ജമാല്‍ സാഹിബ്, എല്ലാവര്‍ക്കും സ്നേഹം മാത്രം വിതറിയ ജീവിതം

അനാഥര്‍ക്കും അഗതികള്‍ക്കുമെന്ന് മാത്രമല്ല, കൂടെ നിന്നവര്‍ക്കെല്ലാം ആവോളം സ്നേഹം വിളമ്പിയ ജീവിതമായിരുന്നു ഇന്നലെ വിട പറഞ്ഞ മുഹമ്മദ് ജമാല്‍ സാഹിബ്. പലരുടെയും ജമാലുപ്പ, അനേകം അനാഥക്കുഞ്ഞുങ്ങളുടെ ജമാലുപ്പാപ്പ, മറ്റു പലര്‍ക്കും എന്തിനും ഏതിനും സമീപിക്കാവുന്ന ജമാല്‍ക.. ഇങ്ങനെ നീണ്ട് നീണ്ട് പോവുന്നു അവിടുത്തെ പേരുകള്‍. എല്ലാം ജമാല്‍ എന്ന പദത്തെ അന്വര്‍ത്ഥമാക്കുന്ന, ജീവിതത്തെ അതിസുന്ദരമാക്കുന്ന അപരനാമങ്ങള്‍.
 
മൈസൂരില്‍നിന്ന് കച്ചവടത്തിനായി വയനാട്ടിലെത്തിയ അബ്ദുറഹീം അധികാരിയുടെ മകനായി 1940ലായിരുന്നു ജമാല്‍ സാഹിബിന്റെ ജനനം. ഏഴാം വയസ്സില്‍ പിതാവ് വിട പറഞ്ഞതോടെ അനുഭവിക്കേണ്ടിവന്ന അനാഥത്വത്തിന്റെ കൈപ്പുനീരുകളാവാം, ശേഷം അനേകം പേര്‍ക്ക് സനാഥത്വം നല്കാന്‍, ഇല്ലാത്തവരുടെ എല്ലാമെല്ലാമായി നിലകൊള്ളാന്‍ ആ മനീഷിയെ പ്രേരിപ്പിച്ചതും ശീലിപ്പിച്ചതും. പിന്നീടങ്ങോട്ടുള്ള ജീവിതം മുഴുക്കെ ഇതരരുടെ കണ്ണീരകറ്റാനും അവരെ ഉന്നതിയുടെ ഉയരങ്ങളിലെത്തിക്കാനുമായി ആ ജീവിതം തന്നെ ഉഴിഞ്ഞ് വെക്കുകയായിരുന്നു. വയനാട് മുസ്‍ലിം യതീംഖാന ജനറൽ സെക്രട്ടറിയും മുസ്‍ലിം ലീഗ് സെക്രട്ടറിയറ്റ് മെമ്പറും ജില്ലാ  ഉപാദ്ധ്യക്ഷനുമായി സേവനരംഗത്ത് സജീവമായി നിലകൊള്ളവെ, 83-ാം വയസ്സില്‍ സജീവമായ ആ ജീവിതത്തിന് ശുഭാന്ത്യം കുറിച്ചു. അടുത്തറിഞ്ഞവര്‍ക്കെന്ന് മാത്രമല്ല, ജീവിതത്തില്‍ ഒരിക്കലെങ്കിലും അദ്ദേഹത്തെ അനുഭവിച്ചവര്‍ക്കെല്ലാം നൂറ് നൂറ് നല്ല ഓര്‍മ്മകളാണ് അദ്ദേഹത്തെ കുറിച്ച് പങ്ക് വെക്കാനുള്ളത്. അത്തരം ചില എഴുത്തുകള്‍ സൂക്ഷിക്കുന്നതിന്റെ ഭാഗമായി പുനപ്രസിദ്ധീകരിക്കുകയാണ് ഇവിടെ.

*********

ഇങ്ങനെ ജീവിച്ച ഒരു മനുഷ്യനെ 
ഇതുവരെ കണ്ടിട്ടില്ല. 
ആരും പറഞ്ഞ്‌  കേട്ടിട്ടുമില്ല.

കെ.എം. ഗഫൂര്‍ അധ്യാപകന്‍, എഴുത്തുകാരന്‍



പ്രവാചകന്റെ (സ )അനുയായി വൃന്ദത്തെക്കുറിച്ച്‌ കേൾക്കുന്ന കഥകൾ പലതും അവിശ്വസനീയമായി തോന്നുന്നതാണു.

അത്രമേൽ വിശ്വാസദൃഢതയും സഹനവും ഉൾച്ചേരുന്നതു കൊണ്ടായിരിക്കാം 'സഹാബാക്കൾ' എന്ന ആ വിഭാഗത്തിന്റെ ചരിത്രങ്ങളിൽ ഒരു സന്ദേഹം ഉണ്ടാവുന്നത്‌.

എന്നാൽ ചില ആളുകളെ നാം നേരിട്ട്‌ കണ്ടാൽ ബോധ്യമാവും മനുഷ്യർക്ക്‌ 
'പലതും സാധ്യമാവും' എന്ന കാര്യം.

മുഹമ്മദ്‌ ജമാൽ എന്ന മനുഷ്യൻ 
പ്രവാചകൻ (സ) പറഞ്ഞതിനെ പിൻപറ്റി മാത്രം ജീവിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതം ആയാസരഹിതമാവുന്നത്‌ നമുക്ക്‌ കാണാനാവും.

വയനാട്ടിലെ ഒരു അഗതി അനാഥ മന്ദിരത്തിന്റെ ഭാരവാഹിയാവാൻ ചെറുപ്പത്തിൽ അവസരം ലഭിച്ച 
ജമാൽ സാഹിബ്‌ പിന്നീടൊരിക്കലും പ്രവാചകനെ  മറന്നില്ല എന്നതിന്റെ
ഉദാഹരണങ്ങൾ പറഞ്ഞാൽ തീരാത്തതാണു.

മുഹമ്മദ്‌ നബി (സ)യുടെ ഏതൊക്കെ മാതൃകകൾ തനിക്ക്‌ സ്വീകരിക്കാനാവും എന്ന് തന്റെ ജീവിതത്തോട്‌ അന്വേഷിക്കുകയാണു അദ്ദേഹം ഇപ്പോഴും.

വയനാട്ടിലെ 'ഇരുണ്ട കാലത്ത്‌'
ധന/ധാരാളിത്വം കൊണ്ട്‌ ഹീറോ ആയി മാറേണ്ടിയിരുന്ന ഒരു ചെറുപ്പക്കാരൻ 
ഒരു വിളക്കായി മാറുകയായിരുന്നു.

'ലോകത്ത്‌ എവിടെയെങ്കിലും കത്തിച്ചു വെച്ച ഒരു വിളക്കിൽ നിന്ന് നിങ്ങൾ വെളിച്ചം കൊണ്ടു വരണമെന്ന'
 ടാഗോറിന്റെ വാക്കുകൾ പോലെ.

പിന്നീടുള്ള കാലം വയനാട്ടുകാർക്ക്‌ കൃത്യമായി അറിയാം.

ജമാൽ സാഹിബിനെ ആദരിക്കുകയാണു കുറേ സ്നേഹജനങ്ങൾ.
അതിൽ ശിഷ്യരുണ്ട്‌..
സുഹൃത്തുക്കളുണ്ട്‌..
സഹപ്രവർത്തകരുണ്ട്‌..
'ജമാലുപ്പ' എന്ന് വിളിച്ച്‌ വളർന്ന അദ്ദേഹത്തിന്റെ നൂറു നൂറു മക്കളുണ്ട്‌.

'ഈ മനുഷ്യനെ ലോകം ഒന്നറിയണം'
എന്ന വാശിയിലാണവർ.

ജമാൽ സാഹിബ്‌ അറിയാതെ അദ്ദേഹത്തിന്റെ തട്ടകത്തിൽ ഒരു വർഷം മുമ്പ്‌ ഒരു യോഗം ചേർന്നു അതിലെ പ്രധാനികൾ.

അവരുടെ ആലോചനയിൽ ചില ആശയങ്ങൾ ഉരുത്തിരിഞ്ഞു വന്നു.
ജമാൽ സാഹിബിനെക്കുറിച്ച്‌ ഒരു പുസ്തകം തയ്യാറാക്കിയാൽ അത്‌ വയനാടിന്റെ സാമൂഹ്യ വളർച്ച പറയുന്ന പുസ്തകമാകും എന്ന അഭിപ്രായത്തിൽ അത്‌ തീരുമാനിച്ചു.

പിന്നെ ഒരു ഡോക്യുമെന്ററിയും.
സ്വതന്ത്ര വയനാടിനും ജമാൽ സാഹിബിനും ഒരേ പ്രായമായിരിക്കുമല്ലോ.

അതോടൊപ്പം  പ്രഗത്ഭരെ വെച്ച്‌ ഒരു 
പൊതു പരിപാടിയും.

ജമാൽ സാഹിബ്‌ ഇതൊക്കെ 
എങ്ങനെയോ മണത്തറിഞ്ഞു.

'പുസ്തകക്കാരുടെ വരവും ഡോക്യുമെന്ററിക്കാരുടെ ക്യാമറയും' അദ്ദേഹത്തിനു കാര്യം പിടികിട്ടി.

'ഇത്‌ WMO യുടെ പ്രചരണത്തിനു കൂടി 
ഉള്ള പ്രോഗ്രാമണെന്നും,
സഹകരിക്കണം' എന്നുമുള്ള സ്നേഹ വിനിമയത്തിൽ അദ്ദേഹം താൽക്കാലികമായി സമ്മതം മൂളിയിരിക്കുകയാണു.

പക്ഷെ രണ്ടു ദിവസമായി പത്രത്തിൽ വരുന്ന സപ്ലിമെന്റുകൾ അദ്ദേഹത്തെ വീണ്ടും അസ്വസ്ഥനാക്കിയിരിക്കുന്നു.

ഇന്നലെ ഷാജി സാഹിബിനോടും സംഘാടകരായ ശിഷ്യ ഗണങ്ങളോടും പരിഭവം പറയുകയാണു.
തങ്ങളുടെ ഫോട്ടോയേക്കാൾ തന്റെ ഫോട്ടോ വലുതായതിന്റെ ക്ഷോഭം.
എനിക്ക്‌ വേണ്ടി നിങ്ങൾ പലരെയും ബുദ്ധിമുട്ടിക്കുന്നു എന്നതാണു ഒരു പരാതി.
യതിം ഖാനയുടെ പണം കൊണ്ടാണു സപ്ലിമന്റ്‌ എന്ന് ആരെങ്കിലും കരുതിയാലോ എന്ന ആശങ്കയാണു മറ്റൊന്ന്.

നാളെ പ്രോഗ്രാം തുടങ്ങുകയാണു.
'തിങ്കളും ചൊവ്വയും ജമാൽ സാഹിബിനു കാവൽ ഇരിക്കേണ്ടി വരും'
 എന്നാണു അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നത്‌.

ഒരു സംഘടന തെരഞ്ഞെടുപ്പിന്റെ തലേന്നാൾ പ്രസിഡന്റ്‌ ആക്കിയാലോ എന്ന് പേടിച്ച്‌ യു എ ഇ യിലേക്ക്‌ ഫ്ലൈറ്റ്‌ കയറിയ മനുഷ്യനാണു.

ഇന്നലെ കുറച്ചു സമയം അദ്ദേഹത്തോടൊപ്പമായിരുന്നു.
സ്നേഹാദരത്തിന്റെ സംഘാടക സമിതിയിലെ സുഹൃത്തുക്കളോടൊപ്പം.

"നിങ്ങൾക്ക്‌ ഒരു ആധുനികതയെയും കൈവിടാതെ പച്ചപ്പരിഷ്ക്കാരിയായി തന്നെ വിശ്വാസിയാവാം എന്നതിന്റെ ഒരു വലിയ ജീവിതസാക്ഷ്യത്തിനു മുമ്പിൽ."

മുട്ടിൽ യത്തീംഖാനയിലേക്ക്‌ 
അസർ നമസക്കാരത്തിന്റെ സമയത്ത്‌ ചെന്നപ്പോൾ രണ്ടു പാട്ടുകളാണു ഞങ്ങൾ കേട്ടത്‌.

രണ്ടും റിഹേഴ്സൽ പാട്ടുകളാണൂ.
ഒന്ന് നാളെ നടക്കുന്ന നബിദിന ആഘോഷത്തിൽ പാടാനുള്ളത്‌.

തൊട്ടപ്പുറത്ത്‌ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഗ്രൗണ്ടിൽ നിന്ന് മറ്റൊരു 
പാട്ടിന്റെ പ്രാക്ടീസിംഗ്‌ .
അതൊരു ഫോക്ക്‌ സോങ്ങ്‌ ആണു.
ട്രൈബൽ ചെണ്ടയും ഇടക്കയും ഒക്കെ 
വെച്ച്‌ നാലു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും.
ജില്ലാ കലോത്സവത്തിലേക്ക്‌ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ തകർത്ത്‌ പാടി പരിശീലിക്കുന്നു.

ഞങ്ങൾ കുഷ്യനിട്ട ചാരുകസേരയിൽ ഇരുന്ന് ജമാൽ സാഹിബിനെ കേട്ടു.
'അല്ലൻസോള്ളി' ഷർട്ടിട്ട്‌ ചെത്തി മിനുങ്ങിയ ജമാൽ സാഹിബിന്റെ ചിത്രം ഷാജി സാഹിബ്‌ ഓർമ്മിച്ചെടുത്തു.
നിറഞ്ഞ ചിരിയിൽ ജമാൽ സാഹിബ്‌  ബ്രാന്റഡ്‌ ഉൽപന്നങ്ങളെക്കുറിച്ച്‌ പറഞ്ഞു തന്നു.

ഏറ്റവും മുന്തിയത്‌ താൻ ഉപയോഗിക്കുമ്പോൾ അതിലും മുന്തിയത്‌ തന്റെ സ്ഥാപനത്തിലെ കുട്ടികൾക്ക്‌ കൊടുക്കണമെന്ന വാശി കൂടിയുണ്ട്‌ അദ്ദേഹത്തിനു.

താനിരിക്കുന്ന ഓഫീസല്ല അദ്ദേഹം മോടിപിടിപ്പിച്ചതെന്ന് കണ്ടാലറിയാം.
ഒരുപാട്‌ യത്തീംഖാനകൾ കണ്ട ഒരു അറബി ചോദിച്ചത്രെ ഈ ഓഫീസ്‌ എന്താണിങ്ങനെ എന്ന്.

ആ ചോദ്യത്തിനു ശേഷം അവരെല്ലാം അന്വേഷിച്ചത്‌ അവിടത്തെ മറ്റുകാര്യങ്ങളായിരുന്നു.
അത്‌ തൃപ്തമായതിനാൽ ഒരു റസീറ്റ്‌ പുസ്തകവുമായി ആർക്കു മുമ്പിലും പോയി നിൽക്കേണ്ടി വന്നിട്ടില്ല ജമാൽ സാഹിബിനും സഹപ്രവർത്തകർക്കും.
അറിഞ്ഞു കൊടുക്കുകയായിരുന്നു എല്ലാവരും.

ജമാൽ സാഹിബിന്റെ ചില പരിഷ്ക്കാരങ്ങളുണ്ട്‌.
അനാഥാലയത്തിലേക്ക്‌ സംഭാവന കൊടുക്കുന്നവർക്ക്‌ വേണ്ടി കുട്ടികളുടെ കൂട്ട പ്രാർത്ഥനയില്ല എന്നതാണത്‌.

നേരത്തെ ഉണ്ടായിരുന്ന ആ രീതി 
മാറ്റാൻ കാരണം,
ജമാൽ സാഹിബ്‌ ഒരു കുട്ടിയുടെ 
വാക്ക്‌ കേട്ടതാണത്രെ.

'ഇന്ന് കൂട്ട ദുആ ഇല്ല.
നമുക്ക്‌ ക്രിക്കറ്റ്‌ കളിക്കാം'
എന്ന അവന്റെ സന്തോഷപ്രകടനം കണ്ട അന്ന് ആ രീതി മാറ്റി എന്നാണു പറയുന്നത്‌.

കുട്ടികളുടെ സന്തോഷമാണു ജമാൽ സാഹിബിന്റെ സന്തോഷം.
അതു കൊണ്ട്‌ കുട്ടികളെപ്പോലെയാണു 
ആ മനുഷ്യൻ.
ചിരിയിലും കരച്ചിലിലും സത്യസന്ധത പുലർത്തുന്ന ഒരു ചെറിയ കുട്ടിയെ പോലെ.

മതം എന്താണെന്ന് ഗാന്ധിജിയോട്‌ ചോദിച്ചപ്പോൾ പറഞ്ഞ മറുപടി 
സത്യസന്ധത പുലർത്തുക എന്നാണല്ലോ.
അത്‌ ശരിയാണെന്ന് ബോധ്യപ്പെടാൻ മുഹമ്മദ്‌ ജമാൽ സാഹിബ്‌ എന്ന ഈ മനുഷ്യനെ കണ്ടാൽ മതി.

"ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന് അടുത്ത തലമുറകൾ ഒരു പക്ഷെ വിശ്വസിക്കാനിടയില്ല"
 എന്നാണു ഗാന്ധിജിയെക്കുറിച്ച്‌ സമകാലികനായ ആൽബർട്ട്‌ ഐൻസ്റ്റീൻ പറഞ്ഞത്‌.

നമ്മൾക്കും അങ്ങനെ പറയാൻ തോന്നും ജമാൽ സാഹിബിനെ കണ്ടറിഞ്ഞാൽ.

പ്രവാചകന്റെ ചര്യകളിൽ വിട്ടുവീഴ്ചയില്ലാതെ ജീവിക്കുന്ന ഒരു ആധുനിക മനുഷ്യനെ കാണണമെങ്കിൽ നിങ്ങൾക്ക്‌ നാളെയും മറ്റന്നാളും വയനാട്ടിലെ കൽപറ്റയിലേക്ക്‌ വരാം.

തന്നെക്കുറിച്ചുള്ളതെല്ലാം മറന്ന്
മറ്റുള്ളവരെക്കുറിച്ച്‌ മാത്രം ചിന്തിച്ച്‌ യാത്ര ചെയ്ത ഒരു വലിയ മനുഷ്യനു സ്നേഹാദരങ്ങൾ അർപ്പിക്കുന്ന ചടങ്ങിലേക്ക്‌ എല്ലാവരും വരണം.

ജീവിതത്തിന്റെ അർത്ഥം നുണഞ്ഞ ഒരാൾ

ശരീഫ് സാഗര്‍
പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍

1940ലാണ് ജമാൽ സാഹിബിന്റെ ജനനം. 
തഞ്ചാവൂരിൽനിന്ന് അത്തറിന്റെ സുഗന്ധവുമായി സുൽത്താൻ ബത്തേരിയിലെത്തിയതാണ് പിതാവ്. 
ഏഴാം വയസ്സിൽ പിതാവ് റഹിം അധികാരി മരിച്ചു. അനാഥത്വം എന്തെന്നറിഞ്ഞ സമയം. ബന്ധുക്കളേറെയും മൈസൂരിലായിരുന്നു. പിതാവ് മരിച്ചപ്പോൾ മൈസൂരിലേക്ക് പോകാതെ ബത്തേരിയിലെ സർക്കാർ സ്‌കൂളിൽ തന്നെ പഠിച്ചു. ഫാത്തിമ ഹജ്ജുമ്മയായിരുന്നു ഉമ്മ. മുസ്ലിംലീഗ് രാഷ്ട്രീയത്തെ പരിചയപ്പെടുന്നത് ഫാറൂഖ് കോളേജിന്റെ പച്ചത്തണലിൽ വെച്ചാണ്. ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്ന കാലത്ത് നഫീസ സഹധർമ്മിണിയായി. 

1960കളിൽ ജമാൽ സാഹിബ് രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും വ്യാപൃതനായി. 
വയനാട്ടിൽ മുസ്ലിംലീഗ് പ്രസ്ഥാനത്തിന് കരുത്ത് പകർന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ് മുതൽ ശിഹാബ് തങ്ങൾ വരെയുള്ള നേതാക്കളുമായി ആത്മബന്ധം. 

ഡബ്ല്യു.എം.ഒയുടെ സാരഥ്യത്തിലെത്തിയതോടെ ധാരാളം അനുഭവങ്ങൾ. 
ഒരു ആഫ്രിക്കൻ രാജാവിന്റെ സ്വത്തുക്കൾ അനാഥാലയങ്ങൾക്ക് കൊടുക്കുന്ന വിവരമറിഞ്ഞ് ആഫ്രിക്കയിൽ പോയി കബളിപ്പിക്കപ്പെട്ട ദുരനുഭവം. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ല്യാർ ഉൾപ്പെടെ നേതാക്കൾ നൽകിയ കരുത്തിൽ മുന്നോട്ട് പോയ കാലം. സ്ത്രീധനരഹിത വിവാഹ വിപ്ലവത്തിലൂടെ ആയിരങ്ങൾക്ക് ജീവിതം നൽകിയ ഡബ്ല്യു.എം.ഒയുടെ ചരിത്രം. ഒരു സ്ഥാപനത്തിൽനിന്ന് നിരവധി സഹ സ്ഥാപനങ്ങളുടെ ശിഖരങ്ങൾ പടർന്ന് സമൂഹത്തിനാകെ തണലേകുന്ന അത്ഭുത കഥ. 
ഉറങ്ങാൻ അനുവദിക്കാത്ത സ്വപ്നങ്ങൾക്കൊപ്പം നടന്നുതീർത്ത അനുഭവത്തിന്റെ ആഴം. 

ജീവിതത്തിന്റെ അർത്ഥം നുണഞ്ഞ ഒരാൾ. 
ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു. 
അനാഥമക്കളുടെ ജമാലുപ്പ. 
ഹൃദയം കുളിർക്കുന്ന സ്വർഗ്ഗീയ സൗഭാഗ്യങ്ങളാൽ പടച്ചോൻ അനുഗ്രഹിക്കട്ടെ.

ജമാൽക്ക എന്നും എന്റെ ഉള്ളിലുണ്ട്

റഫീഖ് ഉമ്പാച്ചി
എഴുത്തുകാരന്‍, കവി

ജമാൽ സാഹിബിനെ പറ്റി ഞാനിനിയും എഴുതണമെന്ന് Nasarക്ക @⁨AbdulNasar⁩  നിർബന്ധിക്കുന്നു. അങ്ങനെ ഒരെഴുത്ത് എനിക്കെത്രയോ അനായാസമാണെന്നു നാസർക്കാക്കറിയാം. ജമാൽക്കയെ എഴുതാനല്ല എഴുതാതിരിക്കാനാണ് എനിക്കു പ്രയാസം. കാരണം ഞാനെന്റെ ഉള്ളിലേക്കു നോക്കുമ്പോഴെല്ലാം അദ്ദേഹം ഉപവിഷ്ടനാണവിടെ. ജമാൽ സാഹിബിന്റെ സ്നേഹമാണ് എന്നെ വശീകരിച്ചത്. അദ്ദേഹത്തിന്റെ ആദർശങ്ങളോ അഭിലാഷങ്ങളോ അല്ല. അവയൊക്കെ ഞാൻ വേറെയും കണ്ടിട്ടും ഉണ്ടിട്ടുമുണ്ടായിരുന്നു. പുറത്താക്കപ്പെട്ട കുട്ടികൾക്കു വേണ്ടതു എവിടെയും സ്നേഹമായിരിക്കും. എനിക്കതാണദ്ദേഹം തന്നത്.

അബുദാബിയിൽ നാസർക്കാന്റെ വീട്ടിൽ വെച്ചാണ് ജമാല്‍ സാഹിബിനെ ഞാനാദ്യമായി കാണുന്നത്. കണ്ടുമുട്ടിയാല്‍, അദ്ദേഹം താഴ്ത്തിക്കൊടുക്കുന്ന കനിവിന്റെ ചിറകുകൾക്കുള്ളിൽ എനിക്കും ഒരരു തരാൻ മാത്രം ഞങ്ങൾ തമ്മിലൊരു ഇഷ്ടപ്പാട് അന്നുണ്ട്. എന്റെ നാട്ടുകാരനും രക്ഷിതാവുമായ പാലോള്ളതിൽ കുഞ്ഞമ്മദ്ക്ക ഒരു തവണ അബുദാബിയിൽ നിന്നും വന്നപ്പോൾ വയനാട്ടിലേക്കുള്ള കയറ്റത്തിൽ എന്നെയും കൂട്ടി. അതൊരു കയറ്റുമതി ആയിരുന്നു. എന്നെ വലിയ മനുഷ്യരിലേക്കും കൃതികളിലേക്കും  കയറ്റിവിടുകയായിരുന്നു എപ്പോഴും കുഞ്ഞമ്മദ്ക്ക.
മുട്ടിൽ യഥീംഖാന എന്നു എന്റെ നാട്ടുകാർ പറയുന്ന WMO കണ്ടുബാധിച്ചു അന്നെഴുതിയ ഒരു ചെറിയ കുറിപ്പാണു ജമാൽ സാഹിബിനു എന്നോടുള്ള വിശേഷവാൽസല്യത്തിനു ഹേതുവായത്. ഇഷ്ടത്തിന്റെ ചില വിത്തുകൾ നമുക്കപരിചിതങ്ങളായ ഹൃദയങ്ങളിൽ നമ്മുടെ പേരിൽ മുളച്ചു വളരുന്നു എന്നതാണ് എപ്പോഴും എഴുതുന്നതിനു കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം.

ആകസ്മികമായി ഗൾഫുകാരനായിത്തീർന്ന ഞാൻ ഒപ്പം നാദാപുരക്കാരക്കാരൻ നടുക്കണ്ടി നാസറിന്റെ അനിയനെപ്പോലൊരുത്തനായ് മാറിയതും ജമാൽ സാഹിബ് നിമിത്തമാണ്. നാട്ടിൽ നിന്നും ഞാൻ കണ്ടിട്ടേയില്ലാത്ത ജമാൽ സാഹിബിനു മുമ്പാകെ എന്നെ എത്തിക്കാൻ നാസർക്ക അദ്ദേഹം അബുദാബിയിൽ എത്തുന്ന ദിവസം അന്നു ദുബായിലുള്ള എന്നോടും വീട്ടിലെത്താൻ പറഞ്ഞു. ദുബായിൽ കാലുകുത്തിയ എന്റെ ആദ്യത്തെ അബുദാബി യാത്ര ആയിരുന്നു അത്. ദുബായിലെ എന്റെ അന്നത്തെ ജോലി തീർത്തു ഞാൻ എത്തുമ്പോൾ ഏറെക്കുറെ രാത്രി ഒരു മണി ആയിട്ടുണ്ട്. രാത്രി വൈകിയേ ഞാൻ എത്തൂ എന്നതുകൊണ്ട് എനിക്കുള്ള ഭക്ഷണം മൂടിവെച്ച് എല്ലാവരും കിടന്നിരുന്നു. ഭക്ഷണം ഇരിക്കുന്ന പാത്രവും എനിക്കുറങ്ങാനുള്ള കട്ടിലും കാണിച്ചു നാസർക്കയും പിന്മാറി. അപ്പോൾ ഉറങ്ങാൻ കിടന്നിരുന്ന ജമാൽ സാഹിബ് എഴുന്നേറ്റു വന്നു. ഞാനദ്ദേഹത്തെ കണ്ടു. ഹസ്തദാനം ആലിംഗനം ഒക്കെ വേഗം കഴിച്ചു വയറ്റിലെ തീയണക്കാനിരുന്നു ഞാൻ. ജമാൽ സാഹിബ് കിടപ്പുമുറിയിലേക്കു പോവുകയും ചെയ്തു. ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പക്ഷേ ഒന്നിലേറെ തവണ അദ്ദേഹം വന്നു നോക്കി തിരിച്ചു പോയി. എനിക്കതെന്തിനെന്ന് പിടികിട്ടിയില്ല. ഞാൻ ഭക്ഷണം കഴിച്ചു എഴുന്നേറ്റു പോയ ശേഷവും അദ്ദേഹം ഒന്നു കൂടി വന്നു ആ പാത്രങ്ങൾ തുറന്നു നോക്കുകയുണ്ടായി. അതും ഞാൻ കണ്ടു. എനിക്കൊരു പന്തികേടു തോന്നുകയും ഇയാൾക്കിതെന്തിന്റെ അസുഖമാണെന്നൊരു വിചാരത്തോടെ ഞാനുറങ്ങുകയും ചെയ്തു. പിറ്റേന്നുണർന്നു ഖിസ്സകളും ചർച്ചകളും തുടങ്ങി. ഉച്ചക്ക് ഒരൊഴിവിൽ ഞാൻ രാത്രിയിലെ സംഭവം നാസർക്കാനോട് പറഞ്ഞു. 

നാസർക്ക പറഞ്ഞു 'അതാണ് മോനേ ജമാൽക്ക'. എന്നിട്ട് ഒരേ ചിരി. രാത്രി ഞാൻ വരാൻ വൈകുമെന്നു പറഞ്ഞു എല്ലാവരും ഭക്ഷണം കഴിച്ചപ്പോൾ എനിക്കുള്ളത് മാറ്റിവെക്കുക ആയിരുന്നല്ലോ. ഞാൻ വന്നു കഴിക്കാൻ തുടങ്ങിയപ്പോൾ എനിക്കതു മതിയാകുമോ എന്നൊരു സംശയത്തിലായിരുന്നു ജമാൽ സാഹിബ്. ആ അസ്വസ്ഥത കാരണമാണ് ഇടക്കു വന്നു നോക്കിക്കൊണ്ടിരുന്നത്. ഞാൻ കഴിച്ചെഴുന്നേറ്റ ശേഷം വന്നു പാത്രം തുറന്നു നോക്കിയത് മുഴുവൻ കഴിച്ചോ എന്നറിയാനാണ്. ഞാൻ കഴിച്ചിട്ടും അല്പം ബാക്കിയായത് കണ്ടപ്പോഴാണു അദ്ദേഹത്തിനു സന്തോഷം ആയത്. നാസർക്ക പറഞ്ഞതിൽ നിന്നും ഒരു കാര്യം കൂടി ഞാൻ മനസ്സിലാക്കി. ഞാൻ എന്റെ സംശയം നാസർക്കായുമായി പങ്കുവെക്കാൻ ഉച്ചവരെ മടിച്ചു. അദ്ദേഹം അദ്ദേഹത്തിന്റെ സന്തോഷം നേരം വെളുത്തപ്പോൾ തന്നെ നാസർക്കായുമായി പങ്കുവെച്ചു കഴിഞ്ഞിരുന്നു.

അന്നദ്ദേഹമെനിക്കൊരു പേരിട്ടു. 
പൈതല്‍. 
"പൈതലേ, വേഗം ഡ്രൈവിംഗ് പഠിക്കണം". എന്നദ്ദേഹം കാണുമ്പോഴെല്ലാം ഉപദേശിച്ചതും ഒടുവിലദ്ദേഹം ഗലദാരി ഡ്രൈവിംഗ് സ്‌കൂളില്‍ ജോലി ചെയ്യുന്ന ഒരാളെ വിളിച്ച് എന്നെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന ചുമതലയേല്‍പിച്ചതും ഒക്കെ നീണ്ട കഥകൾ. ജമാല്‍ സാഹിബിന്റെ സൗഹൃദ്വലയത്തില്‍ പെടാന്‍ മോഹിക്കുന്നവരാണാളുകള്‍. അദ്ദേഹത്തിനു വാല്‍സല്യമുള്ള ഒരുത്തനെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ ചുമതല കിട്ടിയിരിക്കുകയാണു ഗലദാരിയിലെ ഉസ്താദിന്. മൂപ്പരെന്നെ വിളിയോടു വിളി. ഞാന്‍ നല്ല കാരണങ്ങള്‍ നോക്കിയെടുത്തു തെന്നി മാറും. ജമാല്‍ സാഹിബിന്റെ പ്രീതി കാംക്ഷിച്ച് അദ്ദേഹം കുറേ എന്റെ പിന്നാലെ നടന്നു. ആട്ടിന്റെ കഴുത്തിലെ മുല ആരെങ്കിലും കറക്കുമോ എന്നും പറഞ്ഞു മൂപ്പരെന്നെ വിട്ടു. ഒരിക്കൽ ജമാൽക്ക എന്നെ വേറെ ഒരാൾക്ക് ഹുദവിയാണെന്നു പരിചയപ്പെടുത്തി. കേരളത്തിൽ വ്യാജ പട്ടയങ്ങൾ വിതരണം ചെയ്യപ്പെട്ട വാർത്ത വന്ന കാലമായിരുന്നു അത്. രവീന്ദ്രൻ പട്ടയം എന്നായിരുന്നു ആ വിവാദം. ഞങ്ങളുടെ കൂട്ടത്തിലെ രസച്ചരടായ റഫീക്ക് ഉടനെ 'അവന്റേത് രവീന്ദ്രൻ പട്ടയം അല്ലേ ജമാൽക്കാ' എന്നു തിരുത്തി. അന്നു ജമാൽ സാഹിബിനു ചിരിച്ചിട്ട് വയറും നെഞ്ചും വേദനിച്ചു. ആയുസ്സിന്റെ പുസ്തകത്തിലെ പത്തു നാല്പതു കൊല്ലം ഇപ്പുറത്തു നിന്നുള്ള ചങ്ങാതിമാരായി ഞങ്ങളെ അദ്ദേഹം കൂടെക്കൂട്ടി. ഞങ്ങൾ അതനുഗ്രഹവും ആഘോഷവുമായെടുത്ത് ആഹ്ലാദിച്ചു പോരുന്നു.

ദുബായ് എന്നെ ഒരു പെണ്ണുകെട്ടിനു പ്രാപ്തനാക്കിയപ്പോൾ നാട്ടിൽ ചെന്നു സജിനയെ കണ്ടു. അവളൊരു നഴ്സ് ആയ കാരണം 'അതു വേണോ' എന്നു ചോദിച്ച ആളുകൾ 2007ഇലും എന്റെ ചുറ്റുപാടിൽ ഉണ്ടായിട്ടുണ്ട്. അവളെ ഞാൻ കണ്ടു വന്നതിന്റെ പിറ്റേന്ന് അതി രാവിലെ വയനാട്ടിൽ നിന്ന് ജമാൽ സാഹിബ് വിളിച്ചു. 
ഫോൺ വെച്ചപ്പൊ ഉമ്മ ചോദിച്ചു: അതാരാനേ സുബഹിക്കു തന്നെ..?
ഞാൻ ദുബായിൽ നിന്നു വീട്ടിൽ ചെന്നതിന്റെ മൂന്നാമത്തെയോ നാലാമത്തെയോ ദിവസമാണ്. ഉമ്മ ഞാനെങ്ങോട്ടോ പോവാനുള്ള പരിപാടി (ഞാനൊരു പോക്കു കേസാണെന്നുമ്മാക്കു എന്നേ നല്ല ബോധ്യമാണ്!) ആണെന്നു കരുതിയാണതു ചോദിക്കുന്നത്.
ഞാൻ പറഞ്ഞു: ജമാൽക്കയാണ്. ഞാനിന്നലെ പെണ്ണു കാണാൻ പോയത് മൂപ്പരറിഞ്ഞിട്ടുണ്ട്. നഴ്സ് ആയ കാരണം കൊണ്ട് അവളെ കെട്ടാതിരിക്കരുത്, വേറെ എന്തെങ്കിലും കുറവ് ഉണ്ടെങ്കിലും നഴ്സ് ആണ് എന്നതുകൊണ്ട് ഓളെത്തന്നെ കെട്ടണം എന്നു പറയാനാണ് ജമാൽക്ക വിളിച്ചത്.
ഉമ്മ പറഞ്ഞു: എനക്കും മനസ്സിലൊരു ഇശ്കാൽ ഉണ്ടേനും.. ഓറ് പറഞ്ഞല്ലോ. അതു മാറി.

അങ്ങനെ ഞാൻ സജിനയുടെ കൂടിയായി.
സജിന ജമാൽക്കാന്റെയും നഴ്സായി. 
ഏറ്റവും കൃപയോടെ സൂചികുത്തിയ ശരീരം എന്നവൾ ആ ദേഹത്തെപ്പറ്റി പറയുന്നു. ദാറുൽഹുദാ ജീവിതം കഴിഞ്ഞ ശേഷം എന്റെ ജീവിതം അതിന്റെ വേരുകൾ നീട്ടുകയും വേരുകൾ അവയ്ക്കു വേണ്ട വെള്ളവും വളവും വലിച്ചെടുക്കുകയും ചെയ്ത എവിടെയും ഉണ്ട് ജമാൽ സാഹിബിന്റെ ചിറകുകളുടെ തണൽ. വയനാട്ടുകാർ നാളെ അവരുടെ ജമാൽ സാഹിബിനെ ആദരിക്കുന്നു. അവിടെ ഞാനുണ്ടാവില്ലല്ലോ എന്നു നൊന്തുകൊണ്ട് അബുദാബിയിൽ നിന്നദ്ദേഹത്തിന്റെ യത്തീം അല്ലാത്തൊരു 'പൈതൽ' ആത്മഗതങ്ങളിൽ ഗദ്ഗദപ്പെട്ടു പോകുന്നു.

പിതൃതുല്യനായ ജമാൽ സാഹിബ് !

അബ്ദുല്‍ഹകീം ഫൈസി ആദൃശ്ശേരി

"അല്ലാഹുവിനോട് സത്യസന്ധമായി കരാർ ചെയ്ത ചില സത്യവിശ്വാസികളുണ്ട്: തങ്ങളുടെ കരാർ പൂർത്തീകരിച്ചു കടന്നുപോയ ചിലരുണ്ട്; (അവസരം) കാത്തിരിക്കുന്ന വരുമുണ്ട്. അവർ മാറ്റത്തിരുത്തലുകളൊന്നും വരുത്തിയിട്ടില്ല" (അഹ്സാബ് : 23).

പ്രതിജ്ഞകളും നേർച്ചകളും പൂർത്തീകരിച്ചു സാത്വികനായ ജമാൽ സാഹിബ് കടന്നുപോയി; (വിയോഗം: 21/12/23 ) കൃതാർത്ഥനായി, മുഴുസമയ വിദ്യാഭ്യാസ പ്രവർത്തകനായി. വിദ്യാഭ്യാസ പ്രവർത്തനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാമൂഹിക പരിവർത്തനത്തിനു വേണ്ടിയുള്ള സപര്യയായിരുന്നു; കാരുണ്യത്തിന്റെ തുഷാര വർഷമായിരുന്നു. വിദ്യാഭ്യാസ പ്രവർത്തനത്തെയും കാരുണ്യ പ്രവർത്തനത്തെയും അവിച്ഛിന്നമായ ഏകകമായാണ് അദ്ദേഹം കണ്ടത്.

WMO യുടെ മീനങ്ങാടി 'അല്ലാന' ക്യാമ്പസിൽ വഫിയ്യ കോഴ്സ് തുടങ്ങുന്നതോടെയാണ് ജമാൽ സാഹിബുമായുള്ള ബന്ധം തുടങ്ങുന്നത്. കോഴ്സ് അനുവദിക്കുന്നതിനു നിലവിലുണ്ടായിരുന്ന ബിൽഡിംഗ് ഘടനയിൽ വലിയ മാറ്റങ്ങൾ വേണ്ടിയിരുന്നു. പെട്ടെന്ന് തന്നെ അവ വരുത്താൻ അദ്ദേഹം സന്തോഷപൂർവ്വം തയ്യാറായി (അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തി പലയിടത്തും അസ്വസ്ഥതകൾ സൃഷ്ടിക്കാറുള്ളതാണ്). പെൺകുട്ടികളുടെ ഈ ക്യാമ്പസ് പിന്നീട് വിപുലമായ സൗകര്യങ്ങളുള്ള മാതൃകാ ക്യാമ്പസാക്കി അദ്ദേഹം മാറ്റി; പി.ജി ആരംഭിക്കുകയും ചെയ്തു. 

കുട്ടികളെ ബഹുമാനിക്കുക എന്നാണ് സ്ഥാപനത്തിന്റെ പൊതു മുദ്ര. പെൺകുട്ടികളെ വളരെ ബഹുമാനിക്കുക എന്നാണ് ജമാൽ സാഹിബിന്റെ നിലപാട്. ഇസ്ലാമിക രീതിയിൽ പെൺകുട്ടികൾ വസ്ത്രം ധരിച്ചു കാണുന്നതിൽ അദ്ദേഹത്തിനു വലിയ പുളകമാണുണ്ടായിരുന്നത്. അതവരോടദ്ദേഹം തുറന്നു പറയുമായിരുന്നു. ഇസ്ലാമിന്റെ പാരമ്പര്യങ്ങളോടും സാത്വികരായ പണ്ഡിതന്മാരോടും ജമാൽ സാഹിബിനു വലിയ മതിപ്പും ബഹുമാനവുമുണ്ടായിരുന്നു. വിദ്യാഭ്യാസ-സാമൂഹിക പരിഷ്ക്കരണങ്ങൾക്കും വിശാലമായ ഉൾക്കൊള്ളലിനും അദ്ദേഹത്തിനു ഒരു തടസ്സവുമുണ്ടായിരുന്നില്ല. ഉമ്മത്ത് കാലത്തിന്റെ പിന്നിൽ സഞ്ചരിക്കുന്നത് അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. ഉമ്മത്തിന്റെ മുന്നേറ്റം മുഖ്യധാരയിലൂടെ മാത്രമേ പൂര്‍ത്തിയാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ച്ച.

സി.ഐ.സിയുടെ വിവിധ ക്യാമ്പുകളും വർക്ക് ഷോപ്പുകളും WMO ൽ നടക്കുമായിരുന്നു. 400 ഓളം ഫൈനൽ വിദ്യാർഥിനികളുടെ ഒരു ലിവിങ് ക്യാമ്പിൽ അദ്ദേഹം സംസാരിച്ചു. അതൊരു ചരിത്ര പ്രസംഗമായിരുന്നു. അദ്ദേഹം ചോദിച്ചു: ഉസ്താദേ! "ഇവരൊക്കെ ഗ്രാജ്വേറ്റ്സാണോ?" അതെ എന്നു മറുപടി. പിന്നെ തേങ്ങലടക്കാൻ കഴിയാതെ അദ്ദേഹം പറഞ്ഞു: "മഹാനായ സി.എച്ചിന്റെ സ്വപ്നമാണ് പൂവണിഞ്ഞു കൊണ്ടിരിക്കുന്നത്..." സ്ത്രീ സമൂഹം അനുഭവിക്കുന്ന യാതനകളും അവഗണനയും ഇസ്ലാമിൻറെ സ്ത്രീ ശാക്തീകരണ സമീപനങ്ങളും ഭാരത സംസ്കാരവും ഒക്കെ വരച്ചുകാട്ടുന്ന ഒരു പ്രവാഹമായി പിന്നെ ആ പ്രസംഗം. 

വാഫി വഫിയ്യ സംവിധാനത്തിന്റെ വ്യവസ്ഥാപിതത്വത്തിലും വളർച്ചയിലും പ്രതിസന്ധികളുടെ അതിജീവനത്തിലും ജമാൽ സാഹിബിന്റെ ചിന്തകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും ചെറുതല്ലാത്ത പങ്കുണ്ട് (വാഫി കോഴ്സ് തുടങ്ങാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു).

പിതൃതുല്യമായ വാത്സല്യമാണ് അദ്ദേഹം നൽകിയിരുന്നത്. ഇടയ്ക്കൊക്കെ വിളിക്കുമായിരുന്നു... ഓടിയെത്തി മയ്യിത്ത് നിസ്കാരത്തിൽ പങ്കെടുക്കാനായി (നാഥനു സ്തുതി). നാം അദ്ദേഹത്തിനു വേണ്ടി ഖുർആൻ പാരായണം ചെയ്യാനും പ്രാർത്ഥിക്കാനും അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതം നൽകുന്ന പാഠങ്ങൾ ഗ്രഹിച്ചു മുന്നോട്ടു പോകാനും ശ്രമിക്കുക. നാഥൻ തുണക്കട്ടെ (ആമീൻ).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter