മസ്ജിദിന് ചുറ്റും വളരുന്ന ഇസ്‍ലാമിക നാഗരികത ഭാഗം 01 – മക്ക: കഅ്ബ കേന്ദ്രമായ ഉമ്മുല്‍ഖുറാ

ഇസ്‌ലാമിക നാഗരികതയുടെ വളർച്ചയിൽ മസ്ജിദുകൾ കേവലം ആരാധനാലയങ്ങൾ എന്നതിലുപരി, സാംസ്കാരിക, ശാസ്ത്രീയ, സാമൂഹിക, ആത്മീയ, ബൗദ്ധിക പൈതൃകങ്ങളെ രൂപപ്പെടുത്തുന്നതിൽ സുപ്രധാനമായ പങ്കുകൾ വഹിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ പ്രാരംഭഘട്ടം മുതൽ, ആത്മീയ പ്രചാരണത്തോടൊപ്പം ചരിത്രത്തിലെ ശ്രദ്ധേയമായ ഇസ്‌ലാമിക നാഗരികതകൾക്ക് അടിത്തറ പാകുന്നതിലും മസ്ജിദുകളുടെ സാംസ്കാരിക പ്രാധാന്യം ഏറെ പ്രസക്തമാണ്.

ഇസ്‌ലാം വിഭാവനം ചെയ്യുന്ന നഗരവ്യവസ്ഥ, ചില സൈദ്ധാന്തികർ ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്ന മാതൃകാനഗരത്തിന്റെ ചരിത്രപരമായ പ്രതിഭാസങ്ങളെ എളുപ്പത്തിൽ മറികടക്കുന്നുവെന്നാണ് വാസ്തവം. 'നഗരം ഒരു അതുല്യവും സഞ്ചിതവും ചരിത്രപരവുമായ പ്രക്രിയയാണ്, അത് ചരിത്രത്തിന്റെയും സ്ഥലത്തിന്റെയും അപകടങ്ങളുടെ ഒരു ശ്രേണിയിലൂടെയും, സംസ്കാരം, കാലാവസ്ഥ, സാമ്പത്തിക-രാഷ്ട്രീയ ഘടനകൾ എന്നിവയുടെ വിശാലമായ സ്വാധീനങ്ങളിലൂടെയും പ്രത്യേക രൂപം സ്വീകരിക്കുന്നു', അപ്രകാരം 'വസ്തുക്കളുടെ ഉൽപ്പാദനം, വിതരണം, ഉപഭോഗം എന്നിവ സുഗമമാക്കുന്ന പ്രവർത്തനങ്ങളുടെ ഒരു മാതൃകയാണ് നഗരം', അല്ലെങ്കിൽ 'നഗരം ഒരു ഗ്രാമപ്രദേശത്തേക്കാൾ ആധിപത്യം സ്ഥാപിക്കാനോ, ശത്രുക്കളുടെ കൈകളിൽ വീഴാതിരിക്കാനോ, ഒരു അതിർത്തിയെ പ്രതിരോധിക്കാനോ മാത്രമാണ് സ്ഥാപിക്കപ്പെട്ടത്' എന്നിങ്ങനെയുള്ള വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അത്തരം സൈദ്ധാന്തികർ നഗരം എന്ന സാമൂഹിക ഘടനയെ നിർവചിച്ചത്.

ഇസ്‌ലാമിലെ നഗരത്തിന്റെ തത്ത്വശാസ്ത്രം ഈ നിർവചനങ്ങളുമായി നീതിപുലർത്തുന്നുണ്ടെങ്കിലും കേവലം സാമ്പത്തിക - രാഷ്ട്രീയ താല്പര്യങ്ങൾ മാത്രമല്ല ഉൾക്കൊള്ളുന്നത്. ഇസ്‌ലാമിലെ നഗര പ്രതിഭാസം ഒരു സാമൂഹിക ഘടന എന്നതിനു പുറമേ, കൂടുതൽ പ്രധാനമായി, സർവ്വശക്തനായ ദൈവത്തിന് കീഴ്പ്പെടാനുള്ള പ്രഥമ കേന്ദ്രമായി കൂടി നിലകൊള്ളുന്നുണ്ട്. നഗരങ്ങളിലും മറ്റ് ജനവാസ കേന്ദ്രങ്ങളിലും ജനങ്ങൾ ഏർപ്പെടുന്ന പ്രവർത്തനങ്ങളുടെയും ഇടപെടലുകളുടെയും ഫലമാണ് സംസ്കാരങ്ങളും നാഗരികതകളുമായി രൂപാന്തരപ്പെടുന്നത്. എന്നാൽ, അവയുടെ അടിസ്ഥാന തത്വങ്ങളും, വിശ്വാസങ്ങളും, മൂല്യവ്യവസ്ഥകളും, അവയിലൂടെ നേടാൻ ഉദ്ദേശിക്കുന്ന സാമൂഹിക ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും കാരണം പലപ്പോഴും നഗരം എന്ന ഘടനയുടെ യഥാർത്ഥ ഉള്ളടക്കത്തിൽ നിന്നും ധാർമികതയിൽ നിന്നും ഏറെ വ്യത്യാസപ്പെടാറുണ്ട്.

മറ്റൊരു വിധത്തിൽ, ഇസ്‌ലാമിലെ നഗരം ഇസ്‌ലാമിക സംസ്കാരത്തിന്റെയും നാഗരികതയുടെയും ഒരു സൂക്ഷ്മരൂപമാണ് എന്ന് പറയാം. വ്യക്തികൾ, കുടുംബങ്ങൾ, മുസ്‌ലിം ജനതയുടെ  സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങൾ, മത സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സങ്കീർണ്ണമായ ചുമതലകൾ തുടങ്ങിയവ അവിടെ വളർത്തപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മക്കയിലെ വിശുദ്ധ കഅ്ബയിൽ നിന്ന് തുടങ്ങി, പ്രവാചകന്‍(സ്വ)യുടെ മദീനയിലെ മസ്ജിദുന്നബവിയുടെ പാത പിന്തുടർന്ന്, ഇസ്‌ലാമിക നഗരങ്ങൾ പിന്നീട് നടന്ന നാഗരികതാ നിർമ്മാണങ്ങളുടെ പ്രധാന കേന്ദ്രങ്ങളായി പരിവർത്തനപ്പെടുകയായിരുന്നു. അതിനാൽ, ഒരു പ്രധാന തത്വമെന്ന നിലയിൽ, എവിടെയെല്ലാം ഇസ്‌ലാം ഒരു സമഗ്രമായ ജീവിതരീതിയായും, ആത്മീയവും ബൗദ്ധികവും ധാർമ്മികവുമായ അവബോധത്തിന്റെ മതമായും ശരിയായ രീതിയിൽ പ്രാവർത്തികമാക്കപ്പെടുന്നുവോ, അവിടെ പുരോഗമനപരവും, ആരോഗ്യപ്രദവും, ഉദ്ദേശ്യപൂർണ്ണവുമായ നഗരവൽക്കരണ മാതൃക രൂപപ്പെട്ടിരുന്നു എന്നതാണ് ചരിത്ര സാക്ഷ്യം.

പത്താം നൂറ്റാണ്ടിലെ പ്രശസ്ത മുസ്‌ലിം തത്ത്വചിന്തകനായ അൽ ഫാറാബി തന്റെ ‘അൽമദീനത്തുൽഫാളില’ (ശ്രേഷ്ഠനഗരം) എന്ന കൃതിയിൽ എഴുതുന്നു: “നഗരത്തിന്റെ (രാഷ്ട്രത്തിന്റെ) രൂപീകരണം ഒരു സ്വാഭാവിക പ്രക്രിയയുടെ ഫലമല്ല. അത്, വ്യക്തികളുടെ ധാർമ്മിക ജീവിതത്തെപ്പോലെ, ശരിയായ തീരുമാനം സ്വീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ‘ഇച്ഛ’യും ‘തിരഞ്ഞെടുപ്പും’ യഥാർത്ഥ നന്മയിലേക്ക് നയിക്കപ്പെടുന്നുണ്ടോ എന്നതാണ് എല്ലാം. അവസാനഫലം ഒരു നല്ലതോ ചീത്തയോ ആയ നഗരം (രാഷ്ട്രം) ആയിരിക്കും” (അൽ ഫാറാബി, 1985/433). കൂടാതെ, “മികച്ച നഗരം, ഒരു പൂർണ്ണവും ആരോഗ്യപ്രദവുമായ ശരീരത്തിന് സമാനമാണ്. അതിന്റെ എല്ലാ അവയവങ്ങളും ജനങ്ങളുടെ ജീവിതം പൂർണ്ണമാക്കാനും അതിനെ മികച്ച രീതിയിൽ സംരക്ഷിക്കാനും സഹകരിക്കുന്നു” (അൽ ഫാറാബി, 1985/231). അങ്ങനെയുള്ള, വിവിധമേഖലകൾ ഉൾകൊള്ളുന്ന ദാർശനികവും  ധാർമികവുമായ ചുമതലകളാണ് എക്കാലത്തും മസ്ജിദുകൾ നിർവഹിച്ചുകൊണ്ടിരുന്നത്.

അത്തരത്തിൽ, മുസ്‍ലിം ജനതയുടെ പ്രധാന ആത്മീയ കേന്ദ്രമായ പരിശുദ്ധ കഅ്ബാലയം മുതൽ നീണ്ടുനിൽക്കുന്ന നൂറുകണക്കിന് ആരാധനാലയങ്ങൾ വ്യത്യസ്ത നാഗരികതകൾക്കും വിവിധ സംസ്കാരങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്. ഇസ്‌ലാമിക ലോകത്ത് ഏറെ ചരിത്ര സവിശേഷതകളുള്ള മുഴുവൻ നഗരങ്ങളും മസ്ജിദ് കേന്ദ്രീകൃത നാഗരികതയാണ് പിന്തുടർന്നത്. ആത്മീയ പ്രസരണങ്ങൾക്കൊപ്പം, വിജ്ഞാന, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ അത്തരം പള്ളികൾ സവിശേഷമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട് എന്നതാണ് വസ്തുത. പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ കാലത്തും, ഖുലഫാഉറാശിദൂൻ, അമവീ, അബ്ബാസീ, ഉസ്മാനീ ഖിലാഫത്തുകളിലും പിന്നീട് രൂപം കൊണ്ട മുസ്‍ലിം ഭൂരിപക്ഷ ഐക്യനാടുകളിലും, നഗരരൂപീകരണത്തിന്റെ പ്രധാന ഘടകങ്ങളായി വര്‍ത്തിച്ചത് മസ്ജിദുകളായിരുന്നു.

പ്രവാചകൻ നൂഹ് നബി(അ)ന്റെ കാലത്തുണ്ടായ വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച കഅ്ബ പ്രവാചകൻ നൂഹ് നബി തന്നെ പുനർനിർമിക്കുന്നുണ്ട്. പ്രസ്തുത കാലഘട്ടത്തിൽ കഅ്ബ കേന്ദ്രീകൃതമായി രൂപം കൊണ്ട നാഗരികതയുടെ ചരിത്ര പശ്ചാത്തലങ്ങൾ അവ്യക്തമാണെങ്കിലും ചില മുസ്‍ലിം ചരിത്രകാരന്മാർ അവയെ ചെറിയ രീതിയിൽ പ്രസ്താവിച്ചിട്ടുണ്ട്. പ്രമുഖ മുസ്‍ലിം പണ്ഡിതനായ മുഹമ്മദ് ബിൻ ജാബിർ അൽതബ്‍രിയുടെ "താരീഖുറുസുലി വൽമുലൂക്" അവയിൽ പ്രധാനമാണ്. നൂഹ് നബിയുടെ ശേഷമുള്ള കാലഘട്ടത്തെ കുറിച്ച് പ്രസ്തുത കൃതിയിൽ സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്.

പിന്നീട്, പ്രവാചകൻ ഇബ്രാഹിം നബി(അ)യും മകൻ ഇസ്മാഈൽ നബി(അ)യും ചേർന്ന് കഅ്ബ പുനർനിർമിക്കുന്നത് ചരിത്രത്തിൽ കാണാം. വിശുദ്ധ ഖുർആനിൽ പ്രസ്തുത പുനർനിർമാണം പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്: "ഇബ്രാഹീം നബിയും ഇസ്മാഈല്‍ നബിയും കഅ്ബാ മന്ദിരത്തിന്‍റെ അസ്തിവാരം പടുത്തുയര്‍ത്തിയ സന്ദര്‍ഭം സ്മര

ണീയമത്രേ. അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: നാഥാ, ഞങ്ങളില്‍ നിന്നു ഇതു സ്വീകരിക്കേണമേ, നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും തന്നെയാണ്." (വി.ഖു 2:127). പ്രസ്തുത പുനർനിർമാണത്തോടെയാണ് പുതിയ നാഗരികതക്ക് തുടക്കം കുറിക്കുന്നത്. ഇസ്മാഈൽ നബി(അ) കാലിട്ടടിച്ചപ്പോൾ ഉറവെടുത്ത മരുഭൂമിയിലെ സംസം കിണറും ഈ പ്രദേശത്തിന്റെ മറ്റൊരു ആകർഷണമായിരുന്നു. ആദ്യ കാലങ്ങളിൽ ഇബ്രാഹീം നബിയും കുടുംബവും മാത്രമായിരുന്നു പ്രസ്തുത പ്രദേശത്തെ താമസക്കാർ. പിന്നീട് സംസം കിണറും ജലലഭ്യതയും കണ്ട് ആകൃഷ്ടരായി യെമനിലെ ജുർഹും ഗോത്രം ഹാജറ ബീവിയെ സമീപിച്ചു. സംസം കിണറിന് മുകളിൽ വട്ടമിട്ട് പറക്കുന്ന പക്ഷികളെ നിരീക്ഷിച്ചു കൊണ്ടാണ് ജുർഹും ഗോത്രം, പ്രദേശത്തെ ജലലഭ്യത തിരിച്ചറിഞ്ഞത്. അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ, ഇബ്‍റാഹീം നബിയുടെ ചരിത്രം ഇങ്ങനെ ഉദ്ധരിക്കുന്നു: "പിന്നീട് ജുർഹും  ഗോത്രത്തിലെ ചില ആളുകൾ താഴ്‌വരയിലൂടെ കടന്നുപോയപ്പോൾ, അവർ കുറച്ച് പക്ഷികളെ കണ്ടു. അതവരെ അത്ഭുതപ്പെടുത്തി. അവർ പറഞ്ഞു, "വെള്ളമുള്ള സ്ഥലത്ത് മാത്രമേ പക്ഷികൾ ഉണ്ടാകൂ." അവർ ഒരു ദൂതനെ അയച്ചു, ദൂതൻ സ്ഥലം തിരഞ്ഞ് വെള്ളം കണ്ടെത്തി, തിരികെ വന്ന് ഗോത്രത്തെ അറിയിച്ചു. പിന്നീട് അവരെല്ലാവരും ഹാജറ ബീവിയുടെ അടുത്തെത്തി, "ഓ ഉമ്മു ഇസ്മാഈൽ, ഞങ്ങൾക്ക് താങ്കളോടൊപ്പം താമസിക്കാൻ അനുവാദം തരുമോ?" ഇസ്മാഈൽ (അ) വളർന്നപ്പോൾ, അവരിൽ ഒരു സ്ത്രീയെ വിവാഹം കഴിച്ചു (റഅ്‍ല ബിൻത് മുളാള് ഇബ്നു അംറുബ്നു ജുർഹും)." (സ്വഹീഹുൽ ബുഖാരി : 4/55/584:3114).

അതോടെ കഅ്ബ കേന്ദ്രീകൃതമായി ഒരു നഗരം രൂപപ്പെടുകയാണ്. ഇബ്രാഹിമീ കുടുംബത്തിന് ശേഷം, ജുർഹും ഗോത്രം കഅ്ബയുടെ മേൽനോട്ടം ഏറ്റെടുക്കുകയും ദീർഘകാലം ഭരണം നടത്തുകയും ചെയ്തു. പ്രവാചകൻ ഇസ്മാഈൽ(അ) ന്റെ മകൻ നാബിത്, നിശ്ചിത കാലം വരെ കഅ്ബയുടെ ചുമതല വഹിച്ചു. ശേഷം, മുളാള് ഇബ്നു അംറുബ്നു ജുർഹും കഅ്ബയുടെ മേൽനോട്ടം ഏറ്റെടുത്തു. ഈ സമയം ഇസ്മാഈൽ നബിയുടെ മക്കളും നാബിതിന്റെ മക്കളും ഉൾകൊള്ളുന്ന മുളാള് ഇബ്നു അംറിന്റെ നേതൃത്വത്തിലുള്ള ജുർഹും ഗോത്രവും, ജുർഹുമിന്റെ ബന്ധുക്കളായ ഖതൂറാഅ് ഗോത്രവുമായിരുന്നു പ്രദേശവാസികൾ. അവർ യമനിൽ നിന്ന് ഒരുമിച്ചാണ് മക്കയിലേക്ക് പലായനം ചെയ്തത്. മുളാള്, ജുർഹുമിന്റെ മേൽനോട്ടവും, അവരിലൊരാളായ സമൈദഅ്, ഖതൂറാഅ് ഗോത്രത്തിന്റെ നേതൃത്വവും ഏറ്റെടുത്തു. മക്കയിൽ എത്തിയപ്പോൾ, വെള്ളവും മരങ്ങളും നിറഞ്ഞ ഒരു നഗരം അവർ കണ്ടെത്തുകയും, ഏറെ സന്തോഷത്തോടെ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. മുളാള് ഇബ്നു അംറ്, ജുർഹും ഗോത്രത്തോടൊപ്പം  മക്കയുടെ മുകൾഭാഗമായ ഖുഅയ്ഖിആനിലും, സമൈദഅ്, ഖതൂറാഅ്  ഗോത്രത്തോടൊപ്പം മക്കയുടെ താഴ്ഭാഗമായ അജ്‍യാദിലും താമസിച്ചു. മുളാള് മുകളിൽ നിന്ന് മക്കയിൽ പ്രവേശിക്കുന്നവരിൽ നിന്ന് പ്രവേശന നികുതി ഏർപ്പെടുത്തിയിരുന്നു. അതേസമയം, സമൈദഅ് താഴെ നിന്ന് മക്കയിൽ പ്രവേശിക്കുന്നവരിൽ നിന്നും നികുതി ചുമത്തി. ഇരുഗോത്രങ്ങളും തങ്ങളുടെ ഗോത്രവാസികളോടൊപ്പം ഐക്യത്തോടെ താമസിക്കുകയും, അപരഗോത്രത്തിന്റെ പ്രദേശങ്ങളിൽ പ്രവേശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

പിന്നീട് മക്കയുടെ ഭരണകൈകാര്യത്തിനായി ഇരുഗോത്രങ്ങൾക്കിടയിലും വഴക്കുകൾ ആരംഭിച്ചു. ആ സമയത്ത് മുളാളിന്റെ ജുർഹും ഗോത്രത്തിനായിരുന്നു കഅ്ബയുടെ ഭരണ ചുമതല. മാത്രമല്ല, പ്രവാചകൻ ഇസ്മാഈൽ നബിയുടെയും, മകൻ നാബിതിന്റെയും സന്തതികൾ ജുർഹുമിലായിരുന്നു. ജുർഹും ഗോത്രം സമൈദഉമായി യുദ്ധം ചെയ്യാൻ തീരുമാനിക്കുകയും, മുളാള് ഖുഅയ്ഖിആനിൽ നിന്ന് കുതിരപ്പടയാളികളോടൊപ്പം, കുന്തങ്ങൾ, തോലുപകരണങ്ങൾ, വാളുകൾ, അമ്പുകൾ എന്നിവയുമായി സമൈദഇനെ ആക്രമിക്കുകയും ചെയ്തു. ഘോരശബ്ദങ്ങൾ മുഴക്കിയായിരുന്നു ജുർഹും ഗോത്രം യുദ്ധം ചെയ്തത്. ഖുഅയ്ഖിആൻ എന്ന പേര് ജുർഹുമിലെ കുതിരപ്പടയാളികൾ മുഴക്കിയ വ്യത്യസ്ത ശബ്ദം കാരണം വന്നതാണെന്ന് പറയപ്പെടുന്നു. സമൈദഅ് അജ്‍യാദിൽ നിന്ന് തന്റെ കുതിരപ്പടയും കാലാളുകളുമായാണ് യുദ്ധത്തിന് പുറപ്പെട്ടത്. അജ്‍യാദ് എന്ന പേര് സമൈദഇന്റെ കുതിരപ്പടയിലെ മികച്ച കുതിരകൾ (ജിയാദ്) കാരണം വന്നതാണെന്നും  പറയപ്പെടുന്നുണ്ട്. ഇരുപക്ഷവും ഫാളിഹ് എന്നിടത്ത് വച്ച് കണ്ടുമുട്ടുകയും കഠിനമായ യുദ്ധം അരങ്ങേറുകയും ചെയ്തു. ശേഷം സമൈദഇന്റെ മരണത്തിലും ഖതൂറാഇന്റെ അധപതനത്തിലുമാണ് യുദ്ധം കലാശിച്ചത്. ഫാളിഹ് എന്ന പേര് പ്രസ്തുത യുദ്ധത്തിൽ നിന്ന് വന്നതാണെന്ന് പറയപ്പെടുന്നു. പിന്നീട് ജനങ്ങൾ സമാധാനത്തിനായി ശബ്ദമുയർത്തുകയും മക്കയ്ക്ക് മുകളിലുള്ള ഒരു മലയിടുക്കായ അൽമതാബിഖിലേക്ക് നീങ്ങുകയും മുളാളിന് അധികാരം കൈമാറുകയും ചെയ്തു. ശേഷം, യുദ്ധവിജയത്തിന്റെ സന്തോഷപ്രകടനമെന്നോണം ജനങ്ങൾ മൃഗങ്ങളെ അറുക്കുകയും ഭക്ഷണം പാകം ചെയ്ത് സദ്യ ഒരുക്കുകയും ചെയ്തുഇതിനാലാണ്  ആ സ്ഥലം മതാബിഖ് (പാചകസ്ഥലം) എന്ന് വിളിക്കപ്പെട്ടത്.

ജുർഹും ഗോത്രം തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യാൻ ആരംഭിച്ചു. അവർ നിഷിദ്ധ കാര്യങ്ങളെ അനുവദനീയമാക്കുകയും, ഇതരഗോത്ര സന്ദർശകരോട് മോശമായി പെരുമാറുകയും, കഅ്ബയ്ക്ക് വേണ്ടി സമർപ്പിക്കപ്പെട്ട സമ്മാനങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ഇതോടെ മക്കയിൽ ജുർഹും ഗോത്രത്തോടുള്ള ജനരോഷം വർധിച്ചു.

ഇത് കണ്ട ബനൂ ബക്കർ ഇബ്നു അബ്ദു മനാത്ത് ഇബ്നു കിനാന ഗോത്രവും ഖുസാഅ ഗോത്രവും ജുർഹുമിനെ നേരിടാൻ ഒന്നിച്ച് യുദ്ധം പ്രഖ്യാപിച്ചു. ശക്തമായ പോരാട്ടത്തിനുശേഷം ജുർഹുമിനെ മക്കയിൽനിന്ന് പുറത്താക്കി. ആ കാലത്ത് മക്കയിൽ  തെറ്റ് ചെയ്തവരെ യുദ്ധം ചെയ്ത് പുറത്താക്കിയിരുന്നു. അതിനാനാലാണ് മക്കാ നഗരം  'ബക്ക' (അത്യാചാരികളുടെ കഴുത്തുകൾ തകർക്കുന്നവൾ) എന്ന് വിളിക്കപ്പെട്ടത്.

മക്ക വിട്ട്പോകുമ്പോൾ, ജുർഹുമിന്റെ നേതാവായ അംറ് ബിന്‍ അൽഹാരിസ് ഇബ്നു മുളാള് അൽ ജുർഹുമി, കഅ്ബയുടെ ഹജറുൽ അസ്‌വദ് എടുത്ത് സംസം കിണറ്റിൽ ഉപേക്ഷിച്ചു. മക്കയുടെ ഭരണം നഷ്ടപ്പെട്ടതിൽ അവർ വലിയ ദുഃഖവും പശ്ചാത്താപവും പ്രകടിപ്പിച്ചു. പഴയ മഹത്വവും വിധിയുടെ വേദനാജനകമായ മാറ്റങ്ങളും അനുസ്മരിച്ചുള്ള കവിതകൾ ആലപിച്ചാണ് ജുർഹും ഗോത്രം മക്ക വിട്ടത്.

ജുർഹും ഗോത്രത്തിന്റെ അധികാരഭ്രഷ്ടിന് ശേഷം, ഖുസാഅ ഗോത്രത്തിലെ പ്രധാന നേതാവായ ഗുബ്ഷാൻ, കഅ്ബയുടെ നിയന്ത്രണം ഏറ്റെടുത്തു. അംറ് ബിൻ അൽഹാരിസ് അൽഗുബ്ഷാനി കഅ്ബ സൂക്ഷിപ്പുകാരനായി. ഈ സമയത്ത് ഖുറൈഷികൾ മക്കയിലെ വിവിധ പ്രാന്തപ്രദേശങ്ങളിൽ ചെറിയ രീതിയിൽ വളർന്നിരുന്നു. ഖുസാഅ ഗോത്രം കഅ്ബയുടെ അധികാരം കൈവശം വെക്കുകയും, ഹുലൈൽ ബിന്‍ ഹബ്ശിയ വരെയുള്ള പിൻഗാമികൾക്ക് അത് തലമുറയായി കൈമാറുകയും ചെയ്തു.

ഖുറൈശി നേതാവായിരുന്ന ഖുസയ്യ് ബ്നു കിലാബ്, ഹുലൈൽ ബിന്‍ ഹബ്ശിയയുടെ മകൾ ഹുബ്ബയെ വിവാഹം കഴിച്ചു. അവർക്ക് അബ്ദുദ്ദാർ, അബ്ദു മനാഫ്, അബ്ദുൽഉസ്സ, അബ്ദ് എന്നീ മക്കൾ ജനിച്ചു. ഹുലൈലിന്റെ കാലശേഷം, ഖുസാഅ, ബനൂ ബക്ർ ഗോത്രങ്ങളേക്കാൾ കഅ്ബയും മക്കയും നിയന്ത്രിക്കാൻ തനിക്ക് കൂടുതൽ അവകാശമുണ്ടെന്ന് ഖുസയ്യ് വിശ്വസിച്ചു. ഖുറൈശികൾ ഇസ്മാഈൽ നബിയുടെ ഏറ്റവും ഉന്നത സന്തതികളാണെന്നും അവർ വാദിച്ചിരുന്നു.

ഖുസയ്യ്, ഖുറൈശികളെയും ബനൂ കിനാനയെയും ഒന്നിപ്പിച്ച് ഖുസാഅ, ബനൂ ബക്ർ ഗോത്രങ്ങളെ മക്കയിൽ നിന്ന് പുറത്താക്കണമെന്ന് തീരുമാനിച്ചു. മക്കയിൽ ചെറിയ രീതിയിൽ അധികാരം ചെലുത്തിക്കൊണ്ടിരുന്ന ബനൂ ഖുളാഅ ഗോത്രത്തിലെ തന്റെ അർധസഹോദരൻ റിസാഹ് ബ്നു റബീഅയുടെ പിന്തുണ ഖുസയ്യ് ആവശ്യപ്പെടുകയും റിസാഹ്, തന്റെ സഹോദരന്മാരോടും ഗോത്രത്തിലെ യുദ്ധനിപുണരോടുമൊപ്പം ഖുസയ്യിനെ സഹായിക്കാൻ തയാറാവുകയും ചെയ്തു.

മക്കയുടെ താഴ്‌വരയിൽ ഖുസയ്യ് ഇബ്നു കിലാബിന്റെ സേന (ഖുറൈശികൾ, ബനൂകിനാന, ബനൂഖുളാഅ) ഖുസാഅ - ബനൂ ബക്ർ സഖ്യവുമായി ശക്തമായി പോരാടി. ഇരുപക്ഷവും വലിയ നഷ്ടങ്ങൾ നേരിട്ടു. സംഘർഷം പരിഹരിക്കാൻ, യഅ്മർ ബ്നു ഔഫ് എന്ന ബനൂ ബക്ർ ഗോത്രക്കാരനെ  മധ്യസ്ഥനായി നിയോഗിച്ചു. പ്രസ്തുത യുദ്ധം ഏറെ രക്തകലുഷിതമാകാതെ പരിഹരിച്ചതിനാൽ അദ്ദേഹം പിന്നീട് ചരിത്രത്തിൽ 'അൽശദ്ദാഖ്' (റദ്ദാക്കുന്നവൻ) എന്ന് വിളിക്കപ്പെട്ടിട്ടുണ്ട്.

യഅ്മർ ഇബ്നു ഔഫിന്റെ വിധി, കഅ്ബയും മക്കയും നിയന്ത്രിക്കാനുള്ള ഖുസയ്യിന്റെ അവകാശം തെളിയിക്കുന്നതായിരുന്നു. പ്രസ്തുത വിധിപ്രകാരം കഅ്ബയുടെയും മക്കയുടെയും പൂർണ നിയന്ത്രണം ഖുസയ്യ് ബ്നു കിലാബിന് നൽകപ്പെട്ടു. ഖുസയ്യിന്റെ കാലശേഷം അധികാരങ്ങളെല്ലാം മകൻ അബ്‌ദുദ്ദാറിന് കൈമാറപ്പെടുന്നുണ്ട്. ഇപ്രകാരമാണ് ഖുറൈശികൾ മക്കയിൽ അധികാരത്തിലെത്തുന്നത്.

അറേബ്യൻ ഉപദ്വീപിന്റെ വരണ്ട ഹൃദയഭാഗത്ത്, ഇസ്‌ലാം രംഗപ്രവേശനം ചെയ്യുന്നതിന് ഏറെ മുമ്പ് തന്നെ, മക്കയിൽ ഒരു ശ്രദ്ധേയമായ നാഗരികത വളർന്നു വികസിച്ചിരുന്നു എന്നാണ് ഇതില്‍നിന്നെല്ലാം മനസ്സിലാവുന്നത്. ഫലഭൂയിഷ്ഠമായ കൃഷിഭൂമികളുടെയും പ്രകൃതി വിഭവങ്ങളുടെയും അഭാവത്തിൽ, സങ്കീർണ്ണവും ചലനാത്മകവുമായ വ്യാപാര മേഖലയായിരുന്നു മക്കൻ നാഗരിതയിലെ പ്രധാനഘടകം. പ്രവാചകന്റെ അവതരണത്തിന് മുമ്പ് തന്നെ മക്ക ഒരു തിരക്കേറിയ വാണിജ്യ കേന്ദ്രമായിരുന്നു. സജീവമായ ഒരുപാട് വിപണികളും സവിശേഷമായ സാമ്പത്തിക വ്യവസ്ഥയും അവിടെ നിലനിന്നിരുന്നു. ഈ വളർച്ചയുടെ കേന്ദ്രബിന്ദുവായി വര്‍ത്തിച്ചതും വ്യാപാര നാഗരികതയുടെ വികസനത്തിന് ശ്രേഷ്ഠമായ അംഗീകാരം നൽകിയതും സ്ഥിരത ഉറപ്പാക്കിയതും വിശുദ്ധ കഅ്ബയായിരുന്നു. വിശുദ്ധ കഅ്ബ ഉറപ്പാക്കിയ സുരക്ഷിതത്വമാണ് മക്കയുടെ വാണിജ്യ വിജയത്തിന്റെ അടിസ്ഥാനം. ഇത്തരം അവസരങ്ങൾ വ്യാപാരികൾക്ക് ആക്രമണങ്ങളെ ഭയക്കാതെ ഒത്തുചേരാനും, തിരക്കേറിയ വാർഷിക ചന്തകളിൽ സാധനങ്ങൾ കൈമാറ്റം ചെയ്യാനും, ദൂരങ്ങളിലേക്കുള്ള ദൈർഘ്യമേറിയ കാരവൻ യാത്രകൾ സുരക്ഷിതമാക്കാനും സഹായിച്ചു എന്നതാണ് വസ്തുത. അങ്ങനെ, കഅ്ബ എന്ന തീർഥകേന്ദ്രത്തിലൂടെയാണ്, ഒരു വരണ്ട താഴ്‌വരയിൽ നിന്ന് സാമ്പത്തിക അഭിവൃദ്ധിയും സാമൂഹിക ഇടപെടലുകളും സജീവമായ ഏറെ പ്രാധാന്യമുള്ള നഗരമായി മക്ക പരിണമിച്ചത് എന്നര്‍ത്ഥം.

മക്കയുടെ തന്ത്രപ്രധാനമായ സാമൂഹിക, സാമ്പത്തിക ഭാവങ്ങൾ നഗരത്തെ പുരാതന വ്യാപാര മാർഗങ്ങളുടെ ശൃംഖലയിൽ ഒരു നിർണായക കേന്ദ്രമാക്കി മാറ്റിയിരുന്നു. ഈ മാർഗങ്ങൾ പുരാതന അറേബ്യയുടെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്തു. യെമൻ, ദക്ഷിണ അറേബ്യ എന്നീ പ്രദേശങ്ങളെ, സിറിയ, ഫലസ്തീൻ ശ്രേണികൾ മുഖേന മെഡിറ്ററേനിയൻ ലോകവുമായി ബന്ധിപ്പിക്കുന്നവയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വടക്ക്-തെക്ക് മാർഗങ്ങൾ. ഈ വ്യാപാര പാതയിൽ ഏകദേശം മധ്യത്തിലാണ് മക്ക സ്ഥിതി ചെയ്തിരുന്നത്.

മക്കയുടെ വടക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇറാഖിലേക്കും കിഴക്ക് ഭാഗത്തുള്ള  പേർഷ്യയിലേക്കും, ദക്ഷിണ- പടിഞ്ഞാറു  ഭാഗത്തു നിലകൊള്ളുന്ന അബിസീനിയ (എത്യോപ്യ), കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും കടന്നു പോകുന്ന കിഴക്ക്-പടിഞ്ഞാറ് വ്യാപാരപാതയിലും മക്കാ നഗരം ഒരു പ്രധാന ഘടകമായിരുന്നു.

ആ കാലത്തെ കടൽ യാത്രയുടെ അപകടസാധ്യതകൾ വിശകലനം ചെയ്താൽ കരമാർഗങ്ങളിലൂടെയുള്ള കാരവൻ പാതകളായിരുന്നു അഭികാമ്യം. കഠിനമായ അറേബ്യൻ മരുഭൂമികളിലൂടെ പലചരക്കുകൾ കൊണ്ടുപോകാൻ ഒട്ടകങ്ങളെയായിരുന്നു കൂടുതലും ആശ്രയിച്ചിരുന്നത്. ഇത്തരം മാർഗങ്ങളാൽ ബന്ധിപ്പിക്കപ്പെട്ട പ്രധാന നഗരങ്ങളിൽ ഏഡൻ, സൻആഅ് (യെമൻ), പെട്ര, ഡമസ്കസ്, ബുസ്റാ (സിറിയ) തുടങ്ങിയവ ഉൾപ്പെടുന്നു.

മക്ക നിയന്ത്രിച്ചിരുന്ന ഖുറൈശ് ഗോത്രം വിദഗ്ധരായ വ്യാപാരികളായിരുന്നു. ദീർഘദൂര യാത്രകളിൽ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാൻ അവർ പ്രാദേശിക നാടോടി ഗോത്രങ്ങളുമായി സഖ്യങ്ങൾ രൂപീകരിച്ചു. മധ്യവർത്തികളെന്ന നിലയിൽ, ഈ വ്യാപാര ശൃംഖലയിൽ നിന്ന് അവർക്ക് വലിയ ലാഭം ലഭിച്ചിരുന്നു. ഖുറൈശികളുടെ സാമ്പത്തിക ശക്തി മക്കയുടെ പ്രാധാന്യം വർദ്ധിപ്പിക്കുകയും, അവരെ അറേബ്യയിലെ ഒരു പ്രബല ശക്തിയാക്കി മാറ്റുകയും ചെയ്തു.

ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടത്തിൽ മക്കയുടെ വ്യാപാര വളർച്ചയിൽ പ്രാദേശിക വാർഷിക വിപണികൾ ചെറുതല്ലാത്ത പങ്കുകൾ വഹിച്ചിട്ടുണ്ട്. സൂഖ് ഉകാള്, സൂഖ് മജന്ന, സൂഖ് ദുൽമജാസ് തുടങ്ങിയ വിപണികൾ ചരിത്രത്തിൽ ഏറെ ശ്രദ്ധേയമാണ്. ഇവയെല്ലാം തീർത്ഥാടനവുമായി ബന്ധപ്പെട്ട വാർഷിക ചന്തകളായിരുന്നു. നഖ്‌ലയ്ക്കും ത്വാഇയിഫിനും ഇടയിൽ, മക്കയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ കിഴക്കായാണ് സൂഖ് ഉകാള് സ്ഥിതി ചെയ്തിരുന്നത്. ഇസ്‌ലാമിന്റെ ആദ്യകാലത്തും തുടർന്ന് ഏകദേശം 200 വർഷത്തോളവും ഇതൊരു പ്രധാന വാർഷിക വിപണിയായിരുന്നു.

ഓരോ വർഷവും വാർഷിക ഹജ്ജ് തീർത്ഥാടനത്തിന് തൊട്ടുമുമ്പാണ് ഈ വിപണി പ്രവർത്തിച്ചിരുന്നത്. വാണിജ്യം, കവിതാ മത്സരങ്ങൾ, ഗോത്ര സമ്മേളനങ്ങൾ, തർക്ക പരിഹാരം, സാംസ്കാരിക കൈമാറ്റം തുടങ്ങിയ സാമൂഹിക ഇടപെടലുകളുടെ പ്രധാന കേന്ദ്രമായിരുന്നു സൂഖ് ഉകാള്. ബൈസന്റൈൻ-പേർഷ്യൻ യുദ്ധങ്ങൾ പോലുള്ള വ്യാപാര മാർഗങ്ങളിലെ തടസ്സങ്ങൾ മൂലം പ്രസ്തുത വിപണിയുടെ പ്രാധാന്യം ഭാഗികമായി വർദ്ധിച്ചിരുന്നു.

തിഹാമയിലെ ബനു കിനാന ഗോത്രത്തിന്റെ ഭൂമിയിൽ, മക്കയ്ക്ക് സമീപമാണ് (മക്കയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ വടക്കുപടിഞ്ഞാറായി) സൂഖ് മജന്ന പ്രവർത്തിച്ചിരുന്നത്. ഓരോ വർഷവും സൂഖ് ഉകാളിന് ശേഷം, പരിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന്റെ ഇരുപത് ദിവസങ്ങൾക്കു മുമ്പാണ് ഈ വിപണി ആരംഭിക്കുക. മക്കയ്ക്ക് വളരെ അടുത്ത്, അറഫ മലയ്ക്ക് സമീപമാണ് സൂഖ് ദുൽമജാസ് നിലനിന്നിരുന്നത്. തർവിയ ദിനം (ദുൽ-ഹിജ്ജയുടെ 8-ാം ദിവസം) വരെ ഇവിടെ തീർത്ഥാടകർ തങ്ങിയിരുന്നു. സൂഖ് മജന്നയ്ക്ക് ശേഷം, ദുൽഹിജ്ജയുടെ ആദ്യ എട്ട്  ദിവസങ്ങളിലാണ് (പ്രധാന ഹജ്ജ് ആചാരങ്ങൾക്ക് മുമ്പ്) വിപണി പ്രവർത്തിച്ചിരുന്നത്. ഹജ്ജിനായി എത്തുന്ന തീർത്ഥാടകരുടെ ആവശ്യങ്ങൾക്കും അറബ് വ്യാപാരികൾക്കും പ്രധാനമായും സേവനം ചെയ്തിരുന്ന ഒരു പൊതു വിപണിയായിരുന്നു സൂഖ് ദുൽമജാസ്.

ചുരുക്കത്തിൽ, കഅ്ബയുടെ പവിത്രതയും തീർത്ഥാടനാന്തരീക്ഷവുമാണ് അവിടത്തെ വിപണികൾക്ക് രൂപം നൽകിയത് എന്നര്‍ത്ഥം. മക്കയിലുണ്ടായിരുന്ന മതപരമായ ആകർഷണം സ്വാഭാവികമായി വ്യാപാരം നടക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം കൂടി സൃഷ്ടിച്ചിരുന്നു. നഗരത്തിലെ വിപണികൾ പുരാതന വ്യാപാര മാർഗങ്ങളിലെ ഏറെ പ്രാധാന്യമുള്ള സാമൂഹിക ഘടകങ്ങളായിരുന്നു എന്നതാണ് ചരിത്ര സാക്ഷ്യം. വിവിധ അറേബ്യൻ ഗോത്രങ്ങൾക്ക് സാധനങ്ങൾ കൈമാറാനും തർക്കങ്ങൾ പരിഹരിക്കാനും സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും മക്കാ നഗരം സൗകര്യപ്രദമായിരുന്നു.  കഅ്ബയുടെ സാന്നിധ്യം ഈ നാഗരികതയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു എന്നതിൽ ഒട്ടും സന്ദേഹമില്ല. അങ്ങനെ, മക്കയും വിശുദ്ധ കഅ്ബാ പരിസരവും വൈവിധ്യമാർന്ന ഗോത്രങ്ങൾക്കും വിദേശ വ്യാപാരികൾക്കും സൗകര്യപ്രദവും താരതമ്യേന സുരക്ഷിതവുമായ സാമൂഹിക കേന്ദ്രമായി പരിവർത്തനപ്പെടുകയായിരുന്നു. അഥവാ, പള്ളികളെ ഇസ്‍ലാമിക നാഗരിതകയുടെ അടിസ്ഥാന കേന്ദ്രങ്ങളായി പരിഗണിക്കുമ്പോള്‍, പ്രഥമ സ്ഥാനം അലങ്കരിക്കുന്നത് ആദ്യ പള്ളിയായ കഅ്ബ തന്നെയാണ് എന്നര്‍ത്ഥം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter