സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ: പിതാവിന്റെ വഴിയേ നടന്ന പുത്രന്‍
മുസ്‍ലിം കൈരളിക്ക് മറക്കാനാവാത്ത നാമമാണ് ഖുതുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ. പന്ത്രണ്ടാം നൂറ്റാണ്ടിൽ യമനിലെ ഹളർമൗത്തിൽ നിന്ന് മലബാറിൽ വന്ന് താമസമാക്കിയവരായിരുന്നു തങ്ങൾ. ബ്രിട്ടീഷ് അധിനിവേശകാലത്ത് വീര്യം ചോരാതെ ഈ സമൂഹത്തെ ഒന്നിച്ചു നേതൃത്വം നൽകാൻ ഈ തങ്ങൾ കുടുംബത്തിനായി.
ഹിജ്റാബ്ദം 1256, മമ്പുറം തങ്ങൾ രോഗ ശയ്യയിലായിരുന്ന സമയം. അന്ന് മലബാറിലെ എല്ലാ വൈദ്യന്മാരും തങ്ങളെ വന്ന് പരിശോധിച്ചു. പക്ഷെ രോഗത്തെ കുറിച്ച് അവർക്കാർക്കും ഒരെത്തും പിടിയും കിട്ടിയില്ല. അവര്‍ കുറിച്ച മരുന്ന് കൊണ്ടൊന്നും ഒരു ഫലവുമുണ്ടായില്ല. തങ്ങളുടെ രോഗ വിവരമറിഞ്ഞ് പ്രശസ്ത വൈദ്യനായ പാലേരി ആലിക്കുട്ടി വൈദ്യർ മമ്പുറത്തെത്തി, തങ്ങളെ കണ്ട് പരിശോധന നടത്തി പറഞ്ഞു; തങ്ങളെ കാലിൽ ഒരു മുറിവുണ്ട്, അത് കാരണമാ ഈ രോഗം. അതിന് മരുന്ന് വെക്കാൻ എന്നെ അനുവദിക്കണം. ചേറൂർ പടയിൽ സംഭവിച്ചതായിരുന്നു ഈ മുറിവ്, തങ്ങൾ രഹസ്യമാക്കി വെച്ചിരുന്ന മുറിവായിരുന്നു അസുഖ കാരണമെന്ന് വൈദ്യർ തുറന്ന് പറഞ്ഞപ്പോ അദ്ദേഹത്തിന് സന്തോഷമായി. താങ്കളാണ് യഥാർത്ഥ വൈദ്യർ എന്ന് പുഞ്ചിരി തൂകി കൊണ്ട് തങ്ങളവര്‍കൾ അദ്ദേഹത്തെ പ്രകീർത്തിച്ചു. ഹി.1260 മുഹറം 7 ന് ആ പ്രഭ അസ്തമിച്ചു. പുത്രൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ ആയിരുന്നു ജനാസ നിസ്ക്കാരത്തിന് നേതൃത്വം നൽകിയത്. പിതാവ് മരിക്കുന്ന സമയം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾക്ക് വെറും ഇരുപത് വയസ്സായിരുന്നു പ്രായം. പിതാവ് സമുദായത്തെ നയിച്ച സൽപന്ഥാവിലൂടെ തന്നെ ആത്മീയമായും ഭൗതികമായും ഉന്നമനങ്ങൾ ഈ സമൂഹത്തിന് നേടിക്കൊടുക്കുന്നതിൽ അതീവ ശ്രദ്ധപുലർത്തി പോന്നിരുന്നു സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ.
ഹി. 1240 ലിലായിരുന്നു അവരുടെ ജനനം. കൊയിലാണ്ടിയിലെ അബൂബക്കർ മദനിയുടെ മകൾ ഫാത്തിമ ബീവിയാണ് മാതാവ്. പ്രസിദ്ധ പണ്ഡിതനും സയ്യിദ് അലവി തങ്ങളുടെ സന്തത സഹചാരിയുമായ ചാലിലകത്ത് ഖുസ്വയ്യ് ഹാജിയിൽ നിന്ന് ഖുർആൻ, ഹദീസ്, ഇസ്‌ലാമിക ചരിത്രങ്ങൾ, തുടങ്ങി സർവ്വ വൈജ്ഞാനിക മേഖലകളിലും അഗാധ പാണ്ഡിത്യം കരസ്ഥമാക്കിയ ശേഷം പരപ്പനങ്ങാടി അബൂബക്കർ കോയ (ഔക്കോയ) മുസ്‍ലിയാർ, ബൈതാൻ മുഹമ്മദ് മുസ്‍ലിയാർ, വെളിയങ്കോട് ഉമർ ഖാളി, കോഴിക്കോട് ഖാസി മുഹ്‌യിദ്ദീൻ, തിരൂരങ്ങാടി ഖാസി സൈനുദ്ദീൻ മുസ്‌ലിയാർ, ഹളർമൗത്തിലെ ശൈഖ് സയ്യിദ് അബ്ദുല്ല ബിൻ ഉമർ തുടങ്ങിയ പ്രമുഖ പണ്ഡിതരുടെ ശിഷ്വത്വം സ്വീകരിച്ചു.
സ്വന്തം നാടിൻ്റെ സ്വാതന്ത്ര്യ ലബ്ധിക്കു വേണ്ടി പിതാവ് കാണിച്ച വഴിയേ അചഞ്ചലമായ നിലപാടുമായി ഈ സമുദായത്തെ വഴിനടത്തി. സ്മര്യ പുരഷൻ്റെ വ്യക്തി പ്രഭാവത്തിൽ ഭയം പൂണ്ട ബ്രിട്ടീഷ് മേലാളന്മാർ പലവിധ സ്ഥാനമാനങ്ങളും കാണിച്ച് അദ്ദേഹത്തെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം ആ ആദർശത്തിന് മുമ്പിൽ വിഫലമായിരുന്നു.
അക്കാലത്ത് ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ ധീരരായ മാപ്പിളമാർ ബ്രിട്ടീഷ് പട്ടാളത്തോടെതിരിട്ടിരുന്നു. പലസ്ഥലത്തും സംഘട്ടനങ്ങൾ നടന്നു. മഞ്ചേരിയിലും, മണ്ണാർക്കാട്ടും നടന്ന വിപ്ലവങ്ങൾ എടുത്തുപറയത്തക്കതാണ്. മാപ്പിള മക്കളിൽ സ്വാതന്ത്ര്യ ചിന്ത വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിർണ്ണായകമായിരുന്നു.
ജീവിതത്തിലുടനീളം ഇസ്‌ലാമിക തെളിമയുടെ നിറ സാന്നിധ്യമായിരുന്ന തങ്ങൾ ജനങ്ങളിൽ ഇസ്‌ലാമിക വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിൽ കഴിവതും പരിശ്രമിച്ചു. മമ്പുറത്തുണ്ടായിരുന്ന ചെറിയ നിസ്കാരപ്പള്ളി വിപുലീകരിച്ച് ജുമുഅ സ്ഥാപിച്ചത് തങ്ങളാണ്. മുസ്‍ലിംകളുടെ സിരകളിൽ ഇസ്‍ലാമികാവേശം നിറക്കാനുതകുന്ന നിരവധി ഖുതുബകൾ വെള്ളിയാഴ്‌ചകൾതോറും അദ്ദേഹം സ്വയം എഴുതിവായിച്ചു. കിതാബും സുന്നത്തും മുറുകെപ്പിടിച്ച് ജിവിതം നയിക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഫസൽ പൂക്കോയ തങ്ങൾ തൻ്റെ ജീവിതത്തിലെ സമയങ്ങൾ പല ഭാഗങ്ങളായി വിഭജിച്ചിരുന്നു. നിസ്‌കാരം, ഖുർആൻ പാരായണം, ദീനി ഗ്രന്ഥങ്ങൾ വിശകലനം ചെയ്യൽ, അതിഥി സൽക്കാരം, ഗൃഹജോലി ഇവയെല്ലാം പ്രത്യേകസമയം നിശ്ചയിച്ച് വളരെ കൃത്യനിഷ്ഠയോടെ അദ്ദേഹം ചെയ്തു. 'പൂക്കോയതങ്ങളുടെ റാത്തീബ്' എന്ന പേരിലറിയപ്പെടുന്ന ദിക്ർ ഇശാ നിസ്‌കാരത്തിനുശേഷം മുറ തെറ്റാതെ അദ്ദേഹം ചൊല്ലിയിരുന്ന ദിക്റുകളുടെ ചുരുക്കരൂപമാണ്. അവയെല്ലാം ഖുർആനിലും സുന്നത്തിലും വന്ന ദിക്റുകൾ മാത്രമായിരുന്നു. മതകാര്യങ്ങളെക്കുറിച്ച് അദ്ദേഹം ധാരാളം ഫത് വകൾ നല്കിയിരുന്നു.
ലളിത സുന്ദരമായ ജീവിതരീതി, ആദർശശുദ്ധി, തഖ്‌വ തുടങ്ങിയ അനുകരണീയമായ പല സദ്‌ഗുണങ്ങളുടെയും ഉറവിടമായിരുന്ന ഫസൽ പൂക്കോയ തങ്ങൾ, അറബി സാഹിത്യത്തിൽ അതി നിപുണനുമായിരുന്നു. അറബിയിൽ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഫുസൂസാത്തുൽ ഇസ്‍ലാം, അലമാൻ യുവാരിൽ കഫാർ, കൗക്കബുദുറർ, ഹൂലുൽ ഇഹ്‌സാൽലിതസീയിനിൽ ഇൻസാൻ, അസാസുൽ ഇസ്‌ലാം എന്നിവ അവയില്‍ ചിലതാണ്. ഇവയിൽ ചില ഗ്രന്ഥങ്ങൾ ഇന്നും കേരളത്തിൽ പ്രചാരത്തിലുണ്ട്. മതസ്നേഹത്തോടൊപ്പം തന്നെ മതസഹിഷ്ണുതയും ചേർക്കപ്പെടേണ്ടതിൻ്റെ ആവശ്യകത ഉണർത്തുന്നതായിരുന്നു തങ്ങളുടെ രചനകളുടെ ഇതിവൃത്തം.
ബ്രിട്ടീഷ് ഗവണ്മെന്റ് മലബാർ മുസ്‌ലിംകളുടെ അനിഷേധ്യനായ ആ നേതാവിൻ്റെ ഓരോ നീക്കങ്ങളും വളരെ സാകൂതം ശ്രദ്ധിച്ചു. തൃക്കളൂരിൽവെച്ച് ഗവണ്മെൻ്റ് പട്ടാളക്കാരും മുസ്‌ലിംകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടക്ക് ഫസൽ പൂക്കോയ തങ്ങളുടെ ഒരു വാൾ ഗവണ്മെൻ്റ് പക്ഷക്കാരുടെ കയ്യിൽ കിട്ടി. യഥാർത്ഥത്തിൽ ആ ഏറ്റുമുട്ടലിൽ അദ്ദേഹം പങ്കെടുക്കുകയോ പ്രസ്‌തുത വാൾ ഉപയോഗിക്കുകയോ ചെയ്‌തിരുന്നില്ല. മമ്പുറത്ത് സിയാറത്തിന് വന്ന ഒരു തൃക്കളിയൂർക്കാരൻ തങ്ങളറിയാതെ കൊണ്ടുവന്ന വാളായിരുന്നു അത്. വാള് കണ്ടെടുത്തപ്പോൾ മലബാർ കലക്‌ടർ തങ്ങളോട് അക്കാര്യത്തെക്കുറിച്ചാരാഞ്ഞു. തങ്ങൾ പറഞ്ഞു, 'ഈ യുദ്ധവുമായി ഒരുതരത്തിലും ഞാൻ ബന്ധപ്പെട്ടിട്ടില്ല. എങ്കിലും എൻ്റെ മലബാറിലെ താമസം നിങ്ങളിഷ്ടപ്പെടുന്നില്ലെങ്കിൽ അറേബ്യയിലേക്ക് പോവാൻ ഞാൻ തയ്യാറാണ്.'
ഇത് ബ്രിട്ടീഷ് ഭരണാധികാരികളെ വളരെ സന്തോഷിപ്പിച്ചു. പൂക്കോയ തങ്ങൾ യാത്രക്ക് സജ്ജമായി. മമ്പുറത്തെ സ്വത്തുക്കളെല്ലാം സഹോദരി ശരീഫാകുഞ്ഞിബീവിയെ ഏല്‌പിച്ചു. പള്ളിയിലെ ഇമാമത്തിനും ഖുതുബ നിർവ്വഹണത്തിനും മറ്റൊരാളെ ചുമതലപ്പെടുത്തി. ഹിജ്റ 1268ൽ അദ്ദേഹം പരപ്പനങ്ങാടിയിലെ കോയകുഞ്ഞി നഹയുടെ വക ഒരു ചെറിയ തോണിയിൽ കയറി അറബികളുടെ ഉരുവിൽ എത്തിച്ചേർന്നു. തങ്ങൾ യാത്രചെയ്‌ത ആ ചെറിയ തോണി കോയകുഞ്ഞിനഹ തന്റെ തറവാട്ടിൽ ഏറെ കാലം സൂക്ഷിച്ചിരുന്നുവത്രെ.
സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ മക്കയിലെത്തി. പരിശുദ്ധ ഹജ്ജ്കർമ്മം നിർവ്വഹിച്ചു. ഏതാനും മാസങ്ങളോളും മസ്‌ജിദുൽ ഹറാമിൽതന്നെ താമസിച്ചു. ഹിജ്റ 1269ൽ അദ്ദേഹം ഈജിപ്ത് മാർഗ്ഗം കോൺസ്റ്റാൻ്റിനോപ്പിളിലേക്ക് യാത്രതിരിച്ചു. ഈജിപ്തിലെത്തിയ തങ്ങളെ അവിടുത്തെ ഖലീഫ ഭക്ത്യാദര പൂർവ്വം സ്വീകരിച്ചു. അവിടെ താമസിക്കാൻ അഭ്യർത്ഥിച്ചു. പക്ഷെ, അദ്ദേഹം അവരോട് വിടചൊല്ലി കോൺസ്റ്റാൻ്റിനോപ്പിളിലേക്ക് പോയി. തുർക്കിയിലെ അന്നത്തെ സുൽത്താൻ തങ്ങളെ സ്വീകരിച്ചു. അവിടെ കുറച്ചുകാലം താമസിച്ച് വീണ്ടും മക്കയിലേക്ക് തന്നെ മടങ്ങി. തുർക്കിയിലും മക്കയിലുമായി കുറെകാലം ചെലവഴിച്ചു. തുർക്കിയിലായിരുന്നപ്പോൾ ഗവർമെണ്ടിന് പലവിധ നിയമോപദേശങ്ങളും അദ്ദേഹം ചെയ്‌തുകൊടുത്തിരുന്നു.
മക്കയിലെ പ്രഗൽഭ പണ്ഡിതനായിരുന്ന സയ്യിദ് ശാഫിഈ ഹബ്ശി എന്നിവരുടെ പുത്രിയെയാണ് സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ വിവാഹം ചെയ്‌തത്. ആ ഭാര്യയിൽ സയ്യിദ് അഹ്‌മ്മദ്, ശരീഫാനൂർ എന്നീ സന്താനങ്ങൾ ഭൂജാതരായി.
ഒമാനിലെ സഫാറിലെ ഗവർണ്ണർ അന്തരിച്ചപ്പോൾ അവിടുത്തെ ജനങ്ങൾ പകരം കണ്ടത് സയ്യിദ് ഫസൽ പൂക്കോയ തങ്ങളേയായിരുന്നു. ആ നാട്ടിലെ ഗോത്ര നേതാക്കളുടെ നിർബന്ധം സഹിക്കവയ്യാഞ്ഞ് അദ്ദേഹം ഭരണം ഏറ്റെടുത്തു. പരസ്‌പരം കലഹിച്ചിരുന്ന ഗോത്രവർഗ്ഗക്കാരെ അദ്ദേഹം ഒന്നിപ്പിച്ചു. അവരുടെ ഉന്നമനത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്‌തു. എങ്കിലും ചില ഗോത്രവർഗ്ഗക്കാർക്ക് തങ്ങളെ ഇഷ്ടമായിരുന്നില്ല. മസ്കത്തിലെ ഗവർണ്ണറെ പ്രേരിപ്പിച്ച് അവർ തങ്ങളുമായി യുദ്ധത്തിനൊരുങ്ങി. മുസ്‍ലിംകൾ തമ്മിൽ കലഹിച്ച് മരിക്കുന്നതിനെ ഇഷ്ടപ്പെടാത്ത അദ്ദേഹം തൽക്ഷണം തന്റെ അമീർ സ്ഥാനം രാജിവെച്ചു. സുൽത്താൻ അബ്‌ദുൽഹമീദ്‌ഖാന്റെ ഭരണത്തിൽ മന്ത്രിയായും അദ്ധേഹം വിശിഷ്ടസേവനം അനുഷ്ടിച്ചിട്ടുണ്ട്
മുമ്പ് പ്രസ്‌താവിച്ച രണ്ട് സന്താനങ്ങളെക്കൂടാതെ സയ്യിദ് സഹ്ൽ, സയ്യിദ് യൂസുഫ്, സയ്യിദ് അലി എന്നീ മൂന്ന് പുത്രന്മാർ കൂടി വേറെ വിവാഹത്തിൽ ഉണ്ടായിരുന്നു. വേറെ രണ്ടു പെൺമക്കൾ ഉണ്ടായിരുന്നത് ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടിരുന്നു.
ഒരു സമൂഹത്തിന്റെ എല്ലാം എല്ലാമായിരുന്ന സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ ഹിജ്റ 1318 റജബ് മാസം 1ന് കോൺസ്റ്റാൻ്റിനോപ്പിളിൽ വെച്ച് പരലോകം പ്രാപിച്ചു. തുർക്കിക്ക് പ്രത്യേകിച്ചും മുസ്‌ലിം രാഷ്ട്രങ്ങൾക്ക് പൊതുവായും നികത്താനാവാത്ത വിടവായിരുന്നു തങ്ങളുടെ ദേഹവിയോഗം. സുൽത്താൻ മുഹമ്മദ് ഖാൻ്റെ ഖബറിടത്തിനു സമീപമാണ് അദ്ദേഹത്തെ മറവു ചെയ്‌തത്.
ആ മഹാപുരുഷൻ്റെ പരലോകജീവിതം അല്ലാഹു ധന്യമാക്കട്ടെ ആമീൻ.



Leave A Comment