വരുമത്രെ, ഇവരെ വേറെ തിരിച്ചറിയാന്‍. അല്ലെങ്കില്‍ ഇവിടെ വെച്ചുതന്നെ വയറുസംബന്ധമായ അസുഖങ്ങള്‍ വരാം. യതീം മക്കളുടെ മുതലും അല്ലാത്തതും തമ്മില്‍ കൂടിക്കലരാതെ നോക്കേണ്ടത് അത്യാവശ്യമാണ്.
وَالْمَسَاكِينِ
അഗതികള്‍. തീരെ പാവപ്പെട്ടവരോ തീരെ വരുമാനില്ലാത്തവരോ അല്ല ഇപ്പറഞ്ഞത്. ഉണ്ട്, പക്ഷേ, ആവശ്യങ്ങള്‍ക്ക് തികയുന്നില്ല. അത്തരമാളുകളാണ് ഉദ്ദേശ്യം.
അപ്പോപ്പിന്നെ ഫഖീറിനെ എന്തായാലും പരിഗണിക്കേണ്ടേ.
അവരെ അന്വേഷിച്ച് അങ്ങോട്ടുപോയി കൊണ്ടുകൊടുക്കുക. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുക.
ഇങ്ങോട്ട് യാചിച്ചുവരേണ്ട അവസ്ഥ ഉണ്ടാക്കരുത്. യാചകന്മാരെ ഉണ്ടാക്കുന്നതും നമ്മള് തന്നെയാണ് അല്ലേ.. ഓരോ മഹല്ലിലും വ്യവസ്ഥാപിതമായി, സകാത്തും മറ്റു കാര്യങ്ങളും വിതരണം നടക്കുകയാണെങ്കില്‍, ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോക്കും സകാത്ത് വാങ്ങാന്‍ തന്നെ ആളില്ലത്ത അവസ്ഥ വരും. അതിശയോക്തിയല്ല ഇത്.
യാചന ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല എന്നത് ശരി തന്നെ. പക്ഷേ,
നമ്മുടെ വീട്ടിലാരെങ്കിലും യാചിച്ചു വന്നാലോ, ആട്ടിപ്പായിപ്പിക്കുകയാണോ വേണ്ടത്. അല്ല, മാന്യമായി പറഞ്ഞയക്കുകയാണ് വേണ്ടത്. ഒന്നും കൊടുക്കാനില്ലെങ്കില്‍ പോലും നല്ല വാക്കുപറഞ്ഞ് തിരിച്ചയക്കാമല്ലോ.
ഇന്നിപ്പോ അങ്ങനെയാണോ? ചോദ്യം ചെയ്യുകയല്ലേ ചെയ്യുന്നത്. മസ്അലകള്‍ ചോദിക്കാന്‍ തുടങ്ങും. ടെസ്റ്റ് പാസ്സാകണം, എന്നാലേ വല്ലതും കൊടുക്കൂ. അത് വീഡിയോ എടുത്ത് പ്രചരിപ്പിച്ച് അയാളെ വഷളാക്കും. കള്ളനാണയങ്ങള്‍ ഏതുകാര്യത്തിലുമുണ്ടാകും. തട്ടിപ്പും വെട്ടിപ്പുമാണ് ബോധ്യമായാല്‍ ഉത്തരവാദപ്പെട്ടവരെ അറിയിച്ച് മാന്യായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്.
അവരുടെ പെരുമാറ്റം/ഉള്ളുകള്ളികള്‍ എന്തോ ആയിക്കോട്ടെ. നമ്മളെ ഇങ്ങോട്ട് ചീത്ത വരെ പറയും ചിലപ്പോള്‍. കൊടുത്തത് പോരാന്നും പറയും. അതവരും പടച്ചോനും തമ്മിലുള്ള കാര്യം. നമ്മളും ആ ലെവലിലേക്ക് താഴുകയല്ലല്ലോ വേണ്ടത്.
وَقُولُوا لِلنَّاسِ حُسْنًا
എല്ലാവരോടും നല്ല വാക്ക് പറയണം. എന്നാല്പിന്നെ അങ്ങോട്ടുമിങ്ങോട്ടും പകയോ പോരോ പിണക്കങ്ങളോ ഒന്നുമുണ്ടാകില്ല. എന്തൊരു റാഹത്തായിരിക്കും - തെറ്റിപ്പിരിയാതെ ഒത്തൊരുമിച്ച് കഴിയാമല്ലോ.
ഓരോ വിഭാഗത്തെയും പ്രത്യേകം പറഞ്ഞ ശേഷം, മനുഷ്യരോടെല്ലാവരോടും നല്ല നിലയില്‍ പെരുമാറാന്‍ കല്പിക്കുകയാണിവിടെ. ഇതെല്ലാം നല്ല സ്വഭാവത്തിന്റെ ലക്ഷണങ്ങളാണല്ലോ.
എല്ലാരോടും കുരച്ചുചാടി, കടിച്ചുകീറി, മുഖം കറുപ്പിച്ച് നടക്കുന്നവര്‍, പരുഷ സ്വഭാവം കൊണ്ടുനടക്കുന്നവര്‍... അങ്ങനെ വേണ്ട. എന്താണതുകൊണ്ട് നേട്ടം?!
ഏറ്റവും നല്ല മനുഷ്യര്‍ എല്ലാവരോടും നല്ല സ്വഭാവത്തോടെ, ഫ്ലെക്സിബിളായി പെരുമാന്നുവരാണ്. അത്തരക്കാരെ നരകം തൊടില്ല. തീരെ ഗൌരവം വേണ്ട എന്നല്ല ഇപ്പറഞ്ഞത്, വേണ്ടിടത്ത് ഗുണകാംക്ഷസഹിതം ഗൌരവം കാണിക്കുകതന്നെ വേണം.
ഇതുവരെ പറഞ്ഞത് കടപ്പാടുകളെക്കുറിച്ചാണ്. ഇനി ശാരീരികവും സാമ്പത്തികവുമായ അനുഷ്ഠാനകര്‍മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കര്‍മങ്ങളെക്കുറിച്ച് - നമസ്കാരത്തെയും സകാത്തിനെയും കുറിച്ച് - പറയുകയാണ്.
وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ
വ്യക്തിപരമായ സംസ്കരണത്തില്‍ നമസ്കാരത്തിനും സാമൂഹികമായ പുരോഗതിയില്‍ സകാത്തിനുമുള്ള പങ്ക് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
ഇത് രണ്ടും പണ്ട് മുതലേയുള്ള, വളരെ പ്രധാനപ്പെട്ട 2 നിര്‍ബന്ധ കര്‍മങ്ങളാണ് – ഓരോ ഉമ്മത്തിനും അനുഷ്ഠാനമുറകളില്‍ ചില വ്യത്യാസങ്ങളുണ്ടാകുമെന്ന് മാത്രം.
ഈ പറയപ്പെട്ട ഓരോ കാര്യവും ഇസ്രാഈലുകാരുടെ പുറപ്പാട് പുസ്തകത്തിലും മറ്റും സ്പഷ്ടമായി വിവരിച്ചിട്ടുണ്ട്. പക്ഷേ, മിക്കവരും പ്രവൃത്തിയില്‍ കൊണ്ടുവരുന്നതില്‍ പിറകോട്ടാണ്.
وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ لَا تَعْبُدُونَ إِلَّا اللَّهَ وَبِالْوَالِدَيْنِ إِحْسَانًا
ഇസ്റാഈല്യരോട് അല്ലാഹു വാങ്ങിയ ഈ കരാര്‍ അവര്‍ക്ക് മാത്രം ബാധകമായ കരാറല്ല. അതിലെ ഓരോ വകുപ്പുകളും അന്നത്തെ പോലെ ഇന്നും പാലിക്കാന്‍ നമ്മളെല്ലാവരും ബാധ്യസ്ഥരാണ്.
ഈ രണ്ടുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ, ബാക്കിയുള്ള നിര്‍ബന്ധ കാര്യങ്ങളെല്ലാം (നോമ്പ്.....) മനുഷ്യന് താനേ അനുഷ്ഠിച്ചുകൊള്ളും, അതാണ് ഇവിടെ 2 എണ്ണം ചുരുക്കിപ്പറഞ്ഞത്.
മിക്കവരും ഈ രണ്ട് കാര്യത്തിലും ഇന്ന് പൊതുവെ അശ്രദ്ധരാണ്. ഈ അശ്രദ്ധ കൈവെടിഞ്ഞേ മതിയാകൂ.
--------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment