സ്വഫിയ്യ(റ)- ധീരതയുടെ പെണ്‍രൂപം

ഇതൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ളതാണ്. ഞാന്‍ അവന്റെ വിധിയില്‍ തൃപ്തിപ്പെടുന്നു, കടിച്ചമര്‍ത്താനാകാത്ത വേദനയനുഭവിക്കുന്നുണ്ടെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ ക്ഷമയോടെ നിലകൊള്ളും, ഇന്‍ശാ അല്ലാഹ്.’

ഉഹ്ദ് യുദ്ധവേളയില്‍ ഷഹീദായ ഹംസ (റ)ന്റെ അടുക്കൽ വെച്ച് അവരുടെ സഹോദരി പറഞ്ഞ വാക്കുകളാണ് ഇത്. ഈ സഹോദരിയുടെ പേരാണ് സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്വലിബ് (റ).

ഇസ്‌ലാമിലെ മഹിളകളില്‍ അതിപ്രധാന സ്ഥാനം അലങ്കരിച്ച, ഇസ്‌ലാമിനുവേണ്ടി വനിതകളില്‍ നിന്ന് ആദ്യമായി യുദ്ധരംഗത്ത് ഒരു അവിശ്വാസിയെ വധിച്ച മഹതിയാണ് സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്ത്വലിബ്(റ). രണ്ട് ധീരരായ മുസ്‌ലിം പടനായകര്‍ക്ക് ജന്മം നല്‍കിയ ഈ മഹതി, നബി (സ) യുടെ അമ്മായി കൂടിയാണ്.

എല്ലാ അര്‍ത്ഥത്തിലും കുടുംബ മഹിമയില്‍ അവര്‍ മുന്നിട്ടുതന്നെ നിന്നു. അവരുടെ പിതാവ് അബ്ദുല്‍ മുത്ത്വലിബ് നബി (സ്വ) യുടെ പിതാമഹനും ഖുറൈശി നേതാവും എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വവുമായിരുന്നു. മാതാവാകട്ടെ നബി (സ) യുടെ മാതൃസഹോദരിയായ ഹാല ബിന്‍ത് വഹബും.

ആദ്യഭര്‍ത്താവ്, അബൂസുഫിയാന്‍(റ)ന്റെ സഹോദരന്‍ ഹാരിസ് ഇബ്‌നു ഹര്‍ബ്, ഖുറൈശികളിലെ പ്രബല ഗോത്രമായ ഉമയ്യ ഗോത്രത്തിന്റെ നേതാക്കളിലൊരാള്‍. അദ്ദേഹം മരണപ്പെട്ടതിനു ശേഷമാണ് അവര്‍ വിവാഹം കഴിച്ചത് അവ്വാം ബിന്‍ ഖുവൈലിദിനെയായിരുന്നു. അദ്ദേഹമാകട്ടെ പ്രവാചക പത്‌നി ഖദീജ(റ)യുടെ സഹോദരനും. സ്വര്‍ഗ്ഗം കൊണ്ട് സന്തോഷവാര്‍ത്ത ലഭിച്ച പത്ത് പേരില്‍ പ്രമുഖനായ സുബൈറുബ്നുല്‍ അവ്വാം അവരുടെ മകനാണ്. ഇങ്ങനെ രക്തബന്ധം കൊണ്ടും വിവാഹബന്ധം കൊണ്ടും റസൂലിനോട് ചേര്‍ന്നുനില്‍ക്കുന്ന മാറ്റാരെങ്കിലുമുണ്ടോ എന്ന് തോന്നുമാറ് മഹത്ത്വപൂര്‍ണമായ ജീവിതംകൊണ്ട് അനുഗ്രഹിക്കപ്പെട്ട വനിതയായിരുന്നു സ്വഫിയ്യ(റ).
തന്റെ മകന്‍ സുബൈര്‍ ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ ഭര്‍ത്താവ് അവ്വാം മരണപ്പെടുകയുണ്ടായി. മകന്‍ സുബൈറിനെ ആ മാതാവ് ഏറെ ബുദ്ധിമുട്ടിയാണ് വളര്‍ത്തിയത്. ഏങ്കിലും അവര്‍ അവന് യുദ്ധതന്ത്രവും ആയോധന കലകളും അശ്വരൂഢഭടത്വവും അഭ്യസിപ്പിച്ചു. അവന്‍ കളിച്ചുവളര്‍ന്നത് കുന്തങ്ങള്‍കൊണ്ടും അമ്പും വില്ലും നന്നാക്കിയുമായിരുന്നു. ഏത് ഭയചകിതമായ അന്തരീക്ഷത്തിലൂടെ കടന്നുപോകാനും പ്രതിസന്ധികളെ അതിജീവിക്കാനും അവര്‍ അവനെ പ്രാപ്തനാക്കി.

ചെറിയ വീഴ്ചകള്‍ക്ക് പോലും ആ മാതാവ് മകന് വേദനിക്കുന്ന ശിക്ഷകള്‍ നല്‍കി. പലരും അതില്‍ അവരെ ആക്ഷേപിച്ചു പറയുകയുണ്ടായി: ‘നിങ്ങള്‍ക്ക് എന്തോ പകയുള്ളത് പോലെയാണല്ലോ ആ കുട്ടിയെ നിങ്ങള്‍ ശിക്ഷിക്കുന്നത്. ഇതൊരു മാതാവിന്റെ പ്രവര്‍ത്തനമാണോ?” അപ്പോഴെല്ലാം അവരുടെ മറുപടി ഇതായിരുന്നു: ‘എനിക്ക് എന്റെ പുത്രനോട് പകയാണെന്ന് പറയുന്നവര്‍ തനി വ്യാജമാണ് പറയുന്നത്, ഞാനവനെ അടിക്കുന്നത് അവന്‍ ബുദ്ധികൂര്‍മതയോടെ കാര്യങ്ങള്‍ അറിഞ്ഞു മനസ്സിലാക്കാനാണ്. തന്‍മൂലം അവന് സൈന്യങ്ങളെ പരാജയപ്പെടുത്താനും വിജയങ്ങള്‍ ആവര്‍ത്തിക്കാനുമാകും.’

നബി (സ്വ)യെ അല്ലാഹു ദിവ്യബോധനം നല്‍കി പ്രവാചകനാക്കിയപ്പോള്‍, ആദ്യം അടുത്ത ബന്ധുക്കളില്‍നിന്ന് പ്രബോധനം ആരംഭിക്കാനായിരുന്നുവല്ലോ നിര്‍ദ്ദേശം. അതനുസരിച്ച് നബി (സ) അബ്ദുല്‍ മുത്ത്വലിബിന്റെ കുടുംബത്തെ സമീപിച്ചു. അവരിലെ മുതിര്‍ന്നവരെയും സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും നബി പ്രത്യേകം കാണുകയും വിളിച്ചുകൂട്ടുകയും ചെയ്തു. അവരെ അഭിസംബോധന ചെയ്ത കൂട്ടത്തില്‍ നബി (സ) ആരംഭിച്ചത് ഇങ്ങനെയാണ്: ‘അല്ലയോ മുഹമ്മദിന്റെ മകള്‍ ഫാത്വിമാ… അല്ലയോ അബ്ദുല്‍ മുത്ത്വലിബിന്റെ മകള്‍ സ്വഫിയ്യാ… അല്ലയോ അബ്ദുല്‍ മുത്ത്വലിബിന്റെ കുടുംബമേ… അല്ലാഹുവിന്റെയടുക്കല്‍ നിങ്ങള്‍ക്കുവേണ്ടി യാതൊന്നും നേടിത്തരാന്‍ എനിക്കാവില്ല.’

പിന്നീട് നബി(സ) സ്വഫിയ്യ(റ)യെ വ്യക്തിപരമായി ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുകയും അവര്‍ അല്ലാഹുവിന്റെ പ്രകാശവഴിയിലേക്ക് കടന്നുവരികയും ചെയ്തു. ഇസ്‌ലാമിക നിരയിലേക്ക് ആദ്യം കടന്നുവന്നവരുടെ കൂട്ടത്തില്‍ നമുക്ക് സ്വഫിയ്യ(റ)യെ കാണാം. അഭിമാന ബോധത്തോടെ അവര്‍ ഇസ്‌ലാമിനു വേണ്ടി നിലകൊണ്ടു. ആ പ്രകാശം മറ്റുള്ളവര്‍ക്ക് പങ്ക് വെക്കാന്‍ കൂടി അവര്‍ സധൈര്യം തയ്യാറായി.

സ്വഫിയ്യയും മകന്‍ സുബൈറും ഇസ്‌ലാമിക പ്രകാശത്തിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനമുറപ്പിച്ചു. ആദ്യകാലത്തെ വിശ്വാസികള്‍ ഖുറൈശികളില്‍നിന്നേറ്റു വാങ്ങിയ എല്ലാ പീഢനങ്ങളും അവരും എല്‍ക്കേണ്ടിവന്നു.

പിന്നീട് നബി(സ്വ)ക്കും അനുചരന്മാര്‍ക്കും മദീനയിലേക്ക് പലായനം നടത്താന്‍ അല്ലാഹു അനുവാദം നല്‍കിയപ്പോള്‍ തന്റെ എല്ലാ ബന്ധങ്ങളും ഓര്‍മകളും സുഖസൗകര്യങ്ങളും മക്കയില്‍ ബാക്കിയാക്കി ആ ഖുറൈശി പ്രമുഖ മദീനയെ ലക്ഷ്യം വെച്ച് ഹിജ്‌റക്ക് തയ്യാറായി, അല്ലാഹുവിന്റെ മതമനുസരിച്ചു ജീവിക്കുവാനുള്ള കൊതിയുമായി. ഒരു അറുപതു വയസ്സുകാരി തന്റെ ജീവിതസന്ധ്യയില്‍ ഇത്തരം ഒരു ത്യാഗത്തിന് മുതിര്‍ന്നത് ഇന്നും ചരിത്രത്തിലെ അല്‍ഭുതങ്ങളായി ബാക്കിനില്‍ക്കുന്നു.

സ്വഫിയ്യ(റ)ക്ക് യുദ്ധരംഗത്ത് ഒരു പക്ഷേ, മറ്റൊരു മുസ്‌ലിം വനിതയ്ക്കും പറയാനാകാത്ത ധീരതയുടെ ചരിത്രം പറയാനുണ്ടാകും. പ്രത്യേകിച്ചും ഉഹ്ദ്, ഖന്ദഖ് യുദ്ധ വേളകളില്‍.

ഉഹ്ദ് യുദ്ധവേളയില്‍ സ്വഫിയ്യ(റ) പുറപ്പെട്ടത് ഒരുപറ്റം മുസ്‌ലിം സ്ത്രീകളുടെ കൂടെയായിരുന്നു. അവര്‍ തോല്‍പാത്രങ്ങളില്‍ വെള്ളം ശേഖരിച്ച് യുദ്ധഭൂമിയിലെ പടയാളികളെ കുടിപ്പിക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ഒടിഞ്ഞുപോയ അമ്പും വില്ലുമടക്കമുള്ള ആയുധങ്ങള്‍ ശരിയാക്കി കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അതോടൊപ്പം അവര്‍ യുദ്ധത്തെ എല്ലാ അര്‍ഥത്തിലും വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുമുണ്ടായിരുന്നു. അവരുടെ സഹോദര പുത്രന്‍കൂടിയായ മുഹമ്മദ് നബി(സ) യാണല്ലോ യുദ്ധം നയിച്ചുകൊണ്ടിരുന്നത്. അവരുടെ സഹോദരന്‍ ഹംസ(റ), മകന്‍ സുബൈര്‍ ബിന്‍അവ്വാം(റ) എന്നിവര്‍ യുദ്ധനിരയില്‍ മുമ്പില്‍ത്തന്നെ നിലക്കൊള്ളുന്നവരും. അതിനെല്ലാമപ്പുറം താനടക്കം എല്ലാവരും വിശ്വസിച്ചിരിക്കുന്ന ആദര്‍ശത്തിന്റെ, ഇസ്‌ലാമിന്റെ നിലനില്‍പ്പിനാണല്ലോ ഈ പോരാട്ടം. അതിനുവേണ്ടിയായിരുന്നല്ലോ മക്ക വിട്ട് അവര്‍ ഹിജ്‌റ ചെയ്തത്. ആ സ്വര്‍ഗ വഴിയിലാണല്ലോ ക്ഷമയോടെ അവര്‍ കാത്തിരിക്കുന്നതും.

യുദ്ധത്തിനിടയില്‍ റസൂലിന്റെ അടുക്കല്‍ പടയാളികളുടെ എണ്ണം വളരെ കുറയുന്നതും സര്‍വ സന്നാഹങ്ങളുമുപയോഗിച്ച് ശത്രുക്കള്‍ റസൂലിനെ നേരിട്ട് ആക്രമിക്കാന്‍ ഒരുങ്ങുന്നതും അവര്‍ കണ്ടു. അവരുടെ ധൈര്യവും സ്ഥൈര്യവും ഉണര്‍ന്നു, ആക്രമിക്കപ്പെട്ട ഒരു പെണ്‍സിംഹത്തിന്റെ കരുത്തോടെ അവര്‍ ചാടിയിറങ്ങി. പരിക്കേറ്റ ഒരു പടയാളിയില്‍നിന്ന് ആയുധങ്ങള്‍ എടുത്ത് യുദ്ധനിരയിലേക്ക് അവര്‍ കുതിച്ചു. തന്റെ കുതിരയെ ശക്തമായി മുന്നോട്ടു നയിച്ച് മുസ്‌ലിം സൈനികരോട് അവര്‍ ആക്രോശിച്ചു: ‘നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനെ പരാജയപ്പെടുത്താന്‍ സമ്മതിച്ചുകൊടുക്കുകയാണോ?’

അവര്‍ മുന്നോട്ട് നീങ്ങുന്നത് കണ്ട പ്രവാചകന്‍ ആശങ്കപ്പെട്ടു. കാരണം അവരുടെ സഹോദരന്‍ കൂടിയായ തന്റെ പിതൃവ്യന്‍ ഹംസ(റ) കരളടക്കം പിച്ചിച്ചീന്തപ്പെട്ട് കിടക്കുന്ന യുദ്ധ ഭൂമിയാണ് അത്. സുബൈറി(റ)നോട് നബി (സ) ആഗ്യം കാണിച്ച് കൊണ്ട് പറഞ്ഞു, ‘സുബൈര്‍, ഉമ്മ… സുബൈര്‍, ഉമ്മ…!’

സുബൈര്‍(റ) ഉമ്മയെ ഉച്ചത്തില്‍ വിളിച്ചു: ‘ഉമ്മാ…ഉമ്മാ…!’ അവര്‍ പ്രതികരിച്ചത് ‘അങ്ങോട്ട് മാറി നില്‍ക്ക്, നിനക്ക് ഉമ്മയില്ലെന്ന് കരുതിക്കോ’ എന്നായിരുന്നു!

മകന്‍ ഉമ്മയോട് വിളിച്ചു പറഞ്ഞു: ‘ഉമ്മാ! നബി ഉമ്മയോട് മടങ്ങിവരാന്‍ പറയുന്നു.’
അവര്‍ ചോദിച്ചു: ‘എന്തിന്? ഞാനറിഞ്ഞിട്ടുണ്ട് എന്റെ സഹോദരനടക്കം മരിച്ച്, അംഗഭംഗം സംഭവിച്ച് കിടക്കുന്നുണ്ടെന്ന്. അതാകട്ടെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്.’
ഇത് കേട്ട റസൂല്‍ (സ) പറഞ്ഞു: ‘സുബൈര്‍, അവരെ സ്വതന്ത്രമായി വിടുക.’ അതോടെ, സുബൈര്‍(റ) ആ ഉദ്യമത്തില്‍നിന്നും പിന്തിരിഞ്ഞു.

യുദ്ധം കഴിഞ്ഞു. യുദ്ധത്തിന്റെ കെടുതികള്‍ അവര്‍ക്ക് മുന്നില്‍ ദൃശ്യമായപ്പോള്‍ തന്റെ സഹോദരന്‍, ഇസ്‌ലാമിന്റെ മുന്നണിപ്പോരാളി, അല്ലാഹുവിന്റെ സിംഹം എന്നറിയപ്പെട്ട ഹംസ(റ)ന്റെ മൃതദേഹം അവര്‍ കണ്ടു. അത് എല്ലാ യുദ്ധനിയമങ്ങളും അതിലംഘിച്ചവിധം വയര്‍ പിളര്‍ന്നതും, കരള്‍ കടിച്ചുതുപ്പിയതും, മൂക്കും ചെവിയും അരിഞ്ഞെടുത്തതും, മുഖം വികൃതമാക്കപ്പെട്ടതുമായിരുന്നു.

സഹോദരനുവേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെതേടി ആ മഹതി പറഞ്ഞു: ‘ഇതൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്. ഞാന്‍ അവന്റെ വിധിയില്‍ തൃപ്തിപ്പെടുന്നു, കടിച്ചമര്‍ത്താനാകാത്ത വേദനയനുഭവിക്കുന്നുണ്ടെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ ക്ഷമയോടെ നിലകൊള്ളും, ഇന്‍ശാ അല്ലാഹ്.’

എന്നാല്‍ ഖന്ദഖ് യുദ്ധവേളയില്‍ സ്വഫിയ്യയുടെ ധൈര്യം ഇസ്‌ലാമിക ലോകം വീണ്ടും ശ്രദ്ധിച്ചു. സാധാരണഗതിയില്‍ യുദ്ധസമയത്ത് നബി (സ) സ്ത്രീകളെയും കുട്ടികളെയും കോട്ടക്കുള്ളില്‍ പാര്‍പ്പിച്ച് അവര്‍ക്ക് പരമാവധി സംരക്ഷണം കിട്ടുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. ഖന്ദഖ് യുദ്ധത്തിനൊരുങ്ങുമ്പോള്‍ ഇപ്രകാരം തന്റെ ഭാര്യമാരെയും കുടുംബാംഗങ്ങളെയും മുസ്‌ലിം സഹോദരിമാരെയും ഹസ്സാന്‍ ബിന്‍ സാബിത്ത്(റ)ന്റെ നിയന്ത്രണത്തിലുള്ള ഒരു കോട്ടക്കുള്ളിലാണ് സംരക്ഷണ കവചമൊരുക്കിയത്. ആ കോട്ട സുഭദ്രവും പെട്ടന്ന് തകര്‍ക്കാനാവാത്തതുമായിരുന്നു.

ഖന്ദഖിലെ വലിയ വാരിക്കുഴികള്‍ക്കപ്പുറത്ത് മുസ്‌ലിം സൈന്യം ശത്രുക്കളെ പ്രതീക്ഷിച്ചിരുന്നപ്പോള്‍ അവര്‍ കോട്ടയില്‍നിന്നും അവിടെയുള്ള ആളുകളില്‍നിന്നും അശ്രദ്ധരായി. ഈ സമയത്താണ് സ്വഫിയ്യ(റ)യുടെ അസാമാന്യധൈര്യവും നേതൃശേഷിയും പ്രകടമായത്. പുലര്‍ച്ചെ മുതല്‍ ആ കോട്ടയുടെ സംരക്ഷണം തീര്‍ത്ത് അവര്‍ ജാഗരൂകയായി നിലകൊണ്ടു.
ഇതിനിടയിലാണ് ഒരു ജൂതന്‍ ചാരപ്പണിക്കായി കോട്ടക്ക് ചുറ്റും കറങ്ങുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ക്ക് അതൊരു ചാരനാണെന്നും സ്ത്രീകള്‍ മാത്രമാണോ ഉള്ളിലുള്ളത്, അതല്ല അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ വല്ലവരുമുണ്ടോ എന്നറിയാനാണ് അയാളുടെ കറക്കമെന്നും മനസ്സിലായി. അപ്പോള്‍ സ്വഫിയ്യ(റ) ആത്മഗതം ചെയ്തു. ‘ഇതാ, ബനൂഖുറൈള ഗോത്രം നബിയുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചിരിക്കുന്നു. അവര്‍ ശത്രുപക്ഷത്തെ, അഥവാ ഖുറൈശികളെയും സഖ്യകക്ഷികളെയും സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. ഇവിടെയാകട്ടെ മുസ്‌ലിം സൈന്യത്തിന്റെ സാന്നിധ്യമില്ലതാനും. മുസ്‌ലിം സൈന്യം ഖന്ദഖ് ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയം, അവിടെ ശത്രുക്കളുടെ ആക്രമണം ഏത് സമയത്തും തുടങ്ങാനുമിടയുണ്ട്…’

ശത്രുക്കളെ സഹായിക്കാനായി ജൂതന്മാര്‍ മുസ്‌ലിം സ്ത്രീകളെയും കുട്ടികളെയും തടവിലാക്കാനിടയുണ്ടെന്ന് തിരിച്ചറിഞ്ഞ അവര്‍ തന്റെ മുഖമക്കന തലവഴി ചുറ്റിപ്പൊതിഞ്ഞ് അതിന്റെ അറ്റം വസ്ത്രത്തിനുള്ളിലേക്ക് ഇട്ടു. തുടര്‍ന്ന് മധ്യഭാഗത്ത് ഒരു കെട്ടും കെട്ടി ഒരു തടിക്കഷ്ണം ചുമലിലേറ്റി കോട്ട വാതിലിലേക്ക് ഇറങ്ങി. വളരെ പതിയെ കോട്ട വാതില്‍ തുറന്ന് ശത്രുവിന്റെ ശ്രദ്ധയില്‍ പതിയാതെ തനിക്ക് ആക്രമണത്തിന് പറ്റിയ ഒരു സ്ഥലത്ത് കയറിനിന്നു. ശത്രു കൃത്യസ്ഥലത്ത് എത്തിയതും ഒട്ടും മനോബലം ചോരാതെ ആ തടിക്കഷ്ണം അയാളുടെ തലയിലിട്ടു. ആ ഒറ്റ ആക്രമണത്തില്‍ തന്നെ അയാളുടെ കഥ കഴിച്ചു. രണ്ടും മൂന്നും തവണ അയാളെ അടിച്ച് മരണം ഉറപ്പുവരുത്തി.

തുടര്‍ന്ന് അയാളുടെ തലയറുത്തെടുത്ത് കോട്ടക്ക് മുകളില്‍ പ്രദര്‍ശിപ്പിച്ചു. തങ്ങളുടെ കൂട്ടുകാരന്റെ തല കോട്ടക്ക് മുകളില്‍ കണ്ടപ്പോള്‍ ജൂതര്‍ പകച്ചുപോവുകയും മുഹമ്മദ് തന്റെ സ്ത്രീകളെ സംരക്ഷകരില്ലാതെ നിര്‍ത്തിപ്പോകുമെന്നാണോ നിങ്ങള്‍ ധരിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് പരസ്പരം പഴിചാരുകയും ചെയ്തു.
ഹിജ്റ 20 ഉമർ( റ) ന്റെ ഭരണകാലഘട്ടത്തിൽ എഴുപത്തിമൂന്നാം വയസ്സിൽ സഫിയ്യ ബിൻത് അബ്ദുൽ മുത്വലിബ് (റ) വഫത്തായി. അന്ത്യനാള്‍ വരെ വരാനിരിക്കുന്ന മുസ്‍ലിംകള്‍ക്കെല്ലാം എന്നെന്നും ഓര്‍ക്കാവുന്ന ഒരു പിടി ചാരുദൃശ്യങ്ങള്‍ ബാക്കിവെച്ചായിരുന്നു ആ യാത്ര.

അവലംബം: 
ത്വബഖാതുൽ കുബ്റ
താരീഖുൽ ത്വബ് രി
ഇസ്വാബ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter